പഴകുന്നതെല്ലാം പാഴല്ല!

ഇന്ന് നമ്മൾ വിപണിയിൽ നിന്ന് എന്ത് തന്നെ വാങ്ങിയാലും, അത് ആഹാരമാകട്ടെ ഔഷധമാകട്ടെ ആദ്യം നമ്മുടെ കണ്ണെത്തുക അത് ഉണ്ടാക്കിയ തീയതിയിലും കാലഹരണപ്പെടുന്ന തീയതിയിലുമാണ്. കാലാവധി തീരാന്‍ ഇനിയും ദിവസങ്ങളും ആഴ്ചകളും ശേഷിക്കുന്നുണ്ടെങ്കിലും നമുക്കൊരു വല്ലായ്മയാണ്. വേണ്ട… പഴകിയത് വേണ്ട… കേടുവന്നാലോ... പാഴാകില്ലേ..? ഈ ചിന്താഗതി അറിഞ്ഞോ അറിയാതെയോ കാലക്രമേണ നമ്മിൽ രൂഢമൂലമായതാണ്. 

എന്നാൽ പഴകുന്തോറും ഗുണം വർദ്ധിക്കുന്ന ചില ദ്രവ്യങ്ങളുണ്ട്. നെയ്യ്, തേൻ, അരി, മദ്യം, ശര്‍ക്കര,  അരിഷ്ടാസവങ്ങൾ, രസൗഷധങ്ങള്‍ എന്നിവ അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നവയാണ്. ഒരു വസ്തുവിന്‍റെ പഴക്കം നിശ്ചയിക്കുന്നത് കാലമാണ്. അതുതന്നെയാണല്ലോ കാലപ്പഴക്കം എന്ന പ്രയോഗത്തിന്‍റെ പ്രസക്തിയും. ശരിയായ രീതിയിലുള്ള  സംഭരണവും സംരക്ഷണ മാർഗ്ഗങ്ങളും  ദ്രവ്യങ്ങളെ കൂടുതൽ കാലം കേടുകൂടാതെ നിലനിർത്തുന്നു.

നെയ്യ്

ആയുർവേദശാസ്ത്രത്തി‍ല്‍‍ ജനനം മുതൽക്കു തന്നെ ഒരുവന് നെയ്യ് നൽകേണ്ടതിന്‍റെ പ്രാധാന്യം വിവരിച്ചിരിക്കുന്നു. എല്ലാ സ്നേഹങ്ങളിലും വച്ച് ഉത്തമമായ നെയ്യ് രണ്ട് വിധമാണ്, ഒന്ന് നവം മറ്റേത് പുരാണം . പുതുതായി ഉണ്ടാക്കിയെടുത്ത നെയ്യ് നവം. അത് മധുര രസവും മധുര വിപാകവും വാതപിത്ത ശമനവുമാണ്. എന്നാൽ പുരാണഘൃതം (പഴകിയ നെയ്യ്) കടു-തിക്ത രസവും കടു വിപാകവും ത്രിദോഷശമനവുമാണ്. അതു കൊണ്ട് തന്നെ പഴകിയ നെയ്യ് ഗുണത്തിൽ മികച്ചതായി കണക്കാക്കപ്പെടുന്നു. പഴകിയ നെയ്യിന്‍റെ ഗന്ധം ശ്വസിക്കുന്നത് പോലും രോഗഹരമാകുമെന്നാണ് ആചാര്യമതം.

ഭാവപ്രകാശകാരന്‍റെ അഭിപ്രായമനുസരിച്ചു വായു കടക്കാത്ത പാത്രത്തിൽ ഒരു വർഷം അടച്ചു സൂക്ഷിച്ച നെയ്യാണ് പുരാണഘൃതം. എന്നാൽ ചരകാചാര്യൻ പറയുന്നത് പത്തു വർഷം പഴക്കമുള്ളതിനെ പുരാണഘൃതമായി കണക്കാക്കണം എന്നാണ്. കൂടാതെ ഇത് നേത്ര രോഗങ്ങളിലും ഉന്മാദ ചികിത്സയിലും ഉത്തമമാണ്. പഴകുന്തോറും നെയ്യിന്‍റെ വീര്യവും രോഗഹരണശക്‌തിയും വർദ്ധിക്കുന്ന. നൂറ് വർഷം പഴക്കമുള്ള നെയ്യ് ‘കുംഭസര്‍പ്പിസ്’ എന്നറിയപ്പെടുന്നു ഇത് സർവ്വരോഗഹരമാണ്. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള നെയ്യാണ് ‘മഹാഘൃതം’. വിധി പ്രകാരമുള്ള ഉപയോഗം അതിന്‍റെ ഗുണം ആയിരം മടങ്ങു വർദ്ധിപ്പിക്കും.

