ചെവി വൃത്തിയാക്കാൻ ബഡ്‌സ് വേണ്ട; ഈ വിദ്യകൾ ഉപയോഗിച്ചോളൂ

ചെവി വൃത്തിയാക്കാൻ ബഡ്‌സ് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ? ചെവിക്കടി മാറാൻ എന്തൊക്കെ ചെയ്യാം?

പ്രായമായ ചില ആളുകൾ ഉടുത്തിരിക്കുന്ന മുണ്ടിന്‍റെയോ തോർത്തിന്‍റെയോ അറ്റം പിരിച്ച് ചെവിയിൽ തിരുകി കേറ്റുന്നത് കാണാറില്ലേ? പേപ്പർ ചുരുട്ടിയോ അതല്ലെങ്കിൽ തീപ്പെട്ടിക്കൊള്ളി, കോഴിത്തതൂവൽ, താക്കോൽ, ചെവിത്തോണ്ടി, സ്ലൈഡ്, പിൻ, ബഡ്‌സ് എന്നിവയോ ചെവിയിൽ ഇടാൻ ചിലർ ഉപയോഗിക്കുന്നതും കാണാം. കയ്യിൽ കിട്ടുന്നതേതും ചെവിയിലേക്ക് തള്ളുന്നത് ചെവിക്കടി രൂക്ഷമാകുമ്പോഴാണ്. ചെവിക്കടി മാറ്റാനും ചെവി വൃത്തിയാക്കാനും ഇതിലേതെങ്കിലും മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിക്കാറുണ്ടോ? എങ്കിൽ ആദ്യം തന്നെ പറയട്ടെ, ഈ മാർഗ്ഗങ്ങൾ ചെവിയുടെ ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല.

ചെവി വൃത്തിയാക്കാൻ സ്വീകരിക്കുന്ന ഇത്തരം അനാരോഗ്യകരമായ മാർഗ്ഗങ്ങൾ കേൾവിശക്തിയെ ബാധിക്കുമെന്നോ, ചെവിയിൽ അണുബാധ ഉണ്ടാക്കുമെന്നോ, ഇങ്ങനെ ഉണ്ടായേക്കാവുന്ന അണുബാധ തലച്ചോറിലേക്ക് വ്യാപിക്കുമെന്നോ ആരും അപ്പോൾ ചിന്തിക്കുന്നില്ല. ആ നിമിഷത്തെ ആശ്വാസത്തിന് കയ്യിൽ കിട്ടുന്നതെന്തും ചെവിയിൽ ഇടുക എന്ന ഒറ്റ മാർഗ്ഗമേ അപ്പോൾ നമ്മുടെ മുമ്പിലുണ്ടാകൂ. 

ചെവിക്കടി മാറാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

 

ചെവിക്കകത്തെ ചൊറിച്ചിൽ എന്തുകൊണ്ട്?

ചെവിയെന്നാൽ കേൾവി ശക്തിക്ക് മാത്രമല്ല. മനുഷ്യശരീരത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനും ചെവി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അപ്പോൾ ചെവിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമല്ലേ? ചെവിക്കകത്ത് അസഹനീയമായ ചൊറിച്ചിൽ വരാൻ പ്രത്യേക സമയമൊന്നും വേണ്ട. ഏത് നിമിഷവും ആർക്കും ഉണ്ടാകും. ചെവി പറിച്ച് കളയാൻ തോന്നുന്ന രീതിയിലുള്ള ചൊറിച്ചിൽ പോലും അനുഭവപ്പെടും. എന്തുകൊണ്ടാണ് ഈ അസഹനീയമായ ചൊറിച്ചിൽ? ചെവിക്കായം (ear wax) ആണ് ഇതിന്‍റെ പ്രധാന കാരണം.

എന്താണ് ചെവിക്കായം?

