താരൻ

“കേവലം മുടിയിഴകളല്ല..ഞാൻ തന്നെയാണ്..”

ഒരു പ്രമുഖ ബ്രാൻഡ് എണ്ണയുടെ പരസ്യ വാചകങ്ങളാണ് മുകളിൽ..

തലമുടി എന്നത് ഓരോ വ്യക്തിക്കും വികാരം തന്നെയാണ്. അതിനാൽ തന്നെ മുടി കൊഴിയുക എന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതും ആണ്. ഇന്ന് സോഷ്യൽ മീഡിയകളിലും  മറ്റു മാധ്യമങ്ങളിലും ഇവയെ ചെറുക്കാനുള്ള പ്രതിവിധികൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. പലതും പരീക്ഷിച്ചു നോക്കാത്തവർ ചുരുക്കം ആണ്. മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് താരൻ. ഏതു പ്രായക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണിത്. തലയിൽ വെളുത്ത പൊടി പോലെ കാണപ്പെടുന്ന ഇവ ചർമ്മത്തിലും പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. 

എന്താണ് താരൻ? 

ശിരോചർമത്തിലെ ഇളകിവരുന്ന മൃത കോശങ്ങൾ അടിഞ്ഞു കൂടുന്നതാണ് താരൻ. ഇതു സാധാരണമായി എല്ലാവരിലും കാണുന്നതാണ്. എന്നാൽ ചിലരിൽ ഈ മൃതകോശങ്ങൾ കൂടുതലായി ഇളകിവരികയോ ഇളകിവന്നവ പുറത്തേക്കു പോവാതെ ഇരിക്കുകയോ ചെയ്താൽ തലയിൽ അടിഞ്ഞു കൂടുന്നു. ഇതിൽ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ മൂലം അണുബാധ ഉണ്ടാവാം. അപ്പോഴാണ് ചൊറിച്ചിൽ, കുരുക്കൾ എന്നിവ ഉണ്ടാകുന്നത്. 

താരൻ ആയുർവേദത്തിൽ 

'ദാരുണകം' എന്ന പേരിൽ ആണ് ആയുർവേദത്തിൽ താരൻ അറിയപ്പെടുന്നത്. താരന്‍ എന്ന വാക്ക് തന്നെ 'ദാരണകം' എന്നതിന്‍റെ ഒരു ഭാഷാവല്‍ക്കരണമാണ്.

കഫം, വാതം എന്നീ ദോഷങ്ങള്‍ കൊപിച്ചാണ് ദാരണകം ഉണ്ടാകുന്നത്.

ചൊറിച്ചിൽ, രോമങ്ങൾ കൊഴിയുക, തരിപ്പ്, പരുഷത, ചർമത്തിൽ അതി സൂക്ഷ്മമായ പൊട്ടലുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

കാരണങ്ങൾ 

പ്രത്യേകമായ കാരണങ്ങൾ പറയാൻ സാധിക്കുന്നതല്ലെങ്കിലും ശിരോചർമത്തിലെ വരൾച്ച, ഭക്ഷണം, ശുചിത്വമില്ലായ്മ, മാനസിക സമ്മർദം എന്നിവ ഒക്കെ താരനെ കൂട്ടുന്നതായി കണ്ടുവരുന്നു. 

അത് പോലെ തന്നെ എണ്ണമയം കൂടുന്നത് കൊണ്ടു ഉണ്ടാവുന്നതും ശിരോചർമത്തിൻ്റെ  വരൾച്ച കൊണ്ടു ഉണ്ടാവുന്നതുമായി രണ്ടു വിധത്തിലും താരൻ കണ്ടു വരുന്നു. 

താരന്‍റെ ഉപദ്രവങ്ങൾ

താരൻ മൂലം നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ കാണപ്പെടാം. 

കൺപീലികൾ, പുരികം ഇവയിലേക്കു പടർന്നു ഇവയ്ക്കു കൊഴിച്ചിൽ ഉണ്ടാവുക, കണ്ണിനു അസ്വസ്ഥത തുടങ്ങിയവ ഉണ്ടാവാം. 

ചർമ്മത്തിലേക്കു പടർന്നു ചുവപ്പ് നിറം, കുരുക്കൾ, തൊലി അടർന്നു പോവുക മുതലായവ കാണുന്നതാണ്.

