വെള്ളം തിളപ്പിക്കുമ്പോൾ..
എന്ത് ചേർക്കണം? എന്തിന് ചേർക്കണം?

"ഹാവൂ!...വെള്ളം കുടിച്ചപ്പോൾ എന്തൊരാശ്വാസം” .. എന്ന് പറയാത്തവർ ആരും ഉണ്ടാവില്ല. 

അതെ നമ്മൾ കുടിക്കുന്ന വെള്ളം അമൃതിന് സമാനമാണ്. ജീവിതത്തെ നിലനിർത്തുന്നതും, ഹൃദയത്തിന് ഹിതമായിട്ടുള്ളതും, ആഹ്ളാദത്തെ ഉണ്ടാക്കുന്നതും, ബുദ്ധിക്ക് ഉണർവുണ്ടാക്കുന്നതും എല്ലാം ഈ വെള്ളം തന്നെയാണ്.  അത് കൊണ്ട് തന്നെ എങ്ങനെയുള്ള വെള്ളം കുടിക്കണം, ഏതെല്ലാം ഔഷധങ്ങള്‍ ചേർത്ത് വെള്ളം തിളപ്പിക്കണം എന്നെല്ലാം അറിയേണ്ടത് പ്രധാനമാണ്.

ബ്രാഹ്മ മുഹൂർത്തത്തിൽ (4-4.30 am) എഴുന്നേറ്റ് പല്ല് തേച്ചതിന് ശേഷം ഒരു ഗ്ലാസ് 'നിശ്ശോഷിത ജലം' (തലേന്ന് രാത്രി തിളപ്പിച്ച് അടച്ചു വെച്ച് രവിലെയോടുകൂടി തനിയേ ചൂടാറിയ വെള്ളം) കുടിക്കണമെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നുണ്ട്. ഒരു ദിവസം 2.5-3 ലിറ്റര്‍ വെള്ളം കുടിക്കണമെന്ന് പഠനങ്ങൾ പറയുന്നു. 

മഴവെള്ളവും കിണറ്റിലെ വെള്ളവും

ഏറ്റവും ശുദ്ധമായ വെള്ളം മഴവെള്ളമാണ് അല്ലെങ്കിൽ കാറ്റും വെയിലുമേറ്റ് കിടക്കുന്ന കിണറ്റിലെ വെള്ളമാണ് എന്നാണ് ആയുര്‍വേദമതം. ഈ വെള്ളം കുടിക്കുന്നത് കൊണ്ട് തളർച്ച, ചർദ്ദി, ക്ഷീണം, ചുട്ടുനീറ്റൽ ഇവ ഇല്ലാതാക്കി ശരീരത്തിന് ഉന്മേഷം  നൽകുന്നു. അന്തരീക്ഷവും ജലസ്രോതസ്സുകളും മലീമസമാക്കുന്ന സംസ്കാരത്തിന് മുന്‍പുള്ള കാലഘട്ടത്തിലാണ് ഇത് പറഞ്ഞത് എന്ന് പ്രത്യേകം ഓര്‍ക്കണം. ഇന്നത്തെ സാഹചര്യത്തില്‍ മഴവെള്ളവും കിണറ്റിലെ വെള്ളവും ശുദ്ധം തന്നെയാണോ എന്ന് ലാബിലോ മറ്റോ കൊടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഗതിയാണ്.

ചൂടു വെള്ളം

ചൂടു വെള്ളം ലഘുവാണ് (ദഹിക്കാന്‍ എളുപ്പമുള്ളത്- അതെ കുടിക്കുന്ന വെള്ളത്തിന്‌ പോലും ദഹനവും ആഗിരണവും ഉണ്ട്. വിശപ്പില്ലാതിരിക്കുമ്പോള്‍ ഒരു തവണ നല്ല തണുത്ത വെള്ളം കുടിച്ചും അടുത്ത തവണ ചെറു ചൂട് വെള്ളം കുടിച്ചും വരുന്ന വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് സ്വയം പരീക്ഷിച്ച് അറിയാവുന്നതാണ്). ചൂടു വെള്ളം കുടിക്കുമ്പോൾ വിശപ്പുണ്ടാകും, കണ്ഠത്തിന് സുഖമാണ്,  ചുമ, ജലദോഷം, ശ്വാസംമുട്ട് എന്നിവക്ക് നല്ലതാണ്. 

