Lifestyle

Welcome the Monsoons without the Fever Scare

മഴക്കാലം വന്നുകഴിഞ്ഞു..പനിക്കാലവും!

മഴക്കാലം എന്നു കേൾക്കുന്ന മുറയ്ക്ക് നമ്മുടെ മനസ്സിൽ വന്നേക്കാവുന്ന ആദ്യ ചിന്ത ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, തക്കാളിപ്പനി, പേരറിയാത്ത അസംഖ്യം വൈറൽ പനികൾ അങ്ങനെയങ്ങനെ പേടിപ്പെടുത്തുന്ന പനികളെക്കുറിച്ച് കൂടിയാണ്.

'ഉം പുൻ' ചുഴലിക്കാറ്റിൻ്റെ  ആരവമടങ്ങുമ്പൊഴേക്ക്‌ നമുക്ക് കാലവർഷം വന്നെത്തും. തിളയ്ക്കുന്ന വേനൽച്ചൂടിലേക്ക്‌ കോരിച്ചൊരിയുന്ന മഴ വരുന്നതോടെ നാം സംവത്സരത്തിൻ്റെ രണ്ടാം ഭാഗത്തേക്കുള്ള യാത്ര കൂടിയാണ് ആരംഭിക്കുന്നത്.

രണ്ട് അയനങ്ങൾ

അയനം യാത്രയാണ്.

രാമൻ്റെ യാത്രാ വിശേഷങ്ങൾ രാമായണത്തിൽ വായിക്കുന്ന നമ്മളറിയാതെ നാമോരോരുത്തരും ഓരോ സംവത്സരത്തിലും ഈ രണ്ട് അയനങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. 

സൂര്യൻ്റെ വടക്കോട്ടുള്ള യാത്ര നടക്കുന്ന ഉത്തരായനവും തെക്കോട്ടുള്ള യാത്ര നടക്കുന്ന ദക്ഷിണായനവുമാണീ അയനങ്ങൾ.

മൂന്ന് ഋതുക്കൾ ചേർന്നതാണ് ഒരയനം. തണുപ്പേറ്റ് ഇല പൊഴിയും ശിശിരവും നാടെങ്ങും പൂത്തുലയുന്ന വസന്തവും ഗ്രീഷ്മത്തിൻ്റെ കത്തുന്ന വേനലും ചേർന്ന ഉത്തരായനം.

കനത്ത വൃഷ്ടിയുമായി വർഷവും കാറൊഴിഞ്ഞ മാനം തെളിയുന്ന ശരത് ഋതുവും മഞ്ഞണിഞ്ഞ ഹേമന്തവും ചേർന്ന ദക്ഷിണായനം.

മഴക്കാലം ആയുര്‍വേദത്തില്‍

പ്രകൃതി ഋതുഭേദങ്ങളണിയുന്നതോടൊപ്പം സകലജീവജാലങ്ങളിലും തൽഫലമായി മാറ്റങ്ങളുണ്ടാകുന്നു. ഇങ്ങനെ ഉഷ്ണവും ശൈത്യവും വൃഷ്ടിയുമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് അതാത് കാലത്ത് ആചരിക്കാൻ കൽപ്പിക്കപ്പെട്ട ഋതുചര്യകൾ.

ഇപ്രകാരം ഓരോ ഋതുവിലും നിർദ്ദിഷ്ടമായ ആഹാരവും മറ്റു വിഹാരങ്ങളും പാലിക്കുമ്പോൾ നമ്മുടെ ശാരീരിക ബലവും വർദ്ധിയ്ക്കുന്നു എന്നാണ് ശാസ്ത്രമതം.

വടക്കേയിന്ത്യയിൽ ഈ വിധം ആറു ഋതുക്കളും പ്രകടമെങ്കിലും കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (ഗംഗാ നദിയുടെ ദക്ഷിണ ഭാഗത്തെന്ന് സുശ്രുതാചാര്യൻ്റെ അഭിപ്രായം) മഴ കൂടുതലായി കിട്ടുന്ന പ്രദേശങ്ങളിൽ ഋതു ഗണനയ്ക്ക് ചെറിയ മാറ്റമുണ്ട്.

