സൈനസൈറ്റിസും മഴക്കാലവും

വീണ്ടും മഴക്കാലം വിരുന്നെത്തി. പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടെ പനിയും, ജലദോഷവും, തുമ്മലും തലവേദനയും അങ്ങനെ എല്ലാരും ഉണ്ട്. എന്നാൽ ഇത്തവണ വിരുന്നുകാരെ പതിവിലും കൂടുതൽ ജാഗ്രതയോടുകൂടെയാണ് കേരളം വരവേൽക്കുന്നത്. കാരണം കൊറോണ തന്നെ. 

മഴക്കാലത്തു ഏറ്റവും കൂടുതൽ കാണുന്ന രോഗങ്ങളിൽ ഒന്നാണ് സൈനസൈറ്റിസ് (sinusitis). എന്നാൽ മറ്റ് പല രോഗങ്ങളെയും സൈനസൈറ്റിസ് ആയി തെറ്റുദ്ധരിക്കപ്പെടുന്നതും,  സൈനസൈറ്റിസിനെ മറ്റ് രോഗങ്ങൾ ആയി തെറ്റദ്ധരിക്കുകയും ചെയ്യുന്നത് സ്ഥിരമാണ്. 

സൈനസുകളെ അറിയുക


മൂക്കിനും കണ്ണിനും ചുറ്റും ആയി കാണപ്പെടുന്ന വായു നിറഞ്ഞ 4 ജോഡി അറകളാണ് പാരാനേസൽ സൈനസുകൾ. കണ്ണിനു മുകളിൽ, (Frontal) മൂക്കിന്‍റെ വശങ്ങളിൽ (Maxillary) മൂക്കിനു പിറകിൽ തലച്ചോറിനു തൊട്ടു താഴെയായി(Sphenoidal), കണ്ണിനും മൂക്കിനും ഇടയ്‌ക്ക് (Ethmoidal) ഇങ്ങനെയാണു  സൈനസുകളുടെ  സ്ഥാനം. മൂക്കിലേക്ക് കയറുന്ന രൂക്ഷമായ വായുവിനെ സിക്തമാക്കുന്നതും, തലയുടെ ഭാരം കുറവാക്കുന്നതും സംസാരിക്കുമ്പോൾ ഉള്ള ശബ്ദം ക്രമീകരിക്കുന്നതും ഈ സൈനസുകളാണ്. 

എന്താണ് സൈനസൈറ്റിസ്?

പാരാനേസൽ സൈനസുകളിലെ മ്യൂക്കസ് (കഫം പോലെയുള്ള പശിമയാര്‍ന്ന ഒരു പ്രതലം)  പാളികളുടെ നീർവീക്കം അഥവാ ഇൻഫ്ലമേഷൻ ആണ് സൈനസൈറ്റിസ്.  അല്ലർജി, മൂക്കിലെ വളവ് (Deviated nasal septum), മൂക്കിൽ ദശ വളരുക (Nasal polyp), മറ്റ് ആകൃതി വ്യത്യാസങ്ങൾ മുതലായവയാണ്‌ സൈനസൈറ്റിസിന്‍റെ പ്രധാന കാരണങ്ങൾ. കലശലായ തലവേദന, മുഖത്തെ (സൈനസുകളുടെ സ്ഥാനങ്ങളിൽ) വേദന, പനി, ശ്വാസതടസ്സം , പച്ചയും മഞ്ഞയും കലർന്ന മൂക്കിലൂടെ ഉള്ള കൊഴുത്ത സ്രാവം, ചുമ, തലയ്ക്ക് ഭാരം തോന്നുക തുടങ്ങി പഴക്കം ചെന്നവയിൽ വായിൽ ദുർഗന്ധവും മൂക്കിൽ  നിന്നും തൊണ്ടയിലേക്ക് കഫസ്രാവവും ഉണ്ടാകാറുണ്ട്.

മഴയും സൈനസൈറ്റിസും 

എന്തുകൊണ്ടാണ് മഴക്കാലത്തു ഇത്തരം രോഗങ്ങൾ കൂടുന്നത്? മഴമൂലം അന്തരീക്ഷത്തിലെ വായുസമ്മർദ്ദവും ആർദ്രതയും കൂടുന്നതിനാൽ നാസാദ്വാരത്തിലുള്ള മൃദുലമായ നാഡീവരമ്പുകളിൽ (Sensitive nerve endings) മാറ്റങ്ങൾ ഉണ്ടായി രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്നതാണ് സൈനസുകളിൽ ഇൻഫ്ലമേഷനും നീര് (fluid) നിറയുന്നതിനും കാരണമാകുന്നത്. മഴ പരിസ്ഥിതിയിൽ പെട്ടെന്ന് ഉണ്ടാക്കുന്ന മാറ്റങ്ങൾ പൊടി, പൂമ്പൊടി, തുടങ്ങി പലതരം അലർജൻസ് (allergens- അലര്‍ജിയെ ഉണ്ടാക്കുന്നവ) അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കുന്നതിനാൽ മൂക്കിലെ കഫ പ്രതലത്തിന് വിങ്ങല്‍ സംഭവിക്കുന്നു. പെട്ടെന്നുള്ള തുമ്മലിനും ജലദോഷത്തിനും ഉള്ള പ്രധാനകാരണം ഇതാണ്. അന്തരീക്ഷത്തിലെ തണുപ്പ് കൂടുന്നതിനനുസരിച്ചു സൈനസുകളും ബാക്ടീരിയ, ഫംഗസ് മുതലായവയുടെ അക്രമണത്തിനു ഇരയാകാറുണ്ട്. കൂടാതെ തണുപ്പ് കൂടുന്നതോടെ മ്യൂക്കസിന്‍റെ സ്രവണവും കൂടുന്നു. ഇതും സൈനസൈറ്റിസിന് ഒരു കാരണമാകുന്നു. 

ആയുർവേദവും സൈനസൈറ്റിസും

കഫദോഷത്തിൻറെ ആധിക്യം മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ് സൈനസൈറ്റിസിൽ കാണുന്നത്. അതിനാൽ തന്നെ കഫജ രോഗമായാണ് ആയുർവേദം ഇതിനെ കാണുന്നത്. ഭൂമിയിൽ എന്തെല്ലാം മാറ്റങ്ങൾ കാലക്രമേണ കാണുന്നുവോ അതുപോലെ തന്നെ ശരീരത്തിലും മാറ്റങ്ങൾ കാണും എന്നും ശരീരത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി ഭൂമിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും ആചാര്യന്മാർ കുറിച്ചു വച്ചിരിക്കുന്നു. മഴക്കാലത്തു തണുപ്പ് കൂടുമ്പോൾ സമാന സ്വഭാവമുള്ള കഫം കൂടി രോഗങ്ങൾ ഉണ്ടാക്കുന്നതും ഈ ആപ്തവാക്യത്തെ സാധുവാക്കുന്നു  

ചികിത്സയും പ്രതിരോധവും

എങ്ങനെ സൈനസൈറ്റിസിനെ ചെറുക്കാം? രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ ചികിത്സാ മാർഗം. 

  • അല്ലെർജി ഉണ്ടാക്കുന്ന പൊടി, പുക, പൂമ്പൊടി മുതലായവയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
  • സൈനസൈറ്റിസ് സ്ഥിരമായി വരാറുള്ളവരോ രോഗം പിടിപെടാൻ പ്രവണത ഉള്ളവരോ മഴയ്ക്ക് മുൻപ് തന്നെ ആരോഗ്യ സംരക്ഷണത്തിനായുള്ള മുൻകരുതലുകൾ എടുക്കുക.
  • ആവശ്യമെങ്കിൽ പ്രതിരോധ ഔഷധങ്ങൾ എടുക്കുക.
  • മഴ നനയുന്നതും തണുത്ത കാറ്റേൽക്കുന്നതുമായ സന്ദർഭങ്ങൾ ഒഴിവാക്കുക.
  • തുറന്ന വാഹനങ്ങളിൽ പോകുന്നവർ ചെവി, മൂക്ക്, മുതലായവ കട്ടിയുള്ള തുണികൊണ്ട് മറയ്ക്കുക.
  • ഉറങ്ങുമ്പോൾ ഫാനിൻറെയോ എ. സി.യുടെയോ നേരെ ചുവട്ടിലായി കിടക്കാതിരിക്കുക. കിടക്കുമ്പോളും തല തുണി കൊണ്ട് മൂടികെട്ടാം (ശ്വാസത്തിന് തടസ്സം വരാതെ)
  • സൈനസൈറ്റിസ് ഉള്ളവര്‍ നിത്യം തലയിൽ എണ്ണ  ഇടുന്നതും കുളിയും ഒഴിവാക്കേണ്ടതാണ്. 
  • ലഘു വ്യായാമം ശീലമാക്കുക.
  • നിത്യം ആവിപിടിക്കുന്നതും കഫത്തെ കുറക്കാൻ നല്ലതാണ്.

ആഹാരം തന്നെ ഔഷധം

ഭക്ഷണക്രമമാണ് പലപ്പോഴും കഫരോഗങ്ങളെ കൂട്ടുന്നത്. എന്നാൽ പലപ്പോഴും ആയുർവേദ ഔഷധത്തിനല്ല രോഗത്തിനാണ് പഥ്യം എന്ന് രോഗികളെ പറഞ്ഞു മനസ്സിലാക്കുന്നത് പലപ്പോഴും ദുഷ്കരമാണല്ലോ. ആഹാരക്രമത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയാൽ ചികിത്സ ഏറെ ലളിതമാക്കാൻ സാധിക്കും.