തിളപ്പിച്ചാറിയ വെള്ളം

തിളപ്പിച്ചാറിയ വെള്ളം കഫത്തെ സ്രവിപ്പിക്കുമെങ്കിലും, പിത്ത പ്രധാനമായ ദോഷത്തിൽ നല്ലതാണ്. വിശപ്പില്ലായ്മ, ഗുല്മം, അർശസ്സ്, വയറിളക്കം, നീർക്കെട്ട് എന്നീ രോഗങ്ങൾ ഉള്ളവർ അധികമായി വെള്ളം കുടിക്കരുത്. 

വെള്ളം സീസണും

ഓരോ ഋതുവിലും ഏതെല്ലാം തരത്തീലുള്ള വെള്ളം കുടിക്കണമെന്നും ആത് എങ്ങനെ കുടിക്കണമെന്നും അഷ്ടാംഗ ഹൃദയത്തിൽ വാഗ്ഭടാചാര്യൻ നിർദ്ദേശിക്കുന്നുണ്ട്.

  • ശരത് ഗ്രീഷ്മ ഋതുക്കളിൽ (autumn and summer seasons) കൂടുതൽ വെള്ളം കുടിക്കണം. 
  • ഹേമന്ത ശിശിര (late and early winters) ഋതുക്കളിൽ ഇളം ചൂട് വെള്ളം കുടിക്കണം. 
  • വസന്ത കാലത്തിൽ (spring season) ചുക്ക് വെള്ളമോ, വേങ്ങാകാതലിട്ട് വെന്ത വെള്ളമോ, തേൻ ചേർത്ത വെള്ളമോ, മുത്തങ്ങ ചേർത്ത വെള്ളമോ കുടിക്കാം.
  • ഗ്രീഷ്മ ഋതു (summer season) ചൂട് കൂടുതലുള്ള സമയമായത് കൊണ്ട് വാഴപ്പഴം, ചക്കപ്പഴം  അരിഞ്ഞ് അതിൽ വെള്ളം ചേർത്ത് പുത്തൻ മൺപാത്രത്തിലാക്കി വെച്ച് മണ്ണ് കൊണ്ടുള്ള പാനപാത്രത്തിൽ ഒഴിച്ചുവെച്ച 'പഞ്ചസാരം' എന്ന പാനകം രൂപത്തിലാണ് വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശം.
  •  വർഷ ഋതുവിൽ (rainy season) പഞ്ചകോലം ചേർത്ത് തൈര്  വെള്ളം കുടിക്കണം. കാച്ചി വറ്റിച്ചെടുത്ത മഴവെള്ളവും കിണർവെള്ളവും ഉപയോഗിക്കേണ്ടതാണ്.  
  • ശരത് ഋതുവിൽ (autumn season) സൂര്യ രശ്മി ഏറ്റ് ചൂടായതും, ചന്ദ്ര രശ്മി ഏറ്റ് തണുത്തതും, ത്രിദോഷ ശമനവുമായ  വെള്ളം കുടിക്കണം.

വെള്ളം എന്തിട്ടു തിളപ്പിക്കണം

സാധാരണയായി നമ്മൾ വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളും അവയുടെ ഗുണങ്ങളും

ഉലുവ

നേരിയ കയ്പ്പുള്ളതും മഞ്ഞ നിറമുള്ളതുമായ ഉലുവ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ്. ശരീരത്തിലെ ജലാംശം നിലനിർത്താനും, അമിതവണ്ണം തടയാനും, പ്രമേഹം നിയന്ത്രിതമാക്കാനും ഉലുവ വെള്ളം നല്ലതാണ്.

തുളസി

പുണ്യമായി നാം കണകാക്കുന്ന തുളസി ഒരു ഔഷധം കൂടിയാണ്. പനി, ജലദോഷം ഇവ തടയാനും രക്തത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാനും തുളസി വെള്ളം നല്ലതാണ്. 

പതിമുകം

ഇളം പിങ്ക് നിറത്തിൽ ഗ്ലാസിൽ നിറച്ചാൽ ഒരു പ്രത്യേക ഭംഗിയുള്ള ദാഹശമനിയാണ് പതിമുകം. സൗന്ദര്യം കൊണ്ട് മാത്രമല്ല ഗുണമേന്മ കൊണ്ടും പതിമുകം മുന്നിൽ തന്നെ. ദാഹശമനീ എന്ന പേരിൽ കടകളിൽ ലഭിക്കുന്നതിൽ പ്രധാന ചേരുവയാണ് പതിമുകം. വൃക്ക സംബന്ധമായ രോഗങ്ങൾ, ചർമ്മരോഗങ്ങൾ, രക്ത ശുദ്ധീകരണം, പ്രമേഹം എന്നിവക്ക് നല്ലതാണ്. 

