Lifestyle

Ramadan Fasting and Ayurveda Medicines: Best Practices

നോമ്പുകാലം: ആയുര്‍വേദ മരുന്നുകള്‍ എങ്ങനെ കഴിക്കണം

ലോകത്ത്‌ എമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ റംസാന്‍ നോമ്പ് ആചരിക്കുന്ന ഈ വേളയില്‍ അതിനെ കുറിച്ച് കൂടുതൽ ആഴത്തില്‍ മനസ്സിലാക്കുന്നത് നല്ലതാണല്ലോ. നോമ്പ് എടുക്കുമ്പോൾ, മരുന്നുകള്‍ കഴിക്കുന്നവർക്ക് പ്രായോഗികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ആയുര്‍വേദ ചികിത്സകളും നോമ്പും ഒരുമിച്ച് കൊണ്ടുപോകാനും പല സംശയങ്ങള്‍ ജനങ്ങൾക്ക് ഉണ്ടാവാറുണ്ട്. ഇതിനെല്ലാം പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യകരമായി ഒരു നോമ്പു എടുക്കാന്‍  ഉള്ള നിർദ്ദേശങ്ങൾ നല്‍കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. 

ലളിതമായി, ചിട്ടയായ രീതിയിൽ 30 ദിവസവും നോമ്പ് അനുഷ്ഠിക്കുകയാണെങ്കിൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. അത് രോഗങ്ങളെ തടുക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. 

നോമ്പ് അനുഷ്ടിക്കുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങളെ നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം:

  • നോമ്പ് എടുക്കുന്ന കര്‍മ്മം ദഹനശക്തി കൂട്ടുന്നു. നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്രമം നല്‍കി ശരീരത്തിന്‍റെ സ്വതസിദ്ധമായ repair നടത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അതുവഴി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ വഴിയൊരുക്കുന്നു. 
  • ശരിയായ രീതിയില്‍ നോമ്പ് എടുത്താൽ, ഇന്ന് നമ്മുടെയെല്ലാം ആരോഗ്യത്തിന് ഏറ്റവും അധികം ഭീഷണിയായ ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിന്  ഒരു പരിധി വരെ അത് ഉപകരിക്കുന്നു
  • ആയുര്‍വേദ ശാസ്ത്രത്തില്‍ എല്ലാ രോഗങ്ങളും ആമം എന്ന അവസ്ഥയില്‍ നിന്നാണ് സംജാതമാകുന്നത്. ശരീരത്തിലെ ആമാവസ്ഥ മാറുന്നതിന് ഉപവാസം പോലെ മറ്റൊരു മരുന്നില്ല. 

ഉപവാസത്തിലൂടെ അഗ്നിമാന്ദ്യം ഇല്ലാതാവുകയും  ജഠരാഗ്നി വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിലൂടെ ശരീരത്തിലെ ആമാവസ്ഥ മാറുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി രോഗങ്ങളുടെ അടിസ്ഥാന കാരണത്തില്‍ തന്നെ മാറ്റങ്ങൾ ഉണ്ടാകുന്നു. 

ഇങ്ങനെയെല്ലാം ഗുണം ഉള്ളതാണെങ്കിലും മരുന്നുകള്‍ കഴിക്കുന്നതില്‍ പല അപ്രായോഗികതയും ഉണ്ടാവാറുണ്ട്. 

