കർക്കിടകം വരവായി…

അതെ,  കോവിഡ് ഭീതി തുടരുന്നതിനിടയിൽ അതാ കർക്കിടകം  ഇങ്ങെത്തി കഴിഞ്ഞു. ഇന്നും മലയാളികളുടെ ആരോഗ്യകാര്യത്തിൽ  കർക്കിടകമാസം ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. കേരളത്തിന്‍റെ  ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് പ്രകൃതിയൊരുക്കിയിരുന്ന ഒരു ലോക്ക്ഡൌൺ ആയിരുന്നു പണ്ട് കാലത്തെ പഞ്ഞമാസം എന്ന കർക്കിടകമാസം. അന്നത്തെ തലമുറ അടുത്ത വർഷത്തേയ്ക്കായുള്ള ആരോഗ്യപരമായ തയ്യാറെടുപ്പിനായി  ആ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും അതൊരു ആചാരം പോലെ തലമുറകളിലേക്ക് പകർന്നു നൽകുകയും ചെയ്തു. ഇന്നും മലയാളികളുടെ ആരോഗ്യരഹസ്യമായി കർക്കിടകമാസചര്യ നിലകൊള്ളുന്നു. 

മേടച്ചൂടിനാൽ വാടിയ പ്രകൃതിയിൽ  ഇടവപ്പാതിയോടെ ആരംഭിക്കുന്ന മഴ കർക്കിടകമാസമാകുന്നതോടെ പകൽ പോലും ഇരുട്ടടഞ്ഞ മഴയും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ആയി പകർച്ച വ്യാധികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. വർഷ ഋതു /മഴക്കാലം പൊതുവെ നമ്മുടെ ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന കാലമാണ്. അതായത് ഭൂപ്രകൃതികൊണ്ടും നമ്മുടെ ശരീരബലം കൊണ്ടും പലതരം അസുഖങ്ങൾ പടർത്തുന്ന കീടങ്ങൾക്കും അണുക്കൾക്കും വിലസുവാൻ പറ്റിയ കാലം. ഇതിൽ നിന്നുള്ള ശരീരരക്ഷയ്ക്കായി കർക്കിടക ചികിത്സ രൂപം പ്രാപിച്ചു. ഇതിൽ ഇന്നേറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കർക്കിടക കഞ്ഞി സേവിക്കുന്നതിനാണ്.  തിരക്കേറിയ ഇന്നത്തെ ജീവിതത്തിന്‍റെ താളം തെറ്റാതെ പാലിക്കാൻ സാധിക്കുന്നത് കൊണ്ടാകാം കർക്കിടക കഞ്ഞി ഏവർക്കും സ്വീകാര്യമായത്. 

മഴക്കാലത്ത് ശരീരബലം വളരെ കുറവായിരിക്കും, ദഹനശക്തിയും. അങ്ങനെയിരിക്കെ ഒരു നേരമെങ്കിലും കഞ്ഞി സേവിക്കുന്നതിലൂടെ ദഹനശക്തി വർദ്ധിപ്പിക്കാം. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, അമിതവണ്ണം, തൈറോയ്ഡ് വൈകല്യങ്ങൾ എന്നിവയുള്ളവർക്ക് ഔഷധ കഞ്ഞി ആശ്വാസം നൽകും. മാനസിക സമ്മർദ്ദത്താൽ ഉഴലുന്നവർക്കും ഇത് ആശ്വാസദായകമാണ്. നമ്മുടെ വൃത്തിയുള്ള ചുറ്റുപാടിൽ വളരുന്ന കുറുന്തോട്ടി, തഴുതാമ, തകര, പൊന്നാവീരം, മുത്തിൾ,  പുളിയാറില, എന്നീ ലഭ്യമായ ഔഷധങ്ങൾ ചേർത്ത് ഞവരയരിയോ ചെന്നെല്ലരിയോ പൊടിയരിയോ പ്രമേഹമുള്ളവർ ഗോതമ്പോ ഉപയോഗിച്ച് ഉചിതം പോലെ ചുക്ക്, കുരുമുളക്, ആശാളി, ഉലുവ, ജീരകം, പെരുംജീരകം, കരിഞ്ജീരകം, ഇവയും ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന കഞ്ഞി നമ്മുടെ രുചിയും ദഹനശക്തിയും വർദ്ധിപ്പിക്കുകയും ശരീരത്തിന് എളുപ്പത്തിൽ ബലം വീണ്ടെടുക്കുവാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിന്‍റെ ബലം എന്നത്കൊണ്ട് പേശീ ബലം മാത്രമല്ല നമ്മുടെ ഓരോ അവയവവ്യവസ്ഥയുടെയും അവയവങ്ങളുടെയും ഓരോ കോശങ്ങളുടെയും ശരിയായ പ്രവർത്തനത്താൽ ഉണ്ടാകുന്ന ആന്തരീക ബലമാണ് ഇവിടെ ഉദ്ദേശ്ശിക്കുന്നത്. നമ്മുടെ രോഗ പ്രതിരോധ ശേഷി / ഇമ്മ്യൂണിറ്റി ഈ ബലത്തെ വളരെയധികം ആശ്രയിച്ച് നിൽക്കുന്നു. രോഗാണുക്കൾ വിലസുന്ന മഴക്കാലത്ത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെട്ട നിലയിൽ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതിനായി ഈ കാലയളവിൽ ഒരു നേരമെങ്കിലും ഔഷധ കഞ്ഞി സേവിക്കേണ്ടത് അനിവാര്യമാകുന്നു. കോവിഡ് പ്രതിരോധത്തിന്‍റെ ഈ അവശ്യഘട്ടത്തിൽ കർക്കിടക കഞ്ഞി വളരെ പ്രാധാന്യം അർഹിക്കുന്നു. 

ഇനിയുള്ള 28 ദിവസങ്ങളിൽ ഒരു നേരമെങ്കിലും ഉലുവക്കഞ്ഞി, ജീരകക്കഞ്ഞി, എന്നിങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലതരം കഞ്ഞികൾ ശീലിക്കുകയും പത്തില തോരൻ,  മുതിരച്ചാറ്, ചെറുപയർ രസം, മാംസരസം, പനിക്കൂർക്ക ചട്ടിണി എന്നിവയും യുക്തം പോലെ ആഹാരത്തിലുൾപ്പെടുത്തുക വഴി ശരീരബലം വർദ്ധിപ്പിച്ച് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താം. 

ഇത്തരം ആഹാരക്രമീകരണങ്ങൾക്കൊപ്പം വീടുകളിൽ മഞ്ഞൾ, ആര്യവേപ്പില, കായം, കടുക്, കുരുമുളക്, കൊന്നയില, കുന്തിരിക്കം, എന്നിവയോ അപരാജിതധൂപ ചൂർണ്ണമോ പുകയ്ക്കുകയും പരിസര ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. കൈകാലുകളിൽ മൈലാഞ്ചി അരച്ചിടുന്നതും ദശപുഷ്പം ചൂടുന്നതും അരച്ച് പൊട്ടു തൊടുന്നതും എല്ലാം അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി തന്നെയാണ്. അപ്പോൾ കർക്കിടകത്തെ അറിഞ്ഞു ആചരിച്ചോള്ളൂ…  SMS  കൃത്യമായി പാലിക്കുവാനും മടിക്കരുതേ.. 


About author

Dr. Sarika Menon

BAMS, Ayurveda Consultant- Vanamali Ayurveda Clinic, Thripunithura. drsarikamenon@gmail.com


Scroll to Top