കറുവപ്പട്ട

കറുവപ്പട്ട ഇട്ട വെള്ളം അണുബാധ അകറ്റാനും, വായ് നാറ്റം തടയാനും നല്ലതാണ്.

മല്ലി

മല്ലി വെള്ളം (കൊത്തമ്പാലരി) ചൂട് കാലത്ത് ഉപയോഗിക്കാൻ നല്ലതാണ്. അസിഡിറ്റി അകറ്റാനും വായ് പുണ്ണിനും ഉത്തമമാണ്. ദഹനത്തിന് സഹായിക്കും, വയറിളക്കത്തിലും വയറ് വേദനക്കും നല്ലതാണ്. മൂത്രളവും (മൂത്രത്തിന്‍റെ അളവ് കൂട്ടുന്നത്‌) പുകച്ചില്‍ കുറയ്ക്കുന്നതുമാണ്. 

ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക)

ആയുർവേദത്തിലെ രാജാവായ ത്രിഫല ഇട്ട് വെള്ളം തിളപ്പിച്ചാൽ പനി, ചുമ മുതലായ രോഗങ്ങൾ വരാതെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ദീര്‍ഘനാള്‍ ആരോഗ്യം നിലനിര്‍ത്താം. ത്രിഫല ഇട്ട് തിളപ്പിച്ച വെള്ളം നിത്യം ശീലീക്കാം. എന്നും രാത്രി ത്രിഫല ഇട്ട് വെള്ളം കുടിക്കുന്നത് മലബന്ധത്തിന് വിശേഷമാണ്.

ചുക്ക് (ഉണങ്ങിയ ഇഞ്ചി) 

വളരെ സാധാരണയായി നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന ചുക്ക് വെള്ളം ദഹനക്കേട്, പനി ഇവക്ക് ഉത്തമമാണ്. കൊളസ്ട്രോൾ  കുറയ്ക്കാനും സഹായിക്കുന്നു.

ഏലയ്ക്ക

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം നല്ല സുഗന്ധം നല്കുന്നതിനാൽ ഹൃദ്യമാണ് (മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്നത്). ദഹനത്തെ സഹായിക്കും. 

ഗ്രാംമ്പു

ഗ്രാംമ്പു ഇട്ട് തിളപ്പിച്ച വെള്ളം പല്ല് വേദന അകറ്റി പല്ലിന് ബലം നൽകുന്നു. ശ്വസന- ദഹന സംബന്ധമായ അസുഖങ്ങൾക്കും നല്ലതാണ്.

കരിങ്ങാലി

മലയാളിക്ക് ഏറെ പരിചിതമായ കരിങ്ങാലി വെള്ളം രക്തം ശുദ്ധീകരണത്തിലും, ത്വക് രോഗങ്ങളിലും വളരെ ഫലപ്രദമാണ്.

രാമച്ചം

പുല്ല് പോലെ കാണുന്ന രാമച്ചം ഹൃദ്യമായ തണുപ്പ് നിലനിർത്തുന്നു. അമിതമായ ഉത്കണ്ഠ, സമ്മർദ്ദം ഇവ തടയാനും, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവക്കും നല്ലതാണ്.  

ജീരകം

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ സ്ഥാനം പിടിച്ച ജീരക വെള്ളം ദഹനസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കും അത്യുത്തമമാണ്. അതിയായ ചൂടിൽ കുടിക്കരുത്.

ഞെരിഞ്ഞിൽ

ഈ വെള്ളം കുടിക്കുന്നത് കാൽ പാദത്തിലെ നീര് മാറാൻ ഫലപ്രദമാണ്. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും നല്ലതാണ്.

തഴുതാമ

തഴുതാമ ഇട്ട് വെന്ത വെള്ളം ശരീരം മുഴുവനായോ അല്ലാതെയോ ഉള്ള നീർക്കെട്ടിനും നല്ലതാണ്.

ചിറ്റമൃത്

പനി, ശ്വാസ തടസ്സം ഇവ വരാതെ പ്രതിരോധിക്കാൻ ഈ വെള്ളം ഉപയോഗിക്കാം. പ്രതിരോധ ശേഷി സംരക്ഷിക്കേണ്ടത്  അത്യാവശ്യമായ ഈ കാലത്ത് ചിറ്റമൃതിട്ട് തിളപ്പിച്ച വെള്ളം ഹിതമാണ്. ചിറ്റമൃതും മഞ്ഞളും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

ഔഷധങ്ങള്‍ ഇട്ട് വെള്ളം തിളപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക

ഇങ്ങനെ ഔഷധങ്ങള്‍ ചേർത്ത് വെള്ളം തിളപ്പിക്കുന്നത് പല വിധ രോഗങ്ങൾക്ക് ആശ്വാസം നല്കുമെങ്കിലും അത് പരിപൂർണ്ണ ചികിത്സയല്ല. ഒരു ഔഷധം മാത്രമായി നിത്യേന ശീലിക്കുന്നത് നല്ലതല്ല. ഉദാഹരണത്തിന് ഒരുപാട് ഔഷധ ഗുണങ്ങളുള്ള തുളസി അധികമായി ഉപയോഗിച്ചാൽ കരൾ രോഗങ്ങളുണ്ടാവാം, വന്ധ്യതയ്ക്ക് കാരണമാകാം, പല്ലിൽ കറയുണ്ടാകും. എന്നാൽ അവസ്ഥയനുസരിച്ച്  യുക്തമായ അളവിൽ കുടിക്കുന്നത് നല്ലതാണ്. ജലദോഷമുള്ള സമയത്ത് തുളസി വെള്ളം കുടിക്കുന്നത് ആശ്വാസമാണ് എങ്കിലും നിത്യം ശീലിക്കരുത്. ഋതുവനുസരിച്ചും, ശാരീരികാവസ്ഥയനുസരിച്ചും, രോഗാവസ്ഥയനുസരിച്ചും ഔഷധ സസ്യങ്ങൾ തിളപ്പിച്ച് യുക്തമായ അളവിൽ സേവിക്കണം. വ്യക്തിക്കും രോഗത്തിനും കാലാവസ്ഥയ്ക്കും ഒക്കെ അനുയോജ്യമായി ഏത് ഔഷധമാണ് വെള്ളം തിളപ്പിക്കാന്‍ നിങ്ങള്ക്ക് അനുയോജ്യം എന്ന് നിങ്ങളുടെ ആയുര്‍വേദ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

ഔഷധ ഉപയോഗത്തിൽ നമ്മൾ നേരിടുന്ന ഒരു വല്യ വെല്ലുവിളി മായം ചേർക്കൽ തന്നെയാണ്. ഗുണം കുറഞ്ഞതോ, കാഴ്ചയിൽ സാമ്യം തോന്നിക്കുന്ന പകരക്കാരനെയോ ഉപയോഗിക്കുന്നു. നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഇഞ്ചി കടകളിൽ നല്ല തിളങ്ങി ഇരിക്കുന്നത് കണ്ടിട്ടില്ലെ?? ഇഞ്ചിയെ സൽഫ്യൂറിക് ആസിഡിൽ മുക്കി കാണാൻ തിളക്കം കൂട്ടിയും കൂടുതൽ കനം ഉണ്ടാക്കിയുമാണ്  മാർക്കറ്റിൽ ലഭ്യമാക്കുന്നത്. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഇത് കാരണമാകും. മല്ലി, ഉലുവ, ഗ്രാംബു എന്നിവയിൽ നിന്ന് ഔഷധാംശം വേർതിരിച്ചെടുത്താണ് പലപ്പോഴും മാർക്കറ്റിൽ ലഭിക്കുന്നത്. മഞ്ഞൾപ്പൊടിയിൽ  'മെറ്റാനിൽ യെല്ലൊ', പതിമുത്തിനു പകരം രാജമല്ലി, ഇങ്ങനെ പോകുന്നു മായം ചേർക്കൽ. എന്നാൽ ഉലുവയുടെ മഞ്ഞ നിറം, പതിമുത്തിന്‍റെ പിങ്ക് നിറം ഇതൊന്നും കണ്ട് ഭയക്കേണ്ടതില്ല. അത് സ്വാഭാവികം തന്നെയാണ്. ഏറ്റവും വിശ്വാസ യോഗ്യമായ സ്ഥലങ്ങളിൽ നിന്നു മാത്രം ഔഷധങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.

അമൃതിനു തുല്യം ഈ ജലപാനം. 

ആയുർവേദ ആചാര്യന്മാർ നിർദ്ദേശിക്കുന്ന സമീകൃത ആഹാരത്തിലൂടെ, ഏറ്റവും ശുദ്ധമായ യുക്തമായ ഔഷധങ്ങൾ ചേർത്ത് തിളപ്പിച്ച  ജലപാനത്തിലൂടെ പ്രതിരോധ ശേഷി സംരക്ഷിച്ചാൽ ഇന്ന് നമ്മളെ തടവറയിലാക്കിയ പകർച്ച വ്യാധികളെ  നമുക്ക് നേരിടാം..


About author

Dr. Soumia Ajith

BAMS, Consultant- Ayusha Ayurvedics, Calicut soumiak511@gmail.com


Scroll to Top