വൈദ്യനെന്ന പദത്തിനെന്തർത്ഥം?

"വൈദ്യരേ..." എന്ന് നീട്ടിയുള്ള വിളി. ബാലമംഗളത്തിലെ നമ്പോലൻ കുടവയറുള്ള നമ്പൂരി വൈദ്യരെ 'ശക്തി മരുന്നിനായി' വിളിക്കുന്നു. വൈദ്യര് ലേഹ്യപ്പാത്രത്തിൽ നിന്ന് ഒരു തവി ലേഹ്യം അങ്ങട് കൊടുക്കുന്നു. പിന്നെ ഞരമ്പു പോലിരുന്ന നമ്പോലൻ.. 

‘ഠിഷ്യൂം… Oമാർ പടാർ’ ..അടിയോടടി! 

എൻ്റെ ചെറുപ്പകാലത്തെ 'വൈദ്യർ' എന്ന വാക്കിൻ്റെ ആദ്യ ഓർമ്മ 'ശക്തി മരുന്ന്' ആയിരുന്നു. 

പിന്നീട് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻ്റെ വിട്ടു മാറാത്ത ചെവി ഒലിക്കലിനും തൊണ്ട വേദനക്കും ആയി പല ഡോക്ടർമാരുടേയും അടുത്ത് കയറിയിറങ്ങി ചെരുപ്പു തേഞ്ഞ എൻ്റെ പാവം അമ്മ, ആരോ പറഞ്ഞു കേട്ട് ഒരു വയസ്സനായ വൈദ്യൻ്റെ അടുത്ത് ചെല്ലുന്നത്. അന്നാണ് മൂക്കിൽ ആദ്യമായി ആയുർവേദ മണം കയറുന്നത്. അപ്പോൾ കണ്ട വൈദ്യനാകട്ടെ ഒരു തോർത്തുമുണ്ട് തോളിലിട്ട്  തലമുടി കുടുമ കെട്ടി ചെവിയിൽ കടുക്കനൊക്കെ ഇട്ട് (ഇപ്പോഴായിരുന്നേ ചിൽ ഫ്രീക്ക് ലുക്ക്) പാൽ പുഞ്ചിരിയുടെ മധുരം കൊണ്ട് എന്നെ മയക്കി, കയ്പുള്ള കഷായവും, പുളിയുള്ള അരിഷ്ടവും തന്നു വിട്ടു. അതാണ് വൈദ്യൻ്റെ രണ്ടാമത്തെ ഓർമ്മയുള്ള മുഖം. പിന്നീട്  ധാരാളം ഡോക്ടർമാരെ കണ്ടിരുന്നു, അനിയൻ്റെ അകാല മരണത്തിന് ആശുപത്രിയിൽ പോയപ്പോൾ, അന്നേ എൻ്റെ കുഞ്ഞു മനസ്സ് ആഗ്രഹിച്ചിരിക്കും ഒരു ചികിത്സകനാകണമെന്ന്. പ്ലസ് ടു പഠന ശേഷം ഡോക്ടറാകണമെന്ന ആഗ്രഹം തികട്ടി വന്നതിനാൽ എൻട്രൻസ് എഴുതി, എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ആയുർവേദം പഠിക്കാനാരംഭിച്ചു. ഡോക്ടർ ആയി വേണ്ടപ്പെട്ടവരുടെയെല്ലാം രോഗം ഭേദമാക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.  

ആയുർവേദ പഠനം ആരംഭിച്ച കാലഘട്ടം മുതൽ പല ഡോക്ടർമാരേയും വൈദ്യന്മാരേയും കാണുവാനും പരിചയപ്പെടുവാനും സാധിച്ചു. പക്ഷേ, "വൈദ്യർ" എന്ന വാക്ക് കൂടുതലും കേട്ടത് കോമഡി സീനുകളിലും സ്‌കിറ്റുകളിലുമായിരുന്നു. മൂന്നാമത്തെ ഓർമ്മയിലുള്ള വൈദ്യൻ എന്ന മുഖം തമാശ രൂപത്തിലുള്ള ഒന്നായി അധ:പതിച്ചു എന്നു സാരം. 

ഇപ്പോഴാകട്ടെ പൊതുജനത്തിന് വൈദ്യൻ എന്ന പദം ചില മോഹന വാഗ്ദാന വൈദ്യന്മാരാൽ കോമഡിയായിപ്പോയി എന്നും പറയാം. എന്നാൽ ഡോക്ടർ എന്ന വാക്ക് ആകട്ടെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെപ്പോലെ ഗമയുള്ളതും. 