നോമ്പു കാലങ്ങളിൽ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ ചേര്‍ക്കുന്നു:

  • അവശ്യ മരുന്നുകൾ മാത്രം നോമ്പ് കാലങ്ങളിൽ ഉപയോഗിക്കുക. അതായത് ശരീരപുഷ്ടിക്ക് വേണ്ടിയും ത്വക് പ്രസാദനത്തിന് വേണ്ടിയും മറ്റും കഴിക്കുന്ന മരുന്നുകൾ എല്ലാം ഈ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.
  • നോമ്പ് അനുഷ്ഠിക്കുന്നവർ വേദന, നീർക്കെട്ട് പോലുള്ള അസുഖങ്ങൾക്കായി മരുന്നു കഴിക്കുമ്പോൾ പുറമേയുള്ള ചികിത്സകൾ അതായത് കിഴിപിടിക്കൽ, ലേപനങ്ങൾ തുടങ്ങിയവ കൃത്യമായി ചെയ്യുകയാണെങ്കിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ മിതപ്പെടുത്താന്‍ സാധിക്കും. 
  • ദീർഘ കാലങ്ങളായി ഏതെങ്കിലും രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവർ കൃത്യമായി ഡോക്ടറെ കണ്ട് കഴിക്കുന്ന മരുന്നിന്‍റെ അളവുകൾ ക്രമപ്പെടുത്തേണ്ടതുണ്ട്.
  • പല നേരങ്ങളിലായി കഴിക്കുന്ന മരുന്നുകൾ ഒന്നോ രണ്ടോ നേരമായി കഴിക്കാവുന്ന രീതിയിൽ ക്രമീകരിക്കുവാന്‍ നിങ്ങളുടെ ആയുര്‍വേദ ഡോക്ടറെ സമീപിക്കുക.
  • അരിഷ്ടങ്ങൾ പരമാവധി കുറച്ചു ഉപയോഗിക്കുക. Acidity കൂടാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ തീക്ഷ്ണ ഉഷ്ണ സ്വഭാവമുള്ള മരുന്നുകൾ ഈ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉത്തമം.
  • നോമ്പ് തുറന്ന ഉടനെ വെറും വയറ്റിൽ കഷായങ്ങൾ കുടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുതന്നെ കഷായ ചൂർണ്ണങ്ങൾ ഉപയോഗിച്ച് തോയമുണ്ടാക്കി നോമ്പ് തുറന്ന ശേഷം ഇടവിട്ട് കുടിക്കുന്നത് നന്നാവും.
  • ഗുളികകളും, ചൂർണ്ണങ്ങളുമെല്ലാം നോമ്പ് തുറന്ന് കുറച്ചു സമയത്തിന് ശേഷവും, പുലർച്ചെ ഭക്ഷണത്തിന് ശേഷവും കഴിക്കാവുന്നതാണ്
  • പ്രമേഹം, രക്തസമ്മർദ്ദം മുതലായ രോഗങ്ങൾ ഉള്ളവർ നോമ്പ് എടുക്കുമ്പോൾ മരുന്നുകൾ കൃത്യമായി കഴിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, ബ്ലഡ്ഡ് പ്രഷര്‍ എന്നിവ ഇടവിട്ട് പരിശോധിക്കേണ്ടത് ആവശ്യമാണ്.
  • വയറെരിച്ചിൽ, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, മൂത്രക്കല്ല് മുതലായ രോഗങ്ങൾ ഉള്ളവരെല്ലാം നോമ്പ് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകൾ കൃത്യമായി കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • നോമ്പ് എടുക്കുമ്പോൾ രോഗം വർദ്ധിക്കും എന്ന ഒരു സാഹചര്യത്തിൽ നോമ്പെടുക്കൽ നിർബന്ധമില്ല എന്ന് ഖുർആനിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, വൃദ്ധന്മാർ മുതലായവർക്ക് നോമ്പ് പിടിക്കൽ നിർബന്ധമില്ല.
  • നോമ്പ് പിടിക്കുന്ന വ്യക്തികൾക്ക് പഞ്ചകർമ്മചികിത്സകൾ ചെയ്യാതിരിക്കലാണ് ഉത്തമം. രക്തമോക്ഷണം (ഹിജാമ ഉള്‍പ്പെടെ)  പോലുള്ള ചികിത്സകളും ഒഴിവാക്കുന്നതാണ് നല്ലത്. വേദനയുള്ള ഭാഗങ്ങളിൽ കിഴിപിടിക്കാവുന്നതാണ്.
  • വേദന, ചൊറിച്ചിൽ മുതലായവയുള്ള ഭാഗങ്ങളിൽ തൈലം കൊണ്ടോ, കഷായം കൊണ്ടോ ധാര ചെയ്യാവുന്നതാണ്.

