വന്ധ്യതാ ചികിത്സാ  ആയുര്‍വേദത്തിലൂടെ

'പുത്' എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യാന്‍ പുത്രന്‍ അല്ലെങ്കില്‍ പുത്രി ഉണ്ടാകേണ്ടത് എല്ലാ ജീവജാലകങ്ങള്‍ക്കും ജന്മനായുള്ള അഭിവാഞ്ചയാണ്. ആയുസ്സിന്‍റെ അറിവായ ആയുര്‍വേദത്തില്‍ വന്ധ്യതയകറ്റി സത്പുത്ര ലാഭത്തിനായി അനേകം പരാമര്‍ശങ്ങളുണ്ട്.  ആയുര്‍വേദം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ചര്യകളും പത്ഥ്യങ്ങളും അനുഷ്ഠിച്ചാല്‍ തീര്‍ച്ചയായും അതിനു പ്രയോജനമുണ്ടാകും. ചില ആയുര്‍വേദ ഉപദേശങ്ങള്‍ ശ്രദ്ധിക്കാം.

1. "സൗമനസ്യം ഗര്‍ഭധരാണാം ശ്രേഷ്ഠം."

പ്രത്യുല്പാദനത്തിന് അനിവാര്യമായി വേണ്ടത് സൗമനസ്യം അതായത് ആകുലതകള്‍ ഇല്ലാതെ തൃപ്തിയായി, സന്തോഷകരമായി ദാമ്പത്യ ജീവിതം നയിക്കുക എന്നതാണ്.  ' Tension free living'. ഇത് എക്കാലവും പ്രകീർത്തിക്കപ്പെടുന്ന ഒരു സത്യമാണ്.  ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പല കാരണങ്ങള്‍ കൊണ്ട് ടെന്‍ഷന്‍ ഉണ്ടാകുകയും അത് ശാരീരിക, മാനസിക രോഗങ്ങള്‍ക്ക് കാരണമാവുകയും, വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും.

അണുകുടുംബ വ്യവസ്ഥ,  ജോലിയിലെ ടെന്‍ഷന്‍, ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍, ജോലി സംബന്ധമായ യാത്രകള്‍, ജോലിയുടെ ഷിഫ്റ്റുകള്‍, ജീവിത ശൈലിയില്‍ വരുന്ന വ്യതിയാനങ്ങള്‍, പരസ്പര ധാരണയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍  തുടങ്ങിയവയെല്ലാം തന്നെ ജീവിതം ടെന്‍ഷന്‍ നിറഞ്ഞതാക്കുന്നു.  കൂടാതെ, ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും 'ഗൂഗിള്‍ ഡോക്ടറില്‍' പരതലും വേണ്ടാത്തത് ചിന്തിച്ച് മാരക രോഗമെന്ന തെറ്റിദ്ധാരണയില്‍ അനാവശ്യ സ്വയംചികിത്സ  ചെയ്യലും ആരോഗ്യനിലയെ വഷളാക്കുന്നു.  ഇനി, ഇതില്‍ നിന്നെല്ലാം ഒളിച്ചോടി ഭക്തി മാര്‍ഗ്ഗത്തില്‍ അഭയം പ്രാപിക്കാമെന്നു വെച്ചാല്‍ അവിടെയും കള്ളനാണയങ്ങള്‍ ഉള്ളതിനാല്‍, വേണ്ടാത്ത, ഭൂത പ്രേത, പിശാചാദി ബാധകളിലുള്ള പേടിയും ഒഴിപ്പിക്കലും, മന്ത്രവാദവുമൊക്കെ ഒട്ടൊന്നുമല്ല ദമ്പതികളുടെയും കുടുംബത്തിന്‍റെയും മാനസികനില തകര്‍ക്കുന്നത്.

ഇതില്‍ നിന്നൊക്കെ ഒഴിവാകണമെങ്കില്‍ ആയുര്‍വേദ ഉപദേശങ്ങള്‍ സ്വീകരിച്ചു കൃത്യമായ ദിനചര്യ, ഋതുചര്യ, യഥാകാലം ശരീരം ശുചീകരിക്കേണ്ട കാര്യങ്ങളൊക്കെ മനസ്സിലാക്കി ടെന്‍ഷന്‍ ഫ്രീ ആയി ജീവിക്കണം. ആയുര്‍വേദം കേവലം ചികിത്സാ ശാസ്ത്രം മാത്രമല്ല, മറിച്ച്, അതൊരു ജീവിത ശാസ്ത്രം തന്നെയാണ്. ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ അതുല്യമായ സംഭാവനയാണ്.

