കോവിഡും ആരോഗ്യ പ്രവർത്തകരും സമൂഹവും

ലോക ജനതയ്ക്ക് മുന്നിൽ ആകുലതകളും ആശങ്കകളും, ഇനിയെന്ത് എന്ന ചോദ്യവും നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വാക്സിനുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ ഫലപ്രദവും ജനകീയവും ആണ് എന്ന് ഉറപ്പാകുന്നതുവരെയും കേരളമോ ഭാരതമോ എന്നല്ല, ലോകത്താകമാനം വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്നിടത്തോളവും ഈ രോഗത്തെ ഭീതിയോടെ അല്ലാതെ നോക്കി കാണുവാൻ സാധിക്കുകയില്ല.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നിസ്വാർത്ഥ സേവനത്തിലൂടെ കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളായി ദൈവതുല്യരായ അനേകം ആരോഗ്യപ്രവർത്തകരെ നമുക്ക് കാണാം. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്കൽ ജീവനക്കാർ, ലബോറട്ടറി ജീവനക്കാർ, ആശാ-അംഗൻവാടി പ്രവർത്തകർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് പുറമേ  പോലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ കോവിഡ്-19 കാലത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് രക്ഷാകവചങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്. 

കോവിഡ് രംഗത്തുള്ള ആരോഗ്യപ്രവർത്തകരെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില മുഖങ്ങളുണ്ട്. കോവിഡ് രോഗബാധ ഉണ്ടെന്ന് ലോകത്തോട് ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞ് അവസാനം അതിന്‍റെ ബലിയാടായി മാറിയ ചൈനീസ് ഓഫ്താൽമോളജിസ്റ്റ് ഡോ. ലീ വെൻലിയാങ്, പൂർണ്ണ ആരോഗ്യവാനും എം.ബി.ബി.എസ് വിദ്യാർഥിയുമായിരുന്നു തന്‍റെ മകൻ മൂന്നുദിവസംകൊണ്ട് കൊറോണ ബാധിച്ചു മരണപ്പെട്ടു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഡോ. ഷബ്നം താഹിർ, ചെന്നൈയിൽ സാധാരണ ജനങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങായി നിന്ന ഒടുവിൽ കോവിഡ്-19 മൂലം മരണമടഞ്ഞപ്പോൾ മൃതദേഹം മറവ് ചെയ്യാൻ സാധിക്കാതെ അതേ ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട ഡോ. സൈമൺ ഹെർക്കുലീസ്. ഇവർക്കെല്ലാം ഇങ്ങനെയൊരു യാത്രയയപ്പായിരുന്നോ നമ്മൾ നൽകേണ്ടിയിരുന്നത്……

മറ്റുള്ളവരുടെ ആരോഗ്യസംരക്ഷണത്തിനോടൊപ്പം, കോവിഡ് ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള വിഭാഗമെന്ന നിലയ്ക്ക് സ്വന്തം ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ട ചുമതല ഓരോ ആരോഗ്യപ്രവർത്തകനുമുണ്ട്. കാരണം അശ്രദ്ധമായ ചെറിയ ഒരു പാളിച്ച മതി അവരുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകൾക്ക് - അതായത് അവരെ ആശ്രയിച്ചിരിക്കുന്ന നിരീക്ഷണത്തിൽ കഴിയുന്നവരോ, അവരുടെ തന്നെ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബമോ, സഹപ്രവർത്തകരോ, സുഹൃത്തുക്കളോ, അങ്ങനെ ആർക്കും തന്നെ രോഗം വളരെ വേഗത്തിൽ പിടിപെടാം. കൂടാതെ കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിൽ ചിലത് ചുവടെ ചേർക്കുന്നു.

ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ

 • രോഗികളുമായി നേരിട്ട് ഇടപെടുന്നതുകൊണ്ട് തന്നെ രോഗം ബാധിക്കാൻ സാധ്യത കൂടുതലുണ്ടെന്നും ഹൈറിസ്ക് ഗ്രൂപ്പാണെന്നും ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകർക്കും ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാവണം രോഗം തങ്ങൾക്കും എപ്പോൾ വേണമെങ്കിലും പിടിപെടാമെന്ന ആശങ്കയും, മാനസിക സംഘർഷങ്ങളും പല ആരോഗ്യ പ്രവർത്തകരെയും അലട്ടുന്നത്. 
 • കോവിഡിന്‍റെ രോഗവ്യാപനസാധ്യത അറിയാവുന്നത് കൊണ്ട് സ്വന്തം കുടുംബത്തിൽ നിന്നും വിട്ടു കഴിയുന്ന ഒരുപാട് ആരോഗ്യപ്രവർത്തകർ ഉണ്ട്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു കഴിയേണ്ടി വരുന്ന സാഹചര്യങ്ങൾ പല ആരോഗ്യ പ്രവർത്തകരുടെയും മാനസികസംഘർഷങ്ങൾ കൂട്ടുന്നതായും കണ്ടുവരുന്നുണ്ട്.
 • ജീവിതത്തിൽ ഓരോ വ്യക്തിക്കും തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതായിട്ടുണ്ട്. ഇതിനെ നാല് പാദങ്ങളായി തിരിക്കാം. ഇതിൽ കുടുംബത്തിന്‍റെ സംരക്ഷണം നിർവഹിക്കുന്നതിന് കുടുംബപാദം, സ്വന്തം കർമ്മ പഥത്തിൽ ആത്മാർത്ഥതയോടെയും സേവന സന്നദ്ധതയോട് കൂടിയും പ്രവർത്തിക്കുന്നതിന് കർമ്മപാദം, താൻ ജീവിക്കുന്ന ചുറ്റുപാടുമുള്ള സമൂഹത്തിനോട് ചെയ്യുന്ന കർത്തവ്യങ്ങൾ നിവവേറ്റുന്നതിന് സമൂഹപാദം, സ്വന്തം ആരോഗ്യസംരക്ഷണത്തിനും സ്വന്തം കാര്യങ്ങൾ നോക്കുന്നതിനുമായി ആത്മപാദം എന്നിവയാണവ. ഇതിൽ കുടുംബ പാദത്തിനും ആത്മപാദത്തിനും പ്രാധാന്യം നൽകാൻ ആരോഗ്യപ്രവർത്തകർക്ക് കഴിയുന്നില്ല. വീട്ടിലെത്തുമ്പോൾ ഓടിയെത്തുന്ന മക്കളെ വാരിപ്പുണർന്നു ഉമ്മ കൊടുക്കുന്ന അച്ഛനോ അമ്മയോ ആകാനോ, സ്നേഹം വാരിക്കോരി കൊടുക്കുന്ന ഭാര്യയോ ഭർത്താവോ ആകാനോ, പ്രായമേറിയ മാതാപിതാക്കൾക്ക് സാന്ത്വനം നൽകുന്ന മകനോ മകളോ ആകാനോ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കുന്നില്ല.
 • കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും വ്യക്തിഗത സുരക്ഷാകവചം, മുഖാവരണം, മാസ്ക്, റെസ്പിറേറ്റർ, ഗോഗിൾ, ഷൂ കവർ, സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
 • വ്യക്തിഗത സുരക്ഷാ കിറ്റുകൾ അണിഞ്ഞതിന് ശേഷം ജോലി സമയം പൂർത്തീകരിക്കുക എന്നതുപോലും ആരോഗ്യ പ്രവർത്തകർക്ക് ദുർഘടമായ കാര്യമാണ്. കാരണം വേണ്ടത്ര വായുസഞ്ചാരം ലഭിക്കുവാനോ, മലമൂത്ര വിസർജനം നടത്തുവാനോ, കൃത്യ സമയത്ത് ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ദൈർഘ്യമേറിയ ഡ്യൂട്ടി സമയങ്ങളിൽ അവർക്ക് സാധിക്കാറില്ല. 
 • വ്യക്തി സംരക്ഷണത്തിനായുള്ള ക്രമീകരണങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം രോഗം വരില്ല എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. സുരക്ഷാ ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗവും നിർമ്മാർജ്ജനവും എങ്ങനെ ചെയ്യണമെന്ന ശാസ്ത്രീയമായ അവബോധം ഓരോ ആരോഗ്യപ്രവർത്തകനും ആവശ്യമാണ്.
 • നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർ അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് സമൂഹവുമായി ഇടപെടുന്നത് കാരണം ചില ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വരികയും അതു നമ്മുടെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യത്തിനു കാരണമാവുകയും മറ്റ് ആരോഗ്യ പ്രവർത്തകർക്ക് അധികജോലി ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്.
 • ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കയ്യേറ്റങ്ങൾ കോവിഡ് കാലത്ത് നിത്യ സംഭവം ആയികൊണ്ടിരിക്കുകയാണ്. രോഗികളെ പരിചരിക്കുന്നതിനായി ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ട് പോലും സമൂഹത്തിലെ ചിലരെങ്കിലും ഇവരെ ഒറ്റപ്പെടുത്തുന്നതായും, ഭീതിയോടെ നോക്കുന്നതായും, ആരോഗ്യപ്രവർത്തകരെ വാടക വീടുകളിൽ നിന്നടക്കം ഒഴിപ്പിക്കുന്നതായും നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
 • സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ മൂലം നിരീക്ഷണത്തിൽ കഴിയുന്ന പലരും ആരോഗ്യ പ്രവർത്തകരോട് വളരെ മോശമായി പെരുമാറുന്ന സ്ഥിതിവിശേഷങ്ങളും ഉണ്ടായിട്ടുണ്ട്.

