ഗർഭിണീ ഛർദ്ദി

വിവാഹശേഷം ഒരു സ്ത്രീയിൽ ആർത്തവം കാണാതിരിക്കുകയും അതോടൊപ്പം അവളിൽ മനംപിരട്ടലും ഛർദ്ദിയും കാണുകയും ചെയ്താൽ വീട്ടിൽ ഒരു ‘വിശേഷം’ വന്നതിന്‍റെ സന്തോഷത്തിലായിരിക്കും എല്ലാവരും. എന്നാൽ ഗർഭിണിയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു പുതുജീവന്‍റെ സന്തോഷം നിലനിൽക്കുന്നതിനോടൊപ്പം തന്നെ ശാരീരികവും മാനസികവുമായി ഏറെ അസ്വസ്ഥതകൾ കൂടി അനുഭവിക്കേണ്ടി വരുന്ന ഒരു സമയം ആണ് ഗർഭകാലം എന്നത്.

എന്താണ് ഗര്‍ഭിണീ ഛർദ്ദി

ഏകദേശം 50 ശതമാനത്തോളം ഗർഭിണികളിലും ഗർഭാവസ്ഥയുടെ ആദ്യത്തെ 3 മാസത്തിൽ കാണുന്ന വളരെ സാധാരണമായ ലക്ഷണമാണ് മനംപിരട്ടൽ / ഓക്കാനം എന്നത്. ചുരുക്കം ചിലരിൽ ഗർഭകാലത്തിന്‍റെ അവസാനനാളുകൾ വരെ ഇങ്ങനെയുള്ള ഓക്കാനമോ, ഛർദ്ദിയോ നീണ്ടുപോകാറുമുണ്ട്. ഇതിൽ നിന്ന് ആരോഗ്യപരമായ ഒരു ഗർഭാവസ്ഥയേയും മറുപിള്ളയുടെ രൂപാന്തരങ്ങൾ കൃത്യമായി നടക്കുന്നതിനേയും അനുമാനിക്കാമെങ്കിലും അമിതമായിട്ടുള്ള ഛർദ്ദി സ്ത്രീകളിൽ വളരെയധികം ദേഹാസ്വസ്ഥ്യവും മനോവ്യാകുലതകളും ഉണ്ടാക്കുന്നതാണ്. സാധാരണ നിലയിൽ രാവിലെ ഉണർന്ന് കഴിയുമ്പോൾ  ഉണ്ടാകാറുള്ള മനംപിരട്ടൽ / ഓക്കാനം അഥവാ ദിവസത്തിന്‍റെ ഇടയിൽ എപ്പോഴെങ്കിലും ഇതുപോലെ ഉണ്ടാകാറുള്ള ഛർദ്ദിയെ സിംപിൾ വൊമിറ്റിംഗ് (Simple Vomiting) എന്നും ഗർഭിണിയുടെ ദൈനംദിന പ്രവൃത്തികൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഛർദ്ദിയെ ഹൈപെർ എമിസിസ് ഗ്രാവിഡാറo (Hyperemesis gravidarum) എന്നുമാണ് പറയാറുള്ളത്.

ഗർഭകാലത്തെ ഛർദ്ദി ഒരുപരിധിവരെ ഭയപ്പെടേണ്ട ഒന്നല്ല എന്നിരുന്നാലും ഗർഭിണിയുടെ ശാരീരിക മാനസികാവസ്ഥകളെ കണക്കിലെടുത്ത് പലപ്പോഴും ചില ഔഷധ പ്രയോഗങ്ങളും മറ്റും ചെയ്യേണ്ടി വരാറുണ്ട്.

ഗർഭകാലത്തെ ഛർദ്ദിയുടെ കാരണങ്ങൾ

ആയുർവേദ ശാസ്ത്രം ആമാശയത്തിലെ ദോഷങ്ങളുടെ ഉല്‍ക്ലേശത്തെയാണ് ഛർദിയുടെ കാരണമായി കണക്കാക്കുന്നത്. (വാത-പിത്ത-കഫങ്ങളുടെ സന്തുലനം നഷ്ട്ടപ്പെട്ട് രോഗകാരകം ആകുന്നതിനെയാണ് ഉല്‍ക്ലേശം എന്ന് പറയുന്നത്). ആമാശയത്തിൽ ദോഷങ്ങളുടെ ഉല്‍ക്ലേശം ഉണ്ടാകുകയും തൻനിമിത്തം 'ഉദാനവായു' വികൃതമായ ദോഷങ്ങളെ മേൽപ്പോട്ടു ഗമിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഛർദിയുണ്ടാകുന്നത്. (വായുവിന്‍റെ അഞ്ച് വിഭാഗങ്ങളില്‍ ഒന്നാണ് ഉദാനവായു. ഇത് ഉരസ്സില്‍ സ്ഥിതിചെയ്തുകൊണ്ട് മൂക്കിനും നാഭിക്കും ഇടയില്‍ സഞ്ചരിച്ച് ആ ഭാഗങ്ങളിലെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു). 