ആധുനിക ഗവേഷണ പഠനങ്ങൾ പറയുന്നത് കാലപ്പഴക്കം നെയ്യിന്‍റെ ഭൗതിക-രാസഘടനയിൽ മാറ്റം വരുത്തുന്നുവെന്നും അതുവഴി അതിന്‍റെ ഔഷധഗുണം വർദ്ധിക്കുന്നു എന്നുമാണ്. ഇതിന്‍റെ ഉപയോഗം കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളിൽ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

തേൻ

നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ തേൻ ആന്തരികമായും ബാഹ്യമായും ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്‍. ആയുർദ ഗ്രന്ഥങ്ങളിൽ മധു, ക്ഷൗദ്രം എന്നീ പേരുകളിൽ പ്രതിപാദിച്ചിരിക്കുന്ന തേനിന്‍റെ ഔഷധഗുണങ്ങൾ അനിർവ്വചനീയമാണ്. ചരകാചാര്യന്‍റെ അഭിപ്രായപ്രകാരം  മാക്ഷികം, ഭ്രമരം, ക്ഷൗദ്രം  പൈത്തികം എന്നിങ്ങനെ തേൻ നാല് വിധം. എട്ടു വിധം തേനുകളെക്കുറിച്ച് സുശ്രുതസംഹിതയിൽ പ്രതിപാദിച്ചിരിക്കുന്നു. മറ്റൊരു വർഗ്ഗീകരണം കാലപ്പഴക്കത്തിന്‍റെ അടിസ്ഥാനത്തിലാണ്. പുതുതായി ശേഖരിക്കപ്പെട്ട തേൻ നവീന മധു എന്നറിയപ്പെടുന്നു. ഇത് ശരീരപുഷ്ടിയും മലശോധനയും ഉണ്ടാക്കുന്നു. ശേഖരിച്ച് ഒരു വർഷം  പഴക്കമുള്ള തേനാണ് പുരാണ മധു. ഇത് രൂക്ഷവും മേദസ്സിനെ കുറയ്ക്കുന്നതും മലത്തെ സ്തംഭിപ്പിക്കുന്നതുമാണ്. മധുര-കഷായ രസവും രൂക്ഷ, ഗുരു ഗുണവും ശീതവീര്യവുമുള്ള തേൻ മധുര ഗണത്തിൽ ഉൾപ്പെടുന്നുവെങ്കിലും കഫദോഷത്തെ വർദ്ധിപ്പിക്കുന്നില്ല എന്ന് അഷ്ടാംഗഹൃദയം പറയുന്നു. തേൻ കഴിച്ചാൽ വണ്ണം കുറയുമെന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാൽ കഴിക്കുന്നത് പുതിയ തേൻ ആണെങ്കിലോ..മറിച്ചാകും ഫലം. കണ്ണുകളുടെ ആരോഗ്യത്തിനും ദാഹശമനത്തിനും എക്കിൾ മാറാനും വിഷഹരമായും ഉപയോഗിക്കാവുന്ന തേൻ ചുമ, വയറിളക്കം ഛർദ്ദി, വ്രണം,  പ്രമേഹം, ത്വക് രോഗങ്ങൾ, കൃമിജന്യരോഗങ്ങൾ എന്നിവയിലും ഒരു മികച്ച  ഔഷധമാണ്.

അരി

മലയാളിയുടെ പ്രധാനഭക്ഷണമാണ് ചോറ്. ചെന്നെല്ലരി കൊണ്ടുള്ള കഞ്ഞിയുടെയും പലഹാരങ്ങളുടെയും സ്ഥാനം ഇന്ന് മറ്റു പല പാശ്ചാത്യ വിഭവങ്ങള്‍ കയ്യേറിയെങ്കിലും ചോറിനെ മറക്കാന്‍  നമ്മള്‍ ഒരുക്കമല്ല. കതിരുള്ള ധാന്യങ്ങളില്‍ ചെന്നെല്ല് ശ്രേഷ്ഠമാണെന്ന് വാഗ്ഭടമതം. അരി രണ്ടു തരത്തിലുണ്ട് - പച്ചരിയും പുഴുക്കലരിയും. നെല്ല് പുഴുങ്ങാതെ തവിട് കളഞ്ഞെടുക്കുന്നത് പച്ചരി. നെല്ല് പുഴുങ്ങി ഉണക്കി തവിട് കളഞ്ഞെടുക്കുന്നതാണ് പുഴുക്കലരി. പഴകിയ അരിയാണ് പുരാണശാലി. ഇതിന്‍റെ രസം മധുരവും അനുരസം കഷായവും  ഗുണം ലഘു-സ്നിഗ്ധവും ശീതവീര്യവും മധുരവിപാകവും ത്രിദോഷശമനവുമാണ്. പഴകിയ അരി ഒരു വട്ടം പുഴുങ്ങി ഉണക്കിയതിനാലും കാലപ്പഴക്കത്താലും കഫത്തെ വര്‍ദ്ധിപ്പിക്കുന്നില്ല. ആറുമാസം തികയാത്ത  ധാന്യം കഫത്തെ സ്രവിപ്പിക്കുന്നതും ഒരു വര്‍ഷം കഴിഞ്ഞ ധാന്യം കഫഹരവുമാണ്. ആമവാതം, ശ്വാസരോഗം, ത്വക് രോഗങ്ങൾ, അമിതവണ്ണം ഇവയിലെല്ലാം തന്നെ പഴകിയ അരിയുടെ ഉപയോഗം പത്ഥ്യമാകുന്നു. 

