കൺകുരു

കൺപീലിയുടെ അരികിൽ കൺപോളയിലായി വേദനയോടു കൂടിയോ അല്ലാതെയോ ഉണ്ടാകുന്ന തടിപ്പുകളാണ് കൺകുരു.  ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. കൺപോളയിലെ ഗ്രന്ഥിയിൽ സ്റ്റാഫിലോകോക്കസ് ബാക്ടീരിയ ഉണ്ടാക്കുന്ന അണുബാധയാണ് ഇതിനു പ്രധാന കാരണം. ആയുർവേദത്തിൽ ഇതിനെ ഒരു കഫരക്ത പ്രധാനമായ വർത്മ രോഗമായിട്ടാണ് പറയുന്നത്. കൺപോളയുടെ അകത്തോ പുറത്തോ ആയിട്ട് കൺകുരു പ്രത്യക്ഷപ്പെടാം. ചിലപ്പോൾ രണ്ടു കണ്ണിലും  ബാധിക്കാം.

ലക്ഷണങ്ങൾ

തുടക്കത്തിൽ വേദനയോടുകൂടിയതോ അല്ലാതെയോ ഉള്ള കുരുക്കൾ  ഉണ്ടാകാം. ചുമപ്പ് ,പൊടി കിടക്കുന്നത് പോലെ തോന്നൽ, വെളിച്ചത്തിൽ നോക്കാൻ ബുദ്ധിമുട്ട്, അധികമായി കണ്ണുനീർ ഉണ്ടാവുക, ചൊറിച്ചിൽ ഇവയാണ് മറ്റു ലക്ഷണങ്ങൾ.   

സാധാരണ ഇത് വളരെ എളുപ്പത്തിൽ സുഖപ്പെടുത്താൻ സാധിക്കും എന്നാൽ  കുരു തുടർന്നു നിൽക്കുകയും തുടർച്ചയായി ഉണ്ടാവുകയും, പഴുപ്പും രക്തവും ഒലിക്കുകയും, കാഴ്ചയ്ക്ക് പ്രശ്നം ആവുകയും, ചുമപ്പ് മുഖത്തേക്ക് വ്യാപിക്കുകയും കണ്ണിൻ്റെ   വെള്ളയിലേക്ക് വ്യാപിക്കുകയും, വീക്കം മൂലം കൺപോള തുറക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.

കാരണങ്ങൾ

കൺകുരുവിന് പ്രധാന കാരണം കണ്ണിൽ ഉണ്ടാകുന്ന അണുബാധയാണ്.

 • കണ്ണിനുണ്ടാകുന്ന ആയാസം:- തുടർച്ചയായ മൊബൈൽ, കംപ്യൂട്ടർ, ഉപയോഗത്തിലൂടെയും, ഒരുപാട് ദൂരം ഡ്രൈവ് ചെയ്യുന്നതിലൂടെയും കണ്ണിന് ആയാസം ഉണ്ടാകാറുണ്ട്.
 • അണുബാധമൂലം:- അണുബാധമൂലം കണ്ണിലെ ഗ്രന്ഥികളുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാകുന്നു. ഇതുമൂലം ഗ്രന്ഥികൾക്ക് തടിപ്പും വീക്കവും ഉണ്ടാകുന്നു. 
 • കണ്ണട ഉപയോഗിക്കുന്നവർ അത് ഉപയോഗിക്കാതിരുന്നാലും, തലയിലെ താരൻ മൂലവും, പ്രമേഹം നിയന്ത്രിക്കാത്തതു കൊണ്ടും, ചില  ത്വക്ക് രോഗങ്ങൾ, ഉയർന്ന സിറം  ലിപ്പിഡ് (കൊളെസ്ട്രോൾ അളവ്) ഇവ മൂലവും കൺകുരു ഉണ്ടാകാം.
 • ഉറക്കമില്ലായ്മ, നിർജ്ജലീകരണം, പോഷകക്കുറവ്, ശുചിത്വമില്ലായ്മ മൂലവും കൺകുരു ഉണ്ടാകും. പഴകിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗവും അവ വൃത്തിയായി കഴുകിക്കളയാത്തതും എല്ലാം കൺകുരുവിന് കാരണമാകാം.
 •  കോൺടാക്ട് ലെൻസുകൾ വൃത്തിയില്ലാതെ ഉപയോഗിക്കൽ, മാനസികസമ്മർദ്ദം, മറ്റ് കണ്ണിലെ അസുഖങ്ങൾക്ക് അനുബന്ധമായും കൺകുരു ഉണ്ടാകാം.

