Kids, Teens and Ayurveda

Demystifying "Karappan" and Managing it with Ayurveda


കരപ്പന്‍ ചികിത്സ

കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതും, വളരെക്കാലം തുടര്‍ന്നു നില്‍ക്കുന്നതുമായ ഒരു രോഗമാണ് കരപ്പന്‍ അഥവാ വിസര്‍പ്പം. ഈ രോഗം പലവിധത്തിലാണ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. സാധാരണയായി 3 മാസം പ്രായമാകുമ്പോള്‍ ഈ രോഗം ആരംഭിക്കും. ചുവന്നുതടിച്ച കുരു- ക്കളാണ് ആദ്യം കാണുക. അത് കവിളിലും, തലയിലും ചെവിയുടെ പുറകിലും, മൂക്കിനുചുറ്റും, ഗുഹ്യ  ഭാഗത്തും ആണ് പ്രധാനമായും കാണപ്പെടുക. ചിലപ്പോള്‍ കുരുക്കള്‍ പഴുത്ത് പൊട്ടുകയും തുടര്‍ന്ന് തൊലി വരണ്ട് കട്ടിയായി തീരുകയും ചെയ്യും. നല്ല ചൊറിച്ചില്‍ ഉണ്ടായിരിക്കും.

 12 വയസ്സുള്ള കുട്ടികളില്‍ കവിളില്‍ ചുവന്നുതടിച്ച കുരുക്കള്‍ കാണപ്പെടും. കൂടാതെ ശരീരം മുഴുവന്‍ വരണ്ട ചര്‍മവും ആയിരിക്കും, നല്ല ചൊറിച്ചിലുമായിരിക്കും. ഈ അവസ്ഥയില്‍ നഖം കൊണ്ട് മുറിഞ്ഞു പഴുപ്പുണ്ടാകാന്‍ സാധ്യതയുണ്ട്. 3 മാസം മുതല്‍ 6 മാസം വരെ പ്രായമായ കുട്ടികളില്‍ കാണാന്‍ തുടങ്ങുന്ന കരപ്പന്‍ 2 മുതല്‍ 3 വയസ്സുവരെയോ ചിലപ്പോള്‍ 5 മുതല്‍ 6 വയസ്സുവരെയോ ആകുമ്പോള്‍ അപ്രത്യക്ഷമാകും. അത് പിന്നീട് 10 വയസ്സിനു ശേഷമോ 24 വയസ്സിനു ശേഷമോ  വീണ്ടും വന്നുകാണപ്പെടാറുണ്ട്.

 എക്‌സിമ ഇനത്തിലെ അട്ടോപ്പിക് ഡര്‍മ്മറ്റൈറ്റിസ്  എന്നാണ് ഇതിനെ കണക്കാക്കുന്നത്. ഇത്തരം അസുഖം ഉള്ള കുട്ടികളില്‍ 13-14 വയസ്സാകുമ്പോള്‍ കൈമടക്കിലും, കാല്‍ മടക്കിലും കറുത്തനിറം, കട്ടിയായ തൊലി, വിള്ളല്‍, വരണ്ടചര്‍മ്മം എന്നിവ കാണാറുണ്ട്.

