Ayurveda & Yoga

Yama & Niyama: The Precursors of Yoga

"യോഗ നമ്മളുദ്ദേശിച്ച ആളല്ല സർ!"

എത്ര ലാലേട്ടൻ ഫാൻസ്‌ ഉണ്ടിവിടെ!?

ലാലേട്ടന്‍റെ ബോയിങ് ബോയിങ് ഇഷ്ടമുള്ളവരെത്ര പേരുണ്ട്!?

പോട്ടെ,  ആ സിനിമയിൽ മോഹൻലാൽ ചിക്കനെ കൊണ്ട് യോഗ ചെയ്യിപ്പിച്ച സീൻ കണ്ടു ചിരിച്ചവർ എത്ര പേരുണ്ട്?

പറയാൻ പോകുന്നത് സിനിമയെയും ലാലേട്ടനെ പറ്റിയും ഒന്നുമല്ല. അതുകൊണ്ട് തന്നെ എല്ലാ ഫാൻസ്‌ കാർക്കും കേൾക്കാം.

പറയാൻ പോകുന്നത് ചില തെറ്റിദ്ധാരണകളെപറ്റിയാണ്. അല്ലെങ്കിൽ അറിയാതെ പോകുന്ന ചില വസ്തുതകളെ പറ്റിയാണ്.

യോഗ എന്ന വാക്ക് നമുക്കെല്ലാവർക്കും പരിചിതമാകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.  നേരത്തെ പറഞ്ഞ 'ബോയിങ് ബോയിങ്ങിലെ' ചിക്കൻ വെച്ചുള്ള യോഗാഭ്യാസം മുതൽ നമ്മുടെ മോദിജിയുടെ അഖിലേന്ത്യ തലത്തിൽ നടന്ന യോഗാഭ്യാസനം വരെ നമ്മൾ കണ്ടറിഞ്ഞതാണ്. 

ലോകം മുഴുവൻ 'യോഗ' വ്യാപാരം ചെയ്യപ്പെടുമ്പോഴും, ചില വസ്തുതകൾ വിനിമയം ചെയ്യപ്പെടുന്നില്ല. പ്രത്യേകിച്ച് ഭാരതീയചരിത്രത്തിൽ യോഗയുടെ സ്ഥാനം. യഥാർത്ഥത്തിൽ യോഗയെ പറ്റിയല്ല,  'യോഗശാസ്ത്രത്തെ' പറ്റിയാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്.. 

കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളമായി നമ്മളെയെല്ലാം നൈസ് ആയിട്ട് പൂട്ടിയിട്ട  ലോക്ക് ഡൗണിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ്. സമൂഹത്തിന്‍റെ ബാഹ്യതലത്തിലും ആന്തരികതലത്തിലും അത് ചെലുത്തിയ സ്വാധീനം യോഗദർശനത്തിന്‍റെ വെളിച്ചത്തിൽ ഒന്നു വിലയിരുത്തുകയാണ്. ഇത്തരത്തിലുള്ള ബാഹ്യ - ആന്തരിക വിലയിരുത്തലുകൾക്ക് എല്ലായിപ്പോഴും പ്രസക്തിയുണ്ട്. വ്യക്തിപരവും സാമൂഹികപരവും തുടങ്ങി പ്രപഞ്ചത്തിലെ ഒട്ടുമിക്ക എല്ലാ വസ്തുതകളിലും ഇത് അനിവാര്യമാണ്. 'കണ്ണിൽ കാണാവുന്നത് മാത്രമല്ല സത്യങ്ങൾ' എന്നതാണ് കാര്യം. സത്യങ്ങൾ പലപ്പോഴും ഇന്ദ്രിയങ്ങൾക്കും അതീതമാണ്. അവിടെയാണ് മനസ്സും ആത്മാവുമെല്ലാം ചർച്ചയിലേക്ക് കടന്നുവരുന്നത്.

