Fundamentals of Ayurveda

What are Adjuvants and Why are they Essential

മരുന്നിനു മീതെ മേമ്പൊടിക്കെന്താണ് കാര്യം?

'കഷായം അല്പം ശർക്കര മേമ്പൊടി ചേർത്ത് സേവിക്കണം'

'ചൂർണം അല്പം തേനിൽ ചാലിച്ചു കഴിക്കണം' 

ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആയുർവേദ ഡോക്ടറുടെ കുറിപ്പടിയിൽ സാധാരണമാണല്ലോ. മരുന്നിന് എന്തിനാണൊരു മേമ്പൊടി? 

'മേമ്പൊടി' എന്ന് കേൾക്കുമ്പോൾ ഒരു പഴയകാല അനുഭവമാണ് ഓർമ്മ  വരുന്നത്. എൻ്റെ അവസാനവർഷ ബി.എ.എം.സ് പരീക്ഷാക്കാലം. രണ്ടു പരീക്ഷകൾ കൂടി ബാക്കി നിൽക്കെ കലശലായ ചെങ്കണ്ണ് പിടിപെട്ടു. കണ്ണ് തുറക്കാൻ പോലും കഴിയാത്ത വിധം അസ്വസ്ഥതയും തലവേദനയും. പരീക്ഷ എഴുതാതിരിക്കാനും വയ്യ. അന്ന് എൻ്റെ ഒരു അധ്യാപകൻ തന്നെ മരുന്ന് കുറിച്ചുതന്നു. സ്വതവേ മരുന്ന് കഴിക്കാൻ മടിയുള്ള ഞാൻ പരീക്ഷ എഴുതാൻ പറ്റാതായാലോ എന്നുള്ള പേടി കൊണ്ട് മരുന്നുകളെല്ലാം മേടിച്ചു. ആ കുറിപ്പടിയിലെ 'പത്ഥ്യാഷഡംഗം' കഷായം മാത്രമാണ് ഇന്നും എൻ്റെ ഓർമ്മയിലുള്ളത്. അതിനു കാരണം അതിൻ്റെ മേമ്പൊടിയാണ്. മേല്പറഞ്ഞ കഷായം ശിരോ-നേത്ര രോഗങ്ങളിൽ പറയുന്ന ഒരു അസ്സൽ മരുന്നാണ്. കഷായം പറഞ്ഞ അളവിലെടുത്ത് ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളവും ചേർത്ത്  വായിലേക്കൊഴിച്ചതും  അതെ വേഗത്തിൽ പുറത്തേക്കു തുപ്പിയതും ഒരുമിച്ചായിരുന്നു. വായ മുഴുവൻ പൊള്ളുന്ന പോലെ, തൊണ്ടയിലൊരു പിടുത്തം, വല്ലാത്ത ചവർപ്പും പുളിപ്പും. ഒന്നുകൂടി മരുന്നിന്‍റെ കുറിപ്പടി നോക്കിയപ്പോഴാണ് ഒരു കാര്യം വിട്ടുപോയെന്നു കണ്ടത്. കഷായത്തിൽ മേമ്പൊടിയായി അല്പം മഞ്ഞളും ശർക്കരയും കൂടി ചേർക്കാൻ പറഞ്ഞിരുന്നു. കുറച്ച് പേടിയോടെയാണെങ്കിലും വീണ്ടുമൊരു ഡോസ് അങ്ങനെ പരീക്ഷിച്ചു. സംഗതി ക്ലീൻ. ഒരു ബുദ്ധിമുട്ടും കൂടാതെ കഷായം കുടിച്ചു. അസുഖം ഭേദമായി പരീക്ഷ എഴുതാനും പറ്റി. ഇത്തിരിപ്പോന്ന അളവിലേ ഉള്ളൂ എങ്കിലും ഈ മേമ്പൊടിപ്രയോഗം ചില്ലറക്കാര്യമല്ലെന്ന് അന്നെനിക്ക് മനസ്സിലായി.

എന്താണ് മേമ്പൊടി?

