Beauty Care and Ayurveda

Beauty Care for Hands and Feet, Chemical-Free

പാദങ്ങളും കൈ വിരലുകളും എങ്ങനെ ആകർഷകമാക്കാം?


ഏതൊരു വ്യക്തിയും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് തന്നെ തന്നെയായിരിക്കും. സ്വയം ഭംഗിയായി അവതരിപ്പിക്കുന്നത് വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. "യൂ ലുക്ക് സ്മാർട്" എന്നു കേൾക്കുന്നത് ഏതൊരാളുടെയും മുഖത്തു പുഞ്ചിരി വിടർത്തും. മുഖത്തോടൊപ്പം കാൽപാദങ്ങളും കരതലങ്ങളും വളരെ ശ്രദ്ധയോടെ പാലിച്ചു പോരാൻ ഇന്നത്തെ യുവ തലമുറ കുറെയേറെ ശ്രദ്ധിക്കുന്നുമുണ്ട്. രാസ പദാർത്ഥങ്ങൾ  ഒട്ടും ഇല്ലാതെ തന്നെ കരപാദങ്ങൾ എങ്ങനെ ആകർഷമാക്കാം എന്നു ഈ ലേഖനത്തിലൂടെ വിശദമാക്കുന്നു.


പാദ സംരക്ഷണം സൗന്ദര്യബോധത്തോടൊപ്പം

രചനാപരമായും ക്രിയാപരാമായും പാദങ്ങൾക്കു വളരെ വലിയ ധർമ്മമാണുള്ളത്. കർമ്മേന്ദ്രിയങ്ങളിൽ ചലനസ്വാതന്ത്ര്യമുള്ളതുകൊണ്ടു പാദങ്ങൾ നമ്മെ നടക്കാൻ സഹായിക്കുന്നു. മനുഷ്യന്‍റെ ഭാരം മുഴുവൻ താങ്ങുന്നത് കാൽപ്പാദങ്ങൾ ആണ്. അപ്പോൾ അതിന് നല്ല പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. ഒരാളുടെ വൃത്തി അയാളുടെ പാദങ്ങൾ കണ്ടാൽ മനസ്സിലാക്കാം. വൃത്തി ഹീനമായ പാദങ്ങളിലൂടെയാണ് 'കലി' നള മഹാരാജാവിൽ കയറിയതെന്ന കഥ പുരാണ പ്രസിദ്ധമാണ്.

ബ്യുട്ടിപാർലറുകളിൽ ചെയ്യുന്ന പാദ സൗന്ദര്യക്രിയ (പെഡിക്യൂർ) ആയുർവേദ മരുന്നുകളുടെ സഹായത്തോടെ എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ഘട്ടം 1 (2 മിനിട്ട്)

പഞ്ഞിക്കഷ്ണം ചൂടുള്ള പാലിൽ മുക്കി കാൽനഖങ്ങളിൽ നല്ല പോലെ ഉരസുക. നഖങ്ങളിൽ പറ്റിയിരിക്കുന്ന ചെളിയും മറ്റു നിറങ്ങളും (നെയിൽ പോളീഷ് പോകാൻ ചുരണ്ടേണ്ടി വരും) ഇളകി പോകാൻ ഇതു സഹായിക്കുന്നു.

ഘട്ടം 2 (20 മിനിട്ട്)

ഒരു പരന്ന, വക്കുള്ള പാത്രത്തിൽ (ബേസിൻ) ഇളം ചൂടുവെള്ളം എടുക്കുക. അതിൽ ഒരു ചെറുനാരങ്ങാനീര്‌, ഉറുവഞ്ചിക്ക അല്ലെങ്കിൽ സോപ്പ്കായ ചതച്ചത് (ആയുർവേദ ഷാംപൂ ഉപയോഗിക്കാം), ഒരു നുള്ള് ഉപ്പ്‌ ഇവ ഇട്ടു നന്നായി ഇളക്കി അതിൽ പാദങ്ങൾ രണ്ടും 20 മിനിട്ട് നേരം ഇറക്കി വെക്കുക. ഇവിടെ ത്വക്കിന്‍റെ സ്ഥിതിക്കനുസരിച്ചു ത്രിഫലാ കഷായമോ മഞ്ചട്ടി കഷായമോ നിശാകാതകാദി കഷായമോ ഒക്കെ ഉപയോഗിക്കാം.