ലോക്ക് ഡൗൺ എങ്ങിനെയാണ് സമൂഹത്തെ ബാധിച്ചത്? എല്ലാ വാർത്താ മാധ്യമങ്ങളും വിലയിരുത്തി ഉഴുതുമറിച്ച, മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മൾ കുറച്ചു നാളായി കേട്ടുതഴമ്പിച്ച ചർച്ചയാണിത്. " നമ്മൾ അതിജീവിക്കും. "നന്മയുള്ള ലോകമേ... കൺ‌തുറന്നു കാണുക..." (ഫീൽ ദി BGM)

അതിന്‍റെ മറ്റൊരു വശത്തിലേക്ക് വരാം. മനസ്സിൽ തട്ടിയ രണ്ടു വാർത്തകളാണ് ഈ ലേഖനത്തിലേക്ക് നയിച്ചത്. ഒന്ന് കുറച്ചു നാൾ മുമ്പുണ്ടായതാണ്.  "മുംബൈയിലെ തെരുവുകളിൽ വിശന്നു വലഞ്ഞവന് അമീർ ഖാൻ ഗോതമ്പിൽ പൊതിഞ്ഞു 15000 രൂപ എത്തിച്ചു കൊടുത്ത കഥ."  മറ്റൊന്ന് ഈ ആഴ്ച നടന്നതാണ്.  "മുംബൈയിൽ തന്നെ ഉല്ലാസ് നഗറില്‍ കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം, ഗവണ്മെന്റ് നിർദേശം അവഗണിച്ചു സാധാരണ രീതിയിൽ കുടുംബാംഗങ്ങൾ സംസ്കരിച്ചു.  ശേഷം ചടങ്ങിൽ പങ്കെടുത്ത 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു."

ഇത് മനസ്സിലിരിക്കട്ടെ. 

യോഗ ശാസ്ത്രത്തിലേക്ക് വരാം.

യോഗശാസ്ത്രത്തിനു ഈ ലോകത്തിന്‍റെ തന്നെ പഴക്കമുണ്ടെന്നു പറയാം. എന്നാൽ നമ്മൾ ഇന്ന് കണ്ടിട്ടും കേട്ടിട്ടും ഒരുപക്ഷെ ചെയ്തിട്ടുമുള്ള ശാരീരികമായ 'അഭ്യാസങ്ങൾ' മാത്രമാണോ യോഗ?  അല്ല. അതിനു മുൻപും അതിനു ശേഷവും ചിലതു കൂട്ടിവായിക്കാനുണ്ട്.

യോഗശാസ്ത്രം എന്ന് പറഞ്ഞാൽ 'അഷ്ടാംഗ യോഗം’ എന്നുകൂടെ പറയപ്പെടുന്നു. അതായത് അതിനു എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം,  സമാധി എന്നിവയാണവ. നമ്മൾ കേട്ടിട്ടുള്ള ആസനങ്ങൾ മൂന്നാമതായാണ് വരുന്നത് എന്ന് ശ്രദ്ധിക്കണം. 

യോഗം എന്നാൽ 'യോജന' ആണ്. അഥവാ കൂടിച്ചേരൽ. ശാസ്ത്രപ്രകാരം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരൽ. ഇന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ആത്മാവ് എന്ന പദം വളരെ സൂക്ഷിച്ചുപയോഗിക്കേണ്ടതാണെന്ന് അറിയാം. അതുകൊണ്ട് തത്കാലം ആത്മാവ് അവിടെ നിൽക്കട്ടെ.

മനസ്സിനെ പറ്റി കുറച്ചുകൂടെ സംസാരിക്കാൻ പറ്റുമെന്നു തോന്നുന്നു. ആയുർവേദ ശാസ്ത്രപ്രകാരം ജീവിതം എന്നതിന് ഒരു നിർവചനമുണ്ട്. അത് "ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ആത്മാവും തമ്മിലുള്ള സമവായത്തോടെയുള്ള ഒരു നിലനിൽപ്പാണ്‌". സമവായം എന്നുവെച്ചാൽ വിഭജിക്കാൻ പറ്റാത്തത് എന്നർത്ഥം. പഞ്ചസാരയും അതിലെ മധുരവും പോലെ. പഞ്ചസാര ഉള്ളിടത്തോളം അതിനു മധുരവും ഉണ്ട്. എന്നാൽ പഞ്ചസാര പഞ്ചസാരയല്ലാതാകുന്ന ആ നിമിഷം മുതൽ അതിനു അതിന്‍റെ മധുരവും ഇല്ല. 

