Healthcare during COVID-19 Lockdown

Kerala Government Ayurveda Projects for COVID 19 Prevention

കോവിഡ്‌ പ്രതിരോധവും കേരള സര്‍ക്കാരിന്‍റെ ആയുർവേദ പദ്ധതികളും

ലോകം മുഴുവൻ ഒരു വൈറസിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നു പോയിക്കൊണ്ടിരിയ്ക്കുന്നത്. രോഗം വരാത്തവർ അത് ബാധിച്ചാലോ എന്നും, വന്നവരാകട്ടെ അത് ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും ഉള്ള ആശങ്കയിലായിരിക്കും.                                     

മുപ്പത് ശതമാനം സാധാരണ ജലദോഷങ്ങളും പലതരം കൊറോണ വൈറസ് പരത്തുന്നവയാണ്. മുതിർന്നവരിൽ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ലക്ഷണങ്ങളും, കുട്ടികളിൽ ദഹനവ്യവസ്ഥയെയും ബാധിക്കുന്ന ലക്ഷണങ്ങളുമാണ് സാധാരണയായി കണ്ടു വരുന്നത്. പക്ഷേ ഇവിടത്തെ നായകൻ (വില്ലൻ) 'നോവൽ കൊറോണ വൈറസ്' ആണ്. ചൈനയിലെ വുഹാനിൽ 2019 -ൽ കാണപ്പെട്ട നോവൽ കൊറോണ വൈറസ്, ശ്വസനവ്യവസ്ഥയെയാണ് സാരമായി ബാധിക്കുന്നത്.                                

സാധാരണയായി ഒരു വൈറൽ പനി വന്ന്, ഭേദമായിക്കഴിഞ്ഞാലും അതിൻ്റെ തുടർപ്രശ്നങ്ങൾ നമ്മേ വേട്ടയാടിക്കൊണ്ടിരിക്കും. അത് ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാകാം. കോവിഡ് -19 രോഗമുക്തിക്കു ശേഷവും ചില ആരോഗ്യ പ്രശ്നങ്ങൾ നമ്മിൽ നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. വ്യാപനനിരക്ക് വളരെ കൂടുതലും, മരണനിരക്ക് (2%) വളരെ കുറവും ഉള്ള രോഗമെന്ന നിലയ്ക്ക് ,രോഗമുക്തി കൈവരിച്ച ഒരു വലിയ സമൂഹം ബാക്കിയുണ്ടാകും. പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടാലും, അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ അവരുടെ മാനസികാവസ്ഥ, മറ്റുള്ളവർ അവരെ ഒറ്റപ്പെടുത്താനുള്ള സാദ്ധ്യത ഇവയും പരിഗണിക്കണം.

നോവൽ കൊറോണ വൈറസ് വിവിധ അവയവ വ്യവസ്ഥകളില്‍ പ്രകടമാക്കാവുന്ന ലക്ഷണങ്ങള്‍:

(1) ശ്വാസകോശം

ശ്വാസകോശത്തിനുണ്ടാകുന്ന അണുബാധ നീർക്കെട്ടിനും തദ്വാരാ ശ്വാസതടസത്തിനും കാരണമാകുന്നു.

(2) ദഹനവ്യവസ്ഥ

ശ്വാസകോശത്തെ ബാധിച്ച ശേഷം അണുബാധ, ദഹനവ്യവസ്ഥയിലേക്കും കടക്കാനുള്ള സാദ്ധ്യതയുണ്ട്. തന്മൂലം ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.

(3) ഹൃദയ - രക്തധമനികൾ

കുറഞ്ഞ രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ തന്നെ, ധമനികളിൽ രക്തം കട്ട പിടിയ്ക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.

(4) വൃക്കകൾ

ഇരുപത്തേഴ് ശതമാനം പേരിൽ രക്തസമ്മർദ്ദ കുറവു മൂലം വൃക്കകളുടെ പ്രവർത്തനം തകരാറിലാകാറുണ്ട്.

