ദഹനക്കേട്‌ 

"അതേ ഡോക്ടറേ.... വല്ലാത്ത ഗ്യാസാ..... എന്ത് കഴിച്ചാലും വയറിനു കനാ.... എന്തോ ദഹിക്കാത്തപോലെ,  വയറ്റിന്നു ഉരുണ്ട് കയറുന്ന പോലെ തോന്നും....."

ദഹനക്കേട് എന്ന ഇത്തരം അവസ്ഥ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ചുരുക്കം....  

എന്താണീ ദഹനക്കേട്‌? 

നമ്മൾ കഴിക്കുന്ന വിവിധ തരത്തിലുള്ള ആഹാരത്തെ ശരീരത്തിന് ഉതകുന്ന അവസ്ഥയിലേക്ക് മാറ്റുന്നതു നമ്മുടെ ദഹന വ്യവസ്ഥയാണ്‌. ഈ ദഹന വ്യവസ്ഥയെ ശരീരത്തിലെ 'അഗ്നി'യായാണ് ആയുര്‍വേദം കണക്കാക്കുന്നത്. ആയുർവേദത്തിലെ പ്രധാന ചികിത്സ തത്വം തന്നെ ഈ അഗ്നിയെ സംരക്ഷിക്കലാണ്. ഭക്ഷണത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന രൂപത്തിൽ ആക്കുന്നതിനെ 'ജഠരാഗ്നി' എന്നും, അതിൽനിന്ന് ശരീര ധാതുക്കൾ ആയി മാറ്റുന്നതിനെ 'ധാത്വഗ്‌നി'യെന്നും, അതിലും സൂക്ഷ്മമായി കോശങ്ങളിലെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനെ (സെല്ലുലാർ മെറ്റബോളിസം) ഭൂതാഗ്നി എന്നും പറയുന്നു. ഈ അഗ്നികൾ പരസ്പര ബന്ധമുള്ളതുമാണ്. അതായത് ജഠരാഗ്നി ക്ഷയിക്കുന്നതു ധാത്വഗ്നി യുടെയും ഭൂതാഗ്നിയുടെയും ക്ഷയത്തിനു കാരണമാകുന്നു.

ഇതിൽ ജഠരാഗ്നിയുടെ പ്രവർത്തന തകരാറാണ് പൊതുവേ നമ്മൾ പറയുന്ന അജീർണം അല്ലെങ്കിൽ ദഹനക്കേട്. ശരിയായി കത്താത്ത അടുപ്പിൽ വച്ചു പാകം ചെയ്യുന്ന അരി കൃത്യമായി വെന്ത ചോറാകാത്തതുപോലെ. 

ശരിയായ ദഹന പ്രക്രിയയുടെ ലക്ഷണങ്ങൾ  

ദഹനം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ നാല് അളവുകൊലുകളുണ്ട്: 

മലമൂത്രവിസർജനങ്ങൾ കൃത്യമായി നടക്കുക

ഉദ്ഗാരത്തിനു ശുദ്ധിയുണ്ടാവുക (ആഹാരത്തിന്‍റെ രുചി ഇല്ലാത്ത ഏമ്പക്കം)

ശരീരത്തിന് ആയാസമില്ലാതിരിക്കുക

വിശപ്പും ദാഹവും സമയത്തു ഉണ്ടാവുക. 

 ദഹനക്കേട് എങ്ങിനെ തിരിച്ചറിയാം?

വയറിന് സ്തംഭനം, വയർ വീർപ്പ്, വയറിൽ ഉരുണ്ടു കയറുക, വയറു നിറഞ്ഞത് പോലെ തോന്നുക, കുറച്ചു  കഴിച്ചാൽ തന്നെ നിറഞ്ഞു നിൽക്കുക, ഭക്ഷണം ദഹിക്കേണ്ട സമയം കഴിഞ്ഞാലും കഴിച്ച ഭക്ഷണത്തിന്‍റെ രുചിയുള്ള എമ്പക്കം, മനംപിരട്ടൽ, പുളിച്ചുതികട്ടൽ, കണ്ണിനു ചുറ്റും കവിളിലും നീര് വന്നതുപോലെ ഉണ്ടാവുക, നാവിൽ  വെള്ളനിറത്തിൽ പറ്റിയതുപോലെ ഇരിക്കുക, വായ നാറ്റം, വായകയ്പ്, രുചിക്കുറവ്, ശരീരത്തിന് ക്ഷീണം, തലവേദന, നെഞ്ചെരിച്ചൽ, തൊണ്ടയിൽ എന്തോ തങ്ങിയത് പോലെ തോന്നുക, വയറുവേദന,  മലബന്ധം, മലത്തിൽ ദഹിക്കാത്ത ഭക്ഷണം കാണുക, മലം അല്പാല്പമായോ ശരിയായ രീതിയിൽ രൂപീകൃതമാകാതെയോ ഉണ്ടാവുക, മലത്തിനു പശിമ, മലം ക്ലോസറ്റിലെ വെള്ളത്തിൽ പൊങ്ങികിടക്കാതെ അടിയിലേക്ക് പോവുക എന്നിവ ദഹനക്കേടിനെ സൂചിപ്പിക്കുന്നു. 