പരിഹാരമാർഗ്ഗങ്ങൾ

 1. രോഗികളോട് നേരിട്ട് ഇടപെടുന്നത് ആരോഗ്യപ്രവർത്തകർ ആയതിനാൽ തന്നെ രോഗസാധ്യത കൂടുതലാണെന്നത് മുൻ നിർത്തി ഇവർക്കെല്ലാവർക്കും കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
 2. എല്ലാ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാകവചങ്ങൾ, മാസ്ക്കുകൾ, ഗ്ലൗസുകൾ, സാനിറ്റെസറുകൾ തുടങ്ങിയ സംരക്ഷണ ഉപാധികളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്.
 3. സുരക്ഷാ ഉപകരണങ്ങളുടെ ശാസ്ത്രീയമായ ഉപയോഗരീതിയും, നിർമ്മാർജ്ജന രീതിയും പരിശീലിപ്പിക്കേണ്ടതാണ്. 
 4. ജോലിയുടെ ദൈർഘ്യം കുറച്ച് മാനസിക-ശാരീരിക വിശ്രമം നൽകുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതാണ്.
 5. രോഗികളെ പോലെ തന്നെയും നിരീക്ഷണത്തിൽ കഴിയുന്നവരെ പോലെ തന്നെയും ആരോഗ്യ പ്രവർത്തകരുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതാണ്.
 6. ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. 
 7. ആരോഗ്യ പ്രവർത്തകർക്ക് അർഹിക്കുന്ന പരിഗണന നൽകണം. അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നതിനുള്ള വേദി ഒരുക്കേണ്ടതാണ്.
 8. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും പൂർണ പിന്തുണ ആരോഗ്യ പ്രവർത്തകർക്ക് നൽകേണ്ടതാണ്.

ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്നത്

കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ കുടുംബാംഗങ്ങൾ മാനസിക പിന്തുണയും സാന്ത്വനവും നൽകേണ്ടതാണ്. തന്‍റെ കുടുംബത്തിലെ ആരോഗ്യ പ്രവർത്തകരായ അച്ഛനോ അമ്മയോ ചെയ്യുന്ന കാര്യങ്ങൾ മക്കളെ പറഞ്ഞു ബോധ്യപ്പെടുത്താൻ കുടുംബാംഗങ്ങൾ ശ്രമിക്കേണ്ടതാണ്. ടെലിഫോണിലൂടെയോ നവമാധ്യമങ്ങളിലൂടെയോ ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബവുമായി ബന്ധം പുലർത്തേണ്ടതാണ്. തങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണു അച്ഛനോ അമ്മയോ വീട്ടിൽ നിന്ന് അകന്നു കഴിയുന്നത് എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതാണ്.