(5) രോഗപ്രതിരോധവ്യൂഹം (Immune System)

ശരീരം രോഗാണുവിനെതിരെ പൊരുതുമ്പോൾ സ്വന്തം കോശങ്ങളും നശിപ്പിക്കപ്പെടാം (Inflammatory Response)

പരിശോധനാഫലം നെഗറ്റീവ് ആയ ശേഷം, പൂർണ്ണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്താൻ എടുക്കുന്ന സമയം എന്നത് ആ വ്യക്തിയുടെ രോഗപ്രതിരോധശേഷിയെയും അനുബന്ധ രോഗങ്ങളെയും ആശ്രയിച്ചുമാണ് ഇരിക്കുന്നത്. ഇവിടെ ഫലപ്രദമായി ഇടപെടാൻ ആയുർവേദ മേഖലയ്ക്ക് കഴിയും. ആയുർവേദത്തിൽ പ്രതിപാദിക്കുന്ന വിവിധ രസായനൗഷധങ്ങളും മറ്റും, വ്യക്തികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, നാശോന്മുഖമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഉതകുന്നതാണ്.                                    

രോഗപ്രതിരോധ നടപടികൾ

(1) രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കൽ.

 (2) രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്ന ഔഷധസേവയും ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും രോഗത്തെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. 

(3) ശ്വസനവ്യവസ്ഥയെ ബലപ്പെടുത്തുന്ന പ്രാണായാമം പോലുള്ള വ്യായാമങ്ങൾ ശീലിക്കുന്നതിലൂടെ ഒരു പരിധി വരെ അണുബാധയെ തടുക്കാം.   

കോവിഡ്- 19 പ്രതിരോധ പ്രവർത്തനം

കേരളത്തിൽ കോവിഡ് - 19 പ്രതിരോധ നടപടികൾക്ക് സംസ്ഥാന സർക്കാർ ആയുർവേദ ചികിത്സ ഉപയോഗിക്കാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും ആയുർ രക്ഷാ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.  4 പദ്ധതികളാണ് ആയുർരക്ഷാ ക്ലിനിക്കുകളിൽ നടപ്പാക്കിയിട്ടുള്ളത്.

(1) സ്വാസ്ഥ്യം പദ്ധതി      

60 വയസിൽ താഴെയുള്ള വ്യക്തികൾക്ക് രോഗ പ്രതിരോധ മാർഗ്ഗങ്ങളോടൊപ്പം ഔഷധസേവയും ലഘുവായ യോഗ പരിശീലനവും, പ്രാണായാമം ഉൾപ്പെടെ അവലംബിക്കുന്ന രോഗ പ്രതിരോധ പദ്ധതിയാണ് സ്വാസ്ഥ്യം.

(2) സുഖായുഷ്യം പദ്ധതി 

കോവിഡ് 19 ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം വരുത്തുന്ന 60 വയസ്സിനു മേൽ പ്രായമുള്ള, മുതിർന്ന പൗരന്മാരുടെ ആരാഗ്യ സംരക്ഷണത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് സുഖായുഷ്യം. മരണനിരക്കും, രോഗസാദ്ധ്യതയും കൂടുതലായ ഈ ഗണത്തിൽ പെട്ടവർക്ക് രോഗപ്രതിരോധ കേന്ദ്രീകൃതമായ ശാരീരിക-മാനസിക പിന്തുണ നൽകുവാനും, ആഹാര പാനീയങ്ങൾ, മരുന്നുകൾ, ജീവിതശൈലി എന്നിവയെ സംബന്ധിച്ച നിർദ്ദേശങ്ങളും ഈ പദ്ധതിയിൽ പെടുന്നു. മാത്രവുമല്ല, നിലവിൽ മറ്റ് രോഗങ്ങൾക്ക് ആയി തുടരുന്ന ചികിത്സകൾക്ക് തടസം വരാത്ത വിധത്തിലുമാണ് സുഖായുഷ്യം നടപ്പിലാക്കുന്നത്.                   

ജില്ലാ കോവിഡ് റെസ്പോൺസ് സെല്ലിൻ്റെ മേൽനോട്ടത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആയുർവേദ ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ, സ്വകാര്യ ആയുർവേദ ഡോക്ടർമാർ, പഞ്ചായത്ത്-വാർഡ് തല ഭാരവാഹികൾ എന്നിവരുൾപ്പെടുന്ന ഒരു വലിയ കൂട്ടായ്മ ഇന്ന് കേരളത്തിൽ സുഖായുഷ്യം പദ്ധതിക്കായി അണിനിരന്നിട്ടുണ്ട്. ടാസ്ക് ഫോഴ്സിലെ ഡോക്ടർമാർ പദ്ധതിയിൽ ഉൾപ്പെട്ടവരെ ഫോൺ മുഖേന ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നുമുണ്ട്.

