Cancer Care and Ayurveda

Chemotherapy: Does Ayurveda have a Better Answer?

ആയു: വർദ്ധകം ആയുർവ്വേദം 

കോശ നാശനം കീമോതെറാപ്പി

ഇന്ന് ഭാരതത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ അർബുദ തലസ്ഥാനമായി മാറി കഴിഞ്ഞു നമ്മുടെ കൊച്ചു കേരളം. ഒരു ലക്ഷത്തിൽ 136 പേർ കേരളത്തിൽ അർബുദ രോഗികൾ ആണ്. ലക്ഷത്തിൽ 103 പേർ മരണമടയുന്നു എന്നത് സാക്ഷര കേരളത്തെ സംബന്ധിച്ച് അതിശയകരമാണ്. അർബുദം കൊണ്ടുണ്ടാകുന്ന സാമ്പത്തിക-ശാരീരിക പരാധീനതകളും ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ കിരീടത്തിലെ പൊൻ തൂവലാണ്! 30-60 വയസ്സ് ഉള്ളവരിൽ അർബുദം കാണുന്നതിൻ്റെ തോത് വളരെ കൂടിയിരിക്കുന്നു. അർബുദം സ്ഥിരീകരിച്ച ശേഷം വീടും സ്ഥലവും വിറ്റ് കീമോതെറാപ്പി ചെയ്ത് ഒരു കൊല്ലം കഴിഞ്ഞ് മരണമടയുന്നവരാണ് ബഹുഭൂരിഭാഗം ആൾക്കാരും. കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന ശാരീരികവും സാമ്പത്തികവുമായ പാർശ്വഫലങ്ങളുടെ ഓർമപ്പെടുത്തലാണ് അനാഥമായ ഓരോ കുടുംബവും. ക്യാൻസർ ചികിത്സ ഇന്ന് ട്രില്യൻ ഡോളർ സമ്പദ്-വ്യവസ്ഥയാണ്. ജനിക്കുമ്പോൾ നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന പാക്കറ്റ് പാൽ, പാൽപ്പൊടി മുതൽ ഇന്നലെ രാത്രി അത്താഴത്തിന് കഴിച്ച ബർഗറും പൊറോട്ടയും വരെ ഏക ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഒരു വ്യക്തി സ്വാഭാവിക മരണത്തിന് കീഴ്പ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പെരുകുന്ന ജനസംഖ്യ കുറയ്ക്കാനും കോടിക്കണക്കിന് ആരോഗ്യ പ്രവർത്തകർക്കും കോർപ്പറേറ്റുകൾക്കും സമ്പത്ത് ലഭിക്കാനും നമ്മൾ ക്യാൻസർ വന്ന് മരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതൊരു ചക്രമാണ്, നിലക്കാത്ത ചക്രം. 

കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ നമുക്ക് ആയുർവേദ ഔഷധ ആഹാരവിഹാരങ്ങൾ കൊണ്ട് എങ്ങനെ തടയിടാം? നിൽക്കാതെ ഓടുന്ന ഒരു സാമൂഹിക ചക്രത്തെ 'ബ്രേക്ക് ദി സൈക്കിൾ' എന്ന മറുമരുന്ന് ആയുർവേദ രീതിയിൽ എങ്ങനെ സാധ്യമാക്കാം. മസ്സാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കാൻസർ റിസർച്ചർ ആയ റോബർട്ട് വൈൻബർഗിൻ്റെ വാക്കുകളിൽ "നമുക്ക് ആയുസ്സ് ഉണ്ടെങ്കിൽ ഉടനെയോ ഭാവിയിൽ എന്നെങ്കിലുമോ നമുക്കെല്ലാവർക്കും ക്യാൻസർ വരും''.

ശരീരത്തിലെ ഇമ്മ്യൂൺ കോശങ്ങളെ ഉത്തേജിപ്പിച്ച് അവയെ കൊണ്ട് അർബുദ കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ആയുർവേദത്തിൻ്റെയും ഇമ്മ്യൂണോ മോഡുലേറ്ററി സിദ്ധാന്തത്തിൻ്റെയും അടിസ്ഥാനം. ഇവരണ്ടും കീമോതെറാപ്പി സിദ്ധാന്തത്തിൻ്റെ രീതികളിൽ നിന്നും വിപരീതമായി നിൽക്കുന്നു. അതുകൊണ്ടുതന്നെ ആയുർവേദചികിത്സ കീമോതെറാപ്പി ചെയ്യുന്ന രോഗികളിൽ എപ്പോഴൊക്കെ ഉപയോഗപ്പെടുത്താമെന്ന് ആശയക്കുഴപ്പം നിലനിൽക്കുന്നു. 

