വായ്പുണ്ണ് 

ഈയടുത്ത്, ലോക്‌ഡോൺ സമയത്ത്, ഒരു രോഗി ഫോൺ ചെയ്തു ചോദിച്ചു..

"ഡോക്ടറെ എനിക്ക് ഇടക്കിടക്ക് വായിൽ പുണ്ണ് വരുന്നു, കുറച്ച് ദിവസം കഴിയുമ്പോ തന്നെ മാറും. ഇതിനു ആയുർവേദത്തിൽ മരുന്നുണ്ടോ? പുറമെ പുരട്ടാൻ എന്തെങ്കിലും?"

ഞാൻ ചോദിച്ചു.."മലശോധന എങ്ങനെ ആണ്‌??"

അപ്പോൾ അദ്ദേഹം പറഞ്ഞു.."കുഴപ്പമില്ല.. അത് എപ്പോളത്തെയും പോലെ തന്നെ... എനിക്ക് വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ഈ വായ് പുണ്ണ് മാത്രം..."

"വയറ്റിൽ നിന്ന് സുഖമമായിട്ടാണോ പോകുന്നത്?"

"ഇല്ല അത് പണ്ടേ ബുദ്ധിമുട്ടാ.. "

"അപ്പോൾ അതാണ് കാര്യം...വായില്‍ ഉണ്ടാകുന്ന പുണ്ണുകള്‍ വായിലെ മാത്രം കുഴപ്പമാണെന്ന് ധരിക്കരുതേ..പുറമേ മരുന്ന് പുരട്ടിയതുകൊണ്ടു മാത്രം പരിഹാരമാകണം എന്നില്ല. അകത്തേക്കും കൂടി മരുന്ന് കഴിക്കണം."

വളരെ സാധാരണമായി ആളുകളിൽ കണ്ടു വരുന്ന ഒരു രോഗമാണ് വായ്പുണ്ണ്. കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഇത് കണ്ടു വരാറുണ്ട്. ധാരാളം ആളുകള്‍ 'ആയുര്‍വേദം' എന്നും പറഞ്ഞു സ്വയം ചില പച്ചമരുന്നുകളും എണ്ണയും ക്രീമും ഒക്കെ പുറമേ പുരട്ടുകയും മാറാതെ വരുമ്പോള്‍ "ആയുര്‍വേദം പരീക്ഷിച്ചു..പക്ഷേ മാറിയില്ലാ" എന്ന് പ്രഖ്യാപിക്കുകയുമാണ് പതിവ്. എന്നാല്‍ വിദഗ്ധ ചികിത്സയിലൂടെ ശരിയായ ആയുര്‍വേദത്തിനു വളരെ പെട്ടന്ന് ദീര്‍ഘകാലം ആശ്വാസം നല്‍കാന്‍കഴിയുന്ന ഒന്നാണ്  വായ്പുണ്ണ്.

വായ്പുണ്ണ് ആയുർവേദത്തിൽ 

വായ്പുണ്ണിനെ  'മുഖപാകം' എന്നാണ് ആയുർവേദത്തിൽ പറയുന്നത്. പാകം എന്നാൽ പുണ്ണ്. 'സർവാസ്യ രോഗം' എന്നും പറയും. കാരണം സപ്ത സ്ഥാനങ്ങളായ ചുണ്ടുകള്‍, പല്ലുകള്‍, മോണ, നാക്ക്, അണ്ണാക്ക്, തൊണ്ട, കവിളിന്‍റെ ഉള്‍വശം..അങ്ങിനെ വായുടെ എല്ലായിടത്തും (സര്‍വ-ആസ്യം) മുഖപാകം വരാറുണ്ട്. 

മുഖപാകം 'പിത്തം' എന്ന ദോഷം പ്രധാനമായും ദുഷിക്കുന്ന ഒരു അവസ്ഥയാണ് (പിത്തജ നാനാത്മജ വ്യാധി). പിത്തത്തിന്‍റെ കൂടെ രക്തവും അധികമായി ദുഷിക്കുന്നു.

വായ്പുണ്ണിന്‍റെ പ്രധാന ലക്ഷണങ്ങള്‍

വട്ടത്തിൽ വെളുത്ത നിറത്തിലും, ചുവപ്പ് നിറത്തിലും, മഞ്ഞ നിറത്തിലും വായയുടെ അകത്തും ഇരുവശങ്ങളിലും, മോണയിലും, നാക്കിലും, ചുണ്ടുകളിലും ഇത് കണ്ടു വരാറുണ്ട്. പക്ഷേ പലപ്പോഴും ഇത് വളരെ വേദന ഉള്ളതും, നമ്മുടെ ദൈനം ദിന കാര്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു.  വായ്പുണ്ണ് സംസാരിക്കുമ്പോളും, ഭക്ഷണം കഴിക്കുമ്പോളും എല്ലാം വേദന ഉണ്ടാകുന്നതു മൂലം ആളുകളിൽ പോഷകക്കുറവു വരെ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. 