ഔഷധത്തോടൊപ്പം വളരെ ചെറിയ അളവിൽ കഴിക്കാൻ നിർദ്ദേശിക്കപ്പെടുന്ന പദാർഥങ്ങളാണ് മേമ്പൊടികൾ. ഇതിനെ പ്രക്ഷേപം എന്നും പറയാം. ആഹാരമോ ഔഷധമോ കഴിക്കുന്നതിനൊപ്പമോ അതിനു ശേഷമോ കുടിക്കുന്ന ദ്രവരൂപത്തിലുള്ള പദാർഥങ്ങളാണെങ്കിൽ അതിനെ സഹപാനം, അനുപാനം എന്നിങ്ങനെയും പറയുന്നു. പൊതുവേ അനുപാനം ഉപയോഗിക്കുന്നത്  മേമ്പൊടിയേക്കാൾ താരതമ്യേന കൂടിയ  അളവിലാണ്. ആഹാരത്തിനു ശേഷം അനുപാനം വേണ്ട വിധത്തിൽ ഉപയോഗിക്കുന്നത് ദഹനത്തെ സഹായിക്കുകയും ആഹാരത്തിലെ പോഷകാംശങ്ങളുടെ ആഗിരണം ശരിയായി നടത്തി ശരീര പുഷ്ടിയും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. ആഹാരത്തിന്‍റെ ഗുണത്തിനും വീര്യത്തിനും വിപരീത ഗുണമുള്ള അനുപാനങ്ങളാണ് ഉപയോഗിക്കേണ്ടത്. ശീതജലം, ഉഷ്ണ ജലം, പഴച്ചാറുകൾ, പാൽ, മാംസരസം ഇവയെല്ലാം ആയുർവേദത്തിൽ പറയുന്ന അനുപാനങ്ങളാണ്. ശുദ്ധമായി ശേഖരിക്കുന്ന മഴവെള്ളം ആണ് ഏറ്റവും ഉത്തമമായ അനുപാനമായി ആയുർവേദം അനുശാസിക്കുന്നത്.  

ഔഷധത്തിൽ മേമ്പൊടിയുടെ ആവശ്യം 

ശരിയായ സമയത്തും കൃത്യമായ അളവിലും ഔഷധം സേവിക്കുന്നതുപോലെ തന്നെ രോഗനിവാരണത്തിന് അനിവാര്യമായ ഘടകമാണ് അനുയോജ്യമായ മേമ്പൊടിയുടെ ഉപയോഗവും. ശർക്കര, ചുക്ക്, തിപ്പലി, ഇരട്ടിമധുരം, ത്രികടു ഇവ സാധാരണ ഉപയോഗിച്ച് വരുന്ന മേമ്പൊടികളാണ്. രോഗത്തിന്‍റെ ദോഷകോപത്തിനനുസരിച്ചും ശരീര പ്രകൃതിക്കനുസരിച്ചും ഔഷധത്തിന്‍റെ തന്നെ സവിശേഷത കൊണ്ടും പ്രത്യേകം മേമ്പൊടികളും അനുപാനങ്ങളും ആയുർവേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്. 

  • കഷായങ്ങൾ പോലെയുള്ള ആയുർവേദ ഔഷധങ്ങൾ കഴിക്കാൻ ആളുകൾ മടി കാണിക്കുന്നതിന്‍റെ ഒരു കാരണം അതിൻ്റെ അരുചിയാണ്. അനുയോജ്യമായ മേമ്പൊടി ചേർക്കുന്നത് ഔഷധഗുണം കുറക്കാതെ തന്നെ അതിൻ്റെ സ്വാദിനെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 
  • മേമ്പൊടികൾ ഔഷധങ്ങളുടെ ജൈവലഭ്യത (bioavailability) വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു. ഇവയെ പ്രകൃതിദത്തമായ bioenhancers  ആയി പരിഗണിക്കാവുന്നതാണ്. ഏതൊരു ഔഷധവും രോഗനിവാരണം സാധ്യമാക്കുന്നത് അത് എത്ര അളവിൽ ശരീരത്തിലെ രക്തചംക്രമണത്തിലേക്കു ആഗിരണം ചെയ്യപ്പെടുന്നു എന്നതിന് ആനുപാതികമായാണ്. അതാണ് ഒരു ഔഷധത്തിന്‍റെ ജൈവലഭ്യത. അതിനെ മെച്ചപ്പെടുത്തി രോഗനിവാരണം വേഗത്തിൽ സാധ്യമാക്കാൻ മേമ്പൊടികൾ സഹായിക്കുന്നു. 
  • ഔഷധ വീര്യത്തെ ബാധിക്കാതെ തന്നെ ഔഷധങ്ങളുടെ തീക്ഷ്ണത കുറക്കാനും മേമ്പൊടികൾ ചേർക്കുന്നതിലൂടെ സാധിക്കുന്നു. 

വിവിധ രോഗങ്ങളിൽ ഉപയോഗിക്കാനായി പ്രത്യേകം അനുപാനങ്ങൾ ആയുർവേദ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. ഉദാഹരണമായി ഗ്രഹണിയിൽ (ദഹനത്തെ പ്രധാനമായി ബാധിക്കുന്ന ഒരു രോഗം)  മോരും, ദഹനക്കേടുള്ളവരിൽ ചൂടുവെള്ളവും, ഉന്മാദത്തിൽ (ഒരു മാനസിക രോഗം) പഴകിയ നെയ്യും (1 വർഷം മുതൽ 11 വർഷം വരെ പഴക്കമുള്ള നെയ്യ്) അനുപാനമായി ഉപയോഗിക്കാൻ പറയുന്നു. 