പരമാത്മാവിന്‍റെ അംശമായ ജീവാത്മാവും അതിനു യോജിച്ച തരത്തില്‍ ജീവന്‍ സ്വീകരിച്ചു ഗര്‍ഭമായി തീരുവാന്‍ വേണ്ടി ആയുര്‍വേദത്തിലെ സദ്‌വൃത്തം ശീലിക്കുകയാണ് ഏതൊരു വ്യക്തിക്കും ഉത്തമം.

സത്യം പറയുക, കോപമില്ലാതെയിരിക്കുക, ആരെയും ഉപദ്രവിക്കാതെയിരിക്കുക, മോഷ്ടിക്കാതെയിരിക്കുക, അന്യരുടേതൊന്നും ആഗ്രഹിക്കാതെയിരിക്കുക, കുശുമ്പ്, അസൂയ, പരദൂഷണം എന്നിവയില്‍ നിന്നൊക്കെ ഒഴിവാകുക, വേണ്ടാത്ത കാര്യങ്ങൾ ശ്രദ്ധിക്കാതെയിരിക്കുക, പരുഷമായി സംസാരിക്കാതെയിരിക്കുക, മറ്റുള്ളവരെയും, ഇതര ജീവികളേയും സമഭാവനയോടെ കാണുക, മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ അനുസരിക്കുക, തുടങ്ങിയവയൊക്കെയാണ് സദ്‌വൃത്തങ്ങള്‍.

പ്രത്യുല്പാദനം കേവലം ബീജ സംയോഗം മാത്രമല്ല, സൗമനസ്യമുണ്ടായാലെ,  ടെന്‍ഷന്‍ ഇല്ലാതെ ജീവിച്ചാലേ, അന്ത:സ്രാവീ ഗ്രന്ഥികള്‍ വേണ്ടവണ്ണം പ്രവര്‍ത്തിച്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലിതമാക്കി ഗര്‍ഭം ധരിക്കുവാന്‍ സഹായിക്കുകയുള്ളൂ.

അതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്ന ദമ്പതികള്‍ക്ക് ആദ്യം വേണ്ടത് മാനസിക നില മനസ്സിലാക്കിയുള്ള ബോധവല്‍ക്കരണമാണ്.

2. " പൂര്‍ണ്ണ ഷോഡശ വര്‍ഷാ സ്ത്രീ,  പൂര്‍ണ്ണ വിം ശേന സംഗതാ...."

സ്ത്രീയുടെ പ്രായം 16-ല്‍ കുറയരുത്, പുരുഷന്റേത്‌ 20-ല്‍ കുറയരുത്.  നമ്മുടെ ഭരണ ഘടനയനുസരിച്ചും 18-ഉം 21-ഉമാണ് യഥാക്രമം. പക്ഷേ, ചിലര്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും, ബാധ്യതയുമൊക്കെ ഒഴിവാക്കി, സ്വന്തം വീട് വച്ച് അതില്‍ താമസിച്ചു പ്രത്യുല്പാദനത്തിനു ശ്രമിക്കുമ്പോള്‍ രണ്ടു പേരുടേയും പ്രായം കൂടിപ്പോവുകയും, അത്, മറ്റ് പല ജീവിതശൈലീ രോഗങ്ങളും (ഉദാ: പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവ..) ഉണ്ടാവുകയും, ഇവയെല്ലാം, ഫെര്‍ട്ടിലിറ്റിയെ ബാധിക്കുകയും ചെയ്യും.

പിന്നെ, ഇപ്പോള്‍ കണ്ടു വരുന്നൊരു പ്രവണതയാണ് വിവാഹം കഴിഞ്ഞു ആദ്യ 2 വര്‍ഷങ്ങള്‍ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുക. ഇതിനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും, സേഫ്പീരീഡ്‌, Depots  തുടങ്ങിയവകൾ ഉപയോഗിക്കുക. ഇതൊക്കെയും രോഗ കാരണങ്ങളാകുന്നു. ഇത്തരത്തില്‍ വേണ്ടെന്ന് വയ്ക്കുന്നവര്‍ക്ക്, പിന്നീട് ഗര്‍ഭധാരണത്തിന്  നല്ലതുപോലെ ബുദ്ധിമുട്ട് കണ്ടു വരികയും ഒരുപാട് ചിലവേറിയ ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടി വരികയും ചെയ്യുന്നു. ഒട്ടുമിക്ക സ്ത്രീകളിലും PCOS, Endometriosis തുടങ്ങിയ രോഗങ്ങള്‍ അണ്ഡവിസര്‍ജ്ജനത്തെയും അണ്ഡത്തിന്‍റെ ഗുണനിലവാരത്തെയും ബാധിക്കുന്നതുമാണ്. ആയതിനാല്‍ ആരോഗ്യമുള്ള അവസ്ഥയില്‍ ആദ്യ പ്രസവം ഒരു സ്ത്രീക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് അഭികാമ്യം. പരമാവധി 25 മുതല്‍ 30 വരെയാകാം. പിന്നീട്, കഷ്ടതകളും സങ്കീര്‍ണ്ണതകളും കൂടിക്കൂടി വരും.  അതേപോലെ തന്നെ, പുരുഷന്മാര്‍ക്കും DNA Damage, Loss of libido, ബീജത്തിന്‍റെ ഗുണനിലവാരത്തകര്‍ച്ച എന്നിവ പ്രായം കൂടുന്നതിനാലുണ്ടാകും.

