നല്ല ‘വണ്ണം’ അറിയാൻ നല്ലവണ്ണം വായിക്കു… !!

‘ടാ തടിയാ’ എന്ന മലയാള സിനിമ കാണാത്തവർ ചുരുക്കമാണ്.  അതിലെ നായകൻ അമിതവണ്ണം കൊണ്ടു അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തടികുറക്കാനുള്ള ശ്രമങ്ങളും വളരെ രസകരമായി, എന്നാൽ നമ്മെ ചിന്തിപ്പിക്കുന്ന തരത്തിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചു.

 എന്തെല്ലാം പറഞ്ഞാലും വണ്ണമുള്ളവർ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘർഷങ്ങൾ എത്രയെന്നു അവർക്ക് മാത്രമേ അറിയൂ… അതുകൊണ്ടു തന്നെ എവിടെ മെലിയാം എന്നു കേട്ടാലും അവരുടെ കണ്ണ് അതിൽ ഉടക്കും എന്നതും സ്വാഭാവികം. പക്ഷെ ഒന്നു ശ്രദ്ധിക്കു, അങ്ങിനെ എന്തെങ്കിലും പരീക്ഷിക്കാം എന്നു വിചാരിക്കുന്നവരും പരീക്ഷണങ്ങൾ പലതും ചെയ്തുകൊണ്ടിരിക്കുന്നവരും ഈ ലേഖനം ഒന്നു വായിച്ചിട്ടു പൊയ്‌ക്കോളൂ,  വളരെ സിമ്പിളും എന്നാൽ പവർഫുളും ആയ കുറച്ചു കാര്യങ്ങൾ ദാ താഴെ കൊടുക്കുന്നു..

അമിതവണ്ണo ഇന്ന് സമൂഹത്തെ അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ്, പക്ഷെ ഇതിനിടയിൽ വണ്ണം എന്നതൊരു അലർജിയായിക്കണ്ട്  യാതൊരു  ശാരീരിക പ്രശ്നങ്ങളും ഇല്ലാതിരുന്ന ആളുകൾ വരെ ശരീരത്തിൻ്റെ സ്വാഭാവിക വണ്ണം കുറച്ചു പലവിധ രോഗങ്ങളും വരുത്തി തീർക്കുന്ന കാഴ്ചകളും കുറവല്ല. അതുകൊണ്ടു തന്നെ അമിതവണ്ണവും സ്വാഭാവിക വണ്ണവും തമ്മിൽ  തിരിച്ചറിയേണ്ടതും അമിതവണ്ണത്തിൻ്റെ കാരണം കണ്ടുപിടിച്ചതിനു ശേഷം മാത്രം വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുമാണ് എന്ന തിരിച്ചറിവ് സമൂഹത്തിനു ഇനിയെങ്കിലും വരേണ്ടത് വളരെ അത്യാവശ്യമാണ്.