വർഷ ഋതു, ശരത് ഋതു, ഹേമന്ത ഋതു, വസന്ത ഋതു, ഗ്രീഷ്മ ഋതു എന്നിവയും ആറാമത് പ്രാവൃട് ഋതുവും അടങ്ങുന്ന ചക്രം. ഈ കണക്കു പ്രകാരം കേരളത്തിൽ മഴയെത്തുന്ന ജൂൺ - ജൂലൈ മാസങ്ങൾ പ്രാവൃട് ഋതുവാണ്. ഇടിയും മിന്നലും കനക്കുന്ന മണ്ണിൽ പുതുനാമ്പുകൾ തളിരിട്ടു തുടങ്ങുന്ന മഴക്കാലാരംഭം.

ഋതുചര്യകൾ

മഴക്കാലത്തിന് തൊട്ടുമുന്‍പുള്ള വേനല്‍ക്കാലം

ശരീരത്തെ തണുപ്പിക്കുന്നതും മധുര പ്രധാനമായതും ധാരാളം ദ്രവാംശമടങ്ങിയതും സ്നിഗ്ധവുമായ ആഹാരങ്ങളാണ് ഗ്രീഷ്മത്തിൽ നാം ശീലിച്ചത്. പ്രകൃതിയിൽ പഴങ്ങളും ധാരാളം ധാതുലവണങ്ങളും ജലാംശവുമടങ്ങിയ പച്ചക്കറിയിനങ്ങളും വിളയുന്ന കാലം കൂടിയാണല്ലോ ഗ്രീഷ്മം. കഠിനമായ ചൂടിൽ നിർജലീകരണം തടയാൻ പ്രകൃതിയൊരുക്കുന്ന ഭക്ഷ്യവിഭവങ്ങൾ ശീലിക്കലാണ് ഗ്രീഷ്മ ഋതുവില്‍ നാം ചെയ്തിരുന്നത്. പാലും നെയ്യും മോരും ഭക്ഷണത്തിലുൾപ്പെടുത്തുക, പഞ്ചസാര ചേർന്ന പഴച്ചാറുകളും പാനകങ്ങളും സേവിക്കുക, എരിവ്, പുളി, ഉപ്പ് ഇവ നിയന്ത്രിക്കുക, വാസം കഴിയുന്നത്ര തണുപ്പ് നൽകുന്ന സ്ഥലങ്ങളിലാക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിയന്ത്രിക്കുക എന്നിവയെല്ലാം ഗ്രീഷ്മ ഋതുചര്യയുടെ ഭാഗമായിരുന്നു.

എന്നാല്‍ മഴക്കാലം അടുക്കുമ്പോള്‍ ഈ ചര്യകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

മഴക്കാലത്തെ ഋതുചര്യ

ഇടവപ്പാതിയാവുന്നതോടെ നമുക്ക് മഴ വന്നു തുടങ്ങുകയായി. ഇടവം, മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞുവെന്നും കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞുവെന്നും പഴഞ്ചൊല്ലിൽ പറയുന്ന മഴ മാസങ്ങൾ. പുഴകൾ കരകവിഞ്ഞൊഴുകുന്ന, മണ്ണും വെള്ളവും മലിനമായ, സദാസമയം കാറുമൂടി സൂര്യൻ മറഞ്ഞിരിക്കുന്ന മാസങ്ങൾ. കൊതുകുകളും ഈച്ചകളും പെരുകുന്ന രോഗാണുക്കൾക്ക് പെറ്റുപെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന കാലമാകയാൽ വ്യക്തിഗതവും സാമൂഹികവുമായ ശുചിത്വം പരമപ്രധാനമാണ്. രോഗപ്രതിരോധ ശേഷി സംരക്ഷിക്കപ്പെടുന്ന ഔഷധങ്ങളും ആഹാരങ്ങളും  വിഹാരങ്ങളും ശീലിക്കണം.

ജീവജാലങ്ങളുടെ ബലം ഏറ്റവും കുറഞ്ഞിരിക്കുന്ന രണ്ട് ഋതുക്കളാണ് ഗ്രീഷ്മവും വർഷവും. വർഷ ഋതുവിൽ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥ പരിക്ഷീണിതാവസ്ഥയിലായി വിശപ്പ് നന്നേ കുറവായിരിക്കാനാണ് സാധ്യത. 