ശര്‍ക്കര

കരിമ്പില്‍ നിന്നെടുക്കുന്ന ശര്‍ക്കര പഴകുമ്പോള്‍ ഹൃദ്യവും ശരീരത്തിന് ഹിതവുമാണ്. എന്നാല്‍ പുതിയ ശര്‍ക്കര കഫത്തെയും അഗ്നിമാന്ദ്യത്തെയും ഉണ്ടാക്കുന്നു.

മദ്യം

വിധിപ്രകാരം നിർമ്മിക്കപ്പെട്ട മദ്യത്തിലും ഈ പ്രത്യേകത ദർശിക്കാവുന്നതാണ്. പുതിയ മദ്യം ഗുരുത്വമുള്ളതും ത്രിദോഷവർദ്ധകവുമാണ്. എന്നാൽ പത്തു ദിവസം പഴക്കമുള്ള മദ്യമാകട്ടെ ലഘുവും ദോഷഹരവുമാണ്. 

പഴക്കം ഗുണമേറ്റുന്നത് ചുരുക്കം ചില ആഹാര സാധനങ്ങള്‍ക്ക് മാത്രമാണ്. പഴകാതെ ഉപയോഗിക്കേണ്ടവ പഴകാതെതന്നെ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. കാരണം പഴകിയ ആഹാരത്തിന്‍റെ ഉപയോഗം ദഹനക്കേട് മുതല്‍ മാനസികരോഗങ്ങള്‍  വരെ ഉണ്ടാകാന്‍  കാരണമായേക്കാം

ഔഷധങ്ങ

ഔഷധങ്ങളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ അരിഷ്ടാസവങ്ങളും രസൗഷധങ്ങളും അനന്തമായ സവീര്യതാവധി (ഷെൽഫ് ലൈഫ്) പ്രകടിപ്പിക്കുന്നവയാണ്. ഇവയ്ക്കും കാലക്രമേണ ഗുണം കൂടുന്നതായി കാണുന്നു. പുളിപ്പിക്കൽ പ്രക്രിയ അഥവാ കിണ്വനം ആണ് അരിഷ്ടാസവങ്ങൾക്ക് ഈ പ്രത്യേകത നൽകുന്നത്. 

പ്രത്യേകം ഓര്‍ക്കേണ്ടത്, തയ്യാറാക്കിയതിനു ശേഷം അന്തരീക്ഷവുമായി സമ്പര്‍ക്കം വരാതെ ഭദ്രമായി അടച്ചുപൊതിഞ്ഞു വച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ ഔഷധങ്ങള്‍ക്ക് അനന്തമായ സവീര്യതാവധി ഉള്ളത് എന്നാണ്. സീല്‍ പൊട്ടിച്ചു അല്പം ഉപയോഗിച്ചതിന് ശേഷം  'കേടുവരില്ലല്ലോ' എന്ന് കരുതി വര്‍ഷങ്ങള്‍ സൂക്ഷികാം എന്ന് കരുതുന്നവര്‍ അപകടം ക്ഷണിച്ചുവരുത്തും.

പഴകുംതോറും മൂല്യം കൂടുന്നവയാണ് പുരാവസ്തുക്കള്‍. അങ്ങനെ മൂല്യം കൂടുന്നവ ആഹാര ദ്രവ്യങ്ങളുടെ കൂട്ടത്തിലും ഉണ്ടെന്നു പറഞ്ഞു കണ്ണ്തുറപ്പിക്കാന്‍ ആയുര്‍വേദ ശാസ്ത്രത്തിനു മാത്രമേ കഴിയൂ. അറിഞ്ഞു കഴിക്കുക... പകര്‍ന്നു  കൊടുക്കുക... നിറഞ്ഞു ചിരിക്കുക… നിരോഗിയായി ഭവിക്കുക.



About author

Dr. Muhsina Muhammed

BAMS, M. D. (Ay)- Basic principles of Ayurveda drmusinashinas2018@gmail.com


Scroll to Top