ദഹനക്കേടിന്‍റെ സങ്കീർണത-കോംപ്ലിക്കേഷൻ

അഗ്നി വൈഷമ്യം ശരീരത്തിൽ ആമം (ഉപാപചയം തടസ്സപ്പെട്ട് ശരീരത്തില്‍ രൂപംകൊള്ളുന്ന ജൈവികവിഷം) ഉണ്ടാക്കുന്നു. പിന്നീട് കഴിക്കുന്ന ആഹാരത്തിന്‍റെ പചനത്തിനും ഇത്  ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇങ്ങിനെ ക്രമേണ ഉണ്ടാകുന്ന ആമസഞ്ചയം ശരീര പ്രക്രിയകളുടെ സഞ്ചാര പഥങ്ങള്‍ക്കുള്ള തടസ്സം (സ്രോതോരോധം) ഉണ്ടാക്കുകയും അതുവഴി ശരീരത്തിന് ശരിയായ പോഷകം ലഭിക്കാതെ വരികയും പകരം ശരീരത്തിൽ അസുഖങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഒരു കൃഷി സ്ഥലത്തേക്കുള്ള വെള്ളത്തിന്‍റെ പൈപ്പിൽ ബ്ലോക്ക്‌ ഉണ്ടാകുമ്പോൾ അവിടേക്ക് വെള്ളം കിട്ടാതെ കൃഷി നശിക്കുന്നത് പോലെ. 

"രോഗാ: സർവേപി മന്ദേഗ്നോ" എന്നാണ് ആയുർവേദ പ്രമാണം. 

കൂടുതൽ കാലം നിലനിൽക്കുന്ന ദഹനക്കേട് അൾസർ, കോളോൺ കാൻസർ, മറ്റു ജീവിതശൈലി രോഗങ്ങൾക്കും കാരണമാകും. 

ദഹനക്കേടിന്‍റെ കാരണങ്ങൾ

പ്രധാന വില്ലൻ നമ്മുടെ ആഹാര-ജീവിതശൈലിയിലെ പാളിച്ചകൾ തന്നെയാണ്. എന്തു കഴിക്കുന്നു എന്നതു പോലെ എങ്ങിനെ കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. അധികമായ ആഹാരം കഴിക്കുക, വിവിധ തരം ഭക്ഷണ പദാർത്ഥങ്ങൾ ഒരുമിച്ച് ചേർത്ത് കഴിക്കുക, കഴിച്ചതിനു മുകളിൽ തന്നെ വീണ്ടും കഴിക്കുക, അസമയത്ത് ഭക്ഷണം കഴിക്കുക, വളരെ പെട്ടെന്ന്, സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കുന്നതും, ആഹാരത്തിൽ ശ്രദ്ധയില്ലാതെ ചിന്തിച്ചോ സങ്കടപ്പെട്ടോ ദേഷ്യപ്പെട്ടോ (സീരിയൽ, കാർട്ടൂൺ, മൊബൈൽ കണ്ടുകൊണ്ട്) ഭക്ഷണം കഴിക്കുന്നതും ദഹനക്കേട് ഉണ്ടാക്കുന്നു. ശരീര ആയാസ കുറവും (സെഡന്ററി ഹാബിറ്റ്), വാർദ്ധക്യം, പ്രമേഹം, തൈറോയ്ഡ്, ദഹന വ്യവസ്ഥയെ ബാധിക്കുന്ന മറ്റു അസുഖങ്ങൾ, പലതരം ട്യൂമറുകൾ, തുടർച്ചയായി കഴിക്കുന്ന ആസ്പിരിൻ, മോർഫിൻ പോലെയുള്ള ഔഷധങ്ങളും ദഹനക്കേടിന് കാരണമാകാം. 

ദഹനക്കേട് എങ്ങിനെ വരാതെ നോക്കാം?