ഡോക്ടർ, വൈദ്യൻ, ഭിഷഗ്വരൻ, ചികിത്സകൻ, ഫിസിഷ്യൻ, സർജൻ എന്നിങ്ങനെ കുറേ വാക്കുകൾ രോഗശാന്തിക്കു വേണ്ടി സമീപിക്കുമ്പോൾ കേൾക്കാം. നമുക്കൊന്ന് നോക്കാം എന്താണ് വ്യത്യാസങ്ങളെന്ന്. ഗൂഗിൾ ചെയ്താൽ ഡോക്ടർ - ‘A person who is qualified to treat people who are ill’ എന്ന് കാണാം. അതിൽ 'ക്വാളിഫൈഡ് ' അൽപം ബോൾഡായി നിൽക്കും. ഇനി വൈദ്യൻ എന്ന പദം നോക്കിയാലോ. വൈദ്യ - ‘non codified traditional medicine practitioner of India’ എന്നും കാണാം. ഒരു ഡെഫനിഷൻ്റെ തുടക്കം തന്നെ 'നോൺ' എന്ന നെഗറ്റീവ് വെച്ചു തുടങ്ങുമ്പോൾ ഉള്ള ഒരു അവസ്ഥ നോക്കൂ. ഇപ്പ്രകാരമാണ് ഒരു സാധാരണക്കാരന് ലഭ്യമാകുന്ന അറിവ്. 

എന്താണ് ശരിക്കുമുള്ള 'വൈദ്യൻ' എന്നതിന് പരന്ന വായന ആവശ്യമാണ്. വിക്കിപീഡിയയിൽ 12 ഓളം ഡെഫനിഷൻസ് ഉണ്ട്. പുരാണത്തിലെ വരുണ ദേവൻ്റെയും ശുണദേവിയുടേയും മകനായി വൈദ്യനെ പറയുന്നുണ്ട്. അതൊരു ദൈവത്തിൻ്റെ പേരാണെന്നും, രാജാവിൻ്റെ ചികിത്സകരായ അഷ്ടാംഗങ്ങൾ അറിയുന്നവരാണും, വേദങ്ങൾ അറിയുന്നവരാണെന്നും, ചികിത്സിക്കുന്നവരുടെ ജാതിയാണെന്നും (കീഴ് ജാതി) പറഞ്ഞു കാണുന്നു.

ചരക സംഹിത എന്ന ആയുർവേദ ഗ്രന്ഥത്തിൽ വിശദമായി വൈദ്യനെ പറ്റി വിവരിക്കുന്നുണ്ട്.

ചികിത്സയുടെ നാലു പ്രധാന ഘടകങ്ങളിൽ, അല്ലെങ്കിൽ പാദങ്ങളിൽ (നാലില്‍ ഒന്ന് എന്ന അര്‍ത്ഥത്തില്‍) ഒന്നാണ് വൈദ്യൻ. വൈദ്യ പാദത്തിന് നാല് വിശേഷ ഗുണങ്ങൾ ആവശ്യമാണ്.

  1. ശ്രുതേ പര്യവാദതത്വം - ആരോഗ്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള ജ്‌ഞാനം
  2. ബഹുശോ ദൃഷ്ടകർമ്മത - വിശാലമായ പ്രായോഗിക പാടവം, ചികിത്സാക്രമങ്ങൾ കണ്ടും ചെയ്തുമുള്ള പരിചയം
  3. ദക്ഷത - കാര്യപ്രാപ്തി, ശ്രദ്ധ, വിവേകം, അച്ചടക്കം
  4. ശൗച - മാനസികവും ശാരീരകവുമായുള്ള ശുദ്ധി

അതായത് രോഗത്തെ മാറ്റുക മാത്രമല്ല വൈദ്യ ഗുണം. ചികിത്സയുടെ മറ്റു മൂന്നു ഘടകങ്ങൾ ആയ ഔഷധം, പരിചാരകൻ, രോഗി എന്നിവ പൂർണ്ണ ഗുണങ്ങളോടെ ഉണ്ടെങ്കിലും വൈദ്യഗുണങ്ങൾ ഇല്ലാത്ത വൈദ്യനുണ്ടായിട്ട് പ്രയോജനമില്ല. ഉദാഹരണം പറയുന്നതിപ്പ്രകാരമാണ്, ഒരു മൺപാത്രമുണ്ടാക്കുമ്പോൾ മണ്ണ്, വെള്ളം, പാത്രമുണ്ടാക്കാനാവശ്യമായ എല്ലാ യന്ത്ര സാമഗ്രികൾ ഉണ്ടെങ്കിലും ഉത്തമനായ 'കുലാലൻ' ഇല്ലാതെ എങ്ങനെ പാത്രമുണ്ടാകും?

