രോഗപ്രതിരോധവും കര്‍ക്കിടവും

കൊറോണ വൈറസ് വ്യാപനത്തോടൊപ്പം രോഗപ്രതിരോധ ശേഷിയെ പറ്റിയുള്ള നമ്മുടെ ആശങ്കകളും സംശയങ്ങളും നാൾ‍ക്ക് നാൾ‍ വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ‍ പ്രായമായവരിലും കുട്ടികളിലും ഉള്ള രോഗ പ്രതിരോധ ശേഷിക്കുറവ് ചിലപ്പോൾ‍ നിങ്ങളുടെ മനസ്സിനെ ആകുലപ്പെടുത്തുന്നുണ്ടാവും. അതേസമയം രോഗ പ്രതിരോധ ശേഷി കൂട്ടാനുള്ള ആയുര്‍വേദത്തിൻ്റെ കഴിവിനെ പറ്റിയുള്ള നിങ്ങളുടെ തെറ്റായ അറിവിനെ ചില കപട കച്ചവട കണ്ണുകൾ‍ ദുഷ്ട ലാക്കോടെ വീക്ഷിക്കുന്നുമുണ്ടാകാം. 

നമ്മൾ മനസ്സിലാക്കേണ്ടത് രോഗ പ്രതിരോധ ശക്തി മനുഷ്യനിൽ ഉത്ഭവിക്കുന്നത് പ്രധാനമായും രണ്ടു തരത്തിൽ‍ ആണ്. ജനിക്കുമ്പോൾ തന്നെ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന രോഗ പ്രതിരോധ ശേഷി പല ഭൂപ്രദേശങ്ങളെയും  മനുഷ്യ വർ‍ഗങ്ങളെയും അവരുടെ ജനിതക ഘടനയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. രണ്ടാമത്തേത് ആർ‍ജിച്ചെടുത്ത രോഗ പ്രതിരോധമാണ്. ശൈശവം മുതൽ നാം പിന്തുടർ‍ന്നു പോന്ന ശീലങ്ങൾ‍ നമ്മുടെ ശരീരത്തിന് നൽ‍കിയിട്ടുള്ള രോഗപ്രതിരോധ ശേഷി അതില്‍ പെടുന്നത് ആണ്. ശീലങ്ങൾ‍  കൂടാതെ ഒരിക്കൽ‍ നമ്മിലേക്ക് എത്തിയ രോഗാണുവിനോട് ശരീരം പ്രതിപ്രവർത്തിച്ചു നമ്മിൽ‍ ആ രോഗത്തോട് മാത്രം ഉണ്ടാക്കിയെടുത്ത പ്രതിരോധം വരെ  ഈ വിധത്തിൽ  തന്നെ ഉള്ളതായും കണക്കാക്കാം. ഉദാഹരണം ചിക്കൻ‍ പോക്‌സ് എന്ന രോഗത്തിൻ്റെ വൈറസിനോട് മാത്രം ഉള്ള ശരീരത്തിൻ്റെ പ്രതിരോധം 

എന്നാൽ ശരീരത്തിനു സ്വാഭാവികമായി ഉണ്ടായിരുന്ന പ്രതിരോധ ശേഷി പല കാരണങ്ങൾ കൊണ്ട് കുറഞ്ഞു പോകാവുന്നതാണ്. 

  • ശരീരത്തിൻ്റെ സ്വാഭാവിക പ്രവർ‍ത്തനങ്ങളെ വികൃതമാക്കുന്ന ശീലങ്ങൾ‍ 
  • തെറ്റായതും വിഷലിപ്തവുമായ ഭക്ഷണ ശീലങ്ങൾ‍ 
  • വ്യയമാക്കുറവ്
  • അധ്വാനത്തിനു (ജോലി) അനുസൃതമല്ലാത്ത ദിനചര്യകൾ‍
  • ഉറക്കക്കുറവ് 
  • കാലാവസ്ഥക്ക് അനുസൃതമല്ലാത്ത ഭക്ഷണവും ജീവിത രീതികളും 
  • പ്രായത്തിനു (ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം) അനുസൃതമായി പാലിക്കേണ്ടിയിരുന്ന ശീങ്ങളിലെ വ്യതിയാനം
  • കാലാവസ്ഥയിൽ‍ ഉണ്ടാകുന്ന അനിയന്ത്രിതമായ മാറ്റങ്ങൾ‍
  • അമിതമോ തെറ്റായതോ ആയ രാസ പദാർ‍ത്ഥങ്ങളുടെയോ, മരുന്നുകളുടെയോ ഉപയോഗം
  • ജീവിത ശൈലി രോഗങ്ങൾ‍, ഹോർമോൺ‍ രോഗങ്ങൾ‍, പുകവലി തുടങ്ങിയ ശീലങ്ങൾ‍ 
  • പ്രായവുമായി ബന്ധപെട്ടു ചില ഗ്രന്ഥികൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ 

തുടങ്ങി അനേകം കാരണങ്ങളാൽ‍ സ്വാഭാവിക രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടു പോകാവുന്നതാണ്. 