  • വിശപ്പ് വന്നതിനുശേഷം ആഹാരം കഴിക്കുക. 
  • ചൂടുള്ളതും ദ്രവാംശ പ്രധാനവുമായ ആഹാരം ആവശ്യമായ അളവിൽ കഴിക്കുക (ചൂടു കഞ്ഞി അല്പം നെയ്യ് ചേർത്ത് ഒരുനേരത്തെ ആഹാരം ആക്കാം). 
  • ജങ്ക് ഫുഡ്സ്, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ഇവ ഒഴിവാക്കി നാരു കൂടുതലുള്ള പഴങ്ങളും പച്ചക്കറിയും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുക. 
  • ഋതുഭേദങ്ങളിൽ ശരീരത്തിലെ അഗ്നിയിലും വ്യത്യാസം സംഭവിക്കുന്നതിനാൽ ഋതുക്കൾക്കനുസരിച്ചും ആഹാരത്തെ ക്രമപ്പെടുത്തേണ്ടതാണ്.
  • വൃത്തിയുള്ളതും സന്തോഷകരമായ ചുറ്റുപാടിൽ ഇരുന്ന് സാവധാനം ചവച്ചരച്ച് ആഹാരം കഴിക്കുക. 
  • വ്യായാമം, യോഗ (വജ്രാസനം,  പവനമുക്താസനം, ഉത്കടാസനം, ഉജ്ജായി, ഭസ്ത്രിക പ്രാണായാമം) ശീലമാക്കാം. 
  • കാളൻ, ജീരകവും കറിവേപ്പിലയും ചെറിയ ഉള്ളിയും ചേർത്ത് കാച്ചിയ മോര്, ഇഞ്ചി, നെല്ലിക്ക, വെളുത്തുള്ളി ചമ്മന്തി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 
  • ചുക്ക്, കൊത്തമല്ലി, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവയിലേതെങ്കിലും ഇട്ടു കാച്ചിയ വെള്ളം കുടിക്കാനായി ഉപയോഗിക്കാം. 
  • ഭക്ഷണം കഴിച്ച ഉടനെ കുളിക്കാതിരിക്കുക. 
  • ഭക്ഷണ ശേഷം അൽപനേരം ഇരിക്കുക, ശേഷം അൽപം നടക്കുക, കിടക്കുമ്പോൾ ഇടതുവശം ചരിഞ്ഞു കിടക്കുക. 
  • നമ്മുടെ ജൈവ ഘടികാരവും ദഹനരസങ്ങളും സൂര്യപ്രകാശവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് തന്നെ സൂര്യൻ അസ്തസ്മിച്ച ശേഷം വയറു നിറച്ചുണ്ണുന്നതു നന്നല്ല. രാത്രി ഭക്ഷണം ഏഴു മണിക്കും എട്ടു മണിക്കും ഇടയിൽ കഴിക്കുക.  

ദഹനക്കേടിനു പ്രതിവിധി

  • ഉപവാസം, ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക ഇവ ചെറിയതരം ദഹനക്കേടിനു നന്ന്. 
  • ചക്ക തിന്നാൽ ചുക്ക് എന്ന് കേട്ടിട്ടുണ്ടല്ലോ... അതുപോലെ ഇഞ്ചി നീരിൻ തെളിയും ഉപ്പും, പഞ്ചകോലം ചേർത്ത് കാച്ചിയ കഞ്ഞി, കാച്ചിയ മോരു ചേർത്ത കഞ്ഞിയും നന്നാവും. 
  • ചിലതരം അജീർണ്ണത്തിൽ ചർദ്ദിച്ചു കളയേണ്ടിവരും.
  • ദീർഘകാലമായുള്ള അജീർണ്ണം ആണെങ്കിൽ ദീപന പാചന ഔഷധങ്ങളും ശോധന ക്രിയകളും വേണ്ടിവരും. 

എന്താണ് ഗട്ട് ബ്രെയിൻ ആക്സിസ്? 

നമ്മുടെ മസ്തിഷ്കവും ദഹന വ്യവസ്ഥയും പല വിധങ്ങളായ ആശയവിനിമയ സംവിധാനങ്ങളിലൂടെ നിരന്തരം പ്രതിപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ആധുനിക ശാസ്ത്രം പറയുന്ന പേരാണ് 'ഗട്ട് ബ്രെയിൻ ആക്സിസ്'.

ആയുർവേദത്തിൽ  ആഹാര പരിണാമ സമയത്തെ സൂക്ഷ്മ സാരാംശമാണ് മനസിനെ പോഷിപ്പിക്കുന്നതെന്നും, ചിന്ത, ശോക, ഭയ, ക്രോധ ദുഃഖങ്ങൾ ഉള്ളപ്പോൾ കൃത്യമായ  അളവിൽ കഴിച്ച ഭക്ഷണമാണെങ്കിലും ദഹനത്തെ ഉണ്ടാക്കുന്നില്ലെന്നും പ്രത്യേകം വ്യക്‌തമാക്കുന്നു.  മാനസികസമ്മർദ്ദം ഉത്ക്കണ്ഠ തുടങ്ങിയ വികാരങ്ങൾ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും, ദഹനപ്രശ്നങ്ങൾ കുട്ടികളിൽ അറ്റെൻഷൻ ഡിസോർഡേഴ്സും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാക്കുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ആരോഗ്യപൂർണമായ ദഹനവ്യവസ്ഥയും അത്യന്താപേക്ഷികമാണ്.

അപ്പൊ ഈ ഗ്യാസും ദഹനക്കേടും ഒന്നും അത്ര നിസ്സാരക്കാരനല്ല എന്ന് മനസ്സിലായല്ലോ? അതിനാല്‍ ഇവ നേരത്തേതന്നെ തിരിച്ചറിഞ്ഞ് ആയുർവേദം അനുശാസിക്കുന്ന രീതിയിലുള്ള ആഹാരവും ജീവിത ചര്യയും കൊണ്ട് അഗ്നിയെ സംരക്ഷിച്ച് നമ്മുടെ ദീര്‍ഘാരോഗ്യം ഉറപ്പുവരുത്താം.



About author

Dr. Jyolsna P.

BAMS, MD(Ay) Assistant Professor, Government Ayurveda College-Kannur, Pariyaram dr.jyolsnap@gmail.com


Scroll to Top