പ്രധാനമായും നാല് അവസ്ഥയിലാണ് ആയുർവേദ ഔഷധപ്രയോഗങ്ങൾ ഉപയോഗിക്കുന്നത്:

  1. രണ്ട് ഇൻഡക്ഷൻ കീമോതെറാപ്പിയുടെ ഇടയിൽ അധികമായ ബലക്ഷയവും രക്തക്ഷയവും സംഭവിച്ച രോഗികളിൽ.
  2. കീമോതെറാപ്പി കോഴ്സ് പൂർത്തീകരിച്ച ശേഷം ബലം വർദ്ധിപ്പിച്ച് ശരീരപുഷ്ടി വരുത്തുന്നതിന്.
  3. സാന്ത്വനചികിത്സയിൽ കീമോതെറാപ്പിക്ക് പകരം ഫലപ്രദമായി ഉപയോഗിക്കാൻ.
  4.  വാർദ്ധക്യത്തിലും കുട്ടികളുടെ മറ്റു രോഗങ്ങൾ കാരണമോ കീമോതെറാപ്പി ചെയ്യാൻ സാധിക്കാത്ത രോഗികളിൽ രോഗശമനത്തിനും ആയുസ്സ് വർധിപ്പിക്കാനും.

കീമോതെറാപ്പി പ്രധാനമായും രണ്ടായി തരംതിരിക്കാം. പാലിയേറ്റീവ് (സാന്ത്വന ചികിത്സ), ക്യുറേറ്റീവ് (രോഗശമനത്തിന് ചെയ്യുന്നത്). ക്യൂറേറ്റീവ് കീമോതെറാപ്പിയിൽ വലിയ അളവിൽ മരുന്നുകൾ ചെയ്തു കാൻസർ കോശങ്ങളെയും മറ്റ് സ്വാഭാവിക കോശങ്ങളെയും നശിപ്പിക്കുന്നു. ഇതിനെ ഇൻഡക്ഷൻ കീമോതെറാപ്പി എന്നു പറയുന്നു. ഇതിൽ ശരീര കോശങ്ങൾ നശിക്കുകയും അധികമായ പാർശ്വഫലങ്ങൾ കാരണം ശരീരത്തിൽ ബലക്ഷയം, മുടികൊഴിച്ചിൽ, ഛർദ്ദി, ചുടുച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. എന്നാൽ ആയുർവേദ ചികിത്സ സിദ്ധാന്തത്തിൽ അർബുദ ചികിത്സ ഇതിനു വിപരീതമാണ്. കീമോതെറാപ്പിയിൽ രാസവസ്തുക്കൾ കൊണ്ട് കോശ നശീകരണവും ബലക്ഷയവും ഉണ്ടാക്കുന്നു. സുശ്രുതൻ അർബുദചികിത്സ തുടങ്ങുന്നതു തന്നെ "രക്ഷേത്ബലം ച അപി നരസ്യ നിത്യം"- നീ അർബുദ രോഗിയുടെ ബലത്തെ രക്ഷിച്ചു കൊള്ളണം, എന്തെന്നാൽ- "തദ് രക്ഷിതം വ്യാധി ബലം നിഹന്തി", ശരീരബലം കൊണ്ടുമാത്രമേ അർബുദത്തെ നശിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇത് ആധുനിക ശാസ്ത്രത്തിലെ ഇമ്മ്യൂണോ മോഡ്യുലേട്ടറി തെറാപ്പിയുടെ അടിസ്ഥാന സിദ്ധാന്തത്തിന് സമാനമാണ്.

കീമോതെറാപ്പി ചെയ്യുമ്പോൾ മജ്ജയിൽ സ്ഥിതി ചെയ്യുന്ന രക്തകോശങ്ങൾ നശിക്കുന്നു. തൽമൂലം രക്തഘടകങ്ങളില്‍ കുറവു വരുന്നതിനാല്‍ വ്യാധിക്ഷമത്വം അഥവാ ഇമ്മ്യൂണിറ്റി നശിക്കുന്നു. അനീമിയ, രക്തസ്രാവം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. 