3. "ശുദ്ധേ ഗർഭാശയേ  മാര്‍ഗ്ഗേ രക്തേ ശുക്ലേ അനിലേ ഹൃദി ....."

രോഗങ്ങളൊന്നുമില്ലാതെ ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും (ട്യൂബ്, ഓവറി തുടങ്ങിയവ) രക്ത ദുഷ്ടിയില്ലാതെ (ആന്റിബോഡികള്‍) ഇരിക്കുകയും, ബീജവും അണ്ഡവും നല്ലതാവുകയും വേണം.

മനുഷ്യന്‍റെ മലമൂത്ര വിസര്‍ജ്ജനാദികള്‍ കൃത്യസമയത്ത് തന്നെ നടന്ന് ആരോഗ്യത്തോടെ ഇരിക്കണം. ഇതിനു വിഘാതമായി, അസുഖങ്ങള്‍ ഉണ്ടായാല്‍ (ഉദാ: ഫൈബ്രോയിഡ്, സിസ്റ്റ്, വെള്ളപോക്ക്, തുടങ്ങിയവ) തൊട്ടടുത്ത ആയുര്‍വേദ ആശുപത്രിയെ സമീപിച്ച് വേണ്ട ചികിത്സകള്‍ യഥാകാലം ചെയ്യണം. തുടക്കത്തിലാണെങ്കില്‍ ഒട്ടുമിക്ക രോഗങ്ങളും കൃത്യമായി  ചികിത്സിച്ചു ഭേദമാക്കാം.

ഇങ്ങനെയായാല്‍ വീര്യവത്തായ സന്താന ലാഭം ഉണ്ടാകുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇല്ലെങ്കില്‍ രോഗിയായി ജനിക്കാം, അതുമല്ലെങ്കില്‍  ഗര്‍ഭം തന്നെ ഉണ്ടായില്ലെന്നും വരാം.

4. പ്രത്യുല്പാദനത്തിനനുകൂല സമയം....

ക്രമമായി ആർത്തവമുണ്ടാകുന്ന സ്ത്രീയുടെ ആര്‍ത്തവ ദിനങ്ങളില്‍ ആദ്യത്തെ ദിനത്തെ Day 1 ആയി കണക്കാക്കി, 28 അല്ലെങ്കില്‍ 30 ദിവസം കണക്കാക്കാം.

അപ്പോള്‍ പ്രത്യുല്പാദനത്തിന് നല്ല സമയം Day 10 - Day 20 ആണ്.

Day 1 to Day 5 - 7 ആര്‍ത്തവം വരുന്നതിനാല്‍ ശാരീരിക ബന്ധം അരുത്. ആ സമയം അണുബാധയും രോഗവുമുണ്ടാകാന്‍ സാധ്യതയുള്ള സമയമാണ്.

Day 8 to Day 9 ശുദ്ധിയായി വരുന്ന ദിനങ്ങളായതിനാല്‍ യോനിയുടെ pH ശരിയാകുന്നതേ ഉണ്ടാകൂ.

Day 10 നും 20 നുമിടയ്ക്ക്  അണ്ഡവിസര്‍ജ്ജനം നടക്കും. മിക്കവാറും Day 14നാണ് 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീയ്ക്ക് ovulation അഥവാ അണ്ഡവിസര്‍ജ്ജനം നടക്കുക.

അണ്ഡവും, ബീജവും, സ്ത്രീശരീരത്തില്‍ ഏകദേശം 72 മണിക്കൂര്‍ വരെ ജീവനോടെ ഇരിക്കുമെന്നതിനാലാണ് Day 10 നും 20 നുമിടയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സംയോഗത്തിന്  നിര്‍ദ്ദേശിക്കുന്നത്. ആഹാര ശേഷം ഒന്നര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ ശാരീരിക ബന്ധം പാടുള്ളൂ.

തൃപ്തിയോടുകൂടി, സൗമനസ്യത്തോടെ, പ്രാര്‍ത്ഥനയോടെ യുള്ള സംയോഗം സത്പ്രജാ ലാഭത്തിനു കാരണമാകും.



About author

Dr. Vaheeda Rehman A

MS (Ay) Prasoothi tantra & Sthreeroga Sr. Medical officer- ISM Government Ayurveda Hospital, Pathanamthitta


Scroll to Top