വേനല്‍ കാലത്തെ ലൈംഗികത - ഒരു ആയുര്‍വേദ വീക്ഷണം 

ലോക്ക് ഡൗൺ കാലഘട്ടമാണ്. പലർക്കും ജോലിയില്ല. പണിയുള്ളവരിൽ തന്നെ ഭൂരിഭാഗം ആളുകൾക്ക് പണിത്തിരക്കുമില്ല. മാത്രമല്ല യാത്രാ വിലക്ക് കർശനമായതിനാൽ ഒരു കാര്യം ഉറപ്പ് , ആഗ്രഹിച്ചോ ആഗ്രഹിക്കാതെയോ നാം എല്ലാവരും ബന്ധുമിത്രങ്ങളെയെല്ലാം ത്യജിച്ച് പരിപൂർണ്ണമായി വീടും കുടുംബവുമായി ഒതുങ്ങി ഇരിക്കുകയാണ്. 

എന്തിനെയും നല്ലതിനായി കാണുന്നവർ ഇതിലും നല്ലത് തന്നെ കാണും. ഇതുവരെ മുഴുവനായി കൊടുക്കാൻ പറ്റാത്ത സ്നേഹം കുടുംബാംഗങ്ങൾക്ക് വാരിക്കോരി നൽകുവാൻ പറ്റിയ അവസരം തന്നെ. ആടിയും പാടിയും, കളികൾ കളിച്ചും, ഒരുമിച്ച് ഭക്ഷണം കഴിച്ചും പകല്‍ സമയം കുട്ടികളെ സന്തോഷിപ്പിച്ച്, രാത്രി, വരും ദിവസത്തിന്‍റെ സ്ഥിരം ടെൻഷനുകൾ ഒന്നും ഇല്ലാതെ, ഭാര്യാഭർത്താക്കൻമാർ യുവ മിഥുനങ്ങളായി മാറി പരസ്പരം നന്നായിട്ടൊന്ന് സന്തോഷിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഇത് വായിക്കേണ്ടതാണ്.

ആയുർവേദവും ത്രയോപസ്തംഭങ്ങളും

ആരോഗ്യപരിപാലനത്തിന് പ്രഥമ പരിഗണന കൽപിക്കുന്ന വൈദ്യശാസ്ത്രമാണ് ആയുർവേദം. അതിനാൽ തന്നെ മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും ആയുർവേദത്തിൽ പൂർണ്ണ ആധികാരികതയോടും ശാസ്ത്രീയ അടിത്തറയോടും കൂടി വിവരിച്ചിട്ടുണ്ട്.

ഒരു ജീവനെ നിലനിർത്തുന്ന പ്രധാന 3 ഘടകങ്ങൾ എന്നത് ആഹാരം, ഉറക്കം (നിദ്ര), അബ്രഹ്മചര്യം എന്നീ ത്രയോപസ്തംഭങ്ങൾ (മൂന്ന് തൂണുകള്‍) ആണെന്ന് ആയുർവേദത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ആഹാരവും ഉറക്കവും എല്ലാവർക്കും വളരെ വ്യക്തമായ കാര്യങ്ങളാണ്. അൽപം പിടികിട്ടാത്തതായുളളത് അബ്രഹ്മചര്യമാണ്. സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം അബ്രഹ്മചര്യമെന്നത് ശരിയായ ലൈംഗികത എന്നത് തന്നെയാണ്. ശരിയായ ലൈംഗികത ഒരാളുടെ ആരോഗ്യവും ബലവും നിലനിർത്താൻ അത്യന്താപേക്ഷിതവുമാണ്.

മാറുന്ന ഋതുക്കളും ജീവിതശൈലിയും

കാലാവസ്ഥയ്ക്കും ഋതുക്കൾക്കും സംഭവിക്കുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതിന്‍റെ പ്രാധാന്യവും അത് എങ്ങനെ നടപ്പിലക്കണമെന്നും ആയുർവേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഇപ്പോൾ നമ്മൾക്ക് ഗ്രീഷ്മ ഋതു അല്ലെങ്കിൽ ചൂട് കാലമാണ്. ഇത് ആയുർവേദ ശാസ്ത്ര പ്രകാരം 'ആദാന കാലത്തിൽ' ഉൾപ്പെടുന്നതാണ്. 'ആദാന കാലം' എന്നാൽ മനുഷ്യന് ആരോഗ്യവും ബലവും കുറയുന്ന കാലഘട്ടമാണ്. അതിനാൽ തന്നെ ഒരുവൻ ഈ സമയത്ത് 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ രതിക്രീടകളിൽ ഏർപ്പെടാവൂ.

