വൈദ്യ നിർദ്ദേശമില്ലാതെ പ്രസവരക്ഷ ചെയ്‌താൽ   

കഷായം, കുഴമ്പ്, വേതുകുളി, ആട്ടിൻസൂപ്പ്, കോഴിമരുന്നു, പേരറിയാത്ത കുറെ ലേഹ്യങ്ങൾ, മരുന്നുകൾ ഇതൊക്കെയാണ് പ്രസവാനന്തര ശുശ്രൂഷ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് വരിക.വേതിട്ടു  വെന്ത വെള്ളം ചൂടോടെ ആദ്യമായി ദേഹത്ത് വീണപ്പോൾ ഉണ്ടായ  നീറ്റലാവാം സ്ത്രീകളിൽ പലരുടെയും ഓർമയിൽ ആദ്യം വന്നു കാണുക. വൈദ്യശാലയിൽ നിന്നും കിട്ടുന്ന സഞ്ചി നിറയെ ഉള്ള കുപ്പി മരുന്നുകളും,  പൊതി മരുന്നുകളും എങ്ങനെയെങ്കിലും കഴിച്ചു തീർക്കലാണ് ഈ ശുശ്രൂഷ എന്നതായിരിക്കും ചിലരുടെയെങ്കിലും ധാരണ.കേരളത്തിന് പുറത്തുള്ള മലയാളികളാകട്ടെ പ്രസവത്തിനു വളരെ മുൻപ് തന്നെ ഈ പ്രസവരക്ഷാ കിറ്റ് കരസ്ഥമാക്കിയിട്ടുണ്ടാകും.ഈ മരുന്നുകൾ എന്ന്  തുടങ്ങണം, എങ്ങനെ കഴിക്കണം, എപ്പോൾ തീർക്കണം എന്നൊക്കെ ഉള്ള ധാരണയും കുറവായിരിക്കും. പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഒരു ഡോക്ടറുടെ നിർദ്ദേശം ആവശ്യമുണ്ടെന്നു പലർക്കും അറിയുക പോലും ഇല്ല എന്നതാണ് വസ്തുത. 

എന്നാൽ പ്രായേണ അഗ്നിബലം കുറഞ്ഞിരിക്കുന്ന ആദ്യ ദിവസങ്ങളിൽ കഷായം, ലേഹ്യം മുതലായവ യുക്തി നോക്കാതെ കഴിച്ചു പനിയും ഉദരവൈഷമ്യവും വന്നു ഡോക്ടറെ കാണേണ്ടി വരുന്ന പലരും പഴി പറയുന്നത് ആയുർവേദ ചികിത്സയെ ആയിരിക്കും. 

ഗർഭാശയ ശുദ്ധി വരേണ്ട ആദ്യദിവസങ്ങളിൽ തന്നെ സ്തംഭന സ്വഭാവമുള്ള കഷായങ്ങൾ കഴിക്കുന്ന പലർക്കും ഗർഭാശയം ചുരുങ്ങാനും ശുദ്ധി വരാനും പ്രയാസം നേരിടുകയും ബ്ലീഡിങ്  നീണ്ടു നിൽക്കുകയും ചെയ്യാറുണ്ട്. 

ആട്ടിൻസൂപ്പും മട്ടൺ കറിയും കഴിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള തിടുക്കം  പലപ്പോഴും അമ്മക്ക് ദഹനക്കേടും കുഞ്ഞിന് സഹിക്കാൻ വയ്യാത്ത വയറുവേദനയും ആണ് ഫലത്തിൽ വരുത്തുക. 

ശിശുരോഗവിദഗ്ദനെ രാത്രിയിൽ വിളിച്ചുണർത്തി കുഞ്ഞിനെ കാണിക്കേണ്ടി വരുമ്പോൾ സ്വയംചികിത്സയാണെന്നു പറയുന്നതിനേക്കാൾ എന്തു കൊണ്ടും  സൗകര്യം ആയുർവേദത്തെ കുറ്റം പറയാൻ കൂടെ നിൽക്കുക എന്നതാണ്. 

ഒരു ഡോക്ടറെ നേരിട്ട് കണ്ട് അമ്മയുടെയും കുഞ്ഞിന്റെയും അവസ്ഥയും അഗ്നിബലവും അനവധി മറ്റു സാഹചര്യങ്ങളും വിലയിരുത്തി മാത്രം ചെയ്യേണ്ട ഈ ചികിത്സ ആധികാരികതയോടെ നിശ്ചയിക്കുന്നത്  നിർഭാഗ്യവശാൽ പലപ്പോഴും പ്രസവം നോക്കുന്ന അമ്മൂമ്മയോ അടുത്ത വീട്ടിലെ അമ്മായിയോ ആയിരിക്കും.

മൂത്ത മകളുടെ പ്രസവശേഷം ഉപയോഗിച്ച മരുന്നുകൾ പാഴാക്കാനുള്ള വിഷമം മൂലം താഴെയുള്ള ആൾക്ക് കൊടുക്കുന്ന ബുദ്ധിമതികളായ അമ്മമാരും നമ്മുടെ നാട്ടിൽ കുറവല്ല.   

