“സ്ത്രീ പുരുഷ ലൈംഗീക പ്രശ്നങ്ങൾ - ഒരാമുഖം "

ലൈംഗീകത എന്നത് തീർത്തും സ്വകാര്യത അർഹിക്കുന്ന ഒന്നാണ്. എന്നാൽ ലൈംഗീക പ്രശ്നങ്ങളെ സങ്കുചിത മനോഭാവത്തോടെ സമീപിച്ചാലോ..? 

പറയാൻ മടി, ചികിത്സയെടുക്കാൻ വിമുഖത. പക്ഷേ പറയാനും ചികിത്സയെടുക്കാനും പ്രശ്നപരിഹാരത്തിനും ഉള്ളിൻ്റെയുള്ളിൽ അതീവ തൃഷ്ണയുള്ളതുമായ ഗണത്തിലാണ് ലൈംഗീക പ്രശ്നങ്ങൾ ഇന്ന് അകപ്പെട്ടിരിക്കുന്നത്.

എന്തിനാണ് ഈ മടി?  എന്താണിതിലെ മാനക്കേട് എന്നറിയാനും കാര്യങ്ങൾ മനസ്സിലാക്കാനും ചരിത്രവും ചരിത്രാതീത കാലവുമൊക്കെ ചർച്ച ചെയ്യേണ്ടി വരും.

ഈ കാലത്ത് അങ്ങനൊക്കെയുണ്ടോ, ഈ കാലത്ത് ഇങ്ങനെയൊക്കെയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന പുരോഗമന സമൂഹം "ലൈംഗീകത " എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയ്ക്കും. 

അതൊരു രഹസ്യ കാര്യമാണ്, ആ വാക്ക് അശ്ലീലമാണ് !!

പരസ്യമായി least consider ചെയ്യുകയും രഹസ്യമായി most consider ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ജൈവ തൃഷ്ണയാണ് ലൈംഗീകത. 

പുരുഷ വന്ധ്യതയും, സ്ത്രീ വന്ധ്യതയും പരസ്യമായി, ശാസ്ത്രീയമായി ചർച്ച ചെയ്യപ്പെടുന്നു എന്നാൽ സ്ത്രീ ലൈംഗീക പ്രശ്നങ്ങളും പുരുഷ ലൈംഗീക പ്രശ്നങ്ങളും (Sexual Dysfunctions) പരസ്യമായി ചർച്ചചെയ്യപെടുന്നില്ല, എന്ന് മാത്രമല്ല രഹസ്യമായി അശാസ്ത്രീയമായി ചികിൽസിക്കപ്പെടുകയും ചെയ്യുന്നു.

പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളും, മാനസിക പ്രശ്നങ്ങളിലൂന്നിയ ശാരീരിക പ്രശ്നങ്ങളും ഉറവെടുക്കുന്നത് കിടപ്പറയിൽ നിന്നാണ്. അസംതൃപ്തമായ ദാമ്പത്യ ജീവിതം നൽകുന്നത് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ്. ആത്യന്തികമായി അത്തരം സമ്മർദ്ദം തൊഴിലിനേയും സാമൂഹിക ഇടപെടലിനെയും സാരമായി ബാധിക്കുന്നു. തുറന്ന് പറച്ചിലിന് ഒരു സാഹചര്യം ലഭിക്കാത്തതോ, തുറന്ന് പറച്ചിലിനോടുള്ള വിമുഖതയോ പ്രശ്നത്തെ രൂക്ഷമാക്കുകയും ചെയ്യുന്നു. 

ഒരു വെടിക്ക് കുറേ പക്ഷികൾ

ഒരൊറ്റ മരുന്ന് കൊണ്ട് എല്ലാ പ്രശ്നങ്ങളും മാറ്റാം എന്ന ധാരണ തീർത്തും അബദ്ധത്തിലൂന്നിയതാണ്. ഇത്തരത്തില്‍ൽ മരുന്നുകൾ വ്യാപാരം ചെയ്യുന്ന, ചികിത്സ നിശ്ചയിക്കുന്ന വ്യാജന്മാർ ഈയൊരു മേഖലയിൽ സജീവമാണ്. എന്ത് വില കൊടുത്തും ഇത്തരം മരുന്നുകൾ വാങ്ങുന്ന പൊതുസമൂഹത്തിന്‍റെ മാനസികാവസ്ഥ ഇവിടെ പ്രത്യക്ഷമായി പ്രകടമാണ്. 