ആയുർവേദ ശാസ്ത്രം ഈ കാര്യങ്ങളെ എങ്ങിനെ വിവരിക്കുന്നു എന്നു നോക്കാം. ആയുർവേദ ശാസ്ത്രത്തിൽ ഓരോ വ്യക്തികളുടെയും ശാരീരിക മാനസിക അവസ്ഥകളെ ദോഷങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായും മൂന്നായി തിരിച്ചിരിട്ടുണ്ട് - വാത പ്രകൃതി, പിത്ത പ്രകൃതി, കഫ പ്രകൃതി ഇവയാണവ. ഇതിൽ വാത പ്രകൃതിക്കാർ മെലിഞ്ഞു പൊക്കം കൂടിയ ശരീരത്തോട് കൂടിയും പിത്തപ്രകൃതിക്കാർ സന്ധി അസ്ഥി മാംസഭാഗങ്ങൾ ദൃഢതകുറഞ്ഞു സാമാന്യ വണ്ണതോടു കൂടിയും കഫപ്രകൃതിക്കാരാകട്ടെ സന്ധികൾ നല്ല ദൃഢതയോടുകൂടിയുള്ളതും നന്നായി മാംസഭാഗങ്ങളാൽ പൊതിഞ്ഞവയും മറ്റു പ്രകൃതികളെ അപേക്ഷിച്ചു വണ്ണം കൂടിയിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് നമ്മുടെ സ്വാഭാവികമായ ശരീരപ്രകൃതിയിൽ ആയിരിക്കുന്ന ഒരാൾ ആരോഗ്യവാനായി ഇരിക്കുമ്പോൾ അതറിയാതെ നാം മറ്റുള്ളവരെ നോക്കി വണ്ണം കുറയ്ക്കാനായി ശ്രമിച്ചാൽ  നമ്മെ കാത്തിരിക്കുന്നത് രോഗങ്ങളുടെ ഒരു വലിയ ശ്രേണി തന്നെയായിരിക്കും. അതുകൊണ്ട് കൂടെ ഉള്ളവരുടെ വണ്ണക്കുറവ് കണ്ടു നമ്മളും അങ്ങനെ ആകാനായി ശ്രമിക്കുന്നത് സ്വയം രോഗങ്ങൾ വരുത്തിവക്കുന്നതിനു കാരണമാകുകയേ ഉള്ളു. 

ഇങ്ങനെ ഉള്ള സ്വാഭാവിക അവസ്ഥകളിൽ നിന്നും പലകാരണങ്ങൾ കൊണ്ട് വണ്ണം കൂടുകയും അതുവഴി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യും. ആയുർവേദത്തിൽ 'അതിസ്ഥൗല്യം' എന്നാണ് അമിതവണ്ണത്തെ കുറിച്ച്  പരാമർശിച്ചിരിക്കുന്നത്. അതിസ്ഥൗല്യം വരാനുള്ള കാരണങ്ങൾ ആയുർവേദ ശാസ്ത്രം വ്യക്തമായി പറയുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ആഹാരരീതികൾ 

-     അളവിൽ കൂടുതൽ ഭക്ഷണം

-     ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാര പദാർത്ഥങ്ങൾ 

 -    മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം

-     തണുത്ത ആഹാര പദാർത്ഥങ്ങൾ

 -    കൂടുതലായി എണ്ണ കലർന്ന ഭക്ഷണങ്ങൾ 

ഇവയെല്ലാം സ്ഥിരമായി കഴിക്കുന്നത്‌ അമിതവണ്ണത്തിനു കാരണമാകും.

വിഹാരങ്ങൾ അഥവാ  ജീവിത ശൈലി 

വ്യായാമത്തിൻ്റെ കുറവും പകലുറക്കവും അമിതവണ്ണത്തിനുള്ള പ്രധാനകാരണങ്ങൾ തന്നെയാണ്. അതുകൂടാതെ വളരെ സന്തോഷവാനായി ഇരിക്കുമ്പോഴും മാനസിക സമ്മർദ്ദം തീരെ ഇല്ലാത്ത അവസ്ഥകളും വണ്ണം കൂടുന്നത്തിൻ്റെ കാരണമായി ആയുർവേദശാസ്ത്രം പറയുന്നുണ്ട്. ആധുനിക ശാസ്ത്രത്തിലും  വൈകാരിക വിഷമതകൾ മൂലം ചിലരിൽ കൂടുതലായി ഭക്ഷണം കഴിക്കുന്ന രീതി അമിതവണ്ണത്തിലേക്കു വഴിതെളിക്കുന്നതായും പറയുന്നു.

ബീജ സ്വാഭാവം (Genetic Factors)

പാരമ്പര്യമായി വണ്ണം ഉള്ള അച്ഛനും അമ്മയുടെയും മക്കൾക്കും അതെ രീതിയിലുള്ള ശരീരവണ്ണം വരാൻ സാധ്യത ഉള്ളതായി ആയുർവേദവും ഇതര വൈദ്യ ശാസ്ത്രങ്ങളും അംഗീകരിക്കുന്നു.