അലോപ്പതി മരുന്നുകൾ, എന്തിനു ബേക്കറി സാധനങ്ങൾ വരെ കൃത്യമായി expiry date നോക്കി മാത്രം വാങ്ങുന്ന പലർക്കും  ആയുർവേദ മരുന്നുകൾക്കു ഇത്  ബാധകമല്ല എന്ന ധാരണ എങ്ങനെ വരുന്നു എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണ്.

ഒരു കുറിപ്പടി കൊണ്ട് മാത്രം ഒരു കുടുംബത്തിലെ മുഴുവൻ സ്ത്രീകൾക്കും പ്രസവരക്ഷ ചെയ്യുന്ന ഒരു വിചിത്രമായ സമ്പ്രദായവും കണ്ടു വരാറുണ്ട്. 

പലരുടെയും പ്രകൃതി, അഗ്നിബലം,  പ്രസവാവസ്ഥ, കുഞ്ഞിന്റെ ആരോഗ്യം,  മുലപ്പാലിന്റെ അവസ്ഥ ഇതെല്ലാം വേറെയാണ് എന്നിരിക്കെ ഇതെല്ലാം ശ്രദ്ധയോടെ വിലയിരുത്തി ചെയ്യേണ്ട ഈ ചികിത്സ ഇപ്രകാരം എങ്ങനെയെങ്കിലും ചെയ്തു  തീർക്കേണ്ടതാണോ ? 

ഇത് കൊണ്ടുള്ള വരും വരായ്കകൾ ആയുർവേദത്തിന്റെ പരിമിതിയായി വിലയിരുത്താമോ ? 

ഇത്തരം ചികിത്സകൾ കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഇനി ആയുർവേദ ചികിത്സ തന്നെ വേണ്ട എന്ന നിലപാടിലേക്ക് പലരെയും കൊണ്ടുചെന്ന് എത്തിക്കാറുണ്ട്. ആയുർവേദ മരുന്ന് കഴിച്ചു വണ്ണം കൂടി, വയറെരിച്ചിൽ ആയി, കുഞ്ഞു കരച്ചിലായി എന്നൊക്കെ ഉള്ള പരാതികളും സാധാരണമാണ്. ഇതെല്ലാം  ഈ മഹത്തായ ശാസ്ത്രത്തിന്റെ അശാസ്ത്രീയതയായി  വിലയിരുത്തപെടാറുമുണ്ട്.

എന്തിനാണീ പ്രസവരക്ഷ ?

ഗർഭകാലത്ത് സ്ത്രീശരീരത്തിൽ വളരെയധികം പരിവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്. ഗർഭപാത്രത്തിൽ മാത്രമല്ല സ്ത്രീ ശരീരം ഒട്ടാകെ സംഭവിക്കുന്ന ഈ വ്യതിയാനങ്ങൾ മാറി,സ്ത്രീ പൂർണ ആരോഗ്യം വീണ്ടെടുക്കാനുള്ള കാലയളവ് ഏതാണ്ട് 45 ദിവസമാണ്.ഈ കാലയളവിനെ ആയുർവേദത്തിൽ സൂതികാകാലം  എന്ന് പറയുന്നു. 

ഈ പ്രക്രിയയെ സഹായിച്ച്‌ സ്ത്രീയുടെ ആരോഗ്യം വീണ്ടെടുക്കുക, 

കുഞ്ഞിന് വേണ്ടത്ര മുലപ്പാലിന്റെ ലഭ്യതയും ശുദ്ധിയും ഉറപ്പു വരുത്തുക, ഗർഭാശയ ശോധനം വരുത്തുക, ഗർഭപാത്രത്തെ ചുരുക്കി പഴയ ആരോഗ്യത്തിലേക്ക്‌ തിരികെ കൊണ്ടു വരിക, സ്ത്രീശരീരത്തിൽ പ്രസവക്ലേശവും, അനുബന്ധ രക്തസ്രാവവും മൂലമുണ്ടാകുന്ന ബലഹീനത പരിഹരിക്കുക, പേശികളുടെ ബലവും ആരോഗ്യവും പുനഃസ്ഥാപിക്കുക, ശരീരഭാരം ക്രമപ്പെടുത്തുക, വലിച്ചിൽ മൂലം യോനിക്കുണ്ടായ അയവു മാറ്റി ബലപ്പെടുത്തുക എന്നിങ്ങനെയാകുന്നു ലക്ഷ്യങ്ങൾ.    