തെറ്റായ ഭക്ഷണക്രമവും  ജീവിത രീതികളും ശരീരത്തിൻ്റെ ദൈനംദിന പ്രവർ‍ത്തനങ്ങളിൽ‍ ഉണ്ടാകുന്ന സൂക്ഷ്മ മാലിന്യങ്ങളെ വർധിപ്പിക്കുകയും അവയുടെ സ്വാഭാവികമായ പുറന്തള്ളലിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം വർ‍ഷം, വെയിൽ‍ തുടങ്ങി കാലാവസ്ഥയിൽ‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരത്തിലെ ഉപാപചയ പ്രവർ‍ത്തനങ്ങളിൽ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ‍ ആ മാറ്റങ്ങൾക്ക് അനുസൃതമായി ചര്യകളിൽ (ദിനചര്യ, ഋതുചര്യ) മാറ്റം വരുത്താതിരുന്നാൽ ‍ഇവ ശരീരത്തിലെ സൂക്ഷ്മ മാലിന്യങ്ങളുടെ പുറന്തള്ളലിനെ തടസപ്പെടുത്തി ശരീരത്തെ കൂടുതൽ മലീമസം ആക്കുകയും ചെയ്യുന്നു. തദ്വാരാ ശരീരത്തിനെ ഉപാപചയ ശേഷിയിലും സൂക്ഷ്മ  വിസർ‍ജന ശേഷിയിലും ഗണ്യമായ കുറവ് ഉണ്ടാകുന്നു. ഇതു കാലാന്തരത്തിൽ‍ രോഗപ്രതിരോധത്തിനുള്ള ശരീരത്തിൻ്റെ ശേഷിയെ കുറച്ചു കളയുന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ടുപോയ രോഗപ്രതിരോധ ശക്തിയെ വീണ്ടെടുക്കാൻ‍ ആയുർ‍വേദത്തിനു പ്രത്യേകമായ ചികിത്സ പദ്ധതി തന്നെ ഉണ്ട്. ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിയും സാഹചര്യങ്ങൾ‍ ശീലങ്ങളും പ്രായവും വ്യത്യസ്തമായത് കൊണ്ട് തന്നെ ആയുർവേദ ചികിത്സയും ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. പൊതുവിൽ‍ എല്ലാവർ‍ക്കും ഉപയോഗിക്കാവുന്ന ചില രോഗ പ്രതിരോധ ശേഷി വർദ്ധക ഔഷധങ്ങൾ ഉണ്ടെങ്കിലും അവ എല്ലാവർ‍ക്കും നൂറ് ശതമാനം ഗുണകരം എന്ന് പറയുക അസാധ്യം തന്നെയാണ്.  അതിനാൽ‍ തന്നെ പരസ്യങ്ങൾ‍ പറയുന്ന ആയുർ‍വേദ മരുന്നുകളെക്കാൾ‍ വിദഗ്ദ്ധനായ ഒരു ആയുര്‍വേദ ഡോക്ടർ‍ നിങ്ങളെ പരിശോധിച്ച ശേഷം തീരുമാനിക്കേണ്ടതാണ് നിങ്ങളുടെ പ്രതിരോധ മരുന്നുകളും ചികിത്സകളും. 

ഇതിനു വൈറ്റമിൻ‍ ഗുളികയും ച്യവനപ്രശവും ചില എം. എൽ. ‍എം. കമ്പനികളുടെ രോഗ പ്രതിരോധ വർദ്ധക ഔഷധങ്ങൾ‍ പോരെ എന്നു ചോദിച്ചാൽ‍ അതിനുത്തരം ഇങ്ങനെ പറയാം. കറ പിടിച്ച ഒരു തുണിയിലോ ഒരു ചുമരിലൊ നിങ്ങൾ നിറം പൂശാൻ‍ ശ്രമിച്ചാൽ‍ എന്ത് സംഭവിക്കും. കുറച്ചു നിറം പിടിച്ചേക്കാം. എന്നാൽ കൂടുതലും പാഴാവാനും‍ മോശമവാനുമാണ് സാധ്യത. നിറം പൂശുന്നതിനു മുൻപ് തുണിയോ ചുമരോ വൃത്തിയാക്കണം. വളരെ ആഴത്തിൽ‍ തന്നെ വൃത്തിയാക്കിയാൽ‍ നിറം കൂടുതൽ‍ ഈട് നിൽ‍ക്കും. 