നല്ല വൈദ്യൻ്റെ ഗുണങ്ങൾ പറയുന്നതിന് മുൻപ് മോശം വൈദ്യൻ്റെ 'ഗുണങ്ങൾ' അറിഞ്ഞിരിക്കണമല്ലോ,

  1. 'ഭിഷക് ചദ്മചരൻ'- അറിവില്ലാത്ത വൈദ്യൻ ചികിത്സിക്കുന്നത് കണ്ണു കാണാത്ത ഒരാൾ വഞ്ചിയിൽ കയറിപ്പോകുന്ന പോലെയിരിക്കും. ചികിത്സയെന്ന സമുദ്രത്തിൽ കൃത്യമായ ദിശയറിയാതെ കാറ്റിൻ്റെ രീതി അനുസരിച്ച് എങ്ങോട്ടോ പോയിക്കൊണ്ടിരിക്കും. ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ’ പോലെയുള്ള ചികിത്സയായിരിക്കും രോഗിക്ക് ലഭിക്കുക. വൈദ്യനെന്ന പേര് ഉപയോഗിക്കുന്ന ധാരാളം കള്ള നാണയങ്ങൾ ഉണ്ട്. ധനനഷ്ടം, സമയനഷ്ടം, ആരോഗ്യനഷ്ടം, മാനഹാനി എന്നിവ ഈ കുവൈദ്യന്മാരെ കൊണ്ട് രോഗിക്കുണ്ടാകും.
  2. ഭിഷക് സിദ്ധി സാധിതൻ- ചില വൈദ്യന്മാർ ചികിത്സിക്കുമ്പോൾ ഭാഗ്യം കൊണ്ട് മാത്രം രോഗമുക്തി സംഭവിക്കാറുണ്ട്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ചില രോഗികളുടെ രോഗകാരണങ്ങൾ ഒഴിവാക്കുമ്പോൾ തന്നെയും കാലദൈർഘ്യം കൊണ്ടും രോഗങ്ങൾ മാറിപ്പോകാറുണ്ട്. ഇത്തരം വൈദ്യന്മാർ ഇത് തങ്ങളുടെ കഴിവാണെന്ന് വീമ്പിളക്കി പരസ്യം നൽകി രോഗികളെ ചികിത്സിക്കും. ചുരുക്കം പറഞ്ഞാൽ ‘എന്ത് വിടലാടോ’ എന്നു ചോദിക്കാൻ തോന്നിപ്പിക്കുന്ന ഒരു വിഭാഗം.

മുകളിൽ പറഞ്ഞ കുറേ മുഖങ്ങളാണ് വൈദ്യൻ എന്ന പദത്തെ പരിഹാസ രൂപമാക്കിയത്. ഇനി നല്ല വൈദ്യനിലേക്ക്

  1. പ്രാണാഭിസാര വൈദ്യൻ - പൂർണ്ണമായും ശാസ്ത്ര തത്പരനും, രോഗങ്ങളുടെ കാരണം, പൂർവ്വരൂപം (രോഗം വ്യക്തീഭവിക്കുന്നതിന് മുന്‍പുള്ള ലക്ഷണങ്ങള്‍) , രോഗം ശരീരത്തിൽ വ്യാപിക്കുന്ന മാർഗ്ഗം, ലക്ഷണം, വ്യത്യാസങ്ങൾ, ഔഷധങ്ങൾ, ചികിത്സ എന്നിവയിൽ ഗ്രന്ഥപരിചയവും പ്രവർത്തിപരിചയവും ഉള്ളവനായിരിക്കണം. അതിലുമുപരിയായി ഒരിക്കൽ വന്ന രോഗാവസ്ഥ പിന്നീടൊരിക്കലും ശരീരത്തിൽ വരാത്ത വിധത്തിൽ ഉപദേശങ്ങൾ നൽകുന്നവനുമായിരിക്കണം.

ഏറ്റവും മികച്ച വൈദ്യന് ആറു ഗുണങ്ങൾ പറയുന്നു.