ചെവിക്കായം ഉത്പാദിപ്പിക്കുന്നത് പ്രധാനമായും രണ്ടു തരത്തിലുള്ള ഗ്രന്ഥികളാണ്. സെറുമിനസ് ഗ്രന്ഥിയും (Ceruminous glands) സെബേഷ്യസ് ഗ്രന്ഥിയും (Sebaceous gland) ആണ് ഇവ ഉത്പാദിപ്പിക്കാൻ കാരണമാകുന്നത്. ഈ ഗ്രന്ഥികളുടെ പ്രവർത്തനവ്യത്യാസം മൂലം ചെവിക്കായത്തിന്‍റെ നിറത്തിലും അവസ്ഥയിലും വ്യത്യാസം കാണപ്പെട്ടേക്കാം. ചെവിയുടെ സുഗമമായ പ്രവർത്തനത്തിന് ചെവിക്കായം അത്യാവശ്യമാണ്. ചെവിയുടെ ഉൾഭാഗം സംരക്ഷിക്കാനും ശുചിത്വം നിലനിർത്താനും ചെവിക്കായം കൂടിയേ തീരൂ. ചെവിക്കായം ഒരിക്കലും ദോഷകരമായ ഒന്നല്ല. ചെവിയിൽ അടിഞ്ഞ് കൂടുന്ന അഴുക്കും പൊടിയും കളയാൻ സഹായിക്കുന്ന സ്വാഭാവിക പ്രക്രിയയായാണ് ചെവിക്കായം രൂപപ്പെടുന്നത്.

ചെവിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചെവിക്കായം അഴുക്കാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് ശരിക്കും ചെവിക്ക് ആവശ്യമുള്ള ഘടകം തന്നെയാണ്. ചെവിക്കുള്ളിലെ കർണ്ണപാടത്തെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ഈ വാക്സ് ആണ്. ഈ വാക്സ് നീക്കം ചെയ്യാനായി ബഡ്‌സ് ഇടുമ്പോൾ ചെവിയിലെ വാക്സും മറ്റ് അഴുക്കും കൂടുതൽ അകത്തേയ്ക്ക് നീങ്ങും. ഇത് അണുബാധ ഉണ്ടാകാൻ കാരണമാകും. അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ചെവിക്കായം നീക്കം ചെയ്തില്ലെങ്കിൽ അതും ചെവിവേദനയ്ക്ക് കാരണമാകുകയും പിന്നീട് അണുബാധയിലേയ്ക്ക് നയിക്കുകയും ചെയ്യും.

ചെവിക്കായം പ്രശ്നം ആകുന്നത് എപ്പോള്‍?

ചെവിക്കായത്തിന്‍റെ അളവ് ചെവിയിൽ കൂടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചെവിക്കായത്തിന്‍റെ  അമിതമായ ഉത്പാദനം കേൾവി ശക്തി കുറയുന്നതിലേയ്ക്കും ചെവിവേദനയിലേയ്ക്കും നയിക്കും. ചെവിക്കായം സാധാരണയായി പലരിലും മെഴുക് (wax) പോലെയാണ് കാണപ്പെടുന്നത്. എന്നാൽ കാലപ്പഴക്കം മൂലം ചിലരിൽ ഇത് കട്ടിപിടിച്ചിരിക്കും. ഇത് പിന്നീട് കേൾവി തകരാറുകൾ ഉണ്ടാകാൻ കാരണമാകും. 

ചെവിക്കുള്ളിൽ ‍ബഡ്‌സ് ഇടാമോ?

പലരും ചോദിക്കുന്ന ചോദ്യമാണിത്. ചെവിയിലെ പ്രശ്നങ്ങളുമായി ENT യെ കാണാൻ പോകുമ്പോഴും ഡോക്ടറോടും ആദ്യം ചോദിക്കുന്നതും ഇത് തന്നെ. ചെവി വൃത്തിയാക്കാൻ ബഡ്‌സ് ഉപയോഗിക്കാമോ?

മറ്റ് ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ നാം ഒരുപാട് സമയം ചെലവിടാറുണ്ട്. ചെവി വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ചെവിക്കടി രൂക്ഷമാകുമ്പോൾ ഈ ചെവിക്കായം നീക്കാനും ചെവിക്കടിക്ക് ആശ്വാസം കിട്ടാനും ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ചെവിയിൽ ബഡ്‌സ് ഇടുന്നത് ഒട്ടും ആരോഗ്യകരമായ ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണ ഗതിയിൽ ശരീരം തന്നെ ചെവിക്കായം പുറന്തള്ളാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും.

ചെവി കടിക്കുമ്പോൾ മാത്രമല്ല, ഇന്ന് പലരും ഒരു ഹോബ്ബിയായി പോലും ചെവിയിൽ ബഡ്‌സ് ഇടുന്നത് കാണാറുണ്ട്. ചെവിക്കുള്ളിലെ ചർമ്മം വളരെ മൃദുവാണ്. അശ്രദ്ധമായി ബഡ്‌സ് ഇടുന്നത് ഈ ചർമ്മത്തിന് കേട് വരാൻ കാരണമാകും. ബഡ്സിന്‍റെ അറ്റം കൊണ്ട് ചെവിയിൽ മുറിവേൽക്കാനോ അല്ലെങ്കിൽ ബഡ്സിന്‍റെ അറ്റത്തെ കോട്ടൺ ചെവിക്കുള്ളിൽ കുടുങ്ങി പോകാനോ ഒക്കെ സാധ്യതയുണ്ട്. സ്വാഭാവിക പ്രക്രിയയിലൂടെ ചെവിക്കായം പുറന്തള്ളപ്പെടുമ്പോൾ അത് തുടച്ച് നീക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം.