രോഗങ്ങളുടെ പ്രഭാവം

ആയുർവേദത്തിൽ പറയുന്ന സ്ഥൂലപ്രമേഹം, മേദസിനെ കൂട്ടുന്നതായ  മറ്റു രോഗങ്ങൾ, (ഉദാഹരണത്തിന് ഹൈപോ തൈറോയ്ഡിസം, PCOS   തുടങ്ങിയവയെല്ലാം) അമിതവണ്ണത്തിനുള്ള കാരണങ്ങളായി മാറാറുണ്ട്.  കൂടാതെ 

ചില മരുന്നുകളുടെ ഉപയോഗം 

ഡിപ്രെഷനുള്ള മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ, corticosteroids തുടങ്ങിയവയുടെ  ഉപയോഗവും അമിതവണ്ണത്തിനുള്ള കാരണങ്ങളിൽ ഒന്നാണ്.

എന്താണിതിനു പരിഹാരം?

അമിതവണ്ണം വന്നാൽ അത് കുറക്കുകതന്നെ വേണം ഇല്ലെങ്കിൽ അവ നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെ ആഴത്തിൽ ബാധിക്കും. അതിനുള്ള ധാരാളം വഴികളിൽ ഒന്നുമാത്രമാണ് dieting അഥവാ ഭക്ഷണ ക്രമീകരണം

Dieting -ൽ പുതിയ രീതികളും അവയുടെ പഠനങ്ങളും നടന്നുകൊണ്ടേ ഇരിക്കുകയാണ്. പ്രധാനപെട്ട ചിലതു ഇവയാണ്.

1.Intermittent fasting – കൃത്യമായ ഇടവേളകൾ നൽകി ആഹാരം കഴിക്കുകയും  ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിലൂടെ കലോറിയെ കുറച്ചു ഭാരം കുറക്കുക എന്നതാണ് ലക്ഷ്യം.

2. Plant based diets – മാംസാഹാരവും മൃഗങ്ങളിൽ നിന്ന് ഉല്പന്നമായിട്ടുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളും പാടെ ഒഴിവാക്കി സസ്യാഹാരം മാത്രം കഴിക്കുന്ന രീതി. ഇതിലൂടെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുകയും കൊഴുപ്പിനെ തീരെ ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ അതുകൊണ്ട് ജന്തുജന്യമായ പോഷകങ്ങൾ ശരീരത്തിൽ കുറയാൻ ഈ തരത്തിലുള്ള diet കാരണമാകുന്നു.

3. Low carb diet-  അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ഇന്ധനമാക്കുന്ന രീതി. ഇതിൽ തന്നെ പല വ്യത്യസ്ത രീതികൾ പറയുന്നുണ്ട്. ഇതിൽ very -low carb diet കൾ പിന്തുടരുമ്പോൾ ചിലർക്ക് വയറിനു അസ്വസ്ഥതകൾ കണ്ടുവരാറുണ്ട്.

4. Low fat diet – low carb diet പോലെതന്നെ ഫലം കാണുന്ന ഒന്നാണ് low fat diet. ഇതിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി കലോറി കുറച്ചു ഭാരം കുറക്കുന്ന രീതിയാണിത്. ഒരുപാടുകാലം ഈ രീതി പിന്തുടരുന്നത് പോഷകങ്ങളുടെ ശരീരത്തിലേക്കുള്ള ആഗിരണങ്ങളിൽ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

ഇതുകൂടാതെ വ്യത്യസ്തങ്ങളായ diet രീതികൾ ഇനിയുമുണ്ട്. ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം നിങ്ങൾക്കനുയോജ്യമായ രീതി ഏതെന്നു അറിയാൻ വിദഗ്ദനായ ഒരാളുടെ കീഴിൽ ഈ കാര്യങ്ങൾ പരിശീലിക്കുക എന്നതാണ്.