കുടുംബത്തിൽ നിന്നും ജോലിക്ക് പോയി വരുന്ന ആരോഗ്യപ്രവർത്തകന്‍റെ കുടുംബാംഗങ്ങൾ അവർക്ക് വേണ്ടി പ്രത്യേകം ബാത്ത് അറ്റാച്ച്ട് ബെഡ്റൂമോ ലിവിങ് സ്പേസോ ഒരുക്കണം. ജോലികഴിഞ്ഞ് വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ കൈ കഴുകുന്നതിനും, കുളിക്കുന്നതിനും, വസ്ത്രങ്ങൾ മാറുന്നതിനുമുള്ള സംവിധാനങ്ങൾ ഒരുക്കണം. അവർ ആശുപത്രിയിൽ കൊണ്ടുപോയിട്ടുള്ള നെയിം ടാഗ്, മൊബൈൽ ഫോൺ, സ്റ്റെതസ്കോപ്പ്, ബാഗ്, വാച്ച്, പാദരക്ഷകൾ, ലാപ്ടോപ്പ്, കീബോർഡ് എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കണം.

സമൂഹത്തിന് ചെയ്യാൻ പറ്റുന്നത്

കോവിഡിനെതിരായ യുദ്ധത്തിൽ നമ്മെ സംരക്ഷിക്കാൻ മുന്നിൽ നിന്നുകൊണ്ട് പോരാടുന്ന ഓരോ ആരോഗ്യ പ്രവർത്തകനെയും നമുക്ക് ആദരവോടെ കാണേണ്ടതുണ്ട്. അവർ തരുന്ന ഓരോ നിർദ്ദേശങ്ങളും നാം പാലിക്കേണ്ടതുണ്ട്. അവരുടെ വാക്കുകളെ അതീവ ജാഗ്രതയോടെ സശ്രദ്ധം ശ്രവിക്കേണ്ടതുണ്ട്. സമൂഹത്തിലെ ഓരോരുത്തരും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിലൂടെയും മാസ്ക്കുകളുടെ ശരിയായ ഉപയോഗം കൊണ്ടും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുകകൊണ്ടും കോവിഡിന്‍റെ സമൂഹവ്യാപനം നമുക്ക് തടയുവാൻ സാധിക്കുന്നതാണ്.

കോവിഡ്-19 രോഗലക്ഷണങ്ങൾ, ക്വാറന്റൈൻ, ഐസോലേഷൻ സംവിധാനങ്ങൾ, ആരോഗ്യസംരക്ഷണ മാർഗങ്ങൾ, രോഗപ്രതിരോധത്തിൽ സമൂഹത്തിൻറെ പങ്ക് എന്നിവ സമൂഹം മനസ്സിലാക്കുകയും അത് വഴി രോഗവ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി സമൂഹം ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കുകയും ചെയ്യണം. അവരെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുകയോ, കയ്യേറ്റം ചെയ്യുകയോ അനാവശ്യ ഭീതിയോടെ നോക്കി കാണുകയോ ചെയ്യാതെ അവരെ നമ്മുടെ സഹോദരങ്ങളായി കാണണം. 

ആയുർവേദത്തിന്‍റെ പങ്ക് 

കോവിഡ്-19 രോഗത്തെപോലുള്ള പകർച്ചവ്യാധികളെ ആയുർവേദത്തിൽ സാംക്രമികരോഗങ്ങൾ എന്നാണ് പറയുന്നത്. ഒരാളിൽനിന്ന് ക്രമത്തിൽ മറ്റൊരാളിലേയ്ക്ക് പകർന്നുകിട്ടുന്ന ഈ രോഗങ്ങൾ അടുത്തിടപഴകുന്നത് കൊണ്ടോ, ശ്വസനത്തിലൂടെയോ, അടുത്തിരുന്നു സംസാരിക്കുന്നത് കൊണ്ടോ, ഭക്ഷണം-കിടക്ക–ഇരിപ്പിടം-വസ്ത്രങ്ങൾ-ആഭരണങ്ങൾ എന്നിവ പങ്കിടുന്നതിലൂടെയോ പകരുമെന്നാണ് ആയുർവേദം നിർവചിക്കുന്നത്. ഈ പകർച്ചവ്യാധികളെ തടുക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കണമെന്നും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണമെന്നുമാണ് ആയുർവേദം അനുശാസിക്കുന്നത്.

