കുട്ടികളിലെ വിരശല്യം

'എത്ര ഭക്ഷണം കഴിച്ചിട്ടും എൻ്റെ കുട്ടി നന്നാകുന്നില്ലല്ലോ?' നമ്മുടെ OP കളിലും ദൈനംദിന ജീവിതത്തിലും സ്ഥിരം കേൾക്കുന്ന പരാതിയാണല്ലോ ഇത്. ഇതിനുള്ള ഒരു പ്രധാന കാരണമാണ് കുട്ടികളിലെ വിരശല്യം. സമൂഹത്തിലെ എല്ലാ തുറകളിലും ഉള്ള കുട്ടികളെയും ബാധിക്കുന്ന ഒരു രോഗമാണിത്. 

വിരശല്യം എങ്ങനെ ഉണ്ടാകുന്നു?

  • വിരകളോ അവയുടെ മുട്ടകളോ അടങ്ങിയ മണ്ണിൽ ചവിട്ടുക; 
  • അത്തരം മണ്ണിൽ കളിച്ചതിനു ശേഷം വൃത്തിഹീനമായ കൈകൾ വായിലിടുക; 
  • പൂച്ച, പട്ടി, മുതലായ വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം, 
  • അധികം വേവിക്കാത്ത മാംസഭക്ഷണം കഴിക്കുക 

എന്നിവ വഴി വിരയോ, വിരയുടെ മുട്ടകളോ കുട്ടികളുടെ ശരീരത്തിൽ പ്രവേശിച്ച് രോഗമുണ്ടാക്കുന്നു. Pinworm, roundworm, tapeworm തുടങ്ങിയ Soil Transmitted Helminths (STH) ആണ് സാധാരണയായി ഇത്തരത്തിൽ ബാധിക്കുന്നത്. ആയുർവേദത്തിൽ ഇവ പുരീഷജകൃമി എന്ന പേരിലാണ് അറിയപ്പെടുന്നത്. 

ലക്ഷണങ്ങൾ

  • വിരകൾ രാത്രികാലങ്ങളിൽ മലദ്വാരത്തിനു സമീപം മുട്ടയിടാൻ എത്തുന്നത് കുട്ടികളിൽ പലപ്പോഴും ചൊറിച്ചിൽ, ഉറക്കമില്ലായ്മ, തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. പലപ്പൊഴും രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്ന ഈ അവസ്ഥയിൽ മലദ്വാരത്തിൽക്കൂടി കൃമികൾ പുറത്തേക്ക് വരുന്നതായും കാണാം. 
  • വയറുവേദന, ഛർദ്ദി, ഓക്കാനം, 
  • മുഖത്തും ദേഹത്തും വെളുത്ത പാടുകൾ, 
  • ചൊറിച്ചിൽ, 
  • തൂക്കക്കുറവ്, 
  • വിളർച്ച 

എന്നിവ ലക്ഷണങ്ങള്‍ ആയി കാണാറുണ്ട്.                    

ഇത്തരത്തിൽ അല്ലാതെ കൊതുക് കടിയിൽ കൂടിയും കൃമികൾ ശരീരത്തിൽ കടക്കാം. ഇവ രക്തജ കൃമി എന്ന പേരിലാണ് ആയുർവേദത്തിൽ പറയപ്പെടുന്നത്. Filarial worms, malarial parasite ഇവയെ ഒക്കെ ഈ കൂട്ടത്തിൽ പെടുത്താം. 

പ്രതിരോധ മാർഗങ്ങൾ

'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ. ചെറുപ്രായം മുതൽ തന്നെ കുട്ടികളെ വ്യക്തി ശുചിത്വം ശീലിപ്പിക്കുക. 

1.ഭക്ഷണത്തിനു മുൻപും, ടോയിലറ്റിൽ പോയതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.

2. പുറത്തു പോകുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക.

3. വേവിച്ചതും ശുചിയായതുമായ ആഹാരവും വെള്ളവും ഉപയോഗിക്കുക.

4. വൃത്തിയുള്ള വസ്ത്രം ധരിക്കുക.

5. മധുര പലഹാരങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക.

6. കായം, മഞ്ഞൾ, മോര് തുടങ്ങിയവയും കയ്പും, ചവർപ്പും, എരിവും ഉള്ളതുമായ ആഹാരങ്ങളും ശീലിക്കുക.

7. കൊതുക് കടി കുറക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക.

ചികിത്സ

വിര നിർമാർജനത്തിനായി കുട്ടികൾക്ക് 6 മാസം കൂടുമ്പോൾ AIbendazoIe സർക്കാർ സൗജന്യമായി അങ്കനവാടികൾ വഴി വിതരണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും പലകുട്ടികൾക്കും വിരശല്യം തുടർന്ന് നിൽക്കുന്നതായി കാണാം. കൃമിഘ്ന ഗുളിക , കൃമിശോധനി ഗുളിക, വിഡംഗാരിഷ്ടം, വിഡംഗാദിചൂർണ്ണം, നിർഗുണ്ഡ്യാദി കഷായം, മാണിഭദ്രഗുളം ഇവയൊക്കെ അവസ്ഥാനുസാരേണ ഉപയോഗിക്കാവുന്ന ആയുർവേദ ഔഷധങ്ങളാണ്. അഷ്ട ചൂർണ്ണo, ഉര മരുന്ന് ഗുളിക ഇവയൊക്കെ ആഴ്ചയിൽ 2 - 3 തവണ കൊടുക്കുന്നത് വിരശല്യം ഉണ്ടാകാതിരിക്കാൻ നല്ലതാണ്. മധുരത്തോടൊപ്പo ചെറുപ്രായം മുതൽ തന്നെ എരിവ്, കയ്പ്, ചവർപ്പ് കലർന്ന ആഹാരങ്ങളും കൂടി ശീലിച്ചാൽ വിരശല്യം കുറയ്ക്കാൻ കഴിയും. ഇതോടൊപ്പം തൈര്, ശർക്കര, ഉഴുന്ന്, ഇലക്കറികൾ, പാൽ ഇവ വിരശല്യം ഉള്ളപ്പോൾ ഒഴിവാക്കുക.


About author

Dr. Lekshmi M. K.

MD (Ay)- Kaumarbrithya Associate Professor, Government Ayurveda College, Kannur lekshmimk@gmail.com


Scroll to Top