ആയുർവേദം വിവരിക്കുന്ന അതിസ്ഥൗല്യം ചികിത്സയും നിർദേശങ്ങളും:

ആയുർവേദത്തിൽ പരാമർശിക്കുന്ന ചികിത്സകൾ പ്രധാനമായും ഇവയാണ്. ഓരോ  രോഗിയുടെയും രോഗത്തിൻ്റെയും അവസ്ഥയനുസരിച്ചു നിർദ്ദേശിക്കുന്നു.    

1. ഔഷധസേവനം 

2. വസ്തി (Medicated enema ), ഉദ്വർത്തനം (Medicated powder massage ) തുടങ്ങിയ ബാഹ്യ പ്രയോഗങ്ങൾ 

3. ഭക്ഷണ രീതിയിലുള്ള മാറ്റങ്ങൾ 

4. ജീവിതരീതികളിലുള്ള ക്രമീകരണങ്ങൾ, അതായത്  ഉറക്കത്തിലുള്ള നിയന്ത്രണം, ശരിയായ വ്യായാമം, ശരിയായ ലൈംഗികചര്യ, ചിന്തകൾക്ക് കൂടുതൽ പ്രാധാന്യം വരുന്ന ദൈനംദിന ജോലികൾ തുടങ്ങിയവ. 

ഇപ്പോൾ മനസിലായില്ലേ പല കാരണങ്ങൾ കൊണ്ട് നമുക്ക് അമിതവണ്ണം വരാം. അങ്ങിനെയെങ്കിൽ ഒന്നു ചോദിക്കട്ടെ നമ്മൾ കാണുന്ന അല്ലെങ്കിൽ വായിക്കുന്ന വിവരങ്ങളിൽ  അവരവരുടെ അനുഭവത്തിൽ എന്നെല്ലാം പറഞ്ഞു വരുന്ന കാര്യങ്ങൾ നോക്കി നമുക്കെങ്ങനെ കണ്ണുമടച്ചു അതേ കാര്യങ്ങൾ ശീലിക്കാൻ പറ്റും. അവരുടെ ആരോഗ്യനിലയോ ജീവിത ശൈലികളോ ഒന്നും അറിയാതെ പറയുന്ന പൊടികൈകൾ മാത്രം നാം സ്വീകരിച്ചാൽ നമ്മുടെ ആരോഗ്യത്തിൻ്റെ ഉത്തരവാദിത്തം ഒരിക്കലും അവർ ഏറ്റെടുക്കുകയില്ല എന്നതു ഓർക്കേണ്ട വിഷയം തന്നെയല്ലേ.

ശ്രദ്ധിക്കുക, കേവലം ഭക്ഷണ ക്രമീകരണത്തിലൂടെയോ പട്ടിണി കിടന്നതിലൂടെയോ ആർക്കും തന്നെ ആരോഗ്യമുള്ള ശരീരം ലഭിച്ചിട്ടില്ല. അത് ഭക്ഷണത്തിൻ്റെയും വ്യായാമത്തിൻ്റെയും കൂടാതെ അമിതവണ്ണത്തിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു അവയെ മാറ്റി നിർത്തിയുള്ള വ്യക്തമായ ചികിത്സകളിലൂടെയും എല്ലാമാണ് ദൂരീകരിക്കാനാകുക. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കു അനുയോജ്യമായ വ്യായാമരീതികളും നല്ലൊരു ജീവിതചിട്ടയും ഉണ്ടാക്കിനോക്കു, ആരോഗ്യപൂർണമായ നല്ലൊരു നാളെ നിങ്ങൾക്കായി കാത്തിരിക്കുന്നു. 


About author

Dr. Sharika Vipin

CRAV scholar under Dr. Ravishankar Pervaje Sushruta Ayurveda Hospital Puttur, D.K , sharikavipin@gmail.com


Scroll to Top