വ്യായാമം

ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുവാനോ പൂ൪വ്വാധികം 
മികച്ചതാക്കുവാനോ സഹായിക്കുന്ന കായിക അഭ്യാസങ്ങളാണ് വ്യായാമം.

ആയുർവേദ ശാസ്ത്ര പ്രകാരം വ്യായാമമെന്നത് ദിവസേന ശീലിക്കേണ്ട ചര്യകളിൽ ഒന്നാണ്.

കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പടർന്നുപിടിച്ചുലയ്ക്കുന്ന ഈ അവസരത്തില്‍ 
ആഹാരത്തോളം ശരീരത്തിന് പ്രധാനമാണ് വ്യായാമം എന്ന വസ്തുത അംഗീകരിക്കേണ്ടതാണ്.

ദഹനശക്തി വ൪ദ്ധിപ്പിക്കുന്നതിനും വിസ൪ജ്ജന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും 
ഉന്മേഷത്തോടെയും പ്രസരിപ്പോട് കൂടിയും ജോലി ചെയ്യുന്നതിനും ഏതെങ്കിലും 
വിധത്തിലുള്ള വ്യായാമം കൂടിയേ തീരൂ.

വിവിധതരം വ്യായാമങ്ങൾ

1. എയ്റോബിക്

 സൈക്ലിംഗ്,നീന്തല്‍,നടത്തം,ഓട്ടം മുതലായ ഹൃദയ ധമനികളെ ഉത്തേജിപ്പിക്കുന്നവ

2 .ഫ്ലെക്സിബിലിറ്റി

സന്ധികളുടേയും പേശികളുടേയും ചലനത്തെ ഉത്തേജിപ്പിക്കുന്ന സ്ട്രെച്ചിംഗ് നല്‍കുന്നവ

3. അനെയ്റോബിക്

താല്‍ക്കാലികമായി പേശികള്‍ക്ക് ബലം നല്‍കുന്നതായ വെയ്റ്റ് ലിഫ്റ്റിംഗ് മുതലായവ

വ്യായാമങ്ങൾ രാവിലെ ചെയ്യുന്നതാണ് സാധാരണഗതിയിൽ ഉത്തമം.

അല്ലാത്ത പക്ഷം വൈകുന്നേരവും വെയിൽ ആറിയശേഷം ചെയ്യാവുന്നതാണ്.

അരമണിക്കൂർ മുതല്‍ ഒന്നര മണിക്കൂർ വരെ എയ്രൊബിക് ആയിട്ടുള്ളവ ശരീരാവസ്ഥയ്ക്ക് 
അനുസരിച്ച് ദിവസേന ശീലിക്കാവുന്നതാണ്.

എല്ലാവർക്കും പരിശീലിക്കാവുന്നതും വലിയ സജ്ജീകരണങ്ങളുടെ ആവശ്യമില്ലാത്തതും

ശാസ്ത്രീയവും ആയുർവേദ സിദ്ധാന്തങ്ങളോട് ചേർന്ന്‌ നിൽക്കുന്നതുമായ യോഗ എന്ന 
ശാസ്ത്രത്തിൽ യോഗാസനത്തില്‍ സ്ട്റെചിങ്ങ് കൂടി ഉള്‍പ്പെട്ടിരിക്കുന്നു.

ശരീരത്തിൽ ഉള്ള ഊർജ്ജം നിലനിർത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും യോഗ സഹായിക്കുന്നു.

വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള വളരെ ആയാസപ്പെട്ടുകൊണ്ടുള്ള വ്യായാമങ്ങള്‍ ആരോഗ്യപരമായി 
താരതമ്യേന അത്ര നന്നല്ല എങ്കിൽ പോലും കായികപരമായ താല്പര്യങ്ങള്‍ക്കും നേട്ടങ്ങൾക്കും വേണ്ടി 
ഒരു ഇൻസ്ട്രക്ടറുടെ സാന്നിധ്യത്തില്‍ പരിശീലിക്കേണ്ടതാണ്.

ഇത്തരത്തിൽ ഉള്ള വ്യായാമങ്ങൾ നമ്മുടെ ആന്തരിക അവയവങ്ങളുടേയോ  ഗ്രന്ധികളുടെ 
പ്രവർത്തനങ്ങളേയോ കൃത്യമായി സ്വധീനിക്കാത്തതിനാല്‍ ഇത്തരം വ്യായാമങ്ങള്‍ ശീലിക്കുന്നവർ 
പൂർണ്ണ ആരോഗ്യത്തിനായി ഇതിനോടൊപ്പം  തന്നെ യോഗയോ അതുപോലുള്ള പൂ൪ണ്ണ 
ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മറ്റ് വ്യായാമങ്ങളോ ചെയ്യേണ്ടതാണ്.

വ്യായാമത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • പ്രായം         
  • ലിംഗം
  • തൊഴില്‍
  • ആരോഗ്യ നിലവാരം
  • ചുറ്റുപാടുകൾ
  • രോഗാവസ്ഥ

വ്യായാമങ്ങൾ ചെയ്യരുതാത്തവ൪

  • വാതാപിത്തജങ്ങളായ രോഗങ്ങൾ ഉള്ളവർ
  • ബാലൻ
  • വൃദ്ധന്‍
  • ദഹനസംബന്ധമായ അസുഖങ്ങൾ ഉള്ളവർ

വേണ്ട വിധത്തിൽ മിതമായിട്ട് വ്യായാമത്തെ ഉപയോഗിക്കുന്നവർക്ക് അത് ശരീരത്തിന് 
ബലകാരകവും രോഗ നാശകവുമാണ്.