ഇത്തരത്തിലുള്ള സമവായത്തിലൂടെയാണ് നമ്മുടെയെല്ലാം നിലനിൽപ്.  

ഭാരതീയ ശാസ്ത്രങ്ങളും മോഡേൺ സയൻസും വസ്തുതകളെ എപ്രകാരം വിലയിരുത്തുന്നു എന്നതിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് ഈ 'സമവായത്വം'. ഒരു പൂവിനെ സങ്കല്പിക്കുക. നമ്മളെങ്ങിനെ ആ പൂവിനെ പറ്റി പഠിക്കും എന്നതാണ് ചോദ്യം. മോഡേൺ സയൻസ് പ്രകാരം പൂവിന്‍റെ പഠനം അതിനെ കീറിമുറിച്ചുള്ളതാണ്. 'മെതോഡോളജിക്കൽ റിഡക്ഷനിസം ' (Methodological Reductionism) എന്നാണ് ഈ രീതിയെ പറയുന്നത്. അതായത് നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്ന എന്തിനും തന്മാത്ര തലത്തിലുള്ള സാധൂകരണത്തിന്‍റെ അന്വേഷണം. ഭാരതീയ ശാസ്ത്രങ്ങളുടെ രീതി പക്ഷെ അതല്ല. പൂവിനെ പറ്റിയുള്ള പഠനം അതിന്‍റെ സമഗ്രതയെ അടിസ്ഥാനപെടുത്തിയുള്ളതാണ്. ആ സമഗ്രത കീറിമുറിച്ചുകൊണ്ടല്ല സ്വാഭാവികതയെ ഊന്നിക്കൊണ്ടുള്ളതാണ്. പൂവിന്‍റെ നിറം,  അത് പുഷ്പിക്കുന്ന കാലം, അത് കണ്ടുവരുന്ന ഭൂപ്രകൃതി എന്നുള്ള വസ്തുതകളുടെ യുക്തിസഹമായ അന്വേഷണങ്ങളാണ്. അതിനെ Holistic Study അല്ലെങ്കിൽ സമഗ്രമായ പഠനം എന്ന് പറയും. അപ്രകാരം ചിന്തിക്കുമ്പോളാണ് ജീവിതത്തെ പറ്റി നേരത്തെ പറഞ്ഞ നിർവചനം അർഥവത്താകുന്നത്.

ശരീരവും മനസ്സും അനുപൂരകങ്ങൾ ആയി കണ്ടുകൊണ്ടാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്പില്ല.

 ആയുർവേദത്തിൽ ആദ്യമേ പറയുന്നുണ്ട്. 'രാഗാദികൾ' ആണ് രോഗങ്ങൾ. 'രാഗം' എന്ന് വെച്ചാൽ രഞ്ജിപ്പിക്കുന്നത്, നിറം കൊടുക്കുന്നത് എന്നർത്ഥം. എന്തിനെ രഞ്ജിപ്പിക്കുന്നത്? "മനസ്സിനെ രഞ്ജിപ്പിക്കുന്നത്. "അപ്പോൾ എന്താണ് മനസ്സ്?  അതിനു നിറമുണ്ടോ?"

ഇവിടെ നിന്നാണ് യോഗശാസ്ത്രം തുടങ്ങുന്നത്. 

ഒരുദാഹരണത്തോടെ പറയാൻ ശ്രമിക്കാം. 