(3) പുനർജനി പദ്ധതി

രോഗം ഭേദമായവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനായി സംസ്ഥാന ആയുഷ് വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും വിഭാവനം ചെയ്ത ആരോഗ്യ പദ്ധതിയാണ് പുനർജനി. രോഗമുക്തി നേടിയവരുടെ ശാരീരികവും മാനസികവുമായ പുനരുജ്ജീവനം, അവരെ തിരിച്ചു സമൂഹത്തിലെ സജീവ പങ്കാളികളാക്കി മാറ്റുന്നതിനൊപ്പം, ഭാവിയിൽ രോഗപീഡയുടെ ദൗർബല്യങ്ങൾ ബാധിക്കാതിരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ ഔഷധസേവ, ജീവിത ശൈലീ മാറ്റം, യോഗ, പ്രാണായാമം എന്നിവയൊക്കെ പദ്ധതിയിൽ പെടുത്തുന്നു. പുനർജനി പൊതുവായി നിര്‍ദ്ദേശിക്കുന്നത് ഇവയൊക്കെയാണ്: കുടിക്കാനായി തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുക. എരിവ്, പുളി, ഉപ്പ് ചേർന്ന ഭക്ഷണങ്ങൾ കുറയ്ക്കുക. വൈകുന്നേരങ്ങളിൽ എണ്ണ പലഹാരങ്ങൾക്ക് പകരം പഴങ്ങൾ, ചെറുപയർ സൂപ്പ് മുതലായവ ശീലിക്കാം. മഞ്ഞൾ ഇട്ട് തിളപ്പിച്ച പാൽ കുടിക്കുന്നത് നല്ലതാണ്.                                         

ഉയർന്ന മാനസിക നിലവാരം ഏത് രോഗമുക്തിക്കും ആവശ്യമാണ്. പരമാവധി മനസ്സിന് സന്തോഷമുളവാക്കുന്ന കാര്യങ്ങൾ ചിന്തിക്കുക, ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക. അവസ്ഥയനുസരിച്ച് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന കഷായങ്ങൾ, രസായനങ്ങൾ എന്നിവയൊക്കെ വൈദ്യ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

(4) അമൃതം പദ്ധതി

കേരള സർക്കാരിൻ്റെ പുതിയ തീരുമാനപ്രകാരം നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്ക് ആയുർവേദ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് അമൃതം. ഇപ്രകാരമുള്ള വ്യക്തികൾക്ക് നിരീക്ഷണ കാലത്ത് 14 ദിവസം തുടർച്ചയായി മരുന്ന് നല്കി വരുന്നു. ആരോഗ്യ സന്നദ്ധ പ്രവർത്തകർ, ടാസ്ക് ഫോഴ്സ് അംഗങ്ങൾ എന്നിവർ മുഖേന വിവരശേഖരണവും, അവർക്ക് വേണ്ട മാനസിക ആരോഗ്യപരിപാലനത്തിനും അമൃതം പദ്ധതി പ്രാധാന്യം കൊടുക്കുന്നുണ്ട്. 

നാം ഈ മഹാമാരിയെ ഭയപ്പെടുകയല്ല വേണ്ടത്. ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ,കൃത്യമായ ജാഗ്രതയും കരുതലും ഇക്കാര്യത്തിൽ നാം അനുവർത്തിക്കണം. കോവിഡിനോട് ഒത്തുള്ള ഒരു ജീവിതമാകും ഇനിയങ്ങോട്ട് എന്നതിനാൽ അടിപതറാതെ പ്രതിരോധ ജീവിതരീതികളിൽ ശ്രദ്ധിച്ചു കൊണ്ട് ഒരുമിച്ചു നേരിടാൻ നമുക്ക് ശ്രമിക്കാം. 

[പ്രദേശം അനുസരിച്ചുള്ള ആയുര്‍വേദ ചികിത്സാ വകുപ്പുകളിടെയും, സന്നദ്ധപ്രവര്‍ത്തകരുടെയും, ഡോക്ടര്‍മാരുടെയും ഫോണ്‍നമ്പറുകള്‍ക്കായി ഈ പേജ് സന്ദര്‍ശിക്കുക]


About author

Dr. Bishnu S. Prasad

B.A.M.S Medical Officer, GAD Eruthempathy bishnudr@gmail.com


Scroll to Top