ഇനി ചെവിക്കടി അസഹ്യമാണെങ്കിൽ ഒരു ENT സ്പെഷ്യലിസ്റ്റിന്‍റെ സഹായം തേടിയ ശേഷം ചൊറിച്ചിലിനു പ്രതിവിധി കണ്ടെത്താം.

ചെവിക്കായം നീക്കം ചെയ്യാന്‍ ചില പൊടിക്കൈകള്‍

ചെവിക്കായം നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പല അപകടങ്ങളും ഉണ്ടാകുന്നത്. കർണ്ണപടം പൊട്ടിപോകാൻ വരെ ഇത് കാരണമായേക്കാം. ചെവിക്കായം നീക്കം ചെയ്യാൻ ബഡ്‌സ് ഉപയോഗിക്കുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തും. അസ്വസ്ഥതയുളവാക്കുന്ന ചെവിക്കായം നീക്കം ചെയ്യാൻ ചില എളുപ്പ വഴികളിതാ.

വെളിച്ചെണ്ണ : ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയിൽ മൂന്നോ നാലോ തുള്ളി വീതം ഓരോ ചെവിയിലും ഒഴിക്കുക. ചൂട് സഹിക്കാവുന്നതാണ് എന്ന് ആദ്യം ഉള്ളംകൈയ്യിലും പിന്നീട് പുറംകൈയ്യിലും ഒന്നോ രണ്ടോ തുള്ളി ഇറ്റിച്ച് ഉറപ്പു വരുത്തുക, എന്നിട്ട് ചെവിയില്‍ ഇറ്റിക്കുക. ഇത് കട്ടി പിടിച്ചിരിക്കുന്ന മെഴുകിനെ ഉരുക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം എതിർ ദിശയിലേക്ക് തല ചെരിച്ച് പിടിച്ചാൽ എണ്ണ എല്ലാ ഭാഗത്തേക്കും എത്താൻ സഹായിക്കും. ഉറങ്ങുന്നതിനു മുമ്പ് ഒഴിച്ച ശേഷം രാവിലെ ചെവി കഴുകി വൃത്തിയാക്കാവുന്നതാണ്.

എള്ളെണ്ണ : രാത്രി കിടക്കും മുമ്പ് ഇളം ചൂടുള്ള എള്ളെണ്ണ ചെവിയിൽ ഒഴിക്കുക. അതിനു ശേഷം ഒരു പഞ്ഞി കൊണ്ട് ചെവി രാത്രി മുഴുവൻ അടച്ച് വെക്കാവുന്നതാണ്. മൃദുവാകുന്ന വാക്സ് ഈ പഞ്ഞിയിലേക്ക് ഒലിച്ചിറങ്ങും.

ഉപ്പുവെള്ളം : ചെറു ചൂടുള്ള അര ഗ്ലാസ് വെള്ളത്തില്‍ 5 ഗ്രാം ഉപ്പ് കലര്‍ത്തി അതില്‍ പഞ്ഞി മുക്കി തുള്ളികളായി ഓരോ ചെവിയിലേയ്ക്കും ഒഴിച്ച് കൊടുക്കാം. ഇത് വാക്സ് മൃദുവാകാൻ സഹായിക്കും. സോഫ്റ്റ് ആയ ചെവിക്കായം ഉടനെ പുറന്തള്ളപ്പെടും. ഓരോ ചെവിയിൽ ഉപ്പ് വെള്ളം ഒഴിച്ച് കഴിയുമ്പോഴും തല എതിർദിശയിൽ വെച്ച് അൽപ സമയം കാത്തിരിക്കണം.

ഒലീവ് ഓയിൽ : മൂന്നോ നാലോ തുള്ളി ഒലീവ് ഓയിൽ ഓരോ ചെവികളിൽ ഒഴിക്കുക. ഏകദേശം പത്ത് മിനിറ്റുകൾക്കുള്ളിൽ വാക്സ് മൃദുവാകുകയും പുറത്തേയ്ക്ക് വരികയും ചെയ്യും.