പരിശുദ്ധമായ പാല്‍ സങ്കല്പിക്കുക. തൂവെള്ള നിറം.  തരിപോലും കലർപ്പില്ല. അതാണ് ശുദ്ധമായ മനസ്സ്. അതിനെ സാത്വികമനസ്സ് എന്ന് പറയാം. ആ മനസ്സ് ശുദ്ധമാണ്. അതിലേക്ക് ഒരല്പം, ഒരു തുള്ളി ചുവപ്പ് നിറം വീണെന്ന് കരുതുക, ശുദ്ധമായ ആ പാല്‍ ഒരല്പം മഞ്ഞ നിറമായപോലെ തോന്നും. ഇല്ലേ... ഇതാണ് നേരത്തെ പറഞ്ഞ രഞ്ജനം. മനസ്സിന്‍റെ ശുദ്ധി കുറഞ്ഞു, ദുഷിക്കപ്പെട്ടു. ആ ദുഷ്ടി രണ്ടു കാരണങ്ങൾ കൊണ്ടാണ്. രജസ്സും, തമസ്സും.  ഇവയാണ് മനസ്സിന്‍റെ ദോഷങ്ങൾ, നേരത്തെ പറഞ്ഞ രാഗാദികൾ. അമിതമായ ദേഷ്യം, ഉത്ക്കണ്ഠ, ഇഷ്ടം, ആഗ്രഹം ഇതൊക്ക രാഗങ്ങൾ ആണ്. മനസ്സിനെ ദുഷിപ്പിക്കുന്നവ. ഈ കാരണങ്ങൾ കൊണ്ട് ദുഷിച്ച മനസ്സ് അതിനോട് ചേർന്ന് നിൽക്കുന്ന. അല്ലെങ്കിൽ അതിന്‍റെ താമസസ്ഥലം തന്നെയായ ശരീരത്തെ ദുഷിപ്പിക്കാൻ തുടങ്ങുന്നു. അവിടെ രോഗങ്ങൾ ഉണ്ടാകുന്നു.

അപ്പോൾ എന്താണ് യോഗശാസ്ത്രത്തിന്‍റെ പ്രാധാന്യം? 

അത് മനസ്സിനെ ശുദ്ധമാക്കുന്ന ഒരു പ്രക്രിയയാണ്.  ഇപ്പറഞ്ഞ രജ: തമസ്സുകളിൽ നിന്നും മനസ്സിനെ സാത്വികമായി മാറ്റുന്ന ഒരു രീതി. 

"ഇത് വെള്ളേപ്പങ്ങാടില് വെള്ളേപ്പം ണ്ടാക്കണപോലെ ടിം ടിം ന്നു നടക്കണ പണിയല്ല...  കൊറച്ചു കഷ്ടപ്പാടുണ്ട്..."

അതിനൊരു രീതിയുണ്ട്. അതാണ്‌ യോഗശാസ്ത്രത്തിൽ പറഞ്ഞ അഷ്ടാംഗങ്ങൾ.

ഈ ഒരാശയം ജനങ്ങളിലേക്ക് എത്തപ്പെടുന്നില്ല എന്നതാണ് വാസ്തവം. വെറും ആസനങ്ങൾ മാത്രമായി ഈ ശാസ്ത്രം വിപണനം ചെയ്യപ്പെടുന്നു.

ആസനങ്ങൾ മൂന്നാമത്തെ പടിയാണ്. അതിനു മുന്നേ വരുന്നവയാണ് യമവും നിയമവും. 

ഇവ രണ്ടും ജീവിത രീതികൾ ആണ്. യമത്തിനു അഞ്ചു ഘടകങ്ങൾ പറയുന്നു. അഹിംസ സത്യം അസ്തേയം ബ്രഹ്മചര്യം അപരിഗ്രഹം. ഇവ വ്യക്തിജീവിതത്തിൽ പാലിക്കേണ്ടുന്ന ചില മൂല്യങ്ങൾ എന്ന് പറയാം. അഹിംസയെന്നാൽ സഹജീവികളെ വേദനിപ്പിക്കാതിരിക്കൽ, സത്യം സത്യവചനം തന്നെ. അസ്തേയം മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കാതിരിക്കൽ. ബ്രഹ്മചര്യം - അത് യോഗ ദർശനത്തെ സംബന്ധിച്ചിടത്തോളം മോക്ഷമാഗ്രഹിച്ചുള്ള ജീവിതശൈലിയാണ്.  അപരിഗ്രഹം തന്റേതല്ലാത്ത ഒന്നിനെയും ആഗ്രഹിക്കാതിരിക്കൽ. 