 ഈ കോവിഡ് കാലത്ത് കേരളത്തിലെ സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും പ്രവർത്തിക്കുന്ന ആയുർരക്ഷാക്ലിനിക്കുകൾ വഴി ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും ആരോഗ്യസംരക്ഷണത്തിനായി ആയുർവേദ പ്രതിരോധമരുന്നുകൾ സ്വാസ്ഥ്യം പദ്ധതിയിലൂടെ നൽകിവരുന്നുണ്ട്. ഇതിനുപുറമേ മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായിട്ടുള്ള സുഖായുഷ്യം പദ്ധതിയിലൂടെയും, ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള അമൃതം പദ്ധതിയിലൂടെയും, കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പുനർജനി പദ്ധതിയിലൂടെയും, പ്രൈവറ്റ് ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ ആയുർഷീൽഡ് പദ്ധതിയിലൂടെയും മരുന്നുകൾ നൽകുന്നുണ്ട്.

[ ഈ പദ്ധതികളെ പറ്റി കൂടുതല്‍ അറിയുവാന്‍: click here ]

മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്ന ടെലികൗൺസിലിംഗ് സംവിധാനവും, യോഗ-മെഡിറ്റേഷൻ-റിലാക്സേഷൻ-ശ്വസന വ്യായാമങ്ങൾ തുടങ്ങിയവയുടെ പ്രായോഗിക പരിശീലനവും, ആയുർവേദതത്വത്തിലധിഷ്ഠിതമായ ആയുർമാസ്ക്ക് - ആയുർ സാനിറ്റൈസർ നിർമ്മാണവും, കോവിഡ് രോഗത്തിന് ഫലപ്രദവും ശാസ്ത്രീയവുമായ ആയുർവേദ ചികിത്സാമാർഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയവയുമായി ആയുർവേദ രംഗം മുന്നിൽ തന്നെയുണ്ട്, കൂടാതെ പ്രവാസികളുടേയും ഇതരസംസ്ഥാന മലയാളികളുടെയും തിരിച്ചുവരവിൽ എയർപോർട്ട്-റെയിൽവേ-ചെക്പോസ്റ്റ്  തുടങ്ങിയ സ്ഥലങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളിലും സ്രവപരിശോധന സംവിധാനങ്ങളിലും ആയുഷ് മേഖലയുടെ സജീവ പങ്കാളിത്തമുണ്ട്.

ചുരുക്കത്തിൽ

ലോകമഹായുദ്ധത്തിന് തുല്യമായതിനാൽ തന്നെ കോവിഡ് കാലഘട്ടമെന്നും കോവിഡാനന്തര കാലഘട്ടമെന്നും രണ്ടു കാലഘട്ടങ്ങളായി നമുക്ക് തരംതിരിക്കാം. കോവിഡ്-19 മഹാമാരിയോടുള്ള യുദ്ധത്തിൽ നമ്മുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും വരും തലമുറ സ്നേഹാദരവോടെയും അഭിമാനത്തോടെയും ഓർമിക്കും എന്നതിലും സംശയമില്ല.

കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്‍റെയും സഹകരണവും പിന്തുണയും കൂടിചേർന്നാൽ മാത്രമേ നമുക്ക് കോവിഡിനെ ചെറുക്കാൻ സാധിക്കുകയുള്ളൂ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് വിജയിക്കണമെങ്കിൽ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്ന വിലക്കുകളെ പാലിച്ചുകൊണ്ട് ശാരീരിക അകലവും മാനസിക പിന്തുണയും സാമൂഹിക ഒരുമയോടുകൂടി പ്രബുദ്ധരായ ജനത എന്ന നിലയിൽ നമുക്ക് ആരോഗ്യപ്രവർത്തകരോടൊപ്പം അണിനിരക്കാം. ഒരൊറ്റ ലക്ഷ്യത്തിനായി, ഒരൊറ്റ നന്മയ്ക്കായി, ഒരൊറ്റ സമൂഹമായി നമുക്ക് കൈകോർക്കാം, ആരോഗ്യപ്രവർത്തകരെ ചേർത്തു പിടിക്കാം……


About author

Dr. Aravind. S

B.A.M.S, MD (Ay)- Swasthavritha MO, GAD Sivapuram, Kannur aravind.satheesh1986@gmail.com


Scroll to Top