കൗമാരപ്രായം: ആരോഗ്യ പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടമാണ് കൗമാരം. ബാല്യത്തിന്‍റെ കളിതിമിർപ്പുകളിൽ നിന്നും വിട്ടു മാറി പക്വതയിലേക്കുള്ള പ്രയാണം ആരംഭിക്കുന്ന കാലഘട്ടമാണിത്. ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം തന്നെ പുതിയ ചിന്തകൾ , പുതിയ അറിവുകൾ, പുതിയ ബന്ധങ്ങൾ, പുതിയ അനുഭവങ്ങൾ എന്നിവ ആർജ്ജിച്ചെടുക്കുന്ന ഊർജ്ജസ്വലതയുടെ കാലം. ചില പ്രവൃത്തികളിൽ കുട്ടിത്തവും ചിലവയിൽ പക്വതയും കാണിച്ചു കൊണ്ട് പരിഗണയും ചുമതലാബോധവും ഒരുമിച്ചനുഭവിക്കുന്ന സങ്കീർണമായ ഒരു പരിവർത്തന കാലഘട്ടം.

കൗമാരത്തിന്‍റെ നിറച്ചാർത്തുകൾക്ക് മങ്ങലേൽക്കുന്ന സ്ഥിതിവിശേഷങ്ങൾ നിത്യേന മാധ്യമ വാർത്തകളായി നമ്മുടെ മുന്നിലെത്തുന്ന സാഹചര്യമാണ് ഇപ്പോൾ നമുക്ക് മുൻപിലുള്ളത്. "ഈ തലമുറയ്ക്ക് ഇതെന്തു പറ്റി !? " എന്ന്  മുതിർന്നവർ നെടുവീർപ്പിടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും.

എന്താണ് നമ്മുടെ കൗമാരത്തിന് സംഭവിക്കുന്നത്?

കൗമാരത്തിന്‍റെ പ്രത്യേകതകൾ

ശാരീരിക സവിശേഷതകൾ

  • ശരീരഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ
  • ഹോർമോണുകളുടെ വ്യതിയാനം
  • ലൈംഗികാവയവങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വികാസം
  • പെൺകുട്ടികളിലെ ആർത്തവാരംഭം

മാനസികവും വൈകാരികപരവുമായ സവിശേഷതകൾ

  • സ്വാതന്ത്ര്യ ബോധത്തോടെയുള്ള സമീപനങ്ങൾ
  • സാമ്പത്തിക സാമൂഹിക ആശ്രയത്വത്തിൽ നിന്നും വിടുതൽ നേടാനുള്ള വ്യഗ്രത
  • പുതിയ കാര്യങ്ങൾ അറിയുന്നതിനും അനുഭവിക്കുന്നതിനുമുള്ള അഭിവാഞ്ച
  • സാഹസിക മനോഭാവം
  • നിയമങ്ങളെ ചോദ്യം ചെയ്യാനും ലംഘിക്കാനുമുള്ള പ്രവണത
  • നീതികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള ആർജ്ജവം
  • ദൃഢവും ആഴമുള്ളതുമായ സൗഹൃദങ്ങൾ - സുഹൃദ് ബന്ധങ്ങൾക്ക് മുൻഗണന നൽകാനുള്ള പ്രവണത
  • അസന്തുലിതമായ വൈകാരികത , പ്രത്യേകിച്ച് ദേഷ്യം.
  • പ്രണയം, രാഷ്ട്രീയം, വിപ്ലവം ഇവയോടുള്ള മമത.

കൗമാരത്തിന്‍റെ ഇത്തരം സവിശേഷതകൾ കൊണ്ട് തന്നെ സ്വാഭാവികമായും അവർ ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളിലേക്കും അബദ്ധങ്ങളിലേക്കും നയിക്കപ്പെടുന്നു.

കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ

1. ശാരീരിക പ്രശ്നങ്ങൾ

ഹോർമോൺ വ്യതിയാനം കാരണം ധാരാളം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്ന കാലഘട്ടമാണ് കൗമാരം. അമിത വണ്ണം, ശരീരം മെലിയൽ, പോഷകാഹാരക്കുറവ്, ആർത്തവ പ്രശ്നങ്ങൾ, കാഴ്ചസംബന്ധമായ അസുഖങ്ങൾ, തലവേദന, മുഖക്കുരു, ചർമ്മസംബന്ധിയായ അസുഖങ്ങൾ, വിവിധ തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് സാധാരണയായി കൗമാരക്കാരിൽ കണ്ടുവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ. പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുക, കലോറി കൂടുതൽ അടങ്ങിയ ജംഗ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ അമിതമായ ഉപയോഗം ഇവ കൗമാരക്കാരുടെ ഇടയിൽ പതിവാണ്. ഇങ്ങനെ ക്രമം തെറ്റിയ ആഹാര രീതിയും ജീവിത ശൈലിയും വിവിധ ശാരീരിക അസുഖങ്ങളിലേക്ക്  വഴി തെളിക്കുന്നു.

2. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം

പുതുമ തേടിയുള്ള അന്വേഷണമാണ് ലഹരി പദാർത്ഥങ്ങളുടെ മാസ്മരിക ലോകത്തേക്ക് കൗമാരക്കാരെ എത്തിക്കുന്നത്. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭ്യമാകുന്ന ഇന്നത്തെ സാഹചര്യമാണ് ഇവയുടെ ഉപയോഗം കൗമാരക്കാരുടെ ഇടയിൽ വർദ്ധിച്ചുവരുന്നതിന് കാരണമാകുന്നത്. ആഹ്ളാദവേളകളിലും ആഘോഷങ്ങളിലും ലഹരിയെ ഒരു അവശ്യ വസ്തുവായി വർത്തമാനകാല സാമൂഹ്യ മാധ്യമങ്ങളും ചലച്ചിത്രങ്ങളും വരച്ചിടുന്നത് കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചുമാണ് ഈ തലമുറ വളരുന്നത്. നിയന്ത്രണങ്ങളുടെ കെട്ടു പൊട്ടിക്കുവാൻ വെമ്പി നിൽക്കുന്ന കൗമാര മനസുകൾ ഇത്തരം ആവിഷ്കാരങ്ങളിൽ മതിമറന്ന് ലഹരിയുടെ പിറകെ പോകുന്നു.

3. ലൈംഗിക ചൂഷണം / വികല ലൈംഗിക ചിന്തകൾ

വർത്തമാന കാലത്ത് കൗമാരക്കാർ ആൺ പെൺ ഭേദമന്യേ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യാസം  ലഭിക്കാത്തതും പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെ. ലൈംഗിക പരമായ വിഷയത്തിൽ ശരിയായ അറിവ് ലഭിക്കാതെ വരുമ്പോൾ വികലമായ അറിവുകൾ സുലഭമായി ലഭ്യമാക്കുന്ന ഇന്റര്‍നെറ്റിനും സോഷ്യൽ മീഡിയകൾക്കും പിറകെ അവർ പോയേക്കാം. ഇത്തരത്തിൽ ലഭിക്കുന്ന അറിവുകൾ ശരി എന്ന് ധരിക്കുകയും അത് പ്രാവർത്തികമാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യാം. ഇത് അവരെ ലൈംഗിക വൈകൃതങ്ങളിലേക്ക് നയിക്കുന്നു.

4. ആത്മഹത്യാപ്രവണത

ചെറിയ ചെറിയ തോൽവികൾ പോലും നേരിടാതെ കുട്ടിക്കാലം മുതൽ ആവശ്യങ്ങളെല്ലാം സാധിപ്പിക്കപ്പെട്ട് ജയം മാത്രം അനുഭവിച്ച് വളരുന്ന തലമുറയാണ് ഇന്നത്തെ കൗമാരം. അവിടെ ചെറിയ തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പോലും അത് താങ്ങാനാവാതെ അത് ആക്രമണോത്സുകതയിലേക്കോ ആത്മഹത്യയിലേക്കോ അവരെ നയിക്കുന്നു. പരാജയം - അന്യന്‍റെ ജയം പോലും സ്വന്തം തോൽവിയായി ആണ് ഇന്നത്തെ തലമുറ മനസ്സിലാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് മനുഷ്യൻ വളരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുന്നതിന് പകരം പ്രശ്നപരിഹാരം  അസാധ്യമാണെന്നും അതിനേക്കാൾ നല്ല വഴി ആത്മഹത്യയാണെന്നും ഉള്ള രീതിയിലുള്ള അറിവുകളാണ് ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നത്. ഇവയെല്ലാം കൗമാരക്കാരിലെ ആത്മഹത്യാനിരക്ക് വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.

5. മൊബൈൽ / ഇന്റർനെറ്റ് അഡിക്ഷൻ

           കളിചിരികളും തമാശകളും പങ്കു വെക്കലുകളുമായി ആഘോഷമായി മാറിയിരുന്ന കൗമാര ഒത്തുചേരലുകൾ ഇപ്പോൾ പലപ്പോഴും മൊബൈൽ ഫോണുകളിലേക്ക് തലകുനിച്ചിരിക്കുന്ന ശ്മശാന മൂകതകളായി മാറിയിരിക്കുന്നു. ഒരു നിമിഷം പോലും മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാൻ ഇവർക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ സദാസമയവും ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന തലമുറയാണ് ഇന്നുള്ളത്.സ്വന്തം ചുറ്റുപാടുകളിലുള്ള എല്ലാത്തിനെയും തിരസ്കരിച്ച് അകലെ എവിടെയോ ഉള്ള കാര്യങ്ങളുമായി മാത്രം "കണക്ട്നെസ് " ആഗ്രഹിക്കുന്ന  വല്ലാത്ത ഒരു മാനസികാവസ്ഥയാണിത്. അതു പോലെ സ്വന്തം ചുറ്റുപാടുകളിൽ ആസ്വാദനം കണ്ടെത്താതെ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ മായിക ലോകത്ത് വിവിധ തരത്തിലുള്ള ഗെയിമുകളിൽ  ഇവർ തളച്ചിടപ്പെടുന്നു.

കൗമാര പ്രശ്നങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

കൗമാരപ്രായക്കാരിലുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ പലതരത്തിലുള്ള ലക്ഷണങ്ങളിലൂടെ വളരെപ്പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. വിശപ്പില്ലായ്മ, ക്ഷീണം, ഉത്സാഹക്കുറവ്, ഉറക്കം തൂങ്ങൽ, പഠിക്കാൻ മടി, അലസത തുടങ്ങിയവയെല്ലാം ഏതെങ്കിലും രീതിയിലുള്ള ശാരീരികമായ അസുഖത്തിന്‍റെ സൂചനകളാണ്. ആയുർവേദത്തിൽ കൗമാര ആരോഗ്യപ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒട്ടേറെ മരുന്നുകൾ ലഭ്യമാണ്. ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുന്നതോടൊപ്പം തന്നെ ചിട്ടയായ ഭക്ഷണക്രമവും ജീവിത ശൈലിയും പാലിക്കേണ്ടതും പ്രധാന കാര്യം തന്നെ.

കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അവരുടെ മാനസിക പ്രശ്നങ്ങളെ രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ സാധിക്കും. മറ്റുള്ളവരുമായി ഇടപഴുകാനുള്ള ബുദ്ധിമുട്ട്, അന്തർമുഖത്വം, എപ്പോഴും ചിന്തിച്ചിരിക്കുക, മുൻപ് താല്പര്യം ഉണ്ടായിരുന്ന കാര്യങ്ങളിൽ താല്പര്യം കുറയുക, മുറിയിൽ അടച്ചിരിക്കുക, അകാരണമായ പേടി, അമിതമായ ഉത്കണ്ഠ, അനിയന്ത്രിതമായ ദേഷ്യം, അക്രമവാസന, സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കൽ, ഉറക്കക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ കാണുകയാണെങ്കിൽ തീർച്ചയായും ആ കുട്ടിക്ക് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കേണ്ടതാണ്.

കൗമാര പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്ത്?