ഗർഭകാലത്തെ ഛർദ്ദിയുടെ പ്രത്യേക കാരണങ്ങൾ

 • ഗർഭകാലത്ത് സത്രീകളിലുണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ (പ്രത്യേകിച്ച് സ്ത്രീ ഹോർമോണായ ഈസ്ട്രജനും ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന HCG ഹോർമോണിന്‍റെയും തോതിലുള്ള വർദ്ധനവ്).
 • ഗര്‍ഭിണികളില്‍ ഈസ്ട്രജൻ ഹോർമോണിന്‍റെ വർദ്ധനവുമൂലം ഗന്ധങ്ങളോടുള്ള സംവേദനക്ഷമത അധികമാകുന്നു.
 • ഗർഭാവസ്ഥയെ താങ്ങി നിർത്തുന്ന പ്രോജസ്ട്രോൺ ഹോർമോൺ ദഹനവ്യവസ്ഥയുടെ പ്രവർത്തികളെ മന്ദീഭവിപ്പിക്കുന്നത് കൊണ്ട് പുളിച്ചുതികട്ടലും, ദഹനക്കേടും ഉണ്ടാകുവാനുള്ള സാധ്യതകൾ ഏറെയാണ്.
 • ശരീരത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗർഭകാലത്ത് വരുന്ന മാറ്റം കാരണവും ഛർദിയുണ്ടാകാവുന്നതാണ്.

ഇവരില്‍ ഛർദ്ദി കൂടുതലായി കണ്ടേക്കാം 

 • ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ ഗർഭത്തിലുള്ളപ്പോൾ 
 • നേരത്തെ തന്നെ ചില ഗന്ധങ്ങളോടും രുചികളോടും ചില സെൻസിറ്റിവിറ്റി ഉള്ളവരിൽ.
 • ചെന്നിക്കുത്ത് / കൊടിഞ്ഞി  തുടങ്ങിയവ ഉണ്ടായിരുന്നവരിൽ.
 • അമ്മയ്ക്കോ  / സഹോദരിമാർക്കോ ഗർഭാവസ്ഥയിൽ അമിത ഛർദ്ദിയുണ്ടായിട്ടുള്ളവരിൽ.
 • യാത്ര ചെയ്യുമ്പോഴും മറ്റും മനംപിരട്ടലും /
  ഓക്കാനവും ഉള്ളവരിൽ.

അമിത ഛർദ്ദിയിക്ക് കാരണമാവുന്ന മറ്റ് രോഗാവസ്ഥകൾ

 • രക്ത സമ്മർദ്ദം കൂടുതലുള്ള ഗർഭിണികളിൽ.
 • കൃമിയുടെ ശല്യം അധികമായുള്ളവരിൽ.
 • വയറ്റിലും, കുടലിലും വ്രണങ്ങളും മറ്റും
  ഉള്ള അവസ്ഥയിൽ.
 • പിത്താശയത്തിൽ കല്ലുകളോ, മറ്റ്
  രോഗാവസ്ഥകളോ ഉള്ളവരിൽ
 • മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവയുള്ളപ്പോൾ.
 • അണ്ഡാശയത്തിലും ഗർഭാശയത്തിലും
  ഉള്ള മുഴകൾ മൂലം.
 • ഹിയാറ്റസ് ഹെർണിയ, അപ്പന്റിസൈറ്റിസ് തുടങ്ങിയവ ഉള്ളവരിൽ.