ലൈംഗീക വിദ്യാഭ്യാസത്തിന്‍റെ (Sex education) പ്രാധാന്യം

അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ കൂടെ ലൈംഗീക വിദ്യാഭ്യാസം കൂടി നൽകേണ്ടുന്നതിന്‍റെ പ്രാധാന്യം ഏറിവരുന്ന കാലഘട്ടമാണിത്. ലൈംഗീക പ്രശ്നങ്ങളുടെ അവതരണത്തിൽ പലപ്പോഴും ലൈംഗീക വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്‌തതയാണ് മനസ്സിലാക്കപ്പെടുന്നത്. കൃത്യമായ ലൈംഗീക വിദ്യാഭ്യാസം കിട്ടാതിരിക്കുകയും പകരം സുഹൃത്തുക്കളിൽ നിന്നും, പോൺ സൈറ്റുകളിൽ നിന്നും കിട്ടുന്ന തെറ്റായ ധാരണകൾ മനസ്സിൽ ഉറയ്ക്കുകയും ചെയ്യുന്നു. ഇതുമൂലം ദാമ്പത്യ ജീവിതത്തെ പറ്റി പലർക്കും അമിതവും അസാധ്യവുമായ പ്രതീക്ഷകളാണ് ഉണ്ടാകുന്നത്. അവർക്ക് അപ്രാപ്യമാകും തരത്തിലുള്ള സെക്സ് സിംബലുകൾ ആയിരിക്കും ഉണ്ടായിരിക്കുക. പിന്നീട് വിവാഹം കഴിയുമ്പോൾ പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ അനിർവ്വചനീയമായ പൊരുത്തക്കേടുകൾ സംഭവിക്കുന്നു. ഇതുമൂലം വല്ലാത്ത രീതിയിൽ നിരാശരാകുകയും, ഇണയോട് ദേഷ്യം, ഈർഷ്യ മുതലായ അനാവശ്യ വികാരങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ നമ്മുടെ നാട്ടിൽ പുരുഷന്മാരിലാണ് കൂടുതൽ കണ്ടു വരുന്നത്. 

ഇത്തരത്തിൽ ഒരു വ്യക്തി ലൈംഗീക പ്രശ്നവുമായി സമീപിക്കുമ്പോൾ ലൈംഗീകതയെ പറ്റിയുള്ള അവരുടെ ധാരണ ചോദിച്ചറിയുകയും, ആവശ്യമെങ്കിൽ കൃത്യമായ സെക്സ് എജുക്കേഷൻ നൽകുകയും വേണമെന്നത് പ്രഥമഗണനീയമായ കാര്യമാണ്. 

പലരും ലൈംഗീക പ്രശ്നങ്ങൾ പറയുമ്പോൾ മുഴുവൻ പറയാനുള്ള മടി കാരണം വാക്കുകൾ കുറയ്ക്കുകയും പ്രശ്നം കൃത്യമായി പറയാതിരിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ട് ഉളവാക്കാത്ത വിധം കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ വൈദ്യൻ വൈദഗ്ദ്ധ്യം കാണിക്കുക തന്നെ വേണം. കാരണം അത്രയും സ്വകാര്യതയുള്ളതും വ്യക്തിപരമായതും, തന്‍റെ ഇണയെ പറ്റി പരാമർശിക്കുന്നതുമായ കാര്യങ്ങൾ പറയുമ്പോൾ അതിനെ മാനിക്കുകയും അർഹിക്കുന്ന പരിഗണന നൽകുകയും ചെയ്യേണ്ടത് വൈദ്യന്‍റെ ഉത്തരവാദിത്വമാണ്. 