നോക്കൂ… ഒരാളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ജീവിതത്തിന്‍റെ സൂക്ഷ്മ തത്വങ്ങൾ ആണിവ. പുറമെ നിന്നുനോക്കുമ്പോൾ പലതും വ്യക്തമാവണമെന്നില്ല. 'പ്രാഞ്ചിയേട്ടൻ' സിനിമയിലെ ഒരു ഡയലോഗ് ഓർക്കുകയാണ്.  "ഡാ പ്രാഞ്ചീ..  എല്ലാം നേടിയെന്ന് നീ കരുതുന്നവർ സത്യത്തിൽ എന്താണ് നേടിയത്.. !?" ഇത്രയും കാലം നമ്മൾ ഓട്ടത്തിൽ ആയിരുന്നു. പണത്തിനു വേണ്ടി,  പ്രശസ്തിക്ക് വേണ്ടി...  ലോക്ക് ഡൗണിന് തലേന്ന് വരെ.  ശേഷമുള്ള കാര്യങ്ങൾ ചിന്തിച്ചു നോക്കു. ഇത്രയൊന്നും ഓടേണ്ടിയിരുന്നില്ല എന്ന് പലപ്പോളും തോന്നിയില്ലേ. മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നു കരുതിയവർ ജീവിച്ചില്ലേ..? വീട്ടിലിരിക്കാൻ പഠിച്ചില്ലേ..?  ആർഭാടപൂർണമായ വിവാഹചടങ്ങുകൾ വേണ്ടെന്നുവെക്കാൻ പറ്റിയില്ലേ..? അസാധ്യമെന്നു തോന്നിപ്പിച്ച പലതും നമുക്ക് ചെയ്യാൻ കഴിഞ്ഞു. 

പക്ഷേ ഇവയെല്ലാം യമം എന്ന ആശയത്തിന്‍റെ ബാഹ്യമായ വശങ്ങളാണ്. കാരണം ഇതിനൊക്കെ പിന്നിൽ ഒരു വ്യാധി പരത്തിയ 'ഭയം' എന്ന വികാരമുണ്ടായിരുന്നു..  

ഭയം തമസ്സ് ആകുന്നു. എന്താണ് തമസ്സ്? അത് 'മോഹം' ആണ്. മോഹത്തിന് കൺഫ്യൂഷൻ അല്ലെങ്കില്‍ സംശയം എന്നും അർത്ഥം പറയാം. ഒരുദാഹരണം പറയാം. ഒരു സന്ധ്യാ സമയം. ഇരുട്ട് പരന്നു. നടന്നു പോകുന്നതിനിടയിൽ വഴിയിൽ ഒരു വള്ളി കിടക്കുന്നതു കണ്ടു. ഒരു പാമ്പാണ് അതെന്നു കരുതി ഒരു നിമിഷത്തേക്കെങ്കിലും നമ്മൾ ഭയക്കും. ഇവിടെ ഭയം ഉണ്ടായത് സംശയത്തിൽ നിന്നാണ്. അത്  സൃഷ്ടിച്ചത് ഇരുട്ടാണ്.  ഇതാണ് മനസ്സിനെ ബാധിക്കുന്ന തമസ്സ്. കൃത്യമായ അറിവില്ലായ്മ ആണത്. നമ്മുടെ മനസ്സിനെ തമസ്സ് ബാധിക്കുമ്പോൾ പല പ്രവൃത്തികളും അർഥശൂന്യമാകും. നമ്മളാരെന്നതും നമ്മുടെ ലക്ഷ്യം എന്തെന്നതും മറക്കും. സമൂഹത്തിനോടുള്ള കടമകൾ മറക്കും. അമീർ ഖാൻ കൊടുത്ത പതിനായിരങ്ങളെ പോലെ കള്ളക്കണക്കുകളും വാർത്തകളും പെരുകും.  ആളുകൾക്ക് നേടിയതൊന്നും മതിയാവാതെ വരും. നമുക്കെന്തുണ്ട് എന്നതിനേക്കാൾ അയൽക്കാരാണ് എത്ര കിട്ടി എന്ന് മാത്രം ആലോചിക്കും. മനസ്സു രഞ്ജിക്കപ്പെടും. 