ആൽമണ്ട് ഓയിൽ : വാക്സ് പുറന്തള്ളാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണിത്. ആൽമണ്ട് ഓയിൽ തുള്ളികൾ ചെവിയിൽ ഒഴിക്കുന്നതും ചെവിക്കായം പുറന്തള്ളാൻ സഹായിക്കും.

ചില നവീന ഉപാധികള്‍

ഹൈഡ്രജന്‍ പെറോക്സൈഡ് : അല്പം വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ് ചേർത്ത് യോജിപ്പിച്ച ശേഷം ഈ ലായിനി ചെവിയിൽ ഒഴിക്കുക. ഇങ്ങനെ ചെയ്യുമ്പോഴും അൽപനേരത്തിനു ശേഷം വാക്സ് പുറത്തേയ്ക്ക് വരുന്നത് കാണാവുന്നതാണ്. ഇത് വെള്ളമുപയോഗിച്ചോ വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ചോ നീക്കം ചെയ്യാവുന്നതാണ്.

ബേബി ഓയിൽ : ചെവിക്കായം നീക്കാൻ ബേബി ഓയിലും ഉപയോഗിക്കാവുന്നതാണ്. ഒരു ഇയർ ഡ്രോപ്പറിന്‍റെ സഹായത്താൽ ഒന്നോ രണ്ടോ തുള്ളി ബേബി ഓയിൽ ഓരോ ചെവിയിലും ഒഴിച്ച് കാത്തിരുന്നാൽ വാക്സ് പുറത്തേയ്ക്ക് വരും.

ആപ്പിൾ ‍സിഡെർ വിനെഗർ ‍: അല്പം ആപ്പിളൾ ‍സിഡെർ വിനെഗർ (Apple Cider Vinegar) ഇളംചൂടുവെള്ളത്തിൽ ‍കലർത്തുക. ഇതിൽ നിന്നും രണ്ടോ മൂന്നോ തുള്ളി ചെവിയിൽ ‍ഒഴിക്കുന്നതും ചെവിക്കായം പുറന്തള്ളാൻ സഹായിക്കും.

ഗ്ലിസറിൻ : ഒരു പഞ്ഞിയിൽ അല്പം ഗ്ലിസറിൻ തുള്ളികൾ ഒഴിച്ച ശേഷം ഈ പഞ്ഞി ചെവിയുടെ തുറന്ന ഭാഗത്ത് വെക്കുക. അൽപനേരം കഴിഞ്ഞ് ഈ പഞ്ഞി മാറ്റുമ്പോൾ പഞ്ഞിയിൽ വാക്സ് അടിഞ്ഞിരിക്കുന്നത് കാണാം.

പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണല്ലോ ചെവിയും. അതിനെ നൈസര്‍ഗികമായി സംരക്ഷിക്കുന്ന വസ്തുവാണ് ഒരുപരിധിവരെ ചെവിക്കായവും. അത് സ്വയമേവ പുറംതള്ളുവാനുള്ള പ്രക്രിയകളും ശരീരത്തിലുണ്ട്. ഒരു ദിനചര്യപോലെ ചെവി വൃത്തിയാക്കേണ്ട കാര്യമില്ല. ഇനി വൃത്തിയാക്കേണ്ടി വന്നാല്‍ ബഡ്സിനേക്കാള്‍ ഭേദപ്പെട്ട മാര്‍ഗങ്ങളാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. 

ചിലരില്‍ പല കാരണങ്ങള്‍കൊണ്ട് കര്‍ണ്ണമലം അധികമായി ഉത്പാദിക്കപ്പെടുന്നു, ഇത് വൈദ്യസഹായം തേടേണ്ട കാര്യമാണ്. ആയുര്‍വേദത്തില്‍ ചെവിയുടെ ആരോഗ്യത്തിനും അവയുടെ രോഗപരിഹാരത്തിനും 'ശാലാക്യതന്ത്രം' എന്ന ഒരു പ്രത്യേകം വിഭാഗം തന്നെയുണ്ട്‌. പൊതുവായി കര്‍ണ്ണപൂരണം എന്ന ചികിത്സയും അസനവില്വാദി തൈലം, കര്‍ണ്ണപൂരണ തൈലം എന്നിവ ഉപയോഗിക്കുമെങ്കിലും ആദ്യം രോഗീ പരിശോധനയും രോഗനിര്‍ണ്ണയവും നടത്തേണ്ടതുണ്ട്. 



About author

Dr. Arun. G. Dev

MS (Ay)- Salakya. Specialist Medical Officer Salakya, National Ayush Mission, District Ayurveda Hospital, Alappuzha. arun.gdev@gmail.com


Scroll to Top