Good Food and Ayurveda

Asafoetida: Properties and Therapeutic uses


'ആഹാരം തന്നെയാണ് മഹൗഷധം' എന്ന വാക്യത്തെ അടിയിട്ടുറപ്പിക്കുന്നതാണ് നമ്മുടെ പാചകരീതി. പല അസുഖങ്ങളും പ്രത്യേകിച്ച് ഉദരസംബന്ധിയായവ വരാതെ കാക്കാനും പ്രാഥമിക ചികിത്സയ്ക്കുമുള്ള മരുന്നുകൾ ഉള്ളതും  കൊണ്ടാണല്ലോ അടുക്കള നമുക്ക് പാചകശാല മാത്രമല്ല വൈദ്യശാല കൂടിയാകുന്നത്. അതുകൊണ്ടുതന്നെ സാധാരണ കാണപ്പെടുന്ന ഉദരരോഗങ്ങൾക്ക് ഉത്തമൗഷധം അടുക്കളയിലുണ്ട് എന്നു കേട്ടാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. പറഞ്ഞു വരുന്നത് അടുക്കളയിലെ ഔഷധമായ കായത്തെപ്പറ്റിയാണ്.

Umbelliferae കുടുംബത്തിലെ ബഹുവർഷ സസ്യങ്ങളായ ferula species-ൽ നിന്നും എടുക്കുന്ന കറ ഉണക്കിയാണ് കായം ഉണ്ടാക്കുന്നത്. പ്രധാനമായും പേർഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ മുതലായ രാജ്യങ്ങളിൽ ferula foetida, ferula asa-foetida എന്നിവയും ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ferula narthex എന്നയിനവും കൃഷി ചെയ്യപ്പെടുന്നു. 2- 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി പോലെയുള്ള ഇവയ്ക്ക് ക്യാരറ്റ് ആകൃതിയിലുള്ള തടിച്ച വേരുകളാണുള്ളത്. ഇളംപച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ വലിയ കുലകളായി കാണപ്പെടുന്നു. 4 മുതൽ 5 വർഷം വരെ പ്രായമെത്തിയ സസ്യത്തിൽ നിന്നാണ് കറയെടുക്കുക.  മാർച്ച് - ഏപ്രിൽ മാസങ്ങളിൽ പുഷ്പിക്കുന്നതിന് തൊട്ടുമുൻപായി വേരും തണ്ടും ചേരുന്നയിടത്ത് വച്ച് സസ്യത്തെ മുറിച്ചുമാറ്റി വേരുകൾ മണ്ണിന് മുകളിലേക്ക് കാണാവുന്ന രീതിയിലാക്കി നിർത്തുന്നു. നേരിട്ടുള്ള സൂര്യപ്രകാശം കറയിൽ പതിക്കാതിരിക്കാൻ വേരിനെ  ഉണങ്ങിയ ഇലകൾ, കമ്പുകൾ കല്ല് എന്നിവ ഉപയോഗിച്ച് സംരക്ഷിക്കുന്നു. വേരിൽനിന്നും ഊറിവരുന്ന മഞ്ഞകലർന്ന വെള്ള നിറമുളള കറ കാറ്റടിച്ച് ഉണങ്ങുന്നതോടെ ഇരുണ്ട നിറമാകും. ഈ കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. വേരിൽ വീണ്ടും മുറിവുകളുണ്ടാക്കി 3 മാസത്തോളമോ കറ ഊറി വരുന്നത് നിൽക്കുന്നതുവരെയോ ഇപ്രകാരം കായം വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് ഏകദേശം 800 ‌- 1000 ഗ്രാം വരെ കായം ഇത്തരത്തിൽ ലഭിക്കും. എന്നാലിത് അതിരൂക്ഷഗന്ധമുള്ളതിനാലും വളരെയധികം തീക്ഷ്ണമായതിനാലും നേരിട്ട് ഉപയോഗിക്കുവാൻ കഴിയില്ല. 30- 50% വരെ കായം മൈദ, അറബിക് ഗം മുതലായവ ചേർത്ത് സംസ്കരിച്ച ശേഷമാണ് വിപണിയിലെത്തുന്നത്. Tears, Mass, Paste എന്നീ രൂപങ്ങളിൽ കായം വിപണിയിൽ ലഭ്യമാണ്. ഇതിൽ Tear form - ൽ ഉള്ളതാണ് ഏറ്റവും നല്ലത്. കായം ശുദ്ധജലത്തിൽ ലയിപ്പിക്കുമ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലുള്ള ലായനിയാണ് കിട്ടുക.

 ഉദരസംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് വായുകോപം, വയറു വീർപ്പ്, വയറുവേദന, ഉദര കൃമികൾ എന്നിവയ്ക്ക് ഫലപ്രദമായ മരുന്നാണ് കായം. ഒരു ഗ്ലാസ് ചൂടുവെള്ളത്തിലോ മോരിലോ 1 നുള്ള് കായം ചേർത്ത് കഴിക്കാവുന്നതാണ്. സ്ത്രീകളുടെ ആർത്തവ സംബന്ധമായതും പ്രസവസംബന്ധമായതുമായ നിരവധി രോഗങ്ങളിൽ കായം അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നു. ആർത്തവ വേദനക്ക് കായം നെയ്യിൽ വറുത്ത് ചെറിയ അളവിൽ  കഴിക്കുന്നത് നല്ലതാണ്. കായത്തിൽ 3-17% വരെ ബാഷ്പീകരണ ശീലമുള്ള എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണയിലുള്ള ഡൈസൾഫൈഡാണ് കായത്തിൻ്റെ രൂക്ഷഗന്ധത്തിന് കാരണം. ഇവ പരിഹരിക്കുന്നതിനാവാം നെയ്യിൽ വറുക്കുക എന്ന ശുദ്ധിക്രമം കായത്തിന് പറഞ്ഞിരിക്കുന്നത്. കായം അധികമായി ഉപയോഗിക്കുക മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്ക് പ്രത്യൗഷധവും പശുവിൻ നെയ്യ് തന്നെ.


ശ്വാസകോശരോഗങ്ങളിൽ കഫത്തെ അലിയിച്ച് പുറന്തള്ളുന്നതിന് കായം അത്യുപയോഗിയാണ്. ചൂടുവെള്ളത്തിലോ ചുക്ക് കഷായത്തിലോ ചേർത്ത് കായം ഉപയോഗിക്കുന്നത് ചുമ, ഗുൽമം, വായുകോപം എന്നിവയ്ക്ക് നല്ലതാണ്. കായം, വെളുത്തുള്ളി, ഇന്തുപ്പ് എന്നിവ ചേർത്ത് കാച്ചിയ എണ്ണ കർണ്ണരോഗങ്ങളിൽ പ്രയോഗ്യമാണ്. ദീപന പാചനം, വാതാനുലോമകം, കഫ നിസ്സാരകം, ഗർഭാശയസങ്കോചകം എന്നീ ഗുണങ്ങളെല്ലാമുള്ള കായം നാഡികൾക്ക് ബലത്തെ പ്രദാനം ചെയ്യുന്നതാണ്. കായത്തിലെ പ്രധാന ഘടകമായ ferulic acid; Antioxidant, antimicrobial,  antihypertensive, anticancer എന്നിങ്ങനെ വളരെയധികം ഉപയോഗങ്ങളുള്ളതും cholesterol കുറയ്ക്കുക വഴി രക്തക്കുഴലുകളെ സംരക്ഷിക്കുന്നതുമാണ്.

 ഇതൊക്കെയാണെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ കായം ഉപയോഗിക്കാൻ പാടുള്ളൂ. അസംസ്കൃതമായ കായം തീക്ഷ്ണമായതിനാൽ ആമാശയത്തിലെ ആന്തരിക കലകൾക്ക് വീക്കമുണ്ടാകാനും ആമാശയത്തിലും അന്നനാളത്തിലും ചുട്ടുനീറ്റൽ, വ്രണങ്ങൾ എന്നിവ ഉണ്ടാകാനും കാരണമാകുന്നു.

Antihypertensive anticoagulant എന്നീ വിഭാഗത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ, ബ്ലീഡിംഗിനു സാധ്യതയുള്ളവർ, തീരെ ചെറിയ കുട്ടികൾ, അൾസർ മുതലായവ ഉള്ളവർ, പിത്താധിക്യം ഉള്ളവർ, ഗർഭിണികളിലും പ്രസവശേഷമുള്ള സമയത്ത് സ്ത്രീകളിലും കായം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

മാറിയ ജീവിതശൈലിക്കനുസരിച്ച് നമ്മുടെ പാചകരീതിയും മാറുമ്പോൾ ഉദരരോഗങ്ങൾ സർവ്വസാധാരണമാണല്ലോ. അടുക്കളയിലെ ഇത്തരം ഔഷധങ്ങളുടെ ഗുണങ്ങൾ അറിഞ്ഞ് ആഹാരത്തിൽ അനുയോജ്യമായ രീതിയിൽ അവ ഉപയോഗിക്കവഴി ആരോഗ്യത്തെ നമുക്ക് അനായാസം സംരക്ഷിക്കാനാവും..





About author

Dr. Arya Sethuparvathy

BAMS, MD (Dravyagunavijanam) Quality controller- Ayurdhara pharmaceuticals Anchery, Thrissur. dr.aryasethuparvathy@gmail.com


Scroll to Top