താരന് ആയുര്‍വേദ ചികിത്സ 

ആയുർവേദത്തിൽ താരന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാൽ വിദഗ്ദ്ധരായ  ആയുർവേദ ഡോക്ടർമാരുടെ കീഴിൽ മാത്രമേ ചികിത്സ ചെയ്യാവു. കാരണം scalp psoriasis, seboric dermatitis തുടങ്ങിയ പല രോഗങ്ങൾ തരാനായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. കൃത്യമായ രോഗനിർണ്ണയം ആദ്യമേ നടത്തുക. 

അഷ്ടാംഗഹൃദയത്തിൽ സിരാവേധം (blood- letting), സ്നാനം, നസ്യം, ശിരോവസ്‌തി തുടങ്ങിയവ ചികിത്സ ആയി പറയുന്നു. ഇന്ന് നമ്മൾ സ്വീകരിച്ചു വരുന്ന ചികിസരീതികൾ നോക്കാം.. 

  1. തലയില്‍ തേക്കാന്‍ എണ്ണ - ധുര്‍ധുരപത്രാദി വെളിച്ചെണ്ണ, ചെമ്പരത്യാദി വെളിച്ചെണ്ണ, ദന്തപ്പാല തൈലം ഇവ അവസ്ഥാനുസരണം ഉപയോഗിക്കാം.
  2. തല കഴുകാന്‍ - ത്രിഫല, ആര്യവേപ്പ് എന്നിവ ഇട്ട വെള്ളം
  3. പുരട്ടാന്‍ /തല പൊതിച്ചിൽ - ത്രിഫല ചൂർണം, ഏലാദി ചൂർണം, ഉള്ളി etc
  4. ശിരോ ധാര - ത്രിഫല കഷായം, തക്രധാര etc
  5. ശിരോ ധൂപനം - (തലയില്‍ പുക ഏല്‍പ്പിക്കുന്ന ചികിത്സ)

വീട്ടിൽ ചെയ്യാവുന്നവ 

  • നാരങ്ങ നീര് +മുട്ട വെള്ള യോജിപ്പിച്ചു തലയിൽ തേച്ചു പിടിപ്പിച്ചു അര മണിക്കൂറിൽ കഴുകി കളയുക 
  • ഉലുവ അരച്ചടുത്തു തേനും തൈരും ചേർത്ത് തലയിൽ തേച്ചു അര മണിക്കൂറിൽ കഴുകി കളയുക 
  • കറ്റാർവാഴ നീര്, ഉള്ളി നീര് ഇവ  പുരട്ടുക. 

പഥ്യം 

  • ദിവസവും രണ്ടു നേരം കുളിക്കുക. എണ്ണ തേക്കുന്നത്  പതിവാക്കുക. 
  • തലമുടി ഉണങ്ങിയതിനു ശേഷം മാത്രം ചീവുകയോ കെട്ടുകയോ ചെയ്യുക 
  • ജങ്ക് ഫുഡ്‌, എണ്ണ പലഹാരങ്ങൾ, മധുരം എന്നിവ ഒഴിവാക്കുക. അമിത വണ്ണം വരാതെ ശ്രദ്ധിക്കുക. 
  • ധാരാളം വെള്ളം കുടിക്കുക 
  • എരിവ്, പുളി, ഉപ്പ് ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക 
  • ചികിത്സക്ക് മുമ്പായി ഉപയോഗിച്ചിരുന്ന ചീപ്പ്, തോർത്ത്‌, തലയിണ ഉറ എന്നിവ അണു വിമുക്തമാക്കുക. 

എല്ലാത്തിലും പ്രധാനം തലയുടെയും തലയോട്ടിയുടെയും ശുചിത്വം ആണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ താരൻ്റെ  ഉപദ്രവങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാം. കരുത്തുറ്റ ഇടതൂർന്ന മുടിയിഴകൾ എല്ലാവർക്കും പ്രാപ്യമാണ്. നമ്മുടെ കരുതൽ അതിനു കൂടിയേ തീരു.    



About author

Dr. Tintu Elizabeth Tom

BAMS Chief Physician- Soukhya Ayurveda, Angamaly Ph:7025812101 tintutom.tom@gmail.com


Scroll to Top