പഞ്ചകർമ്മവും കർ‍ക്കിടകവും

ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും  ഇപ്പോൾ‍ ഉള്ള രോഗങ്ങളിൽ നിന്നുള്ള മുക്തിയും നേടാൻ‍ ആയുർ‍വേദത്തിനു പ്രത്യേകമായി ഉള്ള  ചികിത്സ പദ്ധതിയാണ് പഞ്ചകർമ്മ ചികിത്സകൾ. കേവലം ഉഴിച്ചിൽ‍, തിരുമ്മൽ‍ എന്നിവയാണ് ഇത് എന്നാണ് പൊതു ധാരണ. 

വമനം (മരുന്ന് ഉപയോഗിച്ചുള്ള ഛർദ്ദിപ്പിക്കൽ), 

വിരേചനം (വയറിളക്കൽ‍), 

നസ്യം (മൂക്കിലൂടെ ഉള്ള ഔഷധ പ്രയോഗം), 

വസതി (മരുന്നുപയോഗിച്ചുള്ള എനിമ), 

രക്ത മോക്ഷം  (അശുദ്ധ രക്ത നിർമാർജ്ജനം)  

എന്നിവയാണ് പഞ്ചകർമ്മത്തിലെ പ്രധാന കർ‍മ്മങ്ങൾ‍. കേരളീയ പാരമ്പര്യത്തിൽ‍ കർ‍ക്കിടക ചികിത്സ ഉരുതിരിഞ്ഞതും പ്രയോഗിക്കപ്പെട്ടുവന്നതും ഈ അർത്ഥത്തിൽ‍ ഉദ്ദേശത്തിലും തന്നെയാണ്. 

ശരീര മാലിന്യങ്ങളെ പുറന്തള്ളാൻ‍ സാധിക്കുന്ന അവസ്ഥയിലേക്ക് അവ നില കൊള്ളുന്ന സൂക്ഷ്മ അവസ്ഥയിൽ‍ കോശാന്തരങ്ങളിൽ‍ നിന്നും എത്തിക്കുന്ന  തയ്യാറെടുപ്പ് ചികിത്സകൾ‍ ആണ് തിരുമ്മൽ‍, കിഴി‍, പിഴിച്ചിൽ‍ ഇത്യാദികൾ. ഇവയെ പൂർവകർമ്മങ്ങൾ എന്നാണ് ആയുർവേദത്തിൽ വ്യവഹരിക്കുന്നത്. പ്രധാന കർമ്മങ്ങൾ കൊണ്ട് മാലിന്യങ്ങളെ പുറന്തള്ളിയ ശേഷം ശരീരത്തെ പൂർണ്ണമായി ആരോഗ്യത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു ഭക്ഷണ ക്രമീകരണം, വിശ്രമം, മരുന്നുകൾ എന്നിവ അത്യവശ്യമാണ്. ഇതാണ് പശ്ചാത് കർമ്മം. ഇവയിൽ‍ വീഴ്ച സംഭവിക്കുന്നത് അത്യന്തം ഗുരുതരമായി പരിണമിക്കും. 

പഞ്ചകര്‍മ്മ ചികിത്സ മനസ്സിലാക്കാൻ ലളിതമായ ഒരു ഉദാഹരണം പറയാം. പഞ്ചകര്‍മ്മ ചികിത്സയെ നിങ്ങളുടെ തുണികൾ കഴുകുന്നതുമായി താരതമ്യപ്പെടുത്തിയാൽ

തുണികൾ‍ ഡിറ്റർ‍ജൻറ് ചേർ‍ത്തു വെള്ളത്തിൽ‍ കുറച്ചു സമയം വയ്ക്കുന്നതു തയ്യാറെടുപ്പ് ചികിത്സ അഥവാ പൂർവ്വ കർമ്മം (തിരുമ്മൽ‍, നെയ്യ് കഴിക്കൽ, കിഴികൾ‍, ആവി കൊള്ളൽ‍ തുടങ്ങിയവ)  