ശരീരത്തിലെ ഇമ്മ്യൂൺ കോശങ്ങൾ നശിക്കുന്നത് മൂലവും രാസവസ്തുക്കളുടെ പ്രതിപ്രവർത്തനം മൂലം ഉണ്ടാകുന്ന ബലക്ഷയം, മുടികൊഴിച്ചിൽ തുടങ്ങിയ പാർശ്വഫലങ്ങൾ എങ്ങനെ ആയുർവേദം കൊണ്ട് നേരിടാം എന്ന് നോക്കാം:

ബലക്ഷയം

രക്തകോശങ്ങൾ ആയ  W.B.C രാസ പ്രതിപ്രവർത്തനത്തിൽ നശിക്കുന്നത് നിമിത്തം ശരീരത്തിലെ സ്വാഭാവിക വ്യാധി ക്ഷമത്വം നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ കീമോതെറാപ്പി കഴിഞ്ഞ രോഗികളിൽ മറ്റനേകം രോഗങ്ങൾ വരാനുള്ള സാധ്യത വർധിക്കുന്നു. അവർ അണുബാധ വന്നു മരണപ്പെടാൻ ഉള്ള സാധ്യത കൂടുന്നു. ഇൻഡക്ഷൻ കീമോതെറാപ്പി കഴിഞ്ഞ രോഗികളിൽ രക്തക്ഷയം മാറ്റി ബലം വർധിപ്പിക്കുക എന്നത് പരമപ്രധാനമാണ്. ബലക്ഷയം, രക്തക്ഷയം, പാണ്ഡുത്വം ഇവ ആയുർവേദത്തിൽ പറയുന്നത് തന്നെ പാണ്ഡു എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളായാണ്. പാണ്ഡുരോഗത്തിൽ തന്നെ അവയുടെ രോഗമൂർച്ഛനം നിമിത്തം ശരീരം കറുത്ത് കരിവാളിക്കുകയും, ചുടുച്ചിൽ, പനി, ബലക്ഷയം, വിശപ്പ് കുറയുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങളോടെ ഹലീമകം എന്ന രോഗമുണ്ടാകുന്നതായി പ്രതിപാദിക്കുന്നു. ഇൻഡക്ഷൻ കീമോതെറാപ്പി കഴിഞ്ഞ രോഗികളിൽ ശരീരതാപം വർദ്ധിച്ച് വാത-പിത്ത കോപം നിമിത്തം ഈ ലക്ഷണങ്ങൾ സ്പഷ്ടമായി കാണാം. ഇതൊരു സാമാന്യനിയമമാണ് പറഞ്ഞത്. അത് ഓരോ വ്യക്തിക്കും ഓരോ രോഗസ്ഥാനത്തിനും അനുസരിച്ച് ലക്ഷണങ്ങളും ചികിത്സയും മാറുന്നു. ഉദാഹരണത്തിന് ശ്വാസകോശ അർബുദത്തിൽ കീമോതെറാപ്പി കഴിഞ്ഞാൽ ബലക്ഷയം, നെഞ്ചിൽ വെള്ളക്കെട്ട്, ചുമ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു അവിടെ ചികിത്സ ശ്വാസ-ഉരസ്തോയ ചികിത്സ ചെയ്യേണ്ടതുണ്ട്. 

എന്നാൽ രക്താർബുദത്തിൽ കീമോതെറാപ്പിക്ക് ശേഷം ഹലീമക ചികിത്സ ചെയ്യേണ്ടതുണ്ടെന്ന് സാരം. ''ഗുളൂചീ സ്വരസ ക്ഷീരം സാധിതേന ഹലീമകി" എന്ന പ്രശസ്തമായ വരി ഓർക്കുക. ചിറ്റമൃത് നീര് നേർത്ത ആട്ടിൻപാൽ കൊടുക്കുക, തിക്തക ഘൃതം സേവിക്കുക, ദ്രാക്ഷാദി ഫാണ്ടം എന്നിവയുടെ പ്രയോഗവും ഉദാഹരണമായി കാണാം. ഹലീമക രോഗിയിൽ വാത-പിത്ത ശമനത്തിന് ശേഷം രാസായന പ്രയോഗത്തിനായി ച്യവനപ്രാശം (അംഗവർദ്ധനത്തെ ചെയ്യുന്നതാണ്) പുതിയ സ്വാഭാവിക കോശവളർച്ചയെ സഹായിക്കാനും ബലവർദ്ധനത്തിനും ശ്രേഷ്ഠമാണ്. 

