തേനൂറും മധുരം

പുരാതന കാലം തൊട്ട് മുറിവുണക്കാൻ സിദ്ധൗഷധം ആയിരുന്നു തേൻ. ആയുർവേദം പറയുന്നത് തേൻ കണ്ണുകൾക്ക് ഏറ്റവും ഹിതമായ ഔഷധമാണ് എന്നാണ്.

തേൻ ചെറു ചൂട് വെള്ളം ചേർത്ത് അമിത വണ്ണം കുറയ്ക്കാൻ ഉപയോഗിക്കാത്തവർ വിരളം. ദുർമേദസ്സ് ഇല്ലാതാക്കുന്ന 'ഛേദി' എന്ന ഗുണം തേനിന് ഉള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്.

എന്നാൽ തേൻ ചൂടാക്കി ഉപയോഗിക്കാൻ പറ്റുമോ? 

ഇല്ല, എന്നാണ് ഉത്തരം. 

ചവർപ്പും മധുരവും കലർന്ന രസമുള്ള തേൻ ദാഹം കൂടിയ അവസ്ഥയിലും ത്വക് രോഗങ്ങൾക്കും രക്ത സ്രാവം ഉള്ള അവസ്ഥയിലും ഒക്കെ ഫലപ്രദമാണ്. 

ഛർദ്ദി, ചുമ, അതിസാരം എന്നിവയിലും മുറിവുകൾ ഉണക്കുവാനും തേൻ മരുന്നുകളിൽ ഉപയോഗിച്ച് വരുന്നു.

കഫ ദോഷത്തെ(one of the three vital forces of body; namely വാത, പിത്ത, കഫം) കുറക്കുന്ന തേൻ, കഫക്കെട്ടിലും ദുർമേദസ്സ് ഉള്ള അവസ്ഥയിലും വാത ദോഷത്തെ കൂട്ടി ശരീരത്തിൽ പ്രവർത്തിക്കുന്നു.

ആയുർവേദ വിധിപ്രകാരം  തേനിനെ താഴെ പറയും പ്രകാരം വേർതിരിച്ചു മനസ്സിലാക്കാം 

  1. പൗത്തികം: ഉഷ്ണ രൂക്ഷ ഗുണങ്ങളോട് കൂടിയതും തെറ്റായ ഉപയോഗത്താൽ വാത പിത്ത രക്ത ദോഷങ്ങളെ വർധിപ്പിച്ച് നെഞ്ചെരിച്ചിൽ, ബോധക്കേട് എന്നിവ ഉണ്ടാക്കുന്നതുമായ തേൻ ആണ് പൗത്തികം.
  2. ഭ്രാമരം: മധുരവും ദഹിക്കാൻ പ്രയാസവും ഉള്ള തേൻ.
  3. ക്ഷൗദ്രം: ലഘു ശീത ഗുണങ്ങളോട് കൂടിയതാണ് ഇത്.
  4. മാക്ഷികം: രൂക്ഷവും ലഘുവും ആയ തേൻ.
  5. ഝാത്രം: തണുപ്പുള്ളതും മധുരവും ഗുരുവും ആയ ചികിത്സക്ക് അനുയോജ്യമായ വിഭാഗം.
  6. ആഘ്ര്യ: കഫ പിത്ത ദോഷങ്ങളെ കുറയ്ക്കുന്ന ബലം നൽകുന്ന, നേത്ര ഹിതമായ തേൻ.
  7. ഔദ്ദാലകം: ശബ്ദ സൗകുമാര്യം, രുചി എന്നിവ നൽകുന്ന, ത്വക് രോഗ ങ്ങളെ ഇല്ലാതാക്കുന്ന ഔദ്ദാലകം.
  8. ദാലം: പ്രമേഹത്തിനും ഛർദിയ്ക്കും ഔഷധമായി ഉപയോഗിക്കപ്പെടുന്ന എട്ടാമത്തെ വിഭാഗം തേൻ. 

ആയുർവേദ വിശാരദനായ വാഗ്ഭട മഹർഷിയുടെ അഭിപ്രായപ്രകാരം, തേൻ ചൂടാക്കിയാൽ, ചൂട് ശരീര പ്രകൃതി ഉള്ളവരിൽ ചൂടുള്ള കാലാവസ്ഥയിൽ, ചൂടുള്ള ദ്രവ്യം ചേർത്ത് ഉപയോഗിച്ചാൽ മരണം ആണ് ഫലം.

സുശ്രുതാചാര്യൻ പറയുന്നത് തേൻ ലഭിക്കുന്നത് പല വിധ രസ ഗുണ വീര്യാദികൾ ഉള്ള പൂക്കളിൽ നിന്നാകയാൽ ചൂടാക്കി ഉപയോഗിക്കരുത് എന്നാണ്. തേൻ തണുത്ത് മഴ വെള്ളവുമായി പോലും ചേരില്ല എന്നും തേൻ അമിതമായി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദഹനക്കേട് പരിഹരിക്കുവാൻ പോലും ബുദ്ധിമുട്ടാണെന്നും ആചാര്യൻ പ്രത്യേകം പറയുന്നു.

എന്നാൽ, ആയുർവേദ ചികിത്സ രീതികൾ ആയ വമനം (ഔഷധ പ്രയോഗത്താലുള്ള ഛർദിപ്പിക്കൽ), കഷായ വസ്തി(ഔഷധ പ്രയോഗത്താലുള്ള enema) എന്നിവ ചെയ്യുമ്പോൾ ഔഷധത്തിന്റെ കൂടെ തേൻ ചൂടോടെ ചേർക്കാറുണ്ട്. ഇവിടെ ഔഷധവും വർധിച്ച ദോഷങ്ങളും ദഹനം നടക്കാതെ തന്നെ  ശരീരത്തിൽ നിന്ന് പുറത്ത് പോകുവാൻ തേൻ സഹായിക്കുന്നു. 

ധാതു (can be considered as Connective tissues) ക്കളിലേക്ക്‌ ആഴത്തിൽ ചെല്ലുവാനും ഗുണം വർദ്ധിപ്പിക്കുവാനും ഉള്ള തേനിന്റെ യോഗവാഹി ഗുണം ആണ് ഇവിടെ പ്രവർത്തിക്കുന്നത്.

ആധുനിക സയൻസ് പറയുന്നത് തേൻ ചൂടാകുമ്പോൾ Hydroxy methyl furfuraldehyde   രാസവസ്തു ആയി ഉണ്ടാകുന്നു എന്നാണ്. പരീക്ഷണങ്ങളിൽ എലികളിൽ മാരകമായി ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

നാവിലെ വ്രണങ്ങൾ പോലും ഉണക്കുവാൻ കഴിവുള്ള ഈ അതുല്യ ഔഷധം പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിച്ച വരദാനമാണ്. 



About author

Dr. Sreedevi N. V.

BAMS,DYHE, Consultant Ayurveda Physician: Omniwill Ayurved Clinic- Kalathipady, Kottayam


Scroll to Top