എന്തിനാണീ നിയന്ത്രണം

കൃത്യമായി ബീജം ഉത്പാദിപ്പിക്കപ്പെടുവാൻ ശരിയായ ശരീര താപനില അത്യാവശ്യമാണ്. ശരീര താപനിലയിൽ നിന്ന് 2 ഡിഗ്രീ എങ്കിലും കുറഞ്ഞ് നിൽക്കാൻ വേണ്ടിയാണ് പുരുഷനിൽ വൃഷണങ്ങൾ ശരീരത്തിൽ മുട്ടി നിൽക്കാത്ത തരത്തിൽ രൂപം കൊണ്ടിരിക്കുന്നത്. ചൂട് കാലത്ത് അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് നമ്മളിലും അൽപം വ്യത്യാസങ്ങൾ വരികയും അത് ബീജ ഉത്പാദനത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. 2013 ൽ 6000 പേരിൽ നടത്തിയ പഠന പ്രകാരം ശിശിരവസന്തങ്ങളെ അപേക്ഷിച്ച് ചൂട് കാലത്ത് ബീജ ഉത്പാദനം മൂന്നിൽ ഒന്നായി വരെ കുറയുന്നതായി കാണുന്നു.

ഒരുവന്‍റെ ബീജം എന്നത് അയാളുടെ ശരീരത്തിന്‍റെ ആകെ തുകയാണ്. അതിനാൽ തന്നെയാണല്ലോ ഒരൊറ്റ ബീജത്തിൽ നിന്ന് തന്നോട് ശാരീരികവും മാനസ്സികവുമായ സാമ്യമുള്ള തലമുറകൾ ഉണ്ടാകാൻ കാരണം. ആയുർവേദത്തിൽ 'ശുക്ലധാതു' എന്നാണ് ബീജത്തിനെ വിളിക്കുന്നത് - സ്ത്രീയിലും പുരുഷനിലും. ശരീരം നിർമ്മിച്ചിരിക്കുന്ന 7 ധാതുക്കളിൽ വെച്ച് (രസം, രക്തം, മാംസം, മേദസ്സ് , അസ്ഥി, മജ്ജ, ശുക്ലം) അവസാനത്തേതാണ് ശുക്ല ധാതു . ശുക്ലധാതുവിൽ നിന്നാണ് ഒരുവന്‍റെ ഓജസ്സ് അല്ലെങ്കിൽ ആത്യന്തിക ബലം രൂപപ്പെടുന്നത്. അതിനാൽ തന്നെ ശുക്ലത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ചൂട് കാലഘട്ടത്തിൽ ബീജോത്പാദനം കുറഞ്ഞിരിക്കുന്നതിനാൽ തന്നെ നിർബന്ധമായും ലൈംഗികത നിയന്ത്രിക്കേണ്ട അത്യാവശ്യമാണ്.

എന്തു കൊണ്ട് 15 ദിവസം

ബീജം (sperm) ഉണ്ടാകാൻ ശരാശരി 64 ദിവസം വേണ്ടി വരും. 50 ദിവസം എടുത്ത് പുരുഷന്‍റെ വൃഷണങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന 'ബാല' ബീജങ്ങൾ പൂർണ്ണ പ്രായപൂർത്തി കൈവരിക്കുന്നത്  epididymis എന്ന് പേരുള്ള ചുരുളൻ ട്യൂബുകളിൽ വീണ്ടും രണ്ടാഴ്ച്ചക്കാലം ചിലവഴിച്ചതിന് ശേഷം മാത്രമാണ്. മൈഥുന വേളയിൽ പൂർണ്ണവളർച്ചയെത്തിയ ബീജങ്ങൾ ഇവിടെ നിന്നാണ് പ്രധാനമായും പുറത്തേക്ക് പ്രവഹിക്കുന്നത്. അതിനാൽ  വിചിത്രമെങ്കിൽ തന്നെയും, ബീജങ്ങൾക്ക് പൂർണ്ണവളർച്ച എത്താൻ വേണ്ടി വരുന്ന ഈ രണ്ടാഴ്ച്ച കാലയളവ് ആയുർവേദത്തിൽ നിർദേശിക്കുന്ന 15 ദിവസമായി ചേർത്ത് വായിക്കേണ്ട ഒന്നാണ്.

