Lifestyle

Bathing and Dining: The Right Order

കുളിയും കഴിപ്പും

"ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം" എന്ന ചൊല്ലു കേൾക്കാത്തവരായി മലയാളികൾ ആരും ഉണ്ടാവില്ല.

ഇത് വെറുതെ പറയുന്നതാണോ? 

ഇതിൽ വല്ല കാര്യവുമുണ്ടോ ?

പണ്ട് കാലത്ത് ഏതെങ്കിലും ഒരു കാര്യം മനുഷ്യരെക്കൊണ്ട് ചെയ്യിപ്പിക്കാൻ അല്ലെങ്കിൽ ചെയ്യാതിരിയ്ക്കാൻ ചില രീതികൾ ഉണ്ടായിരുന്നു. 

ഒന്നുകിൽ അതിനെ ഏതെങ്കിലും മതത്തിന്‍റെ ആചാരവുമായി ബന്ധിപ്പിക്കുക - ഏറ്റവും നല്ല ഉദ്ദാഹരണം, ഉപവാസം.

അല്ലെങ്കിൽ ആ പ്രവൃത്തി മ്ലേച്ഛമാണെന്ന് വരുത്തി തീർക്കുക. 

ഈ രണ്ട് രീതിയായാലും അത് എന്തുകൊണ്ടാണ് എന്ന കൂടുതൽ ആലോചനകളൊന്നും കൂടാതെ മനുഷ്യർ അത് മിക്കവാറും അനുസരിക്കുക തന്നെ ചെയ്യും. ഈ രണ്ടാമത്തെ രീതിയായ, ഇക്കാര്യം ചെയ്യുന്നത് വളരെ മോശമാണ് എന്ന ചിന്ത ഉളവാക്കി ഒരാളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് "ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിയ്ക്കണം" എന്ന ചൊല്ലുണ്ടാക്കിയത്. ഉദ്ദേശം ഇത്രയേയുള്ളൂ - ആരും ഭക്ഷണം കഴിഞ്ഞ ശേഷം ഉടനെ കുളിയ്ക്കരുത്. ആരോഗ്യപരമായി അതൊരു മോശം കാര്യമാണ്. അതായത് ശരീരത്തിന് ഹാനികരമായതാണ് എന്നർത്ഥം.

  • ഭക്ഷണം കഴിക്കുന്നതിന് മുൻപ് കുളിയ്ക്കുന്നത്  ദഹനശക്കിയെ വർദ്ധിപ്പിയ്ക്കും. ഇത് ഭക്ഷണം നന്നായി ദഹിയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് മുൻപ് കുളിയ്ക്കുന്നതാണ് നല്ലത്. 
  • വെയിലിന് നല്ല ചൂടു വരുന്നതിനു മുൻപ് ആയിരിക്കുകയും വേണം കുളി. 
  • പകൽ ഒത്തിരി വൈകി, പ്രത്യേകിച്ച് ഉച്ചസമയത്ത് തല കുളിയ്ക്കുന്നത് നല്ലതല്ല. വിട്ടുമാറാത്ത തലവേദന, തലനീരിറക്കം, നടുവേദന എന്നിവയ്ക്ക് ഇത് കാരണമാകാം. 
  • വൈകിട്ടും വെയിലാറി എന്നാൽ നല്ല ഇരുട്ടായി  തണുപ്പാകുന്നതിനു മുൻപ് കുളിയ്ക്കണം.

ഇങ്ങനെ ഈ രണ്ടു സമയങ്ങളിലായി എപ്പോൾ കുളിച്ചാലും അത് ഭക്ഷണത്തിനു മുൻപായിരിക്കുകയും വേണം . 

ഭക്ഷണശേഷം ഉടനെ കുളിച്ചാൽ അത് ദഹനശക്തിയെ കുറയ്ക്കുകയും, ദഹനക്കുറവ് ഉണ്ടാവുകയും ചെയ്യും. ഇത് ഭക്ഷണം ദഹിക്കാതെ വയറിനുള്ളിൽ കനം തോന്നുക, പുളിച്ചു തികട്ടുക, വയറു വേദന, വീണ്ടും വിശപ്പ് വരാതിരിയ്ക്കുക എന്നിവയ്ക്ക് കാരണമാകാം .

സ്ഥിരമായി ഭക്ഷണം കഴിച്ചശേഷം ഉടനെ കുളിയ്ക്കുന്നതുകൊണ്ട് ഗൗരവമേറിയ ദഹനസംബന്ധമായ രോഗങ്ങൾ, ഗ്യാസ് ട്രബിൾ, മലബന്ധം, പോഷണക്കുറവ് എന്നിവ ഉണ്ടാകാം .

സ്കൂളിൽ പോകുന്ന കുട്ടികൾക്കിടയിൽ ഇത്തരം പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ വിശപ്പ് വരുന്ന പ്രകൃതമുള്ളവരിൽ ഇങ്ങനെ സംഭവിയ്ക്കാൻ സാധ്യത കൂടുതലാണ്. വിശപ്പ് ശമിപ്പിക്കുവാനായി അടുക്കളയിൽ കയറി എന്തെങ്കിലും എടുത്ത് കഴിക്കുകയും പിന്നീട് പ്രഭാതകൃത്യങ്ങളുടെ ഭാഗമായി കുളിയ്ക്കുകയും ചെയ്യുന്നു. ഇത് തിരുത്തപ്പെടേണ്ട ശീലമാണ്. 

ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂർ എങ്കിലും കഴിഞ്ഞാലേ ആമാശയത്തിലെ ദഹനം പൂർത്തിയായി ഭക്ഷണ ഭാഗങ്ങൾ ചെറുകുടലിലേക്ക് പ്രവേശിക്കുകയുള്ളൂ. ഈ സമയം ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും എങ്കിലും ഏറ്റവും ചുരുങ്ങിയത് 2 മണിക്കൂർ എങ്കിലും ഇതിന് ആവശ്യമാണ്. അതിനാൽ വയറ് നിറച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 2 മണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമേ കുളിയ്ക്കാൻ പാടുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം .

അതു കൊണ്ട്  എപ്പോഴെങ്കിങ്കിലും കുളിയ്ക്കാതെ പ്രഭാത ഭക്ഷണത്തിന് മുൻപായിത്തന്നെ കുളിയ്ക്കുവാൻ പരമാവധി ശ്രദ്ധിയ്ക്കുക.


About author

Dr. Johnson P. John

MD (Ay)- Swasthavritha Ashtamgam Ayurveda Vidyapeedham johnsonpjohnjpj@Gmail.com


Scroll to Top