 നമ്മുടെ ജീവിത ശൈലിയില്‍ വന്നമാറ്റം കരപ്പന്റെ  കാരണങ്ങളിലും, ശൈലിയിലും വ്യത്യസ്തത കാണിക്കുന്നുണ്ട്. ഇറച്ചിയും, മീനും മറ്റു ദഹനത്തിനു പ്രയാസമുള്ള ആഹാരങ്ങള്‍ കൊടുക്കുന്നത് കരപ്പന് കാരണമാകുന്നു. കാരണം ഇവ ദഹിക്കാനായി ആമാശയത്തിലേക്ക് കൂടുതല്‍ രക്തപ്രവാഹം വേണ്ടിവരും. അതുമൂലം തൊലിയിലേക്കുള്ള രക്തപ്രവാഹം കുറയും. ഇത് തൊലിയുടെ പ്രതിരോധശേഷി നശിപ്പിക്കും. മാത്രമല്ല കരളിന്റെ  പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. മത്സ്യമാംസാദികള്‍ കഴിക്കുന്ന കുട്ടികളിലാണ് കരപ്പന്‍ അധികമായി കാണപ്പെടുന്നത് എന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ മാതാവ് ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതും കുട്ടികളിലെ കരപ്പന് കാരണമാകുന്നുണ്ട്. ഗർഭകാലത്ത് അമ്മ കുങ്കുമപ്പൂവ് മുതലായ വര്‍ണ പ്രസാദന സാധനങ്ങള്‍ കഴിക്കുന്നത് ഇതിന് ഒരു കാരണമായി അടുത്ത കാലത്ത് കണ്ടുവരുന്നു. 

കരപ്പനുള്ള കുട്ടികളില്‍, പെട്ടെന്ന് അസുഖം മാറിയാല്‍ ആസ്ത്മ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ തീക്ഷ്ണമായ ഔഷധങ്ങള്‍ കൊണ്ട് ചികിത്സിച്ചാല്‍ കരപ്പനും, ആസ്തമയും മാറി വൃക്കരോഗം ബാധിക്കാനും സാധ്യതയുണ്ട്. പാരമ്പര്യമായി ആസ്ത്മ, കരപ്പന്‍, എക്‌സിമ എന്നിവ വീട്ടിലുള്ളവര്‍ക്ക് ഉണ്ടെങ്കില്‍ അടുത്ത തലമുറകളിലെ കുട്ടികള്‍ക്ക് കരപ്പന്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പാരമ്പര്യമുള്ള ദമ്പതികള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ യുക്തമായ ഔഷധങ്ങള്‍ സേവിക്കേണ്ടത് കുട്ടികള്‍ക്ക് കരപ്പന്‍ വരാതിരിക്കാന്‍ സഹായകമാകുന്നു.

ഉപ്പ്, പുളി, ബേക്കറിസാധനങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുന്നത് കരപ്പന് ഒരു കാരണമാണ്. മുലയൂട്ടുന്ന അമ്മമാര്‍ ഇത്തരം അഹിതമായ ആഹാരം കഴിക്കുന്നതും കുട്ടികളില്‍ കരപ്പന് കാരണമാകും.

മണ്ണില്‍ അധികമായി കളിക്കുക, ചൂടുവലിച്ചെടുക്കുന്നതും, കടും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും, അധികം ക്ഷാരഗുണമുള്ള സോപ്പിന്‍റെ ഉപയോഗവും, രോഗത്തിന് നിദാനമാകുന്നു .പൊതുവെ ആരോഗ്യം കുറഞ്ഞ കുട്ടികളില്‍ രോഗം എളുപ്പം ബാധിക്കുന്നുണ്ട്.

ഇടക്കിടക്ക് പനി,കണ്ണുകള്‍ക്ക് ചുവപ്പ്, പീളകെട്ടല്‍, തലയില്‍ സാധാരണയില്‍ കവിഞ്ഞ ചൂട് എന്നിവ കരപ്പന് മുന്നോടിയായി കുട്ടികളില്‍ കാണാറുണ്ട്.

ചികിത്സ

ആയുര്‍വേദത്തില്‍ കരപ്പന്‍ ചികിത്സക്ക് 3 തത്വങ്ങള്‍ ഉണ്ട് 

  1. കരപ്പന്‍ വന്നാല്‍ അതിന്‍റെ ശമനത്തിനുള്ള ഔഷധങ്ങള്‍ 
  2. തുടര്‍ന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്കുള്ള ചികിത്സ 
  3. കരപ്പന്‍ വരാതിരിക്കാനുള്ള ഉപായങ്ങള്‍

രോഗശമനത്തിനായി അവസ്ഥാനുസരണം യുക്തമായ ഔഷധങ്ങള്‍ അകത്തേക്കും, പുറത്തേക്കും ഉപയോഗിക്കണം. മുലകുടിക്കുന്ന കുട്ടികള്‍ക്കാണ് രോഗമെങ്കില്‍ അമ്മമാര്‍ക്കും ഔഷധം നല്‍കണം.പഥ്യം വളരെ പ്രധാനമാണ്. മുട്ട ഇറച്ചി, മീന്‍ എന്നിവ കുട്ടികള്‍ക്കും, മാതാവിനും അപഥ്യമാണ്.