ഇവയെല്ലാം ഒഴിവാക്കാനാണ് യമം നമ്മെ പഠിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. അത് ആരോഗ്യ രംഗമായാലും സാമ്പത്തിക രംഗമായാലും ശരി. വ്യക്തിനിഷ്ഠമായ അച്ചടക്കങ്ങളിലൂടെയും കർമങ്ങളിലൂടെയുമാണ് സമൂഹത്തിന്‍റെ സുസ്ഥിതി നിലനിൽക്കുന്നത്.  ഇക്കഴിഞ്ഞ മാസങ്ങളിൽ നമ്മൾ അത് കണ്ടറിഞ്ഞതാണ്. ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടങ്ങളിൽ ഇപ്പറഞ്ഞ അച്ചടക്കമില്ലായ്മയോടെ ഒരു വിഭാഗം പെരുമാറിയെങ്കിലും പിന്നീട് വന്ന തിരിച്ചറിവുകൾ സമൂഹത്തിൽ അതിന്‍റെ ആവശ്യകതയെ ഉറപ്പിക്കുന്നതായിരുന്നു. എങ്കിലും ഒരു കൂട്ടർ വ്യാജപ്രചാരണങ്ങളും മറ്റുമായി ഇപ്പോളും കളം നിറയുന്നതും കാണാം.

നിയമത്തിലേക്ക് വരുമ്പോൾ... അതും ജീവിതരീതികൾ തന്നെയാണ്. ഒരുതരത്തിൽ നിയമങ്ങൾ ചില നിർദേശങ്ങൾ കൂടെയാണ്. സാമൂഹിക ജീവിതത്തിൽ ഒരു വ്യക്തി എങ്ങിനെ ഇടപെടണം എന്നതിനുള്ള ചില 'നിയമങ്ങൾ' തന്നെയാണത്. അതിനും ചില വശങ്ങളുണ്ട്. ശൗചം, സന്തോഷം, സ്വാധ്യായം, ഈശ്വര പ്രണിധാനം, സിദ്ധാന്തവാക്യശ്രവണം തുടങ്ങിയവ ആണവ. 

ശൗചമെന്നാൽ ശാരീരികവും മാനസികവും, കർമപരവുമായ ശുദ്ധിയാണ്. സ്വന്തം ഹിതത്തിനും സമൂഹത്തിന്‍റെ ഹിതത്തിനും വേണ്ടി ചെയ്യേണ്ട ശുധിക്രമങ്ങൾ. നമ്മുടെ "ബ്രേക്ക് ദി ചെയിൻ" ക്യാമ്പയിൻ അതിനൊരു ഉദാഹരണം മാത്രം. സന്തോഷം എന്നാൽ അവനവനിലുള്ള സന്തോഷമാണ്. നമുക്കുള്ളതിൽ സംതൃപ്തി നേടുക എന്നും പറയാം. അങ്ങനെയാവുമ്പോൾ അനാവശ്യ മത്സരബോധവും വിഷമങ്ങളുമെല്ലാം ജീവിതത്തിൽനിന്ന് മാറിക്കിട്ടും. സ്വാധ്യായം എന്നാൽ ജപം എന്ന് പറയാം. അത് ഈശ്വരജപമോ ശാസ്ത്രജപമോ ആകാം. ജപത്തിലൂടെ കൂടുതൽ സത്യങ്ങൾ തെളിഞ്ഞുവരുമെന്നതിൽ സംശയമില്ല. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു വശം കൂടെ കാണാം. ഈ ലോക്ക് ഡൗൺ കാലം കുറച്ചുപേർക്കെങ്കിലും അവരുടെ പൊടി തട്ടിയ കഴിവുകൾ മിനുക്കിയെടുക്കാനുള്ളത് കൂടെ ആയിരുന്നു. നൃത്തവും സംഗീതവും വരയും തുടങ്ങി ജീവിതത്തിൽ എവിടെയോ വെച്ച് മൂടിവെക്കേണ്ടി വന്ന അത്തരം മൂല്യങ്ങളെ ചിലർ വീണ്ടും തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കി. 'സോഷ്യൽ മീഡിയകൾ' അതിനുള്ള ഒരു പ്ലാറ്റ്ഫോം ആവുകയും ചെയ്തു. 'കലയുണ്ടെങ്കിൽ കലാപമില്ല' എന്നൊരു വാചകം ഞാൻ ഓർക്കുന്നു. 