എന്നാൽ ശ്വാസകോശാർബുദത്തിൻ്റെ ചികിത്സ വ്യത്യസ്തമാണ്. അവിടെ ശ്വാസ- ഉരസ്തോയ (പ്ലൂരസി) ചികിത്സ ആവും യോജ്യം. തഴുതാമ നീര്, വിദാര്യാദി ഫാണ്ടം, അഗസ്ത്യരസായനം തുടങ്ങിയവ കൂടുതലായി ഉപയോഗിക്കേണ്ടിവരും. ഈ പറഞ്ഞത് ആയുർവേദ ഭിഷഗ്വരന്മാർക്ക് അടിസ്ഥാന സിദ്ധാന്തത്തിൻ്റെ അറിവിനായാണ്. ഓരോ രോഗിക്കും അർബുദ ചികിത്സയിൽ സങ്കീർണ സമ്പ്രാപ്തി നിലനിൽക്കും. അതു നോക്കിവേണം ചികിത്സിക്കാൻ. വാതവ്യാധിയിലും മറ്റു സാധാരണ രോഗങ്ങളിലും ഉപശയ അനുപശയം സാധ്യമാണ്. എന്നാൽ അർബുദരോഗിയിൽ നിങ്ങൾ നടത്തുന്ന പരീക്ഷണം ഒരു കുടുംബത്തിന്‍റെ തീരാ ദു:ഖമാവും.

മുടി കൊഴിച്ചിൽ

'കൊടും കാറ്റടിച്ച് ആന പാറി പോയി അപ്പോഴാണ് ഉണക്കാനിട്ട കോണകത്തിൻ്റെ കാര്യം' എന്ന ട്രോൾ മനസിൽ വന്നേക്കാം. ക്യാൻസർ ചികിത്സക്കിടയിലാണോ കേവലം മുടി കൊഴിഞ്ഞുപോകുന്നതിന് ഇത്ര പ്രധാന്യം പറയുന്നത് എന്ന് തോന്നിയേക്കാം. നമ്മളെല്ലാവരും വൈകാരികതക്ക് അടിമകളാണ്. അർബുദം സ്ഥിതീകരിക്കുന്ന നിമിഷം മുതൽ ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക ശാരീരിക സംഘർഷം പ്രവചനാതീതമാണ്. അവനെ ശോകം, ഭയം, ഉത്കണ്ഠ, വിഷാദം എന്നിവ നിരന്തരം വേട്ടയാടുന്നു. ഇങ്ങനെയുള്ള മാനസികാവസ്ഥയിലാണ് സർവ്വശരീരനാശനമായ കീമോതെറാപ്പിയിലേക്ക് അവൻ കടക്കുന്നത്. പലപ്പോഴും ഇൻഡക്ഷൻ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾ ചികിത്സ കഴിഞ്ഞ് കണ്ണാടിയിൽ നോക്കുമ്പോൾ കരിഞ്ഞ്, മുടി കൊഴിഞ്ഞ്  ശോഷിച്ച പ്രേതരൂപങ്ങളെയാണ് കാണുന്നതും, അവരുടെ മനസ്സിൽ പതിയുന്നതും. ഈ അവസ്ഥയിൽ അവരുടെ മാനസികാരോഗ്യം മെച്ചപ്പെടണമെങ്കിൽ ബലക്ഷയം മാറുകയും സ്വരൂപം വീണ്ടെടുക്കുകയും അനിവാര്യമാണ്. രാസവസ്തുക്കൾ രോമകൂപങ്ങളിൽ ഉള്ള കോശങ്ങളെ നശിപ്പിക്കുകയും ശരീരതാപം വർദ്ധിക്കുകയും നിമിത്തം മാനസികസംഘർഷവും മുടികൊഴിച്ചിലും ഉണ്ടാകുന്നു. ആയുർവേദ മതപ്രകാരം എങ്ങനെ ഈ അവസ്ഥയെ മറികടക്കാം എന്ന് നോക്കാം ആയുർവേദസിദ്ധാന്ത പ്രകാരം മൂന്ന് രീതിയിലാണ് മുടികൊഴിച്ചിൽ കാണുന്നത്.

