Beauty Care and Ayurveda

Lining the Eyes with the Goodness of Ayurveda

അഞ്ജനമെന്നതു ഞാനറിയും..

സ്ത്രീസൗന്ദര്യ സങ്കല്‍പ്പത്തില്‍ ഒഴിച്ചുകൂടാനാകാത്ത  ഒന്നാണ് കണ്ണെഴുതുക എന്നത്. മഷിയിട്ട കണ്ണുകളാല്‍ പ്രചോതിദമായി എഴുതപ്പെട്ട നിരവധി സൃഷ്ടികള്‍ മലയാള സാഹിത്യത്തില്‍ തന്നെ കാണുവാന്‍ സാധിക്കും. കണ്ണെഴുത്തിന്‍റെ ആരോഗ്യ വശങ്ങളേക്കുറിച്ചും, ആരോഗ്യകരമായി എങ്ങനെ കണ്ണെഴുതാം എന്നതിനെക്കുറിച്ചും നമുക്ക് പരിശോധിക്കാം. 

കണ്മഷി

മുന്‍കാലങ്ങളില്‍ വീടുകളില്‍ തയ്യാറാക്കിയിരുന്ന കണ്മഷികളായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രാദേശികമായി ലഭ്യമായിരുന്ന ഔഷധസസ്യങ്ങളില്‍ നിന്നു തയ്യാറാക്കിയിരുന്ന ഇവക്ക് വളരെയധികം ഔഷധമൂല്യവും ഉണ്ടായിരുന്നു. വീടുകളില്‍ തന്നെ ധാരാളം ഔഷധസസ്യങ്ങള്‍ ലഭ്യമായിരുന്നതിനാലും, കൂട്ടുകുടുംബം പോലുള്ള സാമൂഹിക വ്യവസ്ഥകളും ഉമിക്കരി, കണ്മഷി തുടങ്ങിയവ ആവശ്യാനുസരണം വീട്ടില്‍ സ്വയം ഉണ്ടാക്കുന്നതിന് കാരണമായി. സണ്‍ ഗ്ലാസുകള്‍ പോലെയുള്ള നേത്രസംരക്ഷണോപാധികള്‍ ലഭ്യമല്ലാതിരുന്ന അക്കാലത്ത്, കണ്ണുകളെ ചൂടില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഇത്തരം കണ്മഷികളും സുറുമ പോലുള്ള വസ്തുക്കളും, സ്ത്രീ പുരുഷ ഭേദമന്യേ ഉപയോഗിച്ചിരുന്നതായി കാണാം.

എന്നാല്‍ പില്‍ക്കാലത്ത് വന്ന അണുകുടുംബ സംസ്കാരം, തിരക്കേറിയ ജീവിതസാഹചര്യങ്ങള്‍, ഔഷധസസ്യങ്ങളുടെ ദൗർലഭ്യം തുടങ്ങിയവ കേരളത്തിന്‍റെ തനതായ ഇത്തരം കാര്യങ്ങളില്‍ നിന്നു ജനങ്ങളെ അകറ്റി. ഉപഭോഗ സംസ്കാരത്തിന്‍റെ കടന്നുവരവോടെ കണ്ണെഴുതുക എന്ന ശീലം കേവലം സ്ത്രീ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗം മാത്രമായി ഒതുങ്ങുകയും, വിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളിലേക്ക് മലയാളിയുടെ കണ്ണെഴുത്ത് ശീലങ്ങള്‍ ചുരുങ്ങുകയും ചെയ്തു. കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമായ ഇത്തരം ഉത്പന്നങ്ങള്‍ വിവിധ വർണ്ണ വൈവിധ്യങ്ങളില്‍ ലഭ്യമായതോടെ മലയാളി സ്ത്രീകള്‍ പൂര്‍വികരുടെ ശീലങ്ങള്‍ പതിയെ മറക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ വരെ പടരാത്ത, വെള്ളത്തില്‍ അലിയാത്ത ഇത്തരം ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന വിലയില്‍ ലഭ്യമായതോടെ വീട്ടിലെ ഔഷധ സമ്പുഷ്ടമായ കണ്മഷിയുടെ ഉത്പാദനം ഏറെക്കുറേ ചരിത്രത്തിന്‍റെ ഭാഗമായി മാറി. എന്നാലും ഇന്നും പല മലയാളി കുടുംബങ്ങളും വീടുകളില്‍ ഉണ്ടാക്കുന്ന കണ്മഷിയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചു വരുന്നു.

ഇന്ന് വിപണിയില്‍ ലഭ്യമായ കണ്മഷികള്‍ (പെന്‍സില്‍, ലിക്വിഡ്, ക്രീം) ഉത്പാദിപ്പിക്കുന്നത് പ്രധാനമായും മെഴുക്, പശ, കളിമണ്ണ് തുടങ്ങിയ thickener-കളിൽ pigments അല്ലെങ്കില്‍ വര്‍ണകങ്ങളായ iron oxides, chromium oxide തുടങ്ങിയ രാസ സംയുക്തങ്ങൾ ചേർത്താണ്. Thickeners കണ്മഷിയെ തൊലിയില്‍ ഉറപ്പിച്ചു നിർത്തുമ്പോൾ pigments കണ്മഷിക്ക് നിറം നൽകുന്നു. നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം ഉത്പന്നങ്ങള് ഉപഭോക്താവിലേക്ക് എത്തുന്നത് എങ്കിലും ഇവ പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അലര്‍ജി പോലുള്ള ത്വക് രോഗങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഉപയോഗം കൊണ്ട് ഇവ കണ്ണിലെ conjunctiva പോലുള്ള ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നതിനും അതുവഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. 