ആയുര്‍വേദ വീക്ഷണത്തില്‍ വാത-പിത്ത-കഫ ദോഷങ്ങളില്‍ ഏതാണോ കൂടുതല്‍ വര്‍ധിച്ചിട്ടുള്ളത് അതിനനുസരിച്ച് വായ്പുണ്ണിന്‍റെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ കാണാം..

  • വാതം -വായിൽ മുഴുവനും അസഹ്യമായ വേദന ഉണ്ടാകും, സ്‌ഫോടം (blister) പോലെ ഉണ്ടാകും. 
  • പിത്തം -വായിൽ മുഴുവൻ രക്ത വർണ്ണത്തിലും, ചുട്ടു നീറ്റലോടുകൂടിയതും, ചെറുതായും മഞ്ഞ നിറത്തിലും കൂടിയ പുണ്ണുകളായിരിക്കും 
  • കഫം -വായിൽ മുഴുവൻ ചൊറിച്ചിലോടു കൂടിയതും, വേദന കുറഞ്ഞും, വായിലെ വർണത്തിനു തുല്യമായ വർണ്ണത്തോട് കൂടിയും പൊക്കിളകൾ ഉണ്ടാകുന്നു. 
  • രക്തം -പിത്തജ മുഖപാകം പോലെ തന്നെയാണ്. 

എന്തുകൊണ്ടാണ് വായ്പുണ്ണ് വരുന്നത്?? 

ശരീരത്തിൽ പിത്ത ദോഷം കൂടുമ്പോളാണ് വായ്പുണ്ണ് കണ്ടു വരുന്നത്. പിത്ത ദോഷത്തിന് നമ്മുടെ ദഹന പ്രക്രിയയുമായി നേരിട്ട് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പിത്ത ദോഷത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം വന്ന് അത് വര്‍ദ്ധിക്കുന്ന പല അവസ്ഥകളിലും വായ്പുണ്ണ് കണ്ടുവരുന്നു. ശരീരത്തില്‍ ചൂടും പഴുപ്പും വര്‍ദ്ധിക്കുന്നതും പിത്തം വര്‍ദ്ധിക്കുന്നതിന്‍റെ കൂടെയാണ്. ഇത് വായ്പുണ്ണിലും കാണാം. ഏറ്റവും സാധാരണയായി കാണുന്ന വായ്പുണ്ണിന്‍റെ പ്രധാന കാരണം ദഹനം ശെരിയല്ലാത്തതുകൊണ്ടാണ്. 

വായ്പുണ്ണിന് കാരണമാകാവുന്ന ആഹാര രീതികള്‍

  • രൂക്ഷതയുള്ളവ (eg: dried food)
  • ലഘുവായവ (പെട്ടെന്ന് ദഹിച്ചുപോകുന്നവ)
  • തീക്ഷണമായവ (ഉദാ- മദ്യം, ഉപ്പിലിട്ടത്,‌ ചൊറുക്ക മുതലായവ ഇട്ട് ഉണ്ടാക്കിയവ)
  • കുരുമുളക്, പച്ചമുളക്, തിപ്പലി പോലെയുള്ള എരിവ് കൂടുതലുള്ള വസ്തുക്കളുടെ അമിത ഉപയോഗം
  • ശീലമില്ലാത്തതും അവരവരുടെ ശരീരത്തിനും മനസ്സിനും യോജിക്കാത്തതുമായവ
  • മലബന്ധം, ദഹനക്കുറവ് എന്നിവ ഉണ്ടാക്കുന്നവ
  • എണ്ണയിൽ വറുത്ത ആഹാരങ്ങളുടെ അമിത ഉപയോഗം

വായ്പുണ്ണിന് കാരണമാകാവുന്ന ജീവിതശൈലി

  • ക്രമംതെറ്റിയും അസമയത്തും ഉള്ള ആഹാര സേവനം
  • മറ്റ് രോഗങ്ങള്‍ കൊണ്ടുണ്ടായ ബലക്ഷയം
  • പുഴുപ്പല്ല് 
  • പുകവലി
  • കൃത്രിമ പല്ല് ശരിയായി വയ്ക്കാതിരിക്കുക
  • ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഇല്ലാതിരിക്കുക (ഉദാഹരണം ഉപവാസം എടുക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക)
  • അമിതമായി സംഭാഷണം നടത്തുക 
  • മാനസിക സമ്മർദ്ദം
  • ബ്രഷ് കൊണ്ടോ മറ്റോ തട്ടി വായിൽ  മുറിവേൽക്കുക
  • ശരിയായ രീതിയിൽ വായ ശുചിത്വം ചെയ്യാതിരിക്കുക 
  • കൃത്യമായ ദന്ത ശുചിത്വം പാലിക്കാതിരിക്കുക 
  • പ്രതിരോധ ശേഷി കുറയുക (അണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുന്നു)
  • വിറ്റാമിന്‍ B12, zinc, folic acid എന്നിവയുടെ കുറവിലും വായ്പുണ്ണ് വരാറുണ്ട്

ഈ വിധത്തിലുള്ള മുഖപാകം ശമിക്കാൻ നിദാനപരിവർജനം (കാരണങ്ങളെ അകറ്റി നിർത്തുക) തന്നെയാണ് ഉത്തമം. 