ലൈംഗീക പ്രതികരണ ചക്രവും ലൈംഗീക പ്രശ്നങ്ങളും (Sexual response cycle and Sexual dysfunctions)

സംഭോഗത്തിൽ ഏർപ്പെടുന്ന സ്ത്രീയും പുരുഷനും സൈക്ലിക്കായ  നാല് അവസ്ഥകളിലൂടെ കടന്നു പോകുന്നു എന്നാണ് പറയപ്പെടുന്നത്. വ്യക്തികൾക്ക് അനുസൃതമായി സാഹചര്യത്തിന് വിധേയമായും ഈ നാല് ഘട്ടങ്ങളിൽ കാര്യമായ മാറ്റങ്ങളും കാണാവുന്നതാണ്. 

 1. ഉത്തേജനാവസ്ഥ (Excitement phase)

ഏതൊരു പ്രവർത്തിയിൽ ഏർപ്പെടാനും ബാഹ്യമായോ ആന്തരികമായോ ചോദന ആവശ്യമാണ്. അത് പോലെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനുള്ള ചോദന ലഭിക്കുന്നത് ഈ ഉത്തേജന ഘട്ടത്തിലാണ്. വ്യക്തികൾക്ക് അനുസൃതമായി ലൈംഗീക ബന്ധത്തിലേക്ക് നയിക്കുന്ന ചോദനയുടെ തീവ്രതയിലും ഏറ്റ കുറച്ചിലുകൾ കാണാവുന്നതാണ്. കാര്യക്ഷമമായ ലൈംഗീക ചോദന പത്തു മുതൽ മുപ്പത് സെക്കന്റ് വരെ തുടർന്ന് നിന്നാൽ സ്ത്രീകൾ ഉത്തേജന ഘട്ടത്തിലേക്ക് കടക്കും. താരതമ്യേനെ കുറഞ്ഞ സമയം മതി പുരുഷനെ സംബന്ധിച്ച്. ഈ ഘട്ടത്തിൽ സ്ത്രീയിലും പുരുഷനിലും പ്രകടമായ ശാരീരിക മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു. 

ഈ ഘട്ടവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രധാന ലൈംഗീക പ്രശ്നങ്ങളാണ് 

  • താല്പര്യക്കുറവ് (Sexual desire disorders)
  • ലിംഗോദ്ധാരണം കിട്ടാത്ത അവസ്ഥ (Erectile dysfunction )
  • ലിംഗോദ്ധാരണം കിട്ടാൻ വൈകുന്ന അവസ്ഥ (Delayed erection)
  • ഉദ്ധാരണത്തിലെ ബല കുറവ് (Reduced rigidity)
  • വേദനയോട് കൂടിയ യോനീമുഖ സങ്കോചം (Vaginismus) മുതലായവ.

ശാരീരികവും മനസികമായുമുള്ള ബുദ്ധിമുട്ടുകൾ നിമിത്തം ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാം. ഓ. പി. യിൽ വരുന്ന നല്ലൊരു ശതമാനം കേസുകളും മാനസിക പ്രശ്നങ്ങളായാണ് കണ്ടു വരുന്നത്. പ്രമേഹവും മറ്റു ശാരീരിക പ്രയാസങ്ങൾ നിമിത്തവും ഇത്തരം അവസ്ഥകൾ കണ്ടു വരുന്നുണ്ട് (Organic sexual dysfunctions). 

സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ, ഇണകൾ തമ്മിലുള്ള ഐക്യം, പരസ്പരം ശരീരത്തോടുള്ള ആകർഷണം എന്നിവ മുഖ്യമാണ്. പുതുതായി വിവാഹിതരായവരിൽ പെർഫോമൻസ് ആൻസൈറ്റി എന്നൊരു അവസ്ഥയും സാധാരണമാണ്. ഇത്തരത്തിൽ ഒരിക്കൽ ലൈംഗീക ബന്ധത്തിൽ പരാജയം സംഭവിച്ചവരിൽ അടുത്ത തവണ ബന്ധപ്പെടുമ്പോൾ ഇത്തരം പ്രശ്നം ഉണ്ടാകാം എന്ന മുൻ ധാരണ ഉടലെടുക്കുന്നു. ഇത് പിന്നീടുള്ള ബന്ധപെടലുകളെ സാരമായി ബാധിക്കുകയും മാനസിക സമ്മർദ്ദം കൂടുകയും ചെയ്യുന്നു. 