ആയുർവേദത്തിലെ  കണ്ണെഴുത്ത്

ആയുർവേദത്തിൽ  നേത്രരോഗ ചികിത്സക്കായി 7 തരത്തിലുള്ള ചികിത്സാ രീതികള്‍ നിര്‍ദേശിക്കുന്നതില്‍ ഒന്നായ അഞ്ജനം കണ്ണെഴുത്തിന് ഏറെക്കുറെ സമാനമാണ്. കണ്ണെഴുതുമ്പോള്‍ കണ്മഷി പ്രധാനമായും  കൺപീലികളിലാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ജനങ്ങൾ താഴെ കണ്‍പോള വിടര്‍ത്തിയ ശേഷം പോളക്കുള്ളിലാണ് പ്രയോഗിക്കുന്നത്. പ്രധാനമായും മൂന്നു രീതിയിലാണ് അഞ്ജനങ്ങൾ ലഭ്യമാകുക. ഗുളികരൂപത്തില്‍ ലഭ്യമാകുന്ന അഞ്ജനങ്ങൾ യുക്തമായ ദ്രവദ്രവ്യത്തില്‍ അരച്ചതിനു ശേഷം കണ്ണില്‍ ഉപയോഗിക്കുന്നു. ഇളനീർ കുഴമ്പു പോലെ കുഴമ്പ് രൂപത്തിലും ചൂര്‍ണ്ണ (പൊടി) രൂപത്തിലും അഞ്ജനങ്ങൾ ലഭ്യമാണ്. 

ആരോഗ്യവാനായ ഒരാളുടെ ആരോഗ്യം സംരക്ഷിക്കുക, രോഗിയെ ചികിത്സിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് ആയുര്‍വേദത്തിനുള്ളതെന്നു സംക്ഷിപ്തമായി പറയാം. ഇതില്‍ ആരോഗ്യസംരക്ഷണത്തിനായി ദിനചര്യ, ഋതുചര്യ തുടങ്ങിയവ പറയപ്പെട്ടിരിക്കുന്നു. ആയുര്‍വേദം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന കണ്ണുകളുടെ സംരക്ഷണത്തിനായി എല്ലാദിവസവും സൗവീരാഞ്ജനം ഉപയോഗിക്കാനും ആഴ്ചയില്‍ ഒരുദിവസം രസാഞ്ജനം ഉപയോഗിക്കാനും ആയുര്‍വേദം അനുശാസിക്കുന്നു. Antimony sulphide പ്രധാന ചേരുവയായി നിര്‍മ്മിക്കുന്നതാണ് സൗവീരാഞ്ജനം. രസാഞ്ജനം മരമഞ്ഞള്‍ (Berberis aristata DC.) സത്ത് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ജപ്രയോഗം കണ്ണുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയതയും ഭംഗിയും പ്രദാനം ചെയ്യുന്നതിനോടൊപ്പം നല്ല കാഴ്ചശക്തി പ്രദാനം ചെയ്യുകയും, രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. പണ്ടുകാലങ്ങളില്‍ പ്രചാരത്തിലിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് നഷ്ടമായിപ്പോയ ഇത്തരത്തിലുള്ള അഞ്ജന പ്രയോഗങ്ങലെ പറ്റിയുള്ള പഠനങ്ങള്‍ ഈ മേഖലയിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അത്യാവശ്യമാണ്.

വാര്‍ധക്യ സഹജമായ നേത്രരോഗങ്ങളെ തടയുന്നതിനായി സ്ഥിരമായി ഇളനീര്‍ കുഴമ്പ് എഴുതിയിരുന്നവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഇന്നും അസ്തമിച്ച്ചിട്ടില്ലാത്ത ആ ശീലത്തിന്‍റെ ഫലമായി വാര്‍ധക്യത്തിന്‍റെ അവശതകല്‍ക്കിടയിലും വളരെ നല്ല കാഴ്ചശക്തി ആസ്വദിക്കുന്ന, 80 -90 വയസ്സ് പ്രായമുള്ള ഭാഗ്യവാന്മാരെയും ഭാഗ്യവതികളെയും നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കും. മലയാളിക്ക് ഇന്ന് അന്യമായി കൊണ്ടിരിക്കുന്ന ഇത്തരം ശീലങ്ങളെ തിരിച്ചു കൊണ്ടുവരേണ്ടത്, ഇലെക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഭക്ഷണശീലങ്ങള്‍ വരെ കണ്ണിന്‍റെ ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന ഈ കാലത്തിന്‍റെ ആവശ്യകത തന്നെയാണ്. എന്നാല്‍ കണ്ണിനു എന്ത് അസുഖം വന്നാലും ഇനീര്‍ കുഴമ്പ് പോലുള്ള മരുന്നുകള്‍ വൈദ്യനിര്‍ദേശം കൂടാതെ ഉപയോഗിക്കുന്ന തെറ്റായ പ്രവണതയും കാണുന്നുണ്ട്. പ്രത്യേകിച്ചും കണ്ണില്‍ പൊടിയോ മറ്റു വസ്തുക്കളോ വീണാലോ, കണ്ണില്‍ ചുവപ്പ്, വേദന, കണ്ണില്‍ നിന്നും വെള്ളം വരിക തുടങ്ങിയ അവസരങ്ങളില്‍ വൈദ്യനിര്‍ദേശം കൂടാതെയുള്ള ഇത്തരം ഔഷധപ്രയോഗം ഗുണത്തെക്കാള്‍ ദോഷമേ ഉണ്ടാക്കൂ.