ചില ഔഷധ യോഗങ്ങൾ അതിന്‍റെ കൂടെ ചേര്‍ക്കുന്ന മേമ്പൊടിക്ക് അനുസരിച്ച് പല വിധത്തിലുള്ള ഗുണങ്ങള്‍ പ്രകടമാക്കുകയോ വിവിധങ്ങളായ രോഗങ്ങളുടെ ശമനത്തിനായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നു. 

മേമ്പൊടി ഔഷധത്തിൽ വരുത്തുന്ന മാറ്റങ്ങൾ

  • പ്രക്ഷേപങ്ങൾ മരുന്നിലെ രാസഘടകങ്ങളുടെ സമാനഗുണങ്ങളോട് കൂടിയതാണെങ്കിൽ അതിൻ്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും (synergism) രോഗനിവാരണത്തിന്‍റെ വേഗം കൂട്ടുകയും ചെയ്യുന്നു. 
  • ഔഷധങ്ങളിലെ ചില ഘടകങ്ങൾക്കുള്ള അധികമായ തീക്ഷ്ണതയും രൂക്ഷതയും മറ്റും ക്രമീകരിക്കുന്നതിനും ഔഷധ സസ്യങ്ങളിലെ വിഷാംശമുള്ള ഘടകങ്ങളെ ലഘൂകരിച്ച് അതിൻ്റെ പാർശ്വഫലങ്ങളെ  ദൂരീകരിക്കുന്നതിനും സഹായിക്കുന്നു. 
  • മേമ്പൊടികളും അനുപാനങ്ങളും ഔഷധങ്ങളുടെ വാഹകരായി അവരെ രോഗശമനം ആവശ്യമായ ലക്ഷ്യസ്ഥാനങ്ങളിലേക്കു മാത്രം എത്തിക്കാനും സഹായിക്കുന്നു.     

മേമ്പൊടി ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു?

  • ചില തരത്തിലുള്ള പ്രക്ഷേപങ്ങൾ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ഔഷധവീര്യത്തിനും കോട്ടം തട്ടാത്ത വിധത്തിൽ ഔഷധത്തിന്‍റെ വാഹകരായി പ്രവർത്തിക്കുന്നു. തേൻ ഇതിനു ഒരു  ഉദാഹരണമാണ്. 
  • കുരുമുളക്, ത്രികടു എന്നിവയിലുള്ള piperin എന്ന രാസഘടകം  ചെറുകുടലിൽ ധമനികളുടെ വികാസത്തിന് കാരണമാകുകയും ഔഷധത്തിന്‍റെ ആഗിരണം കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

രോഗങ്ങളിൽ ദോഷകോപത്തിനനുസരിച്ച് പ്രത്യേകമായി  അനുപാനങ്ങളും അതിൻ്റെ മാത്രയും ആയുർവേദം നിർദ്ദേശിക്കുന്നു. 

വൈദ്യനിർദ്ദേശപ്രകാരം മേമ്പൊടിയോ അനുപാനമോ ചേർത്ത് തന്നെ ഔഷധം സേവിക്കുന്നത് വേഗത്തിൽ രോഗശാന്തി കിട്ടാൻ സഹായകമാകുന്നു. തിരക്കുള്ള നിരത്തിലൂടെ ശ്രദ്ധയോടെ വാഹനം ഓടിച്ചു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു സാരഥിയെപ്പോലെതന്നെ ശരീരത്തിൽ എത്തേണ്ടിടത്ത് ഔഷധത്തെ എത്തിച്ച് സുഖം പ്രദാനം ചെയ്യുന്നതാണ് മേമ്പൊടിയും. ഒരു തുള്ളി എണ്ണ ഒരു പാത്രത്തിലെ വെള്ളത്തിൽ എങ്ങനെ പടരുന്നുവോ അതേ വേഗത്തിൽ അല്പമാത്രമായ മേമ്പൊടി ഔഷധത്തോടു ചേരുമ്പോൾ അതിൻ്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒരു നുള്ള് മാത്രമാണെങ്കിലും അത് രോഗനിവാരണത്തിൽ ചെലുത്തുന്ന സ്വാധീനം അവഗണിക്കാൻ കഴിയുന്നതല്ല.


About author

Dr. Soumya K. R.

Assistant Professor, Dept.of Rasashastra & Bhaishajya Kalpana Alva’s Ayurveda Medical College, Moodbidri, Karnataka, drsoumya25@gmail.com


Scroll to Top