പൊടിക്കൈകൾ

 • കൈകൾ തമ്മിൽ ഉരസി മൃദുവായ ചൂട് വയ്ക്കുക.
 • മല്ലി ഇട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ചൂടാറുമ്പോൾ കണ്ണു കഴുകുക ദിവസം രണ്ടോ മൂന്നോ തവണ ചെയ്യുക.
 • ഒരു ടീ ബാഗ് അല്പം ചൂടു വെള്ളത്തിൽ ഒരു മിനിട്ട് നേരം മുക്കിവയ്ക്കുക, ഈ ബാഗ് കണ്ണിൽ കുരു ഉള്ള ഭാഗത്ത് വയ്ക്കുക.
 • അഞ്ചോ ആറോ പേരയില ഇട്ടു അഞ്ച് മിനിറ്റെങ്കിലും വെള്ളം തിളപ്പിക്കുക,ചൂടാറുമ്പോൾ ഒരു മൃദുവായ തുണി ഈ വെള്ളത്തിൽ മുക്കി അതിനുശേഷം കുരുവിൻ്റെ  ഭാഗത്ത് 15 മിനിറ്റ് വയ്ക്കുക.
 • ഗ്രാമ്പു നന്നായി കുഴമ്പു പോലെ അരച്ചെടുക്കുക. ഇത് കൺപോളയുടെ ഒരു മൂലയിൽ നിന്ന് അടുത്ത മൂലയിലേക്ക് തേച്ചുപിടിപ്പിക്കുക, ഇത് കുറച്ചു മണിക്കൂറുകൾ വയ്ക്കുക. ഗ്രാമ്പു എണ്ണയും ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണിൽ പോകാതെ സൂക്ഷിക്കണം. കണ്ണിൽ നീറ്റൽ അനുഭവപ്പെടാം. ദിവസം രണ്ട് പ്രാവശ്യം ചെയ്യുക. 
 • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചുരണ്ടി എടുക്കുക, ഇത് ഒരു തുണിയിൽ പൊതിഞ്ഞ ശേഷം കുരു ഉള്ള ഭാഗത്ത് 15 മിനിട്ട് വയ്ക്കുക.
 • അല്പം ശുദ്ധജലത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് യോജിപ്പിച്ചശേഷം ഈ വെള്ളം ഉപയോഗിച്ച് കണ്ണുകഴുകാം, കണ്ണിനുള്ളിൽ പോകാതെ ശ്രദ്ധിക്കണം. 
 • ചെറിയ ചൂടുവെള്ളത്തിൽ അൽപം ഉപ്പുചേർത്ത് മൃദുവായ ഒരു തുണി മുക്കിപ്പിഴിഞ്ഞ് ചൂട് പോകുന്നതുവരെ കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഏകദേശം 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുക. 
 • കറ്റാർവാഴയുടെ നീര് കണ്ണിനു ചുറ്റും പുരട്ടി കുറച്ചു മിനിട്ടുകൾ വയ്ക്കുക. അതിനുശേഷം വെള്ളമൊഴിച്ച് കഴുകി കളയുക.

ചികിത്സ 

കഫരക്ത പ്രധാനമായ രോഗമായതിനാൽ കഫഹര രക്തപ്രസാദനമായ (കഫത്തെ കുറയ്ക്കുന്നതും രക്തത്തെ ശുദ്ധമാക്കുന്നതും) ചികിത്സ വേണം ചെയ്യാൻ.