20 മിനിട്ട് കഴിഞ്ഞു ഒരു പ്യൂമിക് സ്റ്റോൺ (വെള്ളത്തിൽ ഇട്ടാൽ പൊങ്ങി കിടക്കുന്ന  ഒരുതരം ഉരകല്ല്) കൊണ്ടു പാദങ്ങൾക്കടിയിലും വശങ്ങളിലും മൃദുവായി ഉരസുക. അടിഞ്ഞു കൂടി കിടക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനാണിത്. വിണ്ടു കീറിയ ഭാഗത്ത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അതിനു ശേഷം ഈ ഭാഗങ്ങളിലെല്ലാം കട്ടി കുറഞ്ഞ ബ്രഷ് കൊണ്ടു ഉരച്ചു വൃത്തിയാക്കണം.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് പ്യൂമിക്സ്റ്റോണുകൾ ഇന്ന് ലഭ്യമാണ്.

ഘട്ടം 3

നന്നായി കഴുകി വൃത്തിയാക്കിയ പാദങ്ങളെ ഒരു തോർത്തുകൊണ്ടു ഒപ്പി നഖങ്ങൾ അർധ വൃത്താകൃതിയിൽ വെട്ടി അഗ്രം ഉരസി മിനുസപ്പെടുത്തുക.

ഘട്ടം 4

പദാഭ്യംഗത്തിനായി സൗന്ദര്യവർധക തൈലങ്ങൾ ഉപയോഗിക്കാം. മുട്ടുമുതൽ പാദവിരലുകൾ വരെ നന്നായി ഉഴിയുക. ഇതു കാലുവേദനക്കും മാനസിക സംഘർഷം കുറയ്ക്കുന്നതിനും സഹായിക്കും. 5 മുതൽ 10 മിനിട്ട് വരെ ഓരോ കാലിനും ഉഴിച്ചിൽ നൽകാം.

പാദസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന തൈലങ്ങൾ:

  • ഏലാദി തൈലം
  • ബദാം തൈലം
  • നാൽപ്പാമരാദി തൈലം
  • ഒലീവ് ഓയിൽ
  • ദിനേശവല്യാദി തൈലം
  • ലാക്ഷാദി തൈലം

നിറവ്യത്യാസം മാറാൻ ആണെങ്കിൽ:

  • പരന്ത്യാദി തൈലം
  • ദുർവദി തൈലം

ഘട്ടം 5 (ലേഖനം- 5 -10 മിനിട്ട്)

പാദങ്ങൾ മൃദുവായി ഉരസിയുള്ള ലേഖനം (സ്‌ക്രബ്ബിങ്) ആണ് ഈ ഘട്ടത്തിൽ. കാപ്പിപ്പൊടി, ചെറുനാരങ്ങനീര്, പഞ്ചസാര ഇവയുടെ മിശ്രിതം ഉപയോഗിച്ചു ഇരുകാലുകളിലെയും ഞെരിയാണി വരെയുള്ള ഭാഗം നല്ലപോലെ ഉരസുക. പഞ്ചസാര അലിഞ്ഞു തീരുന്നത് വരെയാണ് കണക്ക്‌. തേൻ, തരിയോട് കൂടിയുള്ള അരിപ്പൊടി/ചെറുപയർ പൊടി,  നാരങ്ങാനീരും ചേർത്തും ഇങ്ങനെ ചെയ്യാം. മൃദുവായി താഴോട്ടു വേണം ഉഴിയാൻ. കസ്കസ്, തേൻ ചേർത്തും, ഞവരയുടെ തരി പാലിൽ കുറുക്കിയും ഇങ്ങനെ ഉഴിയാം.

ശേഷം കഴുകി വൃത്തിയാക്കുക.

ഘട്ടം 6 (ലേപനം- 20 മിനിട്ട്)

ഈ ഘട്ടത്തിൽ ഒരു ഔഷധ കൂട്ട് ഉണ്ടാക്കി കാലിലും പാദത്തിലും തേച്ചു പിടിപ്പിക്കുന്നു.

വിവിധ ഇനം പായ്ക്ക്കൾ (ലേപങ്ങൾ):