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി കൊടുക്കണം. ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഔഷധവെള്ളത്തില്‍ കുളിപ്പിക്കുക, ഔഷധലേപനം എന്നിവ ചികിത്സയില്‍ പ്രധാനമാണ്. ആദ്യാവസ്ഥയില്‍ എണ്ണ തേപ്പിക്കുന്നത് നല്ലതല്ല. അത് പനിക്കും, പഴുപ്പിനും കാരണമാകും. സോപ്പ് തീര്‍ത്തും ഒഴിവാക്കണം. വേപ്പില, ഉങ്ങില,തുളസിയില, കൊന്നയില എന്നിവ അരച്ച് തേക്കുന്നത് നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കണം.

കരപ്പനെത്തുടര്‍ന്നുള്ള ഉപദ്രവങ്ങളായ ആസ്ത്മ, വൃക്കത്തകരാറുകള്‍ എന്നിവ വരാതിരിക്കാന്‍ ഔഷധങ്ങളോടൊപ്പം പഥ്യമായ ആഹാരവും വേണം.വരണ്ട ചര്‍മ്മം, ചൊറിച്ചില്‍ എന്നിവക്ക് ലേപനങ്ങള്‍, കേരതൈലം എന്നിവകൊണ്ട് തേച്ചുകുളിക്കണം.

വളരെ ശ്രദ്ധയോടെ ചികിത്സിക്കേണ്ട ഒരു രോഗമാണ് കരപ്പന്‍. തെറ്റായ ഔഷധ പ്രയോഗം അപകടകരമാണ്. അതുപോലെ അനാവശ്യമായി വളരെക്കാലം കഷായങ്ങള്‍ കഴിക്കുന്നത് ശാസ്ത്രീയമല്ല. ഇപ്രകാരം ആവശ്യത്തിലധികം ഔഷധം നല്‍കുന്നത് കുടലിന്റെ ആഗിരണശക്തിയും, ഇലാസ്റ്റികതയും കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതുകൊണ്ട് കരപ്പന്‍ ചികിത്സയില്‍ രോഗം ശാസ്ത്രീയമായി അപഗ്രഥിച്ച് സൂക്ഷ്മമായി ചിന്തിച്ചിട്ടുവേണം ഔഷധപ്രയോഗം. പരിചയസമ്പന്നനായ,ശാസ്ത്രീയമായി പഠിച്ച, ഒരു വിദഗ്ദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചികിത്സിക്കുന്നതാണുത്തമം. കരപ്പന്‍ രോഗം കുട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്കും വിഷമമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് മാതാപിതാക്കള്‍ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ കൊടുക്കണം. ആയുര്‍വേദ രീത്യാ ഉള്ള ശിശുപരിചരണം രോഗം വരാതിരിക്കാന്‍ ഫലപ്രദമാണ്. തലമുറകളിലേക്ക് പകര്‍ന്നുവരുന്ന ഈ രോഗത്തിന് ചികിത്സ ഗര്‍ഭാവസ്ഥയില്‍ തന്നെ തുടങ്ങുക. നിങ്ങളുടെ കുഞ്ഞുങ്ങള്‍ സൗന്ദര്യവും, ആരോഗ്യവും ഉള്ളവരാകട്ടെ.



About author

Dr. Sreenath S.

MD (Ay)- Ayurveda Sidhantha & Darsana Deputy Chief Physician, Dhanwanthari Ayurveda Bhavan Nelluvai. SreenathWarrier@gmail.com


Scroll to Top