എന്നാൽ ഇത്തരം ചികിത്സകളെല്ലാം   പ്രസവരീതി, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, മറ്റു അവസ്ഥകൾ  ഇവയെല്ലാം വിലയിരുത്തി ഘട്ടം ഘട്ടമായി ചെയ്യേണ്ടതാണ്. തീർച്ചയായും ഒരു വിദഗ്ദ്ധ ഡോക്ടർക്കെ ഇതു സാദ്ധ്യമാവൂ. ഇതൊന്നും നോക്കാതെ ചെയ്യുന്ന ആയുർവേദ ചികിത്സ ഗുണത്തേക്കാളേറെ ദോഷഫലങ്ങളുളവാക്കുന്നതാണ്.  നേരത്തെ പറഞ്ഞ എരിച്ചിലും കരച്ചിലുമൊക്കെ ഉണ്ടാക്കുകയും ചെയ്യും.

ആയുർവേദ സമൂഹം ഒന്നടങ്കം അപഹാസ്യരാകാൻ വൈദ്യനിർദേശമില്ലാത്ത, സ്വയം ചികിത്സ ഇടയാക്കാറുണ്ട്. നേരത്ത പറഞ്ഞ കാലയളവിനു ശേഷം ചെയ്യുന്ന ചികിത്സയാകട്ടെ ‘കതിരിൽ വളം വെക്കുക’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം ഫലരഹിതവും ആകും. അതിനാൽ പ്രസവം കഴിഞ്ഞു വൈകാതെ തന്നെ,  അമ്മയുടെയും കുഞ്ഞിന്റെയും അവസ്ഥ നന്നായി അറിയാവുന്ന ഒരാൾ തന്നെ ഡിസ്ചാർജ് സമ്മറിയും കൊണ്ട് ഒരു നല്ല ഡോക്ടറെ സമീപിച്ചു ചികിത്സ ലഭ്യമാക്കണം.

ഔഷധ സേവ പോലെ പരമപ്രധാനമാണ് കുഴമ്പിടലും കുളിയും. സുഖപ്രസവത്തിൽ, വീട്ടിലെത്തിയാൽ വൈകാതെ കുഴമ്പിടലും ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തിലുള്ള കുളിയും തുടങ്ങാം. 

Caesarean ആണെങ്കിൽ രണ്ടാഴ്ച കഴിഞ്ഞു മുറിവുണങ്ങി എന്നുറപ്പു വരുത്തി വേണം കുഴമ്പിടൽ തുടങ്ങാൻ. പനിയോ അണുബാധ ലക്ഷണങ്ങളോ കണ്ടാൽ കുഴമ്പിടൽ താത്കാലികമായി നിർത്തി വെക്കേണ്ടതാണ്. ചുരുക്കം ചിലരിൽ ദേഹത്ത് കുഴമ്പ് തേച്ചാൽ നീരോ വേദനയോ വരാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ഡോക്ടറുടെ  നിർദേശമനുസരിച്ചു മാത്രം ഇത് തുടങ്ങുകയും മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉപദേശം തേടുകയും വേണം.

ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  •  കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക.
  • ദിവസവും പാൽ കുടിക്കുക. കഫസംബന്ധമായ പ്രശ്നമുള്ളവർ വെളുത്തുള്ളിയോ പച്ചമഞ്ഞളോ  ഇട്ടു കാച്ചിയ പാൽ ശീലിക്കുക. 
  • പയറുവർഗ്ഗങ്ങൾ  പ്രത്യേകിച്ചും ചെറുപയർ മുലപ്പാലുണ്ടാകാൻ നല്ലതാണ്. 
  • മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
  • ചുവന്നുള്ളി, വെളുത്തുള്ളി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ഉലുവ കഞ്ഞിയായോ,തേങ്ങാപ്പാലും ശർക്കരയും ചേർത്തോ ഉപയോഗിക്കുന്നത് മുലപ്പാലുണ്ടാകാൻ നല്ലതാണ്. 

ആവശ്യാനുസരണം വെള്ളം കുടിക്കാതിരുന്നാൽ മുലപ്പാൽ കുറയുക, മൂത്രാശയ അണുബാധ വരിക എന്നിവ ഉണ്ടാകുമെന്നത് ഓർക്കുക.

യോനിക്കും ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനുള്ള kegel exercise ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടങ്ങാവുന്നതാണ്.

ഗർഭധാരണവും പ്രസവവും മൂലം സ്ത്രീകളിലുണ്ടാകുന്ന ധാതുക്ഷയവും ഓജക്ഷയവും മാറ്റി സ്ത്രീയുടെ ആരോഗ്യം പുനഃസ്ഥാപിക്കുക, ആത്മവിശ്വാസം  വീണ്ടെടുക്കാൻ   അവളെ സഹായിക്കുക എന്നിവ ശരിയായ പ്രസവാനന്തര പരിചര്യ കൊണ്ട് സാധ്യമാകും .

“ഓർക്കുക ആരോഗ്യമുള്ള ഒരു തലമുറ ആരോഗ്യമുള്ള സ്ത്രീയിൽ അധിഷ്ഠിതമാണ്"


About author

Dr. Salini P.

MS (Ay)- Prasuti and Streerog Associate Professor, P.N.N.M. Ayurveda College, Cheruthuruthi salipkavungal@gmail.com


Scroll to Top