ക്രമവിരുദ്ധമായ ലൈംഗികത

എല്ലാ തത്ത്വങ്ങളും കുറേ അധികം പഠനങ്ങളുടെ സംക്ഷിപ്ത രൂപങ്ങളാണ്. ഓരോ വ്യക്തിയിലും അവരവരുടെ ബലത്തിനനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ കണ്ടുവരും. അതിനാൽ തന്നെ ക്രമവിരുദ്ധമായ ലൈംഗികത ഓരോരുത്തരിലും പലതരം മാറ്റങ്ങളാകാം സൃഷ്ടിക്കുന്നത്. ചിലരിൽ അത് തലചുറ്റലും തളർച്ചയുമായി കാണുമ്പോൾ മറ്റ് ചിലരിൽ അത് ഇടുപ്പ് വേദന, ഇന്ദ്രിയങ്ങൾക്ക് വരുന്ന ക്ഷീണമായും കാണാം. ഓർമ്മക്കുറവ്, ശക്തിക്കുറവ്, ശരീരം മെലിച്ചിൽ, ശരീരത്തിൽ അധികമായി ചൂട് കൂടുക എന്നിവയെല്ലാം ഉണ്ടാകുകയും ചെയ്യും.

പൊതുവെ പുരുഷനിൽ രതി എന്നത് വൈകാരികതയുടെ അതിർവരമ്പുകൾക്കപ്പുറം ഒരു അടിസ്ഥാന ശാരീരിക ചോദനയായി നിലകൊള്ളാറുണ്ട്. എന്നാല്‍ സ്ത്രീകളിൽ മിക്കപ്പോഴും അത് അങ്ങനെ അല്ല. മാനസികവും വൈകാരികവുമായ ഘടകങ്ങൾ ആണ് അവളുടെ ലൈംഗികതയെ തൃപ്തിപ്പെട്ടുത്തുന്നതിൽ പ്രധാനം. ഇത് കൊണ്ടാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അവരുടെ ലൈംഗിക തൃഷ്ണയെ കൂടുതൽ അച്ചടക്കത്തോട് കൂടി നിയന്ത്രിക്കാൻ സാധിക്കുന്നവരായി മാറുന്നത്. ഗ്രീഷ്മ ഋതുവിൽ അധികം ചൂടും വിയർപ്പുമെല്ലാം കാരണം ഭാര്യാ ഭർത്താക്കൻമാർക്ക് സംഭോഗത്തിൽ ഏർപ്പെടുവാനുള്ള ശരിയായ മാനസിക നില ഒരേ പോലെ ഉണ്ടാകണം എന്നില്ല. ഇനി രണ്ട് പേരും പുർണ്ണ താത്പര്യത്തോട് കൂടി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ തന്നെ ചൂട് കാരണം ഉണ്ടാകാവുന്ന രതിയിലെ അനിഷ്ടങ്ങളും കല്ല് കടികളും പതിയെ പതിയെ ചിലരിലെങ്കിലും ലൈംഗികതയോടുള്ള അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയേക്കാം. ഈ സാഹചര്യത്തിലുള്ള ക്രമവിരുദ്ധമായ സംഭോഗം പിന്നീട് രതിയോടുള്ള ഒരു വിമുഖതയോ വെറുപ്പോ ആയി, സ്ത്രീകളിൽ വിശേഷിച്ചും,  രൂപാന്തരപ്പെടാനുള്ള സാധ്യത തള്ളി കളയാനാകില്ല.

മാത്രവുമല്ല, ചൂട് കാലമായതിനാൽ മുത്രാശയ രോഗങ്ങൾ കൂടുതൽ കാണുവാൻ സാധ്യത ഉണ്ട്. ഈ അവസരത്തിലുള്ള ലൈംഗികത ബുദ്ധിമുട്ടുകൾ കൂട്ടുവാനേ ഇടവരുത്തു. സ്ത്രീകളിൽ പ്രത്യേകിച്ച്, ഇത് വളരെ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ്.