തുണികൾ‍ ഉരച്ചോ മറ്റോ ശക്തിയായി കഴുകുന്നത് പ്രധാന ചികിത്സ അഥവാ പഞ്ചകര്‍മ്മം ( വമനം, വയറിളക്കൽ‍ തുടങ്ങിയവ) 

കഴുകിയ തുണികൾ‍ ഉണക്കി തേച്ചു വീണ്ടും ഉപയോഗിക്കാൻ പാകത്തിൽ ആക്കുന്നത് പാശ്ചാത് കർമ്മം  (വിശ്രമം, ഭക്ഷണ ക്രമീകരണം, മരുന്നു സേവ തുടങ്ങിയവ)

ഓരോ രോഗിക്കും എല്ലാത്തരം പഞ്ചകര്‍മ്മങ്ങളും ആവശ്യമില്ല എന്നു മാത്രമല്ല അവക്കായുള്ള തയ്യാറെടുപ്പ് ചികിത്സകളും അതിനായി ഉപയോഗിക്കുന്ന മരുന്നുകളും വ്യത്യസ്തമായിരിക്കും. പരിശോധന ഒന്നുമില്ലാതെ വൈദ്യ നിർ‍ദ്ദേശപ്രകാരമല്ലാത്ത തിരുമ്മൽ‍ തുടങ്ങിയവ പഞ്ചകർമ്മ ചികിത്സ അല്ല എന്ന് മാത്രമല്ല, അതു നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുകയും സമീപ ഭാവിയില്‍‍ തന്നെ മറ്റു അസുഖങ്ങള്‍‍ ആയി പരിണമിക്കുകയും ചെയ്യും. രോഗപ്രതിരോധത്തിനോ രോഗമുക്തിക്കോ ആയൂർ‍വേദത്തെ ആശ്രയിക്കുന്നവർ‍, ഒരിക്കല്‍‍ പോലും തെറ്റായ ഉപദേശങ്ങളില്‍ വീഴാതെ വൈദ്യ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചുമരിനോ വസ്ത്രത്തിനോ നിറം കൊടുക്കാൻ‍ നിങ്ങൾ വിദഗ്ദ്ധനെ ഏല്പിക്കുമ്പോൾ‍ നിങ്ങളുടെ ശരീരം ഒരു തിരുമ്മുകാരനെ ഏല്‍പിക്കുമോ? (വൈദ്യ നിർദ്ദേശമില്ലാതെ വീടുകളില്‍‍ പോയി കർ‍ക്കിടക ചികിത്സ എന്ന പേരില്‍‍ ചില മുൻ‍ തിരുമ്മുകാർ‍ കാട്ടികൂട്ടിയ ഉഴിച്ചില്‍‍ കൊണ്ടു ഒരു കൈയും കാലും തളർ‍ന്നു പോയ രോഗിയെ ചികിത്സിച്ച അനുഭവം ആണ് ലേഖകനെ രോഷാകുലൻ ആക്കുന്നത്) 

ഇങ്ങനെ ശെരിയായ ചികിത്സ പദ്ധതിയിലുടെ നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങളെ നിർമാർജ്ജനം ചെയ്ത ശേഷം അല്പം മരുന്നുകൾ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ നഷ്ടപെട്ട രോഗപ്രതിരോധ ശേഷിയും ആരോഗ്യവും വീണ്ടെടുക്കാവുന്നതാണ്. കൊറോണ നമ്മുടെ മുന്നില്‍‍ ഒരു ചോദ്യ ചിഹ്നം ആകുമ്പോള്‍ കപട ചികിത്സയില്‍‍ പെട്ടുപോകാതെ യഥാർ‍ത്ഥ ആയുർ‍വേദത്തില്‍‍ മാത്രം ആശ്രയിക്കുക. ശരിയായ ആയുർ‍വേദ ചികിത്സയ്ക്ക് പൂർണമായും നിങ്ങളുടെ രോഗ പ്രതിരോധ സംവിധാനത്തെ പുനസ്ഥാപിക്കാൻ‍ കഴിയും. 



About author

Dr. Anu Tony Augustine

B.A.M.S, M.S.W ( Medical & Psychiatry ) , P.G.Dip ( Guidance & Counselling ) , C.R.C.P Cheif Physician , Kerala Ayuryoga , Wayanad dr.anutony@gmail.com


Scroll to Top