ആധുനിക രീത്യാ മുഖപാകത്തിനു stomatitis എന്ന്‌ പറയുന്നു. ഇതിൽ പല കാരണങ്ങൾ, പല ഭേദങ്ങൾ പറഞ്ഞിരിക്കുന്നു. സ്രാവി (gatarrhal),  നിർജീവക ജന്യം (gangrenous), വേണ്ടതുപോലെ ശുദ്ധി ചെയ്യാത്ത രസസേവ കൊണ്ടുണ്ടാകുന്ന മുഖപാകം, ഫിറങ്കജന്യം (syphilitic). ഇതുപോലെ തന്നെ ദഹനക്കുറവു, കരള്‍ രോഗങ്ങള്‍, കുടലുകളെയും അന്നനാലത്തെയും വയറിനെയും ബാധിക്കുന്ന രോഗങ്ങള്‍  മുതലായ കാരണങ്ങൾ കൊണ്ടും മുഖപാകം ഉണ്ടാകുന്നതായിരിക്കും. 

വായ്പുണ്ണിന് പ്രതിവിധി 

സാധാരണ ഗതിയിൽ ചെറിയ ശ്രദ്ധ കൊടുത്താല്‍ തന്നെ ഒരാഴ്ച്ചയ്ക്കകം വായ്പുണ്ണ് മാറും. പക്ഷെ അതിൽ കൂടുതൽ ദിവസം നീണ്ടു നിന്നാൽ ആയുര്‍വേദ ഡോക്ടറെ നേരിട്ട് കാണുകയാവും ഉത്തമം. 

  • ത്രിഫലതോട്, പാടക്കിഴങ്, മുന്തിരിങ്ങ, പിച്ചകത്തില ഇവ കഷായം വച്ച് തണുത്തതിനുശേഷം അതിൽ തേൻ ചേർത്ത് വായിൽ കവിൾ കൊള്ളുവാൻ ഉപയോഗിക്കണം. 
  • ത്രിഫല മാത്രം കഷായം വെച്ചു കവിൾ കൊള്ളുന്നതും നല്ലതാണ്.. 
  • തേൻ, നെയ്യ്, പാൽ ഇവകൊണ്ടുള്ള കവിൾ കൊള്ളല്‍ മുഖപാകത്തെ ശമിപ്പിക്കും.
  • പിച്ചകത്തില നിത്യവും ചവച്ചുതുപ്പുന്നതും നല്ലതാണ്. 
  • മുരിങ്ങ തൊലിയുടെ കഷായം കുടിക്കാനും കവിള്‍ കൊള്ളാനും നല്ലതാണ്. ഇത് വ്രണശോധനമാണ് (wound cleansing). 
  • ആട്ടിൻ പാല് കുടിക്കുന്നതും നല്ലതാണ്. 

സാമാന്യമായി  മുഖപാകത്തിന് വയറിളക്കല്‍ (വിരേചനം), നസ്യം, വമനം (ഛര്‍ദ്ദിപ്പിക്കല്‍) ഇവയും, എരിവും കയ്പുമുള്ള മരുന്നുകൾ കൊണ്ടുള്ള കവിൾ കൊള്ളലും നല്ലതാണ്. 

സ്ഥിരമായി വായ്പുണ്ണ് വരുന്നവര്‍ കഴിവതും അമിതമായി ഉപ്പ്, പുളി, എരിവ് എന്നീ രസങ്ങള്‍ ഉള്ള ആഹാരങ്ങള്‍ ഒഴിവാക്കുന്നത് രോഗം എളുപ്പം ശമിക്കുവാനും വീണ്ടും വരാതിരിക്കുവാനും അനിവാര്യമാണ്.   

ആയുർവേദ ശാസ്ത്രത്തിൽ ഖദിരാദി ഗുളിക, അരിമേദാദി തൈലം, പരൂഷകാദി തൈലം, ത്രിഫല ചൂർണം, കാളക ചൂർണം, തിക്തകം, മഹാതിക്തകം, ഇന്ദുകാന്തം ഘൃതം തുടങ്ങി ഒരുപാട് യോഗങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്... ഇതെല്ലാം വൈദ്യ നിർദേശം പ്രകാരം രോഗിയുടെയും, രോഗത്തിന്‍റെയും അവസ്ഥയനുസരിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു... 

അപ്പോൾ ഇനി വായ്പുണ്ണ് വരുമ്പോൾ സ്വയം ചികിതസിക്കാതെ കാരണം തിരിച്ചറിഞ്ഞു വൈദ്യ നിർദ്ദേശം അനുസരിച്ചു മരുന്ന് സേവിക്കുക.


About author

Dr. Vineetha Manoj

BAMS, Msc yoga therapy, Chief Ayurveda Physician, Emc ayurveda healthcare Department of ayurveda and yoga, Ernakulam medical centre, Palarivattom, vinuaditya@gmail.com


Scroll to Top