 • മൃദുവായ ചൂട് പിടിക്കുക, ത്രിഫല കഷായം വെച്ച് അതിൻ്റെ  തെളിയെടുത്ത് കണ്ണു കഴുകാൻ ഉപയോഗിക്കുന്നതും, ത്രിഫലചൂർണ്ണം ഉള്ളിൽ കഴിക്കുന്നതും നീരും വേദനയും കുറയ്ക്കും.
 • തഴുതാമയുടെ വേര് അരച്ച് തേനിൽ ചാലിച്ച് പുരട്ടുക.
 • ഇരട്ടിമധുരം തേനിൽ ചാലിച്ച് പുരട്ടുക.
 • കണ്ണ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
 • പഴുപ്പ് ഉണ്ടെങ്കിലോ, സ്രവങ്ങൾ ഉണ്ടെങ്കിലോ, വേദന അധികമാണെങ്കിലോ ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഭേദമാകതിരിക്കുകയാണെങ്കിൽ മാത്രം ചെറിയ മുറിവുണ്ടാക്കി ഉള്ളിലെ ദ്രവം ഒഴുക്കി കളയണം . ഇത് സ്വയം ചെയ്യുന്നത് അപകടകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 • അണുബാധ ഉണ്ടാകാതെ നോക്കുകയാണ് പ്രധാനം. അതിനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക, അണുനാശിനികൾ അത്യാവശ്യമെങ്കിൽ ഉപയോഗിക്കാം, കൈ കൊണ്ട് ഇടയ്ക്കിടെ തൊടുകയോ ഞെക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് അണുബാധ വ്യാപിക്കാൻ ഇടയാക്കും.
 • കാലാവധി കഴിഞ്ഞതും, പഴയതുമായ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കരുത്. ഇത് മറ്റുള്ളവരുമായി പങ്കു വയ്ക്കാതെ ഇരിക്കുക. രാത്രിയിൽ ഉടനീളം കണ്ണുകളിൽ മേക്കപ്പ് ഉപയോഗിക്കുന്നതും ഒഴിവാക്കുക. മേക്കപ്പ് ഉപയോഗിക്കുന്നവർ കഴിവതും അത് രാത്രി വൃത്തിയായി കഴുകി കളഞ്ഞതിനുശേഷം ഉറങ്ങാൻ ശ്രദ്ധിക്കുക.
 • സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്രഷ് മുതലായവ ഇടയ്ക്കിടെ കഴുകിവൃത്തിയാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
 • കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവർ അത് ഇടുമ്പോഴും ഊരുമ്പോഴും കൈകൾ വൃത്തിയായി കഴുകുക, ലെൻസ് ലായനിയിലിട്ട് അണുനശീകരണം നടത്തിയതിനു ശേഷം മാത്രം ഉപയോഗിക്കുക, നിർദ്ദിഷ്ട സമയത്തേക്ക് മാത്രം ലെൻസ് ഉപയോഗിക്കുക.

ശീലിക്കേണ്ടവയും ഒഴിവാക്കേണ്ടവയും 

 • ചുവന്ന തവിടുള്ള അരി, ചെറുപയർ, ഗോതമ്പ്, നെല്ലിക്ക, മഞ്ഞൾ, നെയ്യ് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
 • ത്രിഫല ഉപയോഗിച്ച്  ക്ഷാളനംചെയ്യാവുന്നതാണ്.
 • തണുത്ത വെള്ളത്തിൽ കുളിക്കുക, തലയിലും പാദത്തിലും എണ്ണ തേക്കുക എന്നിവ ചെയ്യാവുന്നതാണ്.
 • അഞ്ജനങ്ങൾ ഉപയോഗിക്കാം ഇത് കണ്ണിനെ പൊടിയിൽ നിന്നും വിഷാംശങ്ങളിൽ  നിന്നും അമിത സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കും.
 • പകൽ സമയത്ത് ഉറങ്ങാതിരിക്കുക, പ്രകാശം കുറഞ്ഞ സ്ഥലത്തിരുന്ന് വായിക്കുന്നതും ജോലി ചെയ്യുന്നതും  ഒഴിവാക്കുക.
About author

Dr. Bindhya. C. Varghese

B.A.M.S, MS (Ay)- Salakya Director & Consultant Physician, Sreechithra Ayurvedic Hospital & Wellness Centre, Kollam dr.bindhyacvarghese@gmail.com


Scroll to Top