  • ചെറുപയർ, പാൽ, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി  ഇവയുടെ മിശ്രിതം. ഇതു നിറം വെയ്ക്കാൻ ഉത്തമമാണ്.
  • കടലപ്പൊടി, മുൾതാണി, കക്കിരി നീര്, പാൽ, മഞ്ഞൾ ഇവയുടെ മിശ്രിതം. ഇതു പെട്ടെന്ന് കരിവാളിപ്പ് (സൺ ടാനിങ്) കുറക്കുന്നു.
  • എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി കോലരക്ക് കഷായം വെച്ചതിൽ ഇട്ട് ഒരു രാത്രി വെച്ചിരുന്നത് അരച്ചു ലേപമാക്കി ഉപയോഗിക്കാം. നിറം വെക്കാൻ വളരെ നല്ലതാണ്.
  • ചെറുപയർപൊടി, തൈര് ഇവയോടൊപ്പം സിദ്ധാർഥക ചൂർണ്ണമോ ഏലാദി ചൂർണ്ണമോ ചേർത്തും ലേപനം ചെയ്യാവുന്നതാണ്. 20 മിനിട്ടോളം വെച്ചു ഉണങ്ങുന്നതിനു മുമ്പ് അല്‍പ്പാല്‍പ്പം വെള്ളം കൊണ്ട് നനച്ചു കൊടുത്തു മെല്ലെമെല്ലെ മസ്സാജ് ചെയ്തു കൊണ്ട് ഇളക്കുക. തുടർന്ന് നനഞ്ഞ സ്പോഞ്ച് കൊണ്ടു തുടച്ചു വൃത്തിയാക്കുക.

ഘട്ടം 7

കറ്റാർവാഴയുടെ ജെല്ല് ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുകൊണ്ടു വളരെ മൃദുവായ ഒരു തലോടൽ കൂടെ കൊടുത്താൽ പാദസൗന്ദര്യ പ്രക്രിയ പരിസമാപ്തിയിലെത്തും.

ഹസ്ത സൗന്ദര്യ സംരക്ഷണം

എല്ലാ ഘട്ടങ്ങളും മുകളിൽ വിവരിച്ചത് പോലെതന്നെ. നഖം വെട്ടുന്നതിനായി കൈകൾ അല്പനേരം ഇളം ചൂടുവെള്ളത്തിൽ ഇട്ടുവെക്കേണ്ടതാണ്. പ്യൂമിക് സ്റ്റോണ് കൊണ്ടു കൈകളിൽ ഉരക്കേണ്ടതില്ല. തരിയുള്ള ലേപനം തേച്ചു സ്‌കറബ്ബിങ് ചെയ്താൽ മതിയാകും. ബാക്കി ഒക്കെ അതേപടി ചെയ്യുക.

3 ദിവസം കൂടുമ്പോൾ പഞ്ചസാരയും പാൽപ്പാടയും ചേർന്ന മിശ്രിതം കൈകളിൽ പുരട്ടി പഞ്ചസാര ലയിക്കുന്നത് വരെ മസ്സാജ് ചെയ്‌താൽ വരണ്ട ചർമ്മം മാറിക്കിട്ടും. നിത്യേന കൈകൾ ഭംഗിയുള്ളതായി മാറും. പാദങ്ങളിൽ തൈലം തേച്ചാൽ മതിയാകും.

കൈകളുടെ അലങ്കാരത്തിനായി മൈലാഞ്ചി അണിയുമ്പോൾ അതു നഖങ്ങളിലും ചാർത്തുകയാണെങ്കിൽ നഖങ്ങൾക്കു ശക്തിയും ബലവും കൂടും കുഴിനഖം വരുന്നതിനെ തടയും.

പാദങ്ങൾ വിണ്ടുകീറുന്നതിന് ജീവന്ത്യാദിയമകമോ തിക്തകം ഘൃതമോ പുറമെ പുരട്ടാവുന്നതാണ്.

ഇപ്രകാരം രണ്ടാഴ്ച്ച ഇടവേളകളിൽ  ക്ഷമയോടെ പരിപാലിച്ചു  കര-ഹസ്ത-പാദങ്ങൾ ആകർഷകങ്ങളാക്കാം. ഉറങ്ങുന്നതിനു മുമ്പ് എല്ലാദിവസവും അല്പം ചൂടുവെള്ളത്തിൽ കൈ കാലുകൾ കഴുകുന്നത് നിദ്രയെ പ്രദാനം ചെയ്യും. ആരോഗ്യത്തോടൊപ്പം സൗന്ദര്യവും മനുഷ്യന്‍റെ ലക്ഷ്യങ്ങളിലൊന്നാണ് എന്നത് പറയപ്പെടാത്ത ഒരു സത്യമാണ്. സൗന്ദര്യ രഹസ്യം ആരും പുറമെ പറയില്ലതാനും. അതിലേക്കു ഒരു തിരിനാളമാകാൻ ഈ കുറിപ്പിനാകട്ടെ എന്നു പ്രത്യാശിക്കുന്നു.


About author

Dr. Aadith V.

Chief Physician- Ayurmitram, Kozhikode aadith.v@gmail.com


Scroll to Top