ഈശ്വരപ്രണിധാനം എന്നാൽ ദൈവത്തിലുള്ള വിശ്വാസമാണ്. അതിനു മതപരമായ ഒരർത്ഥവും കല്പിക്കേണ്ടതില്ല. മനുഷ്യൻ എല്ലാറ്റിനും അതീതരല്ല എന്ന ബോധം നമ്മളിൽ സൃഷ്ടിക്കാൻ അതിനു കഴിയും എന്ന് മാത്രം. അങ്ങിനെയെങ്കിൽ എല്ലാം എല്ലാവരുടേതുമാണ്- 'ലോകമേ തറവാട്' എന്ന മഹത്തായ ചിന്തയിലേക്ക് അത് വഴിതെളിക്കും.  'ചൂഷണം' നിലക്കും. സിദ്ധാന്തവാക്യ ശ്രവണം എന്നാൽ ഉന്നതരുടെയോ, ശാസ്ത്രജ്ഞന്റെയോ ഒക്കെ നിർദേശങ്ങൾ അനുസരിക്കുക എന്നതാണ്.  അവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതുകൊണ്ടുണ്ടായ വിപത്തുകൾ നമ്മൾ നേരിട്ട് കണ്ടറിഞ്ഞതാണ്. കാസർഗോഡും പത്തനംതിട്ടയിലുമൊക്കെ കൊറോണയെ സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങൾ ചിലർ അവഗണിച്ചതുകൊണ്ട് സമൂഹമൊട്ടാകെ അനുഭവിച്ച ബുദ്ധിമുട്ടുകൾ നമ്മുടെ മുന്നിൽനിന്നു മാഞ്ഞിട്ടില്ല എന്നുതന്നെ കരുതുന്നു. അവസാനത്തെ ഉദാഹരണമാണ്  ആദ്യം സൂചിപ്പിച്ച മുംബൈയിലെ ഉല്ലാസ് നഗറിൽ നടന്ന സംഭവം. കൂടുതൽ വിഷമിപ്പിച്ച മറ്റൊരു സംഭവം എന്തെന്നാൽ, 'ഒറീസ്സയിലേക്കുള്ള ട്രെയിൻ ഉണ്ടെന്നു ആരൊക്കെയോ ചേർന്ന്  വാട്സ്ആപ്പിൽ പ്രചരണം നടത്തി ഒരു വലിയ കൂട്ടം അതിഥിതൊഴിലാളികളെ റയിൽവേ സ്റ്റേഷനിൽ എത്തിച്ചു' എന്നതാണ്. അപലപനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.  എന്താണ് ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ ആളുകൾ ലക്ഷ്യംവെക്കുന്നതെന്നും മനസ്സിലാകുന്നില്ല. അതെ, സമൂഹത്തിൽ കുറേയധികം പേർക്ക് തമസ്സ് ബാധിച്ചിട്ടുണ്ട്. 

ഇത്രയും പറഞ്ഞത് യമനിയമങ്ങളെ പറ്റിയാണ്.  മനസ്സിന്‍റെ തമസ്സിനെ മാറ്റുവാനുള്ള വഴികളാണിവ. അതിനു ശേഷമാണ് ആസനങ്ങളും പ്രാണായാമവും വരുന്നത്. ഇവ ശീലിച്ചിട്ടേ ആസനങ്ങളിലേക്ക് കടക്കാവു. മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവൻ ആസനം ചെയ്തിട്ടെന്തു ഗുണം? 

നിർഭാഗ്യവശാൽ ആസനങ്ങൾ മാത്രമാണ് ഇന്നേവർക്കും പരിചിതം.  

ദാർശനികമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അത് മനസ്സിന്‍റെ രാജസികമായ ദോഷങ്ങളെ മാറ്റുവാനാണെന്നു മനസിലാക്കാം. രജസ്സ് ക്രിയയാണ്. ശരീരമനസ്സുകളുടെ വ്യാപാരങ്ങള്‍ക്ക് ശരിയായ രജസ്സ് കൂടിയേ തീരൂ. എന്നാല്‍ രജോഗുണം വര്‍ദ്ധിച്ചാല്‍ അത് അഹങ്കാരത്തിലെക്കും ക്രോധത്തിലെക്കും പൊങ്ങച്ചത്തിലേക്കും മാത്സര്യത്തിലേക്കും മറ്റും നമ്മേ തള്ളിയിടുന്നു. ആസനങ്ങള്‍ക്ക് രാജസ്സിനെ നിലക്കുനിര്‍ത്താന്‍ സാധിക്കും. 

ആസനം എന്നതിന്‍റെ നിർവചനം "സ്ഥിരം സുഖം ആസനം" എന്നാണ്. കൂടുതൽ സമയം സുഖമായി, റിലാക്സ് ആയി ഇരിക്കുക എന്ന് ബാഹ്യമായി അർത്ഥം പറയാം. 

എന്നാൽ അതിനപ്പുറമാണ് ഉള്ളിലുള്ള വശം. പ്രാണായാമം അതിനെ തുടർന്ന് വരുന്നു.  ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രാണനെ എത്തിക്കുന്നതിനും പ്രാണന്‍റെ സഞ്ചാരത്തെ സുഗമമാക്കുകയും ആണ് പിന്നിലുള്ള ലക്ഷ്യം.  പ്രാണൻ എന്നൊന്നും പറഞ്ഞാൽ ഇന്ന് സ്വീകാര്യമാവില്ല.  ഓക്സിജൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ സ്വീകാര്യമായേക്കും. ഓക്സിജനെ എല്ലായിടത്തും എത്തിക്കുകയാണ് ഒപ്പം മസിൽ റിലാക്സേഷനും കിട്ടുന്നു തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു ശ്വാസകോശത്തെ നല്ലപോലെ നിലനിർത്തുന്നു എന്നൊക്കെ വേണേൽ പറഞ്ഞ് നിർത്താം. പക്ഷെ ശാശ്വതമല്ല.  

മനസ്സിനെ ആത്മാവിന്‍റെ തലത്തിലേക്ക് ഉയർത്താൻ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കുന്ന ഒരു പ്രക്രിയയാണ് ആസനങ്ങളും പ്രാണായാമങ്ങളും. ഇതിനപ്പുറമുള്ള ചർച്ച എല്ലാർക്കും ഉൾകൊള്ളാൻ പറ്റണമെന്നില്ലാത്തതുകൊണ്ട് ഇവിടെ നിർത്തുന്നു. 

'നഗരത്തിലെ സ്ത്രീകൾ  വയറുകുറയ്ക്കുന്നതിനു ചെയ്യുന്ന exercise ആണ് യോഗ' എന്ന് ഒരിക്കൽ ഒരാൾ പരിഹാസരൂപേണ പറഞ്ഞത് ഓർക്കുന്നു.

ഒരുതരത്തിൽ പറഞ്ഞാൽ ഇത്രയും മഹത്തായ ഒരു ആശയം എത്ര അധഃപതിച്ച രീതിയിലാണ് ഇന്ന് സമൂഹത്തിൽ വ്യവഹരിക്കപ്പെടുന്നത് എന്ന് ചിന്തിക്കണം. വ്യക്തിപരമായും സാമൂഹികപരവുമായുള്ള ഉന്നമനത്തിനു വളരെയധികം പ്രാധാന്യം കല്പിച്ചുകൊണ്ട് എഴുതപ്പെട്ട അല്ലങ്കിൽ നിലനിൽക്കുന്ന ഒരു ശാസ്ത്രമാണിതെന്നോർക്കണം. പക്ഷെ അതിന്‍റെ മഹത്വം ജനങ്ങളിലേക്കