അഷ്ടാംഗം- ആയുർവേദത്തിലെ 8 ചികിത്സാ ശാഖകള്‍

 അഷ്ടാംഗം! 

ഏവർക്കും പരിചിതം, അഷ്ടാംഗായുർവേദം കേട്ടുകേൾവിയുണ്ട്. എന്നാല്‍ ആയുർവേദത്തിൽ അഷ്ടാംഗങ്ങൾക്കുള്ള പ്രസക്തി എന്താണ്? ഏതെല്ലാമാണ് അഷ്ടാംഗങ്ങൾ? അവയിൽ എന്തെല്ലാം ഉൾക്കൊള്ളുന്നു? എന്തിന് വേണ്ടിയാണീ വിഭജനം? ഇതൊന്നും ബഹുഭൂരിപക്ഷം പേ൪ക്കും ഗ്രാഹ്യമുണ്ടാകില്ല. ഇന്ന് ആ വിഷയത്തെ കുറിച്ച് നമുക്കൊന്ന് ച൪ച്ച ചെയ്യാം..

ആയു൪വേദ തത്വങ്ങള്‍ ഭൂമിയില്‍ ആവി൪ഭവിക്കുന്നത് ഒരുകൂട്ടം നിസ്വാ൪ത്ഥമതികളായ വ്യക്തികളുടെ പരിശ്രമ ഫലമായാണ്. ഒരു കാലത്ത് മനുഷ്യരും മറ്റ് ജീവജാലങ്ങളും പല രോഗങ്ങളാലും ദുരിതം അനുഭവിക്കുന്നത് കണ്ട് അതിനുള്ള ഉത്തമ പരിഹാരം എന്ന നിലയ്ക്കാണ് ആയു൪വേദം രൂപം കൊണ്ടത്. ഋഗ്വേദത്തിന്‍റെ ഉപവേദമായും അഥ൪വ്വവേദത്തിന്‍റെ ഉപവേദമായും ആയു൪വേദം പറയപ്പെടുന്നു. പഞ്ചമ വേദമായി കണക്കാക്കുന്ന ആചാര്യന്മാരും ഉണ്ട്. ‘വേദം’ എന്ന പദത്തിന് വളരെ ലളിതമായി പറഞ്ഞാല്‍ 'അറിവ്' എന്നാണ൪ത്ഥം. അതായത് ആയു൪വേദം എന്നാല്‍ ആയുസ്സിനെ കുറിച്ചുള്ള അറിവ്. ഏവർക്കും ഹിതമായ സ്വസ്ഥമായ ആയുസ്സ് നേടുവാ൯ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, അനുഷ്ഠിക്കേണ്ട ചര്യകള്‍ ഇവയെ ഉള്‍ക്കൊള്ളുന്നതാണ് ആയു൪വേദം. 

മനുഷ്യശരീരം വളരെ സങ്കീ൪ണ്ണമാണെന്ന് നാമേവ൪ക്കും അറിയാമെന്നിരിക്കെ അത്തരം ശരീരത്തിനും മനസ്സിനും  സുഖദായകമായ ആയു൪വേദം എത്രമാത്രം സങ്കീ൪ണ്ണമായിരിക്കും എന്ന് ഊഹിക്കാമല്ലോ! ആയിരം അദ്ധ്യായങ്ങളിലായി ഒരു ലക്ഷം ശ്ലോകങ്ങളോടെ രചിക്കപ്പെട്ട ബ്രഹ്മ സംഹിത ആണ് മൂലഗ്രന്ഥമായി കണക്കാക്കുന്നത്. ഒരു മനുഷ്യായുസ്സ് മുഴുവൻ ഉപയോഗിച്ചാലും ഗ്രഹസ്ഥമാക്കുവാൻ പ്രയാസമാംവിധം പടർന്നു പന്തലിച്ചു നിന്ന ആയു൪വേദത്തെ, അടിവേരുകളടക്കം മനസ്സിലാക്കുവാനും ജിജ്ഞാസുക്കളായ സത്പുരുഷന്മാർക്ക് ആ അറിവ് അതിന്‍റെ വിശാലതയോടെ തന്നെ പക൪ന്നുകൊടുക്കുവാനും, കൂടാതെ ആ തണല്‍ ആശ്രയിച്ചു വരുന്നവർക്ക് ശീഘ്രം ആശ്വാസം നല്കുവാനുമുള്ള സൗകര്യാ൪ത്ഥം ആചാര്യന്മാ൪ തന്നെ എട്ട് അംഗങ്ങളുള്ള ഒരു ശരീരമായി ആയുര്‍വേദത്തെ നമുക്ക് കല്പിച്ചു നൽകി. 

ആ എട്ടംഗങ്ങള്‍ ഇവയാകുന്നു- 

കായ ചികിത്സ

ബാല ചികിത്സ

ഗ്രഹ ചികിത്സ

ഊ൪ദ്ധ്വാംഗ ചികിത്സ

ശല്യ ചികിത്സ

ദംഷ്ട്രചികിത്സ

ജര ചികിത്സ

വൃഷചികിത്സ


കായ ചികിത്സ (≈ General Medicine)

കായാഗ്നി/ജഠരാഗ്നിയെ ആശ്രയിച്ച് ശരീരത്തിലാകമാനം വ്യാപിച്ചുണ്ടാകുന്ന രോഗങ്ങളുടെ നിദാന (കാരണം) ത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിവരിക്കുന്നതാണ് കായ ചികിത്സ. അഗ്നി എന്നത്  ആയു൪വേദത്തിലെ ഒരു പ്രധാന ആശയമാണ് അതില്‍ മുഖ്യമായതാണ് കായാഗ്നി/ജഠരാഗ്നി. സൂര്യ൯ ഈ പ്രപഞ്ചത്തിന് ഊ൪ജ്ജവും ഉണ൪വുമേകി എങ്ങനെ അനിവാര്യ ഘടകമായി  നിലകൊള്ളുന്നുവോ, അതേ പ്രാധാന്യമാണ് നമ്മുടെ ശരീരത്തില്‍  കായാഗ്നിക്കുള്ളത്. ആ കായാഗ്നിക്കുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ശരീര പ്രവ൪ത്തനങ്ങളുടെ താളം തെറ്റിക്കുകയും രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ  ശരീരമാസകലം വ്യാപിച്ചുണ്ടാകുന്ന ജ്വരം/പനി, ക്ഷയം, കുഷ്ഠം/ത്വക്ക് രോഗങ്ങള്‍, ഉന്മാദം, അപസ്മാരം, പ്രമേഹം, അതിസാരം, ഇത്യാദി രോഗങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും കായ ചികിത്സാവിഭാഗത്തില്‍പ്പെടുന്നു. 

കൗമാരഭൃത്യം /ബാല ചികിത്സ (≈ Pediatrics)

പേരില്‍ നിന്ന് തന്നെ വ്യക്തം. നവജാതശിശു സംരക്ഷണം, മുലപ്പാലിന്‍റെ ശുദ്ധീകരണം, ഗ്രഹബാധ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ അവയുടെ ശമനോപായങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വിവരിക്കുന്നത്. ദുഷിച്ച മുലപ്പാല്‍ കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന രോഗങ്ങളും പ്രതിവിധികളും, പ്രസവശേഷം ചെയ്യേണ്ട കാര്യങ്ങള്‍ - പൊക്കിള്‍കൊടി മുറിക്കുക, കാത് കുത്തുക, എന്നിവ- ശരിയായ വിധം ചെയ്യാത്തതിനാലുണ്ടാകാവുന്ന   രോഗാവസ്ഥകളും ശമനോപായങ്ങളും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

 ഗ്രഹബാധ എന്നത് കൊണ്ട് ശിശുക്കള്‍ക്ക് അന്തരീക്ഷത്തിലെ അദൃശ്യമായ ഘടകങ്ങളാലും(സൂക്ഷ്മാണുക്കള്‍) അമ്മയുടെയും കുഞ്ഞിനോടടുത്തിടപെടുന്നവരുടേയും വ്യക്തിശുചിത്വപാലനത്തിലെ അപാകതകളാലും ഉണ്ടാകാവുന്ന രോഗാവസ്ഥയാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള ചികിത്സയും പറയുന്നു.

ഗ്രഹചികിത്സ/ ഭൂത വിദ്യ (≈ Psychology / Psychiatry / Afflictions)

കുട്ടികളിലുണ്ടാകുന്ന ഗ്രഹബാധ ബാലചികിത്സയിൽ പ്രതിപാദിക്കപ്പെട്ടു. സമാനമായി മുതിർന്നവരിലും വ്യക്തമായ കാരണങ്ങളില്ലാതിരിക്കെ അദൃശ്യമായ കാരണങ്ങൾ (സൂക്ഷ്മാണുക്കൾ) ശരീരത്തെ ബാധിച്ച്‌ പ്രകടമായ ലക്ഷണങ്ങളോടെ രോഗങ്ങളുണ്ടാക്കുന്നു. ഇത്തരം രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും ഈ വിഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ മനസ്സിന്‍റെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. വിവിധ കാരണങ്ങളാലുണ്ടാകുന്ന മാനസിക സമ്മർദ്ദം വലിയൊരു ആരോഗ്യപ്രശ്നം തന്നെയാണിന്ന്. തുടർച്ചയായ മാനസിക സമ്മർദ്ദം മൂലം മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്നവർ ഇന്ന് വിരളമല്ല. ആയുർവേദത്തിലെ ഭൂത വിദ്യയിൽ ഇത്തരം അവസ്ഥകളും അതിനുള്ള പരിഹാരങ്ങളും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. 

ഊർദ്ധ്വാംഗ ചികിത്സ/ ശാലാക്യതന്ത്രം (≈ E.N.T and Ophthalmology)

ശരീരത്തിന്‍റെ ഊർദ്ധ്വാംഗത്തെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളെയും ചികിത്സയെയും ഇതിൽ പ്രതിപാദിക്കുന്നു. അതായത് കഴുത്ത്, വായ്, മൂക്ക്, ചെവി, കണ്ണ്, ശിരസ്സ് എന്നിവയെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെയും ചികിത്സാ മാർഗങ്ങളെയും ഇതിൽ വിവരിച്ചിരിക്കുന്നു. ദന്തരോഗങ്ങൾ, മോണപഴുപ്പ്, നാവിന്‍റെ തടിപ്പ്, ടോൺസിലൈറ്റിസ് ഇവയെല്ലാം ഇതിൽപ്പെടുന്നു. ശലാക എന്ന ഉപകരണം ചികിത്സാർത്ഥം പ്രധാനമായി ഉപയോഗിക്കുന്നതു കൊണ്ട് ശാലാക്യം എന്നും അറിയപ്പെടുന്നു. 

ശല്യ ചികിത്സ (≈ Surgery)

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്തതും ഉപദ്രവത്തെ ഉണ്ടാക്കുന്നവയുമാണ് ശല്യങ്ങൾ. ശരീരത്തിൽ തറച്ചു കയറുന്ന മുള്ള്, കല്ല്, മരക്കഷ്ണം, ലോഹ ശകലങ്ങൾ, ആഹാരത്തിലൂടെ കയറി കൂടുന്ന ചെറിയ രോമങ്ങൾ, മുടി, നഖം,അസ്ഥി, ശരീരത്തിനകത്തോ പുറത്തോ ഉണ്ടാകുന്ന മുഴകൾ, കട്ട പിടിച്ചു കിടക്കുന്ന രക്തം, വികലമായതോ ഗർഭാശയത്തിൽ വച്ച് ജീവഹാനി സംഭവിച്ചതോ ആയ ഗർഭം, ഇവയെല്ലാം ശല്യങ്ങൾ തന്നെയാണ്. ഇത്തരം ശല്യങ്ങളെ യന്ത്ര-ശസ്ത്രങ്ങൾ കൊണ്ട് എങ്ങനെ നീക്കം ചെയ്യുമെന്നും  അഗ്നികർമ്മം (പൊള്ളിക്കൽ), ക്ഷാരകർമ്മം ഇവ എങ്ങനെ പ്രയോഗിക്കണമെന്നും എല്ലാം വ്യക്‌തമാക്കി തരുന്നതാണ് ശല്യചികിത്സ. വ്രണത്തിന്‍റെ അവസ്ഥാന്തരങ്ങൾ, അവയിൽ പ്രയോഗിക്കേണ്ട ചികിത്സാവിധികൾ ഇവയും അതിസാഹസം കൊണ്ടോ അപകടം മൂലമോ ഉണ്ടാകുന്ന അംഗഭംഗം എന്നീ അടിയന്തിര ശ്രദ്ധ വേണ്ട എല്ലാം തന്നെ ശല്യചികിത്സയിൽപെടുന്നു. 

വിഷ ചികിത്സ/ ദംഷ്ട്ര ചികിത്സ/ അഗദതന്ത്രം (≈ Toxicology)

സർപ്പ കീടാദികളിൽ നിന്നുണ്ടാകുന്ന വിഷബാധ, വിഷസസ്യങ്ങളുടെ സ്പർശം, ഗന്ധം, ഇവ കൊണ്ടും അറിയാതെ ആഹരിക്കപ്പെടുന്നത് കൊണ്ടുമുണ്ടാകുന്ന വിഷബാധ, രാസവസ്തുക്കളിൽ നിന്നുണ്ടാകുന്ന വിഷബാധ എന്നിവയെല്ലാം പ്രതിപാദ്യവിഷയങ്ങളാണ്. കൃത്രിമവിഷ നിർമ്മാണവും അവ ശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു. പ്രതിവിഷ പ്രയോഗവും വിവരിക്കുന്നുണ്ട്. ഓരോ വിഷബാധയുടെയും പ്രത്യേക ലക്ഷണങ്ങളും ചികിത്സാ മാർഗങ്ങളും നിർദ്ദേശിച്ചിരിക്കുന്നു. കാലാനുസൃതമായി വ്യവഹാരായുർവേദവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജര ചികിത്സ/ രസായന ചികിത്സ (≈ Rejuvenation / Revitalization / Geriatrics)

യൗവ്വനത്തെ നിലനിർത്തിക്കൊണ്ടുപോകുവാൻ ഉള്ള ഉപായം, ആയുസ്സ്, ധാരണാശക്തി, ശരീരബലം, ഇവ വർദ്ധിപ്പിക്കുവാനും, ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ഉള്ള മാർഗ്ഗങ്ങൾ രസായന ചികിത്സയിൽ നിർദ്ദേശിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ആയുസ്സും ആരോഗ്യവും നിലനിർത്തുവാൻ സഹായിക്കുന്ന ആഹാര-വിഹാരങ്ങളും ഔഷധങ്ങളും വിവരിച്ചിരിക്കുന്നു എന്ന് സാരം. വാതാതപികം – കുടീ പ്രാവേശികം എന്നീ രണ്ടുതരം രസായന സേവയെക്കുറിച്ചും അതിന്‍റെ മുന്നോടിയായും ശേഷവും പാലിക്കേണ്ട വിധിവിധാനങ്ങളെ കുറിച്ചും ഈ വിഭാഗത്തിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. യോഗയുടെ യമ-നിയമങ്ങൾക്ക് തുല്യമായി സ്വാസ്ഥ്യപാലനത്തിനുതകുന്ന എന്നും നിവർത്തിയ്ക്കാവുന്ന നാം ശീലിക്കേണ്ട മര്യാദകളെ  ആചാര രസായനം/ നിത്യ രസായനം എന്ന പേരിൽ ചരകാചാര്യൻ ഈ അംഗത്തിലുൾപ്പെടുത്തിയിരിക്കുന്നു. 

വൃഷചികിത്സ/ വാജീകരണ ചികിത്സ (≈ Aphrodisiac therapy and Reproductive medicines)

വൃഷം എന്നാൽ ശുക്രം എന്നർത്ഥം. സുരതസാമർത്ഥ്യത്തെ കൂട്ടുന്നതിനും സന്താനോല്പാദനശേഷിയെ പോഷിപ്പിക്കുന്നതുമാണ് വൃഷ ചികിത്സ. അൽപശുക്ലം, ദുഷ്ടശുക്ലം, ക്ഷീണശുക്ലം, ശുഷ്കമായ ശുക്ലം  എന്നിവയുള്ളവർക്ക് ശുക്ല പുഷ്ടി, ശുക്ല ശുദ്ധി, ശുക്ലവൃദ്ധി, ശുക്ളോൽപ്പാദനം എന്നിവ ഉണ്ടാകുവാന്‍ ഉള്ള നിർദ്ദേശങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാജീ എന്നാൽ കുതിര, ആരോഗ്യവാനായ ഒരു വ്യക്തിക്ക് പോലും കുതിരയ്ക്ക് തുല്യമായ ശക്തി പ്രദാനം ചെയ്യുന്ന വിധികൾ നിർദ്ദേശിച്ചിരിക്കുന്നത് കൊണ്ട് വാജീകരണം എന്നും പറയുന്നു. ലോകത്തിന്‍റെ നിലനിൽപ്പിന് പ്രത്യുൽപ്പാദനം അനിവാര്യമാണെന്നും നല്ല ഭാവിക്കായി നല്ല വിത്തുകൾ പ്രാധാന്യം അർഹിക്കുന്നു എന്നും ബോധ്യമുള്ളത് കൊണ്ടാണ് വൃഷചികിത്സയെ ഒരു അംഗമായി തന്നെ ആചാര്യന്മാർ നിർദേശിച്ചിട്ടുള്ളത്.

 പ്രവൃത്തിപഥത്തിലേക്ക് വരുമ്പോൾ അഷ്ടാംഗങ്ങളെയും യഥോചിതം സം‌യോജിപ്പിച്ചുകൊണ്ട് പ്രയോഗിക്കപ്പെടുന്നു. കൈകാലുകളും ഉടലും തലയും ഒന്ന് ചേരുമ്പോൾ ഒരു പൂർണ്ണ ശരീരമാകുന്നപോലെ, ഈ അഷ്ടാംഗങ്ങൾ പരസ്പരാശ്രയത്തോടുകൂടി ഒന്ന് ചേരുമ്പോഴാണ് ആയുർവേദം പൂർണമാകുന്നത്. 

വ്യക്‌തമാക്കാം..

അര്‍ശസ്സ് ഉള്ള ഒരു രോഗി വൈദ്യനെ സമീപിക്കുമ്പോൾ വൈദ്യൻ രോഗിയുടെ ബലം, മാനസികനില, കുടുംബാന്തരീക്ഷം, ജോലിയുടെ സ്വഭാവം, വാസസ്ഥലത്തിന്‍റെ പ്രത്യേകത, കാലാവസ്ഥ ഇവയെല്ലാം പരിഗണിച്ച് രോഗത്തിന്‍റെ അവസ്ഥയ്ക്കനുസരിച്ച് ഔഷധ സേവനം നിർദ്ദേശിക്കുകയോ ആവശ്യമെങ്കി‍‍ൽ ക്ഷാരസൂത്രം പോലുള്ള ശല്യചികിത്സ നിർദേശിച്ചു കൊണ്ടോ മനസ്സിനും ഉണർവേകി കൊണ്ട് രോഗശമനം വരുത്തി പുനരാവർത്തനം ഒഴിവാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (പഥ്യം) നിർദേശിക്കുകയും രസായനപ്രയോഗം നടത്തുകയും ചെയ്തു ചികിത്സ പൂർണ്ണമാക്കുകയും രോഗമുക്തി സാധ്യമാക്കുകയും ചെയ്യുന്നു. 

ഒരു കുട്ടിക്കുണ്ടാകുന്ന ത്വഗ്രോഗത്തിന്‍റെ കാര്യമെടുത്താൽ, ബാലചികിത്സാവിധി അനുസരിച്ചുള്ള മാത്ര (Dose) നിശ്ചയിച്ചുകൊണ്ട് നിദാനമനുസരിച്ച് വിഷചികിത്സ ചെയ്തോ, ഊർദ്ധ്വാംഗത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ ശാലാക്യ വിധി പരിശോധിച്ചും ശമനൗഷധ പ്രയോഗമോ, പഞ്ചകർമ (ശരീരശുദ്ധിയിലൂടെ രോഗശമനത്തിനായി ഔഷധങ്ങളുപയോഗിച്ച് ഛർദ്ദിപ്പിക്കുക, വയറിളക്കുക, നസ്യം ചെയ്യുക, കഷായ വസ്തി ചെയ്യുക, അനുവാസന വസ്തി ചെയ്യുക, എന്നീ അഞ്ച് കർമങ്ങൾ) വിധികളിലൂടെ ശുദ്ധി (കായചികിത്സ) വരുത്തിയോ, അവസ്ഥാനുസരണം രക്തമോക്ഷം ചെയ്തോ (ശല്യചികിത്സ), മാനസികമായ പിന്തുണയും നൽകി രോഗശാന്തി വരുത്തി രസായനപ്രയോഗത്തോടെ ചികിത്സ പൂർണ്ണഫലപ്രാപ്തി നേടുന്നു. വൃഷചികിത്സ ചെയ്യുമ്പോൾ മുന്നോടിയായി കായചികിത്സാവിധിയായ പഞ്ചകർമത്തിലൂടെ ദേഹശുദ്ധി നേടേണ്ടത് അനിവാര്യമാണ്. ആയുര്‍വേദ ചികിത്സയിലെ ഈ അഷ്ടാംഗങ്ങളും ഇപ്രകാരം പരസ്പരം കൈകോർക്കുമ്പോഴാണ് ചികിത്സ ഫലപ്രാപ്തിയിലെത്തുന്നത്. 

കാലാനുസൃതമായി  അഷ്ടാംഗങ്ങൾക്ക് തുല്യപ്രാധാന്യത്തോടെ ഉയർന്നുവന്നിട്ടുള്ളവയാണ് സ്വസ്ഥവൃത്തം, പ്രസൂതിതന്ത്രവും സ്ത്രീരോഗവും. ആരോഗ്യപാലനാർത്ഥം ഒരു വ്യക്തി ശീലിക്കേണ്ട ദിനചര്യ, ഋതുചര്യ എന്നിവയും നമ്മുടെ വാസസ്ഥലം, വായു- ജലം ഇവയെല്ലാം ശുദ്ധമായിരിക്കേണ്ട ആവശ്യകതയും ശുദ്ധമാക്കാനുള്ള മാർഗ്ഗങ്ങളും അങ്ങനെ നിലവിലെ സന്ദർഭത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് സ്വസ്ഥവൃത്തം. സ്ത്രീകളുടെ ശരീരവിശേഷത്തിനനുസരിച്ച് കായ-ശല്യ ചികിത്സാതത്വങ്ങളെയും പ്രയോഗങ്ങളെയും ഉൾക്കൊണ്ട് പ്രസൂതയായ (പ്രസവം കഴിഞ്ഞ് ആദ്യ ആർത്തവം വരെയുള്ള/ 6 മാസം വരെയുള്ള സ്ത്രീ) സ്ത്രീക്കുണ്ടാകുന്ന ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾക്കും രോഗം വരാതെ സംരക്ഷിക്കുവാനുള്ള അറിവുകളും പൊതുവിൽ സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങളും അവയുടെ പരിഹാരമാർഗങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രസൂതിതന്ത്രവും സ്ത്രീരോഗവും. ഇവയെല്ലാം ജനങ്ങളുടെ സൗകര്യാർത്ഥം ഓരോ സ്പെഷ്യാലിറ്റികളായി നിലകൊള്ളുന്നെങ്കിലും അടിസ്ഥാന തത്വങ്ങളെന്ന നൂലിഴകളാൽ യഥോചിതം കോർത്തിണക്കി, സമീപിക്കുന്ന രോഗികളെ ഓരോ വ്യക്തിത്വങ്ങളായി കണ്ട് അതിന്‍റെ പൂർണത ഉൾക്കൊണ്ട് പ്രവർത്തിച്ച്‌ ചികിത്സയെ പൂർണ്ണതയിലെത്തിക്കുകയാണ് ആയുർവേദശൈലി. ഏതൊരു വ്യക്തിയും ഏതെങ്കിലും ഒരു വിഭാഗത്തിലുള്ള വൈദ്യനെ സമീപിക്കുമ്പോൾ തീർച്ചയായും പൂർണമായ ആരോഗ്യവിവരങ്ങൾ പങ്കുവയ്‌ക്കേണ്ടത് അനിവാര്യമാണ്.

ആയുർവേദത്തിൽ മനുഷ്യൻ മാത്രമല്ല പ്രകൃതിയും മറ്റ് ജീവജാലങ്ങളും പ്രതിപാദ്യവിഷയങ്ങളാകുന്നു. സസ്യലതാദികളുടെ പാലനത്തിനായി വൃക്ഷായുർവേദവും, പശുക്കളുടെ സംരക്ഷണത്തിനും രോഗപരിഹാരത്തിനുമായി ഗവായുർവേദവും, കുതിരകളുടെ സംരക്ഷണത്തിനും രോഗപരിഹാരത്തിനുമായി അശ്വായുർവേദവും, ആനകളുടെ സംരക്ഷണത്തിനും രോഗപരിഹാരത്തിനുമായി ഹസ്ത്യായുർവേദവും, മാൻ, പോത്ത്, ആട് എന്നിവയുടെ ആരോഗ്യസംരക്ഷണത്തിനായി മൃഗായുർവേദവും വിശദമായി തന്നെ വർണ്ണിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തോടൊപ്പം സഹജീവികളുടെ സുസ്ഥിതിക്കും പൂർവ്വികർ എത്രമാത്രം പ്രാധാന്യം നൽകിയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. കാലങ്ങളായി പ്രകൃതിയെ മറന്ന് ജീവിച്ചതിനാലുണ്ടായ ദുരിതക്കയത്തിലാണിന്നു നാം. ഒരു വീണ്ടുവിചിന്തനത്തിന് തയ്യാറെങ്കില്‍ നമുക്കൊരുമിച്ച് കര കയറാം ശാശ്വതമായ ആയുർവേദത്തിലൂടെ..

പ്രകൃതിയുടെ വരദാനമായി ആയുർവേദത്തെ കൽപ്പിച്ചു നൽകിയ ദീർഘദർശികളും അതീന്ദ്രീയബുദ്ധിയുള്ളവരും വിശാലമനസ്കരുമായ ആചാര്യന്മാർക്കു മുന്നിൽ യുവതലമുറയുടെ പ്രണാമം. 


About author

Dr. Sarika Menon

BAMS, Ayurveda Consultant- Vanamali Ayurveda Clinic, Thripunithura. drsarikamenon@gmail.com


Scroll to Top