  1. ആഹാര പോഷകക്കുറവ് നിമിത്തം ധാതുപോഷണം കുറഞ്ഞ് മുടികൾ കൊഴിയുന്നു. പാണ്ഡുരോഗ ലക്ഷണത്തിൽ "ശീർണ രോമത" എന്നത് പ്രധാനമായും പറയുന്നു.
  2. ശിരോ രോഗങ്ങൾ പറയുമ്പോൾ ഇന്ദ്രലുപ്ത (അലോപേഷ്യ) ഖലിത ( കഷണ്ടി) സമ്പ്രാപ്തി വിവരിക്കുന്നു. അവിടെ ശരീരതാപം വർദ്ധിപ്പിക്കുന്ന ആഹാരവിഹാരങ്ങൾ നിമിത്തം വാതപിത്ത കോപം ശിരസ്സിലും രോമകൂപങ്ങളിലും താപവർദ്ധനവുണ്ടാക്കി മുടി കൊഴിയുന്നു. രോമകൂപങ്ങളിൽ കഫം രക്തം എന്നിവയുടെ രോധം നിമിത്തം പിന്നീട് മുടി വളരാത്ത അവസ്ഥ ഉണ്ടായി അലോപേഷ്യ, കഷണ്ടി തുടങ്ങിയവയിലേക്ക് നീങ്ങുന്നു.
  3. അസ്ഥി ധാതു ക്ഷയിക്കുന്ന രോഗങ്ങളിൽ പ്രത്യേകിച്ചും, ക്രോണിക് ഇൻഫ്ലമേഷൻ നിലനിൽക്കുന്ന ഓട്ടോഇമ്മ്യൂൺ രോഗങ്ങളായ വിവിധതരം ആർത്രൈറ്റിസ്, എസ് എൽ ഇ, വാതരക്തം എന്നിവയിൽ മുടികൊഴിച്ചിൽ പ്രധാനമായും കാണപ്പെടുന്നു.

ശാരീരികവും മാനസികവുമായ ടെൻഷൻ, സ്ട്രെസ്സ് എന്നിവയും മുടികൊഴിച്ചിലിനു പ്രധാനകാരണമായി ആയുർവേദം കണക്കാക്കുന്നു. പലിതം (അകാലനര) എന്ന രോഗ സമ്പ്രാപ്തിയിൽ ശിരോതാപം വർദ്ധിക്കാൻ മാനസിക വികാരങ്ങൾക്ക് സുപ്രധാനമായ പങ്ക് പറയുന്നു. കീമോതെറാപ്പി കഴിഞ്ഞിരിക്കുന്ന രോഗികളിൽ ഈ മൂന്നു കാരണങ്ങൾ നിമിത്തവും രാസവസ്തു പ്രതിപ്രവർത്തനവും ശിരോതാപം വർധിച്ച് മുടികൾ കൊഴിയുന്നു. ആയുർവേദ മതപ്രകാരം മുടി കൊഴിയുന്നത് വാത-പിത്ത കോപം നിമിത്തമാണ്. എന്നാൽ പിന്നീട് വളരാത്തത് കഫ-രക്തരോധം കൊണ്ടും. അതുകൊണ്ടുതന്നെ രണ്ടിന്‍റെയും ചികിത്സയും വ്യത്യസ്തമാണ്. ഉദാഹരണത്തിന് മുടികൊഴിച്ചിലിന് ക്ഷീരബല നസ്യമായി ഉപയോഗിക്കാം. എന്നാൽ മുടി വളരാത്ത അവസ്ഥയിൽ വേപ്പെണ്ണ കൊണ്ട് നസ്യമാണ് വിധിക്കുന്നത് എന്ന വ്യത്യാസം മനസ്സിലാക്കുക. ശരീരതാപം കുറയ്ക്കുന്നതിനും ബലക്ഷയം, രക്തക്ഷയം എന്നിവ നീക്കുന്നതിനും ആയിരിക്കണം ചികിത്സാക്രമം. പാണ്ഡു, ശിര:താപം, അസ്ഥിക്ഷയം എന്നീ മൂന്നു സമ്പ്രാപ്തികളും ഒരുമിച്ച് കാണപ്പെടും. അസ്ഥിയുടെ പഞ്ചഭൂതഘടന നോക്കിയാൽ പൃഥ്വി, വായു, അഗ്നി എന്നതാണ്. അസ്ഥിക്ഷയം ഉണ്ടാകണമെങ്കിൽ പാർത്ഥിവ അംശം കുറയുകയും, വായു-അഗ്നി വർദ്ധിക്കുകയും വേണം. ഉണക്ക വിറക് കത്തുമ്പോൾ സംഭവിക്കുന്നത് ഓർക്കുക. അതുകൊണ്ടുതന്നെ അവിടെ ചികിത്സ വാതപിത്തഹരം ആയിരിക്കണം. അതുകൊണ്ട് ചികിത്സയിൽ ക്ഷീരം, ഘൃതം എന്നിവ തിക്തരസ പ്രധാനമായി ഉപയോഗിക്കാൻ വിധിക്കുന്നത്. തിക്തകഘൃതം ത്രിഫല ചേർത്ത് രാത്രി സേവിക്കുക, ച്യവനപ്രാശം ക്ഷീരബല കൊണ്ട് നസ്യം ശിരോഅഭ്യംഗം എന്നിവയെല്ലാം സാമാന്യ ചികിത്സയായി വൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു.