അമിതമായിട്ടുള്ള ഛർദ്ദിയുടെ ഫലമായി ഗർഭിണിയായ സ്ത്രീക്ക് ഭക്ഷണവും മറ്റുപാനീയങ്ങളും കഴിക്കാൻ പറ്റാതാവുകയും അതിന്റെ ഫലമായി ശരീരത്തിൽ ജലാംശത്തിന്‍റെയും അന്നജത്തിന്‍റെയും അളവിൽ വലിയ തോതിൽ കുറവ് സംഭവിക്കുകയും ചെയ്യുന്നു. കീറ്റോ അസിഡോസിസ് (keto acidosis) എന്ന അവസ്ഥയുണ്ടാവുകയും അത് തന്നെ പിന്നീട് ഛർദ്ദിക്ക് കാരണമായി മാറുകയും ചെയ്യുന്നു. തുടർച്ചയായുള്ള ഈ അവസ്ഥ കാരണം രക്തത്തിൽ സോഡിയം, പൊട്ടാസിയം തുടങ്ങിയ പദാർത്ഥങ്ങള്‍ വേണ്ടതിനേക്കാള്‍ കുറയുകയും ചെയ്യുന്നു. മാത്രവുമല്ല നീണ്ടുനിൽക്കുന്ന ഈ അവസ്ഥയിൽ ഗർഭിണിയിൽ തളർച്ച മലമൂത്രാദികളിൽ ബന്ധവും വയറിന്‍റെ മുകൾഭാഗത്ത് ശക്തമായ വേദന എന്നിവയും  അനുഭവപ്പെടുന്നു.

ഛർദ്ദിയും മാനസിക അവസ്ഥയും

 • മാനസിക വ്യാപാരങ്ങളിലെ വ്യതിയാനം പലപ്പോഴും
  ഛർദ്ദിക്ക് കാരണമാകാറുണ്ട്. വിഷാദം, ആകാംക്ഷ, മറ്റ് മാനസിക
  പിരിമുറുക്കം ഛർദ്ദിയുടെ തോത് വർദ്ധിപ്പിക്കുന്നവയാണ്.
 • ഗർഭാവസ്ഥയെ കുറിച്ചുള്ള അമിത ഉത്കണ്ഠകളും, ഗർഭകാലത്തെ ഛർദ്ദിയെ
  പറ്റിയുള്ള കേട്ടറിവുകൾ പോലും പലപ്പോഴും ഗർഭിണികളിൽ
  ഛർദ്ദിയുടെ ആക്കം കൂട്ടുന്നതിനും കാരണമായി കാണാറുണ്ട്.
 • മനസ്സിന് വെറുപ്പുളവാക്കുന്നതായ കാഴ്ചയോ, ഗന്ധമോ രുചിയോ
  പോലും ഛർദ്ദിക്കുള്ള കാരണമായി ആയുർവേദ ശാസ്ത്രം പ്രതിപാദിച്ചിട്ടുണ്ട്.

ശീലിക്കേണ്ടവയും ഒഴിവാക്കേണ്ടവയും 

 • ഭക്ഷണം കുറഞ്ഞയളവിൽ പലതവണകളായി നന്നായി
  ചവച്ചരച്ച് കഴിക്കുക (8 - 10 പ്രാവശ്യം)
 • ഭക്ഷണം കഴിക്കുന്നതിന് തൊട്ട് മുൻപും പിൻപും ധാരാളം
  വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
 • എരിവ്, പുളി, അമിതമായ നിറമോ, ഗന്ധമോ ഉള്ള ഭക്ഷണ
  പദാർത്ഥങ്ങൾ ഉപേക്ഷിക്കുക.
 • പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ ദഹിക്കാൻ
  എളുപ്പമുള്ള ആഹാരങ്ങൾ ശീലമാക്കുക.
 • അധികം ചൂടോടുകൂടി ഭക്ഷണം
  കഴിക്കുന്നത് ഒഴിവാക്കുക.
 • വായുകോപം ഉണ്ടാക്കുന്ന ആഹാരങ്ങളും
  കഴിക്കാതിരിക്കുക.
 • മനസ്സിന് ഉന്മേഷം നൽകുന്ന കാര്യങ്ങൾ (പാട്ട് കേൾക്കുന്നതായാലും,
  പുസ്തകം വായനയായാലും) നിർബന്ധമായും ദൈനംദിന
  പ്രവൃത്തിയിൽ ഉൾപ്പെടുത്തണം.
 • ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം
  (രാത്രി 8 മണിക്കൂറും പകൽ 2 മണിക്കൂറും)
 • ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക.
 • യോഗാധിഷ്ഠിതമായ ശ്വസന ക്രിയകൾ ചെയ്യുന്നതും നല്ലതാണ്.
 • അമിത ഛർദ്ദിയുള്ളവർക്ക് ഇടതുവശം ചരിഞ്ഞ് കിടന്നുള്ള
  യോഗനിദ്ര പോലെയുള്ള റിലാക്സേഷൻ രീതികൾ ശീലിക്കാവുന്നതാണ്.
 • കൂടുതൽ സമയവും മനസ്സിന് സന്തോഷം
  കിട്ടുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.