നേത്രരോഗ ചികിത്സയില്‍ അഞ്ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. യഥാവിധി ഉപയോഗിക്കുന്ന അഞ്ജനങ്ങള്‍ കഠിനമായ നേത്രരോഗങ്ങളെ പോലും ശമിപ്പിക്കുവാന്‍ പര്യാപ്തമാണ്. 

പ്രധാനമായും കണ്‍പീലികളെയും കണ്‍പോളകളുടെയും ആരോഗ്യത്തിനു കണ്ണെഴുത്തും, നേത്രഗോളത്തിന്‍റെ ആരോഗ്യത്തിനും കാഴ്ച നിലനിര്‍ത്തുന്നതിനും അഞ്ജനവും നിത്യജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നന്നായിരിക്കും. 

കണ്ണെഴുതാം സുരക്ഷിതമായി..

ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണെഴുത്തിനെ കൂടുതല്‍ സുരക്ഷിതമാക്കാം. 

എപ്പോഴും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുക 

കണ്‍പോളകളില്‍ അമിതമായി ഉപയോഗിക്കാതിരിക്കുക (കഴിവതും കണ്‍പീലികളില്‍ മാത്രം ഉപയോഗിക്കുക)

ഉറങ്ങുന്നതിനു മുന്‍പായി കണ്മഷി അടക്കം എല്ലാ സൗന്ദര്യവര്‍ധ വസ്തുക്കളും പൂര്‍ണ്ണമായി നീക്കം ചെയ്യുക

കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ കണ്മഷി ഉപയോഗിക്കാതിരിക്കുക

കണ്ണെഴുതാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കാതിരിക്കുക

കഴിവതും പ്രകൃതിദത്തവും സുരക്ഷിതവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക

കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍, 'ഡ്രൈ ഐ' പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ തെറ്റായ രീതിയിലുള്ള കണ്ണെഴുത്ത് രോഗങ്ങള്‍ക്ക് കാരണമാകാം. 

വീട്ടിലുണ്ടാക്കാം കണ്മഷി..

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ആരോഗ്യപ്രദമായ കണ്മഷി നിര്‍മിക്കാനുള്ള ഒരു കൂട്ട് ഇതാ.. 

പൂവാംകുരുന്നൽ  വൃത്തിയായി കഴുകിയ ശേഷം ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക. 

ഇതിനെ നല്ലവണ്ണം അരിച്ചെടുത്ത ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ മുക്കി ഉണക്കിയെടുക്കുക. ഇപ്പ്രകാരം ഏഴുപ്രാവശ്യം ഈ തുണി നീരില്‍ മുക്കി ഉണക്കിയെടുക്കുക. 

തുടര്‍ന്ന് ഈ തുണി ശുദ്ധമായ പശുവിന്‍ നെയ്യില്‍ മുക്കി തിരിയാക്കുക.

നെയ്യ് ഒഴിച്ച വിളക്കില്‍ ഈ തിരിയിട്ടു കത്തിച്ച ശേഷം ഒരു പാത്രം കൊണ്ട് അടക്കുക (മണ്ണ്, ചെമ്പ്, പിച്ചള പാത്രങ്ങള്‍ ഉപയോഗിക്കാം). 

തിരി പൂര്‍ണ്ണമായും കത്തി തീര്‍ന്ന ശേഷം പാത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കരി ശേഖരിക്കുക. 

ഇത് ആവണക്കെണ്ണയില്‍ കുഴച്ചു കണ്മഷി രൂപത്തിലാക്കി കണ്ണെഴുതാന്‍ ഉപയോഗിക്കാം.

ഇന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും പ്രധാനം കണ്ണുകളാണ് എന്നാണ് ആയുര്‍വേദത്തിന്‍റെ കാഴ്ചപ്പാട്. അതുകൊണ്ട് നിങ്ങളുടെ കാഴ്ചയും കണ്ണുകളും കാത്തുരക്ഷികാന്‍ ഈ ഉപായങ്ങള്‍ സഹായകമാകട്ടേ.



About author

Dr. Muhammed Nissam

MD(Ay) Lecturer Dept. of Salakyatanthra Govt. Ayurveda College, Thripunithura


Scroll to Top