2. ഉന്നതാവസ്ഥ (Plateau phase)

ഉത്തേജനാവസ്ഥയിൽ ലഭിച്ച മാനസിക ശാരീരിക മാറ്റങ്ങൾ കൂടിയ അളവിൽ നിലനിൽക്കുന്നതാണ് ഈ അവസ്ഥ. ലൈംഗീക ബന്ധത്തിന്‍റെ സുഖമമായ ആസ്വാദനം നടക്കുന്ന ഘട്ടമാണിത്.  

ഈ ഘട്ടത്തിൽ സംഭവിക്കുന്ന പ്രധാന ലൈംഗീക പ്രശ്നങ്ങളാണ് 

  • ലിംഗോദ്ധാരണം നഷ്ടപ്പെട്ടു പോകുക (loss of erection)
  • തൃപ്തിയാകാത്ത അവസ്ഥ ( Inability to feel pleasure) 
  • അപ്രതീക്ഷിത സ്ഖലനം/ അനിയന്ത്രിത സ്ഖലനം (Unexpected/Uncontrolled ejaculation)
  • ശാരീരികമായി തളരുക (Fatigue)
  • ലൈംഗീക അവയവങ്ങളിൽ വേദന (Dyspareunia).  മുതലായവ. 

ലൈംഗീക ബന്ധം ശരിയായി ആസ്വദിക്കാൻ മറ്റ് ചിന്തകൾ കാരണം സാധിക്കാതെ വരികയും  പ്രതീക്ഷയ്ക്കനുസരിച്ച് തൃപ്തി കിട്ടുന്നില്ലെന്ന അവസ്ഥയും ഈ ഘട്ടത്തിലെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളാണ്. പങ്കാളിയിലെ അസ്വാഭാവിക പ്രതികരണങ്ങളും പ്രതീകൂലമായി ബാധിക്കാറുണ്ട്. 

3.നിർവൃതി ഘട്ടം (Orgasmic phase)

രതിമൂർച്ഛ ഘട്ടം എന്നറിയപ്പെടുന്ന മൂന്നാമത്തെ ഈ അവസ്ഥ ഏറ്റവും ദൈർഘ്യം കുറഞ്ഞതാണ്. സ്ത്രീയിലും പുരുഷനിലും സങ്കീർണമായ ശാരീരിക മാനസിക മാറ്റങ്ങൾ ഈ അവസ്ഥയിൽ പ്രത്യക്ഷമാണ്. ലൈംഗീക ബന്ധത്തിൽ  തൃപ്തിയുടെ പാരമ്യതയിൽ എത്തുന്ന അവസ്ഥയാണിത്. പുരുഷന്മാരിൽ ശുക്ലസ്ഖലനമായും സ്ത്രീകളിൽ താളാത്മകമായ യോനി സങ്കോചമായും ഇത് പ്രകടമാകുന്നു. 

ഈ ഘട്ടത്തിൽ സംഭവിക്കുന്ന പ്രധാന ലൈംഗീക പ്രശ്നങ്ങളാണ് 

ഓർഗാസം അനുഭവിക്കാൻ / ആസ്വദിക്കാൻ പറ്റാത്ത അവസ്ഥ (Orgasmic dysfunction)

ഇതിന് പ്രധാനമായും സ്ഖലനം സംഭവിക്കാതിരിക്കുക (Anejaculation), സ്ഖലനം വൈകുക (Delayed ejaculation) ശുക്ലത്തിന്‍റെ അളവ് കുറവാണെന്ന തോന്നൽ, അമിത പ്രതീക്ഷ,   വേദനയോടെയുള്ള ശുക്ലസ്ഖലനം, ലൈംഗീക അവയവങ്ങളിൽ ഉണ്ടാകുന്ന വേദന എന്നിവയാണ്. 