ചില ഔഷധ പ്രയോഗങ്ങൾ

 • ക്ഷീണിതയായ ഗർഭിണിക്ക് വളരെയധികം തർപ്പണത്തെ  ചെയ്യുന്നതാണ്
  (തൃപ്തിയും പുഷ്ടിയും നല്‍കുന്നത്) മലരിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറിയതിനുശേഷം
  തേൻ ചേർത്ത് കഴിയ്ക്കുന്നത്. 
 • വറുത്ത ചെറുപയറ് പരിപ്പ് കൊണ്ടുണ്ടാക്കിയ കഷായത്തിൽ
  മലർപ്പൊടിയും തേനും പഞ്ചസാരയും ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്. 
 • ചുക്ക്, കൊത്തമ്പാലയരി, കുറുന്തോട്ടി വേര് എന്നിവയിട്ട് തിളപ്പിച്ച വെള്ളം
  കുടിയ്ക്കുവാൻ ഉപയോഗിക്കുന്നതും നല്ലതാണ്.
 • നെല്ലിക്കത്തോടും ഉണക്കമുന്തിരിയും ചതച്ചരച്ചതിൽ പഞ്ചസാരയും തേനും
  വെള്ളവും ചേർത്തിളക്കി അരിച്ചെടുത്ത് കുടിയ്ക്കുവാൻ
  ഉപയോഗിക്കുന്നതും ക്ഷീണമകറ്റാൻ അത്യുത്തമമാണ്.
 • നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, വയറ് വീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾ
  ഉള്ളവർക്ക് മഹാധന്വന്തരം ഗുളിക ഭക്ഷണശേഷം കഴിയ്ക്കാവുന്നതാണ്.
 • ഏലാദി ചൂർണ്ണം, വില്ല്വാദി കഷായം, മാതിപല രസായനം എന്നിവ
  വിശദമായ പരിശോധനയ്ക്ക് ശേഷം പ്രത്യേകം പഥ്യത്തോടുകൂടി നിര്‍ദ്ദേശിക്കാറുണ്ട്.

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

 • ഗർഭിണിക്ക് അമിതമായ ക്ഷീണവും തളർച്ചയും നേരിടുന്ന ഏതവസ്ഥയിലും
  ഡോക്ടറുടെ നിർദേശം സ്വീകരിക്കേണ്ടതാണ്.
 • ഛർദ്ദിമൂലം ആഹാരമോ വെള്ളമോ ഒട്ടും കഴിക്കാൻ പറ്റാത്ത
  അവസ്ഥയുള്ളപ്പോഴും ഡോക്ടറെ കാണുക തന്നെ ചെയ്യണം.

ഗർഭകാലത്ത് ഉണ്ടാവുന്ന ഛർദ്ദി സാധാരണ നിലയിൽ  യാതൊരു വിധത്തിലും ഭയപ്പെടേണ്ട ഒരു അവസ്ഥ അല്ല. ആദ്യത്തെ 12 ആഴ്ച വരെയുള്ള ഛർദ്ദി ജനിക്കുവാൻ പോകുന്ന കുഞ്ഞിന് യാതൊരുവിധ ജനിതക വൈകല്യങ്ങൾക്കും കരണമാകാറില്ല. എന്നിരുന്നാലും നീണ്ടുനിൽക്കുന്ന ഛർദിയും, ഗർഭിണിക്ക് വേണ്ടത്ര തർപ്പണവും ലഭിക്കാത്ത അവസ്ഥയും കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവാൻ കാരണമായേക്കാം. എപ്പോഴായാലും ഛർദ്ദി മൂലം  ഗർഭിണി വളരെയേറെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിന്‍റെ ശരിയായ കാരണം മനസിലാക്കി പ്രതിവിധികൾ ചെയ്യേണ്ടത് ആവശ്യമാണ്‌. 


About author

Dr. Sithara Satheesan

Assistant professor, PNNM Ayurveda Medical College Cheruthuruthy. Consultant Physician, Keraleeya Vaidya Nilayam, Kavalappara, Shornur sitharasatheesan@gmail.com


Scroll to Top