  1. വിദ്യ - ആയുർവേദ ശാസ്ത്രത്തിൽ മാത്രമല്ല ഇഹത്തിലും പരത്തിലും ഉള്ള എല്ലാ ശാസ്ത്രങ്ങളെയും കുറിച്ചുള്ള സാധ്യമായ ബോധ്യം (അടുത്ത കാലത്ത് ഡോക്ടർമാരുടെ പി.എസ്. സി പരീക്ഷയിൽ 'കേരളത്തിലെ  ആദ്യ മുഖ്യമന്ത്രി ആര്?’ പോലുള്ള വളരെ എളുപ്പമുള്ള ചോദ്യങ്ങൾ വരെ അറിയാത്ത സമൂഹത്തെ ഓർക്കുക)
  2. വിതർക്കം - (Critical approach, analytical mind) ഒരു രോഗാവസ്ഥയിൽ വികാരപരമായാണോ യുക്തിപരമായാണോ ഇടപടേണ്ടത് എന്ന തിരിച്ചറിവ്.
  3. വിജ്ഞാനം - പഠിച്ച കാര്യങ്ങളെ ആഴത്തിലറിഞ്ഞ് യുക്തി ഭദ്രമായി മനുഷ്യരിലും സമൂഹത്തിലും  ഉപയോഗിക്കാനുള്ള കഴിവ്.
  4. സ്മൃതി - ഓർമ്മശക്തി, രോഗിയുടേയും രോഗത്തിൻ്റെയും അവസ്ഥ ഓർമ്മിച്ച്  ഇടപെടുന്ന രീതി.
  5. തത്പരത - (Attitude) അർപ്പണ മനോഭാവം എന്നു പറയാം.
  6. ക്രിയ - പ്രായോഗികമായി ഉപയോഗിച്ച്  ഇരുത്തം വരുക.

ഈ ആറു ഗുണങ്ങളുള്ള വൈദ്യൻ രോഗികൾക്കു മാത്രമല്ല സമൂഹത്തിനും ലോകത്തിനും സർവ്വജീവജാലങ്ങൾക്കും സന്തോഷവും ആശ്വാസവും നൽകുന്നു.

തീർന്നില്ല, വൈദ്യന് നാലു ധർമ്മങ്ങൾ  കൂടിയുണ്ട്.

  1. മൈത്രി - രോഗികളോട് സൗഹൃദത്തോടെ ഇടപെടുക (രോഗിയുടെ അവസ്ഥകൾ മനസ്സിലാക്കി മനസിനുള്ളിലെ അണഞ്ഞു പോയ  വിളക്കിനെ പ്രകാശിപ്പിക്കുന്ന രീതിയിലുള്ള ബന്ധം)
  2. കാരുണ്യം അർത്ഥേഷു- സഹാനുഭൂതിയും കാരുണ്യവും രോഗികളോട് ഉണ്ടായിരിക്കുക (അനാഥാൻ രോഗിണോ യശ്ച പുത്രവത് സമുപാചരേത് - അനാഥരായ രോഗികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുക)
  3. ശക്യേ പ്രീതി - ചികിത്സിച്ചു മാറ്റുവാൻ സാധിക്കും എന്ന് പൂർണ്ണമായും ഉറപ്പുള്ള  രോഗങ്ങളിൽ ഏകാഗ്രതയോടെ ഇടപെടുക.
  4. ഉപേക്ഷണം പ്രകൃതിഷ്ടേഷു- വൈദ്യൻ്റെ അറിവുകൊണ്ടും കഴിവുകൊണ്ടും ചികിത്സിച്ചു മാറ്റുവാൻ സാധിക്കാത്ത  രോഗങ്ങളെ  ഉപേക്ഷിക്കുകയോ, കഴിവുള്ളവരുടെ അടുത്തേക്ക് പറഞ്ഞു വിടുകയോ ചെയ്യുക. Good referral save a life എന്ന് പറയുന്ന പോലെ. 

ഇപ്പോൾ മനസ്സിലായില്ലേ "കേട്ടറിവിനേക്കാൾ വലുതാണ് വൈദ്യനെന്ന സംജ്ഞ". ഡോക്ടറർമാരായി ജോലി ചെയ്യുന്ന നമ്മളെല്ലാവരും ഒരുപാട് ഗുണങ്ങൾ ആർജിച്ചാലേ വൈദ്യനാവുകയുള്ളൂ. രോഗം മാറ്റിയതു കൊണ്ടു മാത്രം ആരും വൈദ്യനാകുന്നില്ല. 'ഡോക്ടേഴ്സ് ഡേ' എന്ന അവസ്ഥയിൽ നിന്ന് 'വൈദ്യ ദിനം' വരുമെന്ന പ്രത്യാശയോടെ നിർത്തുന്നു.


About author

Dr. Sreedarshan K. S.

BAMS, MD, Medical Officer, Govt. Ayurveda Dispensary, Munnar, Idukki


Scroll to Top