ഓരോരുത്തരും അവനവനു യോജിച്ച തരത്തിലുള്ള വ്യായാമമുറകള്‍ തിരഞ്ഞെടുക്കുന്നതിനായി 
ഒരു ഡോക്ടറുടേയോ അതാത് ഇന്‍സ്ട്രക്‌ട൪മാരുടേയോ സഹായം തേടേണ്ടതാണ്.എന്തെന്നാൽ 
ഏതൊരു വ്യായാമവും ശരിയായ രീതിയിൽ അല്ല ചെയ്യുന്നത് എന്നുണ്ടെങ്കിൽ 
അത് ശരീരത്തിൽ വിപരീത ഫലം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

ബലമുള്ളവരും സ്നിഗ്ധമായ ആഹാരത്തെ ശീലിക്കുന്നവരും ഹേമന്തം, ശിശിരം, വസന്തം മുതലായ ഋതുക്കളില്‍ 
തങ്ങൾക്കുള്ളതില്‍ പകുതി ശക്തി ഉപയോഗിച്ച് അനുഷ്ഠിക്കാവുന്നതാണ്. മറ്റ്‌ ഋതുക്കളില്‍, അതായത് 
ഗ്രീഷ്മ,വർഷ,ശരത് മുതലായ ഋതു കാലങ്ങളിൽ ഏതൊരു വ്യായാമവും അല്പമായിട്ട് മാത്രമേ ചെയ്യാവൂ.

കഫോപദ്രവങ്ങളും ദഹനാനുബന്ധരോഗങ്ങളും ഇല്ലാത്തവർക്ക് ദേഹത്ത് മെഴുക്ക് പുരട്ടിയ ശേഷം വ്യായാമം ചെയ്യാം

വ്യായാമം ചെയ്ത ശേഷം ശരീരത്തിന്റെ  എല്ലാ ഭാഗവും സുഖം തോന്നുന്ന വിധത്തിൽ തിരുമ്മുകയും വേണം.

വിയർപ്പ് ആറി സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നശേഷം കുളിയ്ക്കുകയുമാവാം.

മിതമായും പതിവായുമുള്ള വ്യായാമത്താലുണ്ടാകുന്ന ഗുണങ്ങള്‍

  • രോഗ പ്രതിരോധ ശക്തി വ൪ദ്ധിക്കുന്നു
  • സ്വാഭാവികമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു
  • ജീവിതചര്യാ രോഗങ്ങളായ പ്രമേഹം,അമിത വണ്ണം എന്നിവയിൽ നിന്ന് രക്ഷനേടുവാന്‍ സഹായിക്കുന്നു.
  • മനസ്സിന്റെ ആരോഗ്യവും നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്നു.

അമിത വ്യായാമത്താല്‍ ഉണ്ടായേക്കാവുന്ന രോഗാവസ്ഥകള്‍

  • തണ്ണീർ ദാഹം
  • ക്ഷീണം
  • ചുമ
  • ഛർദി
  • ശ്വാസകോശസംബന്ധമായ രോഗങ്ങൾ
  • രക്ത സ്രാവ സംബന്ധ രോഗങ്ങൾ
  • തളർച്ച
  • പനി

വ്യായാമം സാഹസകർമ്മം പോലെ ചെയ്യുകയാണെങ്കിൽ ആനയെ പിടിച്ചുലയ്ക്കുന്ന 
സിംഹത്തെപോലെ നശിച്ച് പോയേക്കാമെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു.

ഇന്ന് കൃത്രിമ വ്യായാമത്തിനായുള്ള മസാജിംഗ് മെഷീനുകള്‍, മസാജിംഗ് ചെയ൪, മസാജിംഗ് ബെഡ് 
എന്നിവയും സുലഭമാണ്. ഇവയും വ്യായാമത്തിനായി തിരഞ്ഞെടുക്കുന്നത് ഫലപ്രദം തന്നെ. 
എന്നിരുന്നാലും അവ പൂർണമായ ആരോഗ്യത്തിനായി നമ്മെ സഹായിക്കുന്നില്ല  എന്നതിനാൽ 
അതോടൊപ്പം തന്നെ വ്യക്തമായ നിര്‍ദ്ദേശത്തോട്കൂടി ദിവസേന ശരീരത്തിന് ആവശ്യമായ 
മറ്റ് അഭ്യാസങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്.

ആരോഗ്യമുള്ളശരീരത്തില്‍ ആരോഗ്യ മുള്ള മനസ്സും നിലനില്‍ക്കുന്നു.

ആരോഗ്യവാന്മാ൪ ആയിരിക്കുക.സന്തുഷ്ടരായിരിക്കുക.


About author

Dr. Hemi T. H.

B.A.M.S Ayurmana Spa, Coimbatore hemi_harshan@yahoo.com


Scroll to Top