4.സമാപ്തി ഘട്ടം (Resolution phase)

അതിസങ്കീർണമായ ശാരീരിക മാനസിക മാറ്റങ്ങൾ പൂർവസ്ഥിതിയിലേക്ക് മടങ്ങുന്ന ഘട്ടമാണിത്. തൃപ്തിയാണ് സ്വാഭാവിക വികാരം. എന്നാൽ ഓർഗാസത്തിൽ വരുന്ന അപര്യാപ്തത ഈ ഘട്ടത്തെ 'തൃപ്തി കുറവ്' എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. തൃപ്തി ലഭിക്കാതെ വരുന്ന പക്ഷം ദേഷ്യം, വിഷാദം, ഉത്കണ്ഠ മുതലായ നെഗറ്റീവ് ഫീലിംഗ്സ് മനസ്സിലേക്ക് കടന്നു വരുന്നു. ആദ്യത്തെ മൂന്ന് ഘട്ടങ്ങളിൽ വരുന്ന ചെറിയ പ്രശ്നങ്ങൾ വരെ സമാപ്തി ഘട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. ചുരുക്കത്തിൽ എല്ലാ അവസ്ഥകളുടെയും ആകെ തുകയാണ് സമാപ്തി ഘട്ടത്തിൽ സംജാതമാകുന്നത്. ഭാവിയിൽ ഉണ്ടാകാവുന്ന ലൈംഗീക ചോദനകളെ ഇത് നേരിട്ട് ബാധിക്കുന്നു. 

ചിലരിൽ സമാപ്തി ഘട്ടത്തിൽ മൂത്രനാളിയിൽ ശക്തമായ ചുടുച്ചിലും പുകച്ചിലും അനുഭവപെടാറുണ്ട്. ഇത് തുടർന്ന് നിൽക്കുന്ന പക്ഷം ലൈംഗീക ബന്ധത്തിലുള്ള താല്പര്യം കുറയുന്നു. 

സമാപ്തിഘട്ടമെത്തിയ പുരുഷന് പിന്നീടൊരു ഉത്തേജനവും ഉദ്ധാരണവും കിട്ടാൻ അല്പം സമയം കഴിയേണ്ടതുണ്ട്, ഇതിനെ റിഫ്രാക്ടറി പിരിയഡ് എന്ന് പറയുന്നു. മറിച്ച് സ്ത്രീകൾക്ക് രതിമൂർച്ഛ എത്തിയാലും തുടർച്ചയായി സംഭോഗത്തിൽ ഏർപ്പെടാൻ സാധിക്കുന്നു. 

ലൈംഗീക പ്രശ്നങ്ങളുടെ ചികിത്സ 

• ശാസ്ത്രീയമായതും, തനത് സംസ്കാരത്തെ പരിഗണിച്ചും കൊണ്ടുള്ള ലൈംഗീക വിജ്ഞാനം നൽകുക.

• പങ്കാളികൾ ഓരോരുത്തർക്കായും, ഒരുമിച്ചും കൗൺസലിംഗ് നൽകുക. 

• സൈക്കോ തെറാപ്പി, സി. ബി. ടി., എസ്. എഫ്. ബി. ടി. മുതലായ മെത്തോഡ്‌സ് ഉപയോഗിച്ചുള്ള ചികിത്സ. 

• ഔഷധ ചികിത്സ, പഞ്ചകർമ്മ.

അവസ്ഥാനുസരണം ഉചിതമായ വാജീകരണ ഔഷധങ്ങൾ നൽകുന്ന പക്ഷം കൃത്യമായ മാറ്റങ്ങൾ കണ്ടു വരാറുണ്ട്. പ്രമേഹ സംബന്ധിയായി വരുന്ന ഉദ്ധാരണ കുറവിനും കൃത്യമായ ആയുർവേദ ചികിത്സയിലൂടെ ഫലം കിട്ടാറുണ്ട്. 

"ഓർക്കുക, ആയുർവേദത്തിലെ ലൈംഗീക ചികിത്സ എന്നത്  അശ്വഗന്ധയിലും നായ്ക്കരുണയിലും മാത്രം ഒതുങ്ങുന്നതല്ല "


About author

Dr. Parasuram Kooderi

MD (Ay-Psy) Manasikarogyam Project MO, GAH Ponnani parsurm3@gmail.com


Scroll to Top