  • തണുപ്പുള്ള ആഹാരങ്ങൾ (ഐസ് ക്രീം, ജ്യൂസുകൾ), മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.
  • ചൂടുള്ളതും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ ആഹാരങ്ങൾ ശീലമാക്കുക.
  • ചെറുചൂടുള്ള വെള്ളം കുടിക്കുക. 
  • കുളിക്കാനും മറ്റു ആവശ്യങ്ങൾക്കും ചൂട് വെള്ളം തന്നെ ഉപയോഗിക്കുക.
  • പാലിന്‍റെ ഉപയോഗം കുറയ്ക്കുക. 
  • ഇഞ്ചി, കുരുമുളക്, മഞ്ഞൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ചേർത്തു കഴിക്കുക.

മഴക്കാലത്ത് ശീലിക്കേണ്ടവ 

ഒരു ഋതുവിൽ നിന്നും അടുത്ത ഋതുവിലേക്ക് മാറുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനാണ് ഓരോ കാലത്തും ആചരിക്കേണ്ട ഋതുചര്യകൾ ആചാര്യന്മാർ വിവരിച്ചിരിക്കുന്നത്. ഓരോ ഋതുവിനേയും വരവേൽക്കുന്നത് കൃത്യമായ ദോഷ ശോധനയും കൂടെ ചെയ്‌തുകൊണ്ടാണ് . അതിനാൽ വർഷകാലം വരുന്നതിനു മുന്നോടിയായി തന്നെ വിരേചനവും ആവശ്യമെങ്കിൽ രക്തമോക്ഷവും ചെയ്യാം. വർഷകാലം ശരീരത്തിന്‍റെയും അഗ്നിയുടെയും ഏറ്റവും ഹീനബലമുള്ള കാലമാണ് എന്നുള്ളത് പ്രാധാന്യം അർഹിക്കുന്നു. അതിനാൽ തന്നെ എളുപ്പത്തിൽ ദഹിക്കുന്നതും കട്ടി കുറവുള്ളതുമായ ആഹാരങ്ങളാണ് വർഷകാലത്തു കഴിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. മദ്യസേവ, കുളത്തിലോ നദിയിലോ കുളിക്കുന്നത്, പൊടി തണുപ്പ് എന്നിവ കൊള്ളുന്നത് ഇവയെല്ലാം  വർജ്ജിക്കുന്നതും തേൻ ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും സേവിക്കുക, കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നിവ  മഴക്കാലത്തു ശീലിക്കുന്നതും  സൈനസൈറ്റിസ് മാത്രമല്ല മഴക്കാലത്തു വരാറുള്ള ചർമ്മ രോഗങ്ങൾ, അതിസാരം, മാറ്റ് പകർച്ചവ്യാധികൾ മുതലായവ തടയുന്നതിനും ഏറെ ഗുണകരമാണ്

ആയുർവേദ ചികിത്സ

കഫം കുറയ്ക്കുന്ന ചികിത്സ തന്നെയാണ് പ്രധാനമായും ചെയ്യുന്നത്. 

വമനം (ഛർദിപ്പിക്കൽ), നസ്യം മുതലായ ശോധനകളും ധൂമപാനം (ഔഷധയുക്തമായ ധൂമം ശ്വസിക്കല്‍), മുഖലേപം മുതലായ ക്രിയാകർമ്മങ്ങളും മറ്റ് ശമനചികിത്സകളും ചെയ്ത് കഫത്തെ കുറയ്ക്കുകയും അഗ്നിബലവും രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ആയുർവേദത്തിൽ സ്വീകരിക്കുന്നത്. 

ചികിത്സ മരുന്നുകൊണ്ട് മാത്രമല്ല. അത് നമ്മുടെ ശീലങ്ങൾ മുതൽ ആഹാരം വരെ ഉള്ള ചെറിയ വലിയ കാര്യങ്ങളിൽ നിന്നുമാണ് തുടങ്ങുന്നത്. ഔഷധം കേവലം ഒരു സഹായി മാത്രമാണ്. അതിനാൽ കൃത്യമായ ആഹാരങ്ങളും വിഹാരങ്ങളും വ്യായാമവും ഉറക്കവും എല്ലാം ശീലമാക്കി രോഗങ്ങളോട് പൊരുതുന്നതിനു നമുക്ക് നമ്മുടെ പടയാളികളെ സജ്ജരാക്കാം.


About author

Dr. Syam Chandran C

MS (Ay)- Salakya Asst Prof. Dept.of Shalakya, Santhigiri Ayurveda Medical College syamchandran3@gmail.com


Scroll to Top