ഓൺകോജീൻ പ്രവർത്തിപ്പിക്കുന്ന ഒരു ടൈം ബോംബ് ആണ് നമ്മുടെ ശരീരം.

ടിക്ക് .... ടോക്ക് …

ശരീരത്തിൽ ഇൻഫ്ളമേഷൻ കുറയ്ക്കുക എന്നതാണ് ആ ബോംബിനുള്ള മറുമരുന്ന്. അതിനായി ഗ്ലൂട്ടൻ (മൈദ, ഗോതമ്പ്), മാംസാഹാരം, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൃത്യമായ വ്യായാമം, ഉറക്കം എന്നിവ പ്രധാനമാണ്. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ നീക്കാനും അർബുദരോഗ വളർച്ച തടയിടാനും കഞ്ചാവ് ശുദ്ധിചെയ്ത് ഉപയോഗിക്കുന്ന യോഗങ്ങൾ അനിവാര്യമാണ്. ആധുനികശാസ്ത്രം മോർഫിൻ, ഓപ്പിയേറ്റ് മരുന്നുകൾ ഉപയോഗിക്കുന്നു. എന്നാൽ ആയുർവേദത്തിൽ അവ നിയമപരമായി വിലക്കിയിരിക്കുന്നു. പക്ഷിയുടെ ചിറക് കെട്ടിയിട്ട് പറക്കാൻ പറയുന്നതിന് തുല്യമാണ് ഇത്. കഞ്ചാവും കറുപ്പും വേദന സംഹാരത്തിന് മാത്രമല്ല അർബുദ ശമനത്തിനും വാതരക്തത്തിലും രസായനമായും അനുശാസിക്കുന്നു. പ്രശസ്തമായ ''മദനകാമേശ്വരി " മുതൽ യോഗാമൃതത്തിൽ ശൂല അധികാരത്തിൽ വിധിക്കുന്ന രസഗുളിക വരെ ഇതിന് ഉദാഹരണമാണ്. 

ആശുപത്രിയിൽ പോകുന്ന രോഗികളും ബന്ധുക്കളും ചെയ്യാൻ പോകുന്നത് ക്യൂറേറ്റിവ് ആണോ സാന്ത്വന ചികിത്സയാണോ എന്ന് കൃത്യമായി മനസിലാക്കുക എന്നതാണ്. സാന്ത്വന ചികിത്സയിൽ മരുന്നുകൾ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യമായി അവർ പുനഃപരിശോധിക്കുക. പ്രിയപ്പെട്ടവരുടെ മരണം എന്ന സത്യവും വിരഹമെന്ന മിഥ്യയും അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന പരമാർത്ഥമാണ്. പ്രവാചകൻ്റെ സ്വർഗവും നരകവും പോലെ. ഹാരിസൺ ഓൺകോളജിയിൽ പറയുന്നത് പോലെ "ഓൺ കോളജിയുടെ ധർമ്മസിദ്ധാന്തമെന്നത് ചിലപ്പോൾ ഭേദമാക്കുക, പതിവായി ജീവിതം ദീർഘിപ്പിക്കുക, എല്ലായ്പ്പോഴും സാന്ത്വനിപ്പിക്കുക '' എന്നതാണ് !


About author

Dr. Rajagopal K.

Chief Physician- M. P. Krishnan Vaidyan Memorial, S. K. V. A. Pharmacy, Kollam. 8891138612


You may also like


Comments

Post Comments

Scroll to Top