ശരീരം ശുദ്ധിയാക്കും വിധം ചികിത്സകൾ ചെയ്തുവരുന്ന കാലം കൂടിയാണിത്. സൂക്ഷിച്ചു വെച്ചിരിക്കുന്ന അരിയും ഇതര ഭക്ഷ്യധാന്യങ്ങളും ഉപയോഗിക്കാം. എളുപ്പം ദഹിക്കും വിധം പയറുവർഗങ്ങൾ ചേർത്തും മാംസം ചേർത്തും തയ്യാറാക്കുന്ന സൂപ്പുകൾ ആവാം. ദഹിക്കാനെളുപ്പമുള്ളതും ദ്രവാംശം കുറഞ്ഞതും പുളിയും ഉപ്പും നെയ്യും ചേർത്തതുമായ ഭക്ഷണങ്ങൾ ആവാം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവൂ. തണുത്ത വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. നഗ്ന പാദരായി പുറത്തിറങ്ങരുത്. കഴിഞ്ഞ പ്രളയകാലം അവസാനിച്ചപ്പോൾ എലിപ്പനി റിപ്പോർട്ട് ചെയ്തത് ഓർമ്മകാണുമല്ലോ...  കാലുകളിൽ മുറിവുകളുണ്ടെങ്കിൽ അതുവഴി ലെപ്ടോസ്പൈറോസിസ് അഥവാ എലിപ്പനിക്ക് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശച്ചു രോഗബാധിതനാവാൻ സാധ്യതയുള്ളതിനാൽ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിരന്തരം ചെളിവെള്ളവുമായുള്ള സമ്പർക്കം പലതരം ത്വഗ്രോഗങ്ങൾക്കും കാരണമായേക്കാം. വസ്ത്രങ്ങൾ അണുവിമുകതമാക്കാം. കുന്തിരിക്കം തുടങ്ങി അണുനാശന ശേഷിയുള്ള വസ്തുക്കൾ വീടിനകത്ത് പുകയ്ക്കാം. പകലുറക്കവും പരിധി വിട്ട വ്യായാമവും ഈ സമയത്ത് നന്നല്ല.

ഋതുസന്ധി

ഓരോ ഋതുക്കൾ മാറി വരുമ്പോഴും ആദ്യ ഋതുവിൻ്റെ അവസാനത്തെ ഏഴു ദിവസവും വരുന്ന ഋതുവിൻ്റെ തുടക്കത്തിലെ ഏഴു ദിവസവും പ്രധാനമാണ്. ഈ പതിനാലു ദിവസം ചേർന്ന കാലത്തെയാണ് ഋതുസന്ധി എന്നു പറയുന്നത്. പിന്നിടുന്ന ഋതുവിൽ ശീലിച്ച കാര്യങ്ങൾ പതുക്കെ വെടിയാനും വരുന്ന ഋതുവിൽ ശീലിക്കേണ്ട കാര്യങ്ങൾ ദിനചര്യയുടെ ഭാഗമാക്കാനും വേണ്ടിയാണ് ഇക്കാലം പ്രയോജനപ്പെടുത്തേണ്ടത്. 

എത്ര ഗുണകരമായ മാറ്റങ്ങളാണെങ്കിലും ഒറ്റയടിക്കുള്ള അനുശീലനം ശരീരത്തിന് നല്ലതല്ല. ക്രമേണക്ക്രമേണെയുള്ള മാറ്റങ്ങളേ ആരോഗ്യകരമായി ഭവിക്കുകയുള്ളു. ഇപ്പോൾ ഗ്രീഷ്മ ഋതുവിൽ നാം ശീലിച്ച കാര്യങ്ങൾ ക്രമേണ വെടിയാനും വർഷ ഋതുവിൽ നാം ശീലിക്കേണ്ടവ ജീവിതത്തിൻ്റെ ഭാഗമാക്കിക്കൊണ്ടുവരാനുമുള്ള സമയമാണ്.

ഋതു സന്ധികൾ പിന്നീടുമ്പോൾ പൂർണമായും വർഷ ഋതുചര്യകൾ പാലിച്ച് നമുക്ക് ആരോഗ്യം നിലനിർത്താം. 


About author

Dr. Muhammed Safeer

MD (Ay)-Swasthavritham Professor- VPSV Ayurveda College, Kottakkal drsafeerpi@gmail.com


Scroll to Top