ഇതിന് പുറമെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിന്‍റെ ചൂട് വർദ്ധിക്കുകയും നിർജ്ജലീകരണം ഉണ്ടാകുകയും ചെയ്യുന്നു. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നില്ലെങ്കിൽ ഇത് ആരോഗ്യത്തെ കൂടുതൽ വഷളാക്കും. രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യും.

ചൂട് കാലത്ത് പകലിന്‍റെ ദൈർഘ്യം കൂടുതലായതിനാൽ ശരീരത്തിൽ നിന്ന്  അധികമായി ജലാംശം നഷ്ടപ്പെടുവാനുള്ള സാധ്യത വർദ്ധിക്കുമെന്നും, രാത്രിയുടെ ദൈർഘ്യം കുറവായതിനാൽ രതിയിലേർപ്പെടുന്നവർക്ക് കൃത്യമായ വിശ്രമം ലഭിക്കാതെ വരാൻ സാധ്യതയുണ്ടെന്ന കാര്യവും നാം ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്.

എന്തെല്ലാം ശ്രദ്ധിക്കണം

1.  ഓരോരുത്തരും അവരവരുടെ ശരീരബലത്തിനനുസരിച്ച് മാത്രം ലൈംഗികതയിൽ ഏർപ്പെടുക.

2. പകൽ സമയത്തുള്ള സംഭോഗം പൂർണ്ണമായും ഒഴിവാക്കുക.

3. നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. നന്നാറി, ചന്ദനം, രാമച്ചം മുതലായവ ചേർത്ത് വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നത് അഭികാമ്യമാണ്.

4. സംഭോഗത്തിന് ശേഷം നിർബന്ധമായും കുളിക്കുക.

5. ശരീരത്തിൽ ചന്ദനം തേക്കാൻ ആയൂർവേദം നിർദ്ദേശിക്കുന്നത് സംഭോഗാവസരത്തിൽ വർദ്ധിച്ച ശരീരോഷ്മാവ് കുറയ്ക്കാനാണ്.

6. തണുത്ത വെളളം, പഞ്ചസാര ചേർത്ത പാൽ എന്നിവ സംഭോഗശേഷം കുടിക്കുന്നത് നല്ലതാണ്. മറ്റ് പാലുകളെ അപേക്ഷിച്ച് എരുമപ്പാൽ കൂടുതൽ നിർദേശയോഗ്യമാണ്.

7. സംഭോഗാവസരത്തിൽ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാൻ കോഴി ഇറച്ചി, ചെറുപയർ എന്നിവ ചേർത്ത് ഉണ്ടാക്കിയ സൂപ്പ് വളരെ വിശിഷ്മാണ്.

8. രതിയിലേർപ്പെടുന്ന ദിവസങ്ങളിൽ കൃത്യമായ വിശ്രമം ചെയ്യാൻ ശ്രദ്ധിക്കുക.

9. ശരീരത്തിന് ചൂട് കൂട്ടുന്ന തരം അധികം എരിവും പുളിയും ഉപ്പുമുള്ള ആഹാരങ്ങൾ ഒഴിവാക്കുന്നതും ഈ സാഹചര്യത്തിൽ നല്ലതാണ്.

മനുഷ്യൻ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. അത് മറന്നുള്ള പ്രവർത്തികൾ നമ്മെ നാശത്തിലേക്കേ നയിക്കൂ. ചുറ്റും സംഭവിക്കുന്ന, നമ്മുടെ ശരീരത്തിനെ സ്വാധീനിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് ജീവിതശൈലിയെ വാർത്തെടുക്കാനാണ് ആയുർവേദം നമ്മെ പഠിപ്പിക്കുന്നത്. ജാവ വളരെ സിംപിൾ ആണ് എന്ന് പറയുന്നത് പോലെ തന്നെ ഇത്ര സിംപിളും എന്നാൽ പവർഫുളുമായ നിർദേശങ്ങൾ നിങ്ങളുടെ കൂടെയുള്ളപ്പോൾ എത്ര ചൂടുള്ള ഗ്രീഷ്മത്തിലും മൈഥുനം ഒരു കുളിര് കോരുന്ന അനുഭവമാക്കി അതിന്‍റെ സ്മരണകൾ നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും.About author

Dr. Tony Thomas MD (Ay)

Chief Physician, Kallanpally Ayurveda, Koduvayur, Palakkad. 9207862978 kallanpallyayurveda@gmail.com


Scroll to Top