നോമ്പ് എടുക്കുന്നതിന് ഒട്ടനവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും തെറ്റായ ചില ശീലങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

ആരോഗ്യത്തെ സംരക്ഷിക്കാൻ നോമ്പുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം: 

  • ഗ്രീഷ്മ ഋതു ആയതുകൊണ്ടുതന്നെ ഭക്ഷണത്തിലും, വെള്ളം കുടിക്കുന്നതിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.
  • ഈത്തപ്പഴവും, പച്ചവെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കലാണ് ശരീരത്തിന് ഏറ്റവും ഗുണകരമായിട്ടുള്ളത്. ഒട്ടുമിക്ക വിറ്റാമിനുകളും, മിനറലുകളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഈത്തപ്പഴത്തിനേക്കാളും നോമ്പ് തുറക്കാനാകുന്ന മറ്റൊരു ഭക്ഷണമില്ല. ചിട്ടയായ രീതിയിലുള്ള നോമ്പ് പിടിക്കൽ രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യം സംരക്ഷിക്കാനും ഏറ്റവും പ്രയോജനപ്പെടുന്നതാണ്.
  • എരിവ്, പുളി കുറയ്ക്കുകയും, ദ്രവവും, മധുരവും, ശീതവുമായുള്ള  ഭക്ഷണങ്ങൾ അധികരിപ്പിക്കുകയും ചെയ്യുക.
  • ശീതളപാനീയങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. നോമ്പ് തുറന്ന ശേഷം കരിക്കിൻവെള്ളം, കൂവ വെള്ളം, അധികം പുളിയില്ലാത്ത പഴച്ചാറുകൾ മുതലായവ എല്ലാം നന്നായി ഉപയോഗിക്കുക.
  • എണ്ണയിൽ വറുത്തതും, മുക്കി പൊരിച്ചതുമായ ചെറുകടികൾ ഒഴിവാക്കുക. പകരം ഇലയട, കൊഴുക്കട്ട പലഹാരങ്ങളും പപ്പായ, പേരയ്ക്ക, വെണ്ണപ്പഴം (അവക്കാഡൊ), തണ്ണിമത്തൻ, ചെറുപഴങ്ങൾ തുടങ്ങിയ ഫലങ്ങളും ശീലമാക്കുക
  • ഗ്രീഷ്മ ഋതുവിലെ ചൂട് ശരീരത്തെ ബാധിക്കാതിരിക്കാൻ നോമ്പ് തുറന്ന ശേഷം രാമച്ചം, നന്നാറി പോലുള്ള മരുന്നുകൾ ഇട്ട തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നന്നാവും. മൂത്രസംബന്ധമായ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ തഴുതാമ, ചെറൂള, കല്ലൂർവഞ്ചി മുതലായവ ഏതെങ്കിലും ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നന്നാവും. 

നോമ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തരാന്‍ നിങ്ങളുടെ ആയുര്‍വേദ ഡോക്ടര്‍മാര്‍ സദാ സന്നദ്ധരാണ് എന്നോര്‍ക്കുക.

മേല്‍ പറഞ്ഞ വസ്തുതകള്‍ എല്ലാം ശ്രദ്ധിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനം ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന് തീര്‍ച്ചയാണ്. ഏവര്‍ക്കും ആരോഗ്യകരമായ ഒരു നോമ്പുകാലം ആശംസിക്കുന്നു.


About author

Dr. Sajitha Sharafudeen

BAMS, Msc (Psy). Chief Physician- Sahya Ayurvedic Hospital, Ambalavayal, Wayanad. sajitha101@gmail.com


Scroll to Top