  • കൗമാര കാലഘട്ടത്തിലെ പ്രത്യേകതകൾ മനസിലാക്കി മാതാപിതാക്കളും അധ്യാപകരും മറ്റുള്ളവരും അവരോട് പെരുമാറുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
  • ഗൃഹാന്തരീക്ഷത്തിൽ അവർക്ക് അവരുടെതായ സ്വാതന്ത്ര്യം നൽകുന്നതിലൂടെയും അവരുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കുന്നതിലൂടെയും "ഞാൻ വിലമതിക്കപ്പെടുന്നു " എന്ന അറിവ് അവർക്ക് നൽകാം.
  • മാനസിക സംഘർഷങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. അവരോടൊപ്പം ഉണ്ടാകുന്ന ഒരു "ക്വാളിറ്റി ടൈം" ദിവസവും രക്ഷിതാക്കൾ ഉറപ്പുവരുത്തുന്നതിലൂടെ ഇത് സാധ്യമാക്കാം.
  • ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഉറപ്പു വരുത്തുന്നതിലൂടെ വികലമായ ലൈംഗിക ചിന്തകളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും ഇവരെ മാറ്റിനിർത്താൻ കഴിയും.
  • ജീവിതത്തിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴാണ് വളർച്ചയും സന്തോഷവും സമാധാനവും ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുന്ന രീതിയിൽ അവരെ പാകപ്പെടുത്തിയെടുക്കുക. കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പ്രശ്നപരിഹാര നൈപുണ്യം ഓരോ കുട്ടിയിലും വളർത്തിയെടുക്കേണ്ടതുണ്ട്.
  • മൊബൈൽ ഫോൺ , ഇന്റനെറ്റ്, സോഷ്യൽ മീഡിയ ഇവയില്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇനി ചിന്തിക്കാൻ പോലും വയ്യ. അവയുടെ നിയന്ത്രിതമായ ഉപയോഗം നടപ്പിലാക്കുക എന്നതാണ് മാറിയ ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത്.
  • ഓരോ മനുഷ്യന്‍റെയും ശാരീരികവും മാനസികവുമായ ആരോഗ്യം അവൻ കഴിക്കുന്ന ആഹാരത്തെയും  അവന്‍റെ ജീവിത രീതിയെയും ആശ്രയിച്ചിരിക്കുന്നു. കൗമാരക്കാരിൽ പ്രത്യേകിച്ചും ഇവ രണ്ടും പ്രാധാന്യമർഹിക്കുന്നു. ആയുർവേദ ശാസ്ത്രത്തിൽ  കുമാരന്മാർ ധാതു വളർച്ച പൂർണമാകാത്തവരും അതിനാൽ തന്നെ ഓജസും ബലവും (ശരീരബലം & സത്വബലം) കുറവുള്ളവരുമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ പ്രായത്തിൽ കഴിക്കുന്ന ആഹാരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മിതമായ അളവിൽ ഗുണമേന്മയുള്ള ആഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുകയും വേണം.
  • ചിട്ടയായ ഒരു ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കുക. കൃത്യസമയത്ത് ഉറങ്ങുക, കൃത്യസമയത്ത് ഉണരുക, പഠനത്തോടൊപ്പം അവരുടെ കഴിവുകൾ വികസിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുക, ശരിയായ രീതിയിലുള്ള ശാരീരിക വ്യായാമം ഉറപ്പുവരുത്തുക
  • കൗമാരത്തിന്‍റെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുതകുന്ന രീതിയിലുള്ള യോഗാസനങ്ങളും പ്രാണായാമവും ശീലിക്കുന്നത് അവരുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്.

കുട്ടിക്കാലം മുതൽ നല്ല ചിന്തകൾ നല്ല ശീലങ്ങൾ, നല്ല സൗഹൃദങ്ങൾ ഇവയോട് ആഭിമുഖ്യം വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നത് വരും തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ്. മൂല്യബോധമുള്ള മാതൃകകളായി സ്വയം മാറിക്കൊണ്ട് മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഇവരെ മുന്നിൽ നിന്ന് നയിക്കാം. അങ്ങനെ ചുറ്റുപാടുകളിൽ നിന്നും തന്‍റെയും സമൂഹത്തിന്‍റെയും നന്മയ്ക്കും വളർച്ചയ്ക്കും ഉതകുന്നവയെ മാത്രം തിരഞ്ഞെടുത്ത് സ്വാംശീകരിക്കാനുള്ള കഴിവ് വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം.


About author

Dr. Thushara Suresh Kumar

MD (Ay)- Manasika. Specialist in Learning & Behavioral disorders and Counselling, IQRAA MEERA Speciality Clinic, Sulthanbatheri & SAHYA Ayurvrdics, Ambalavayal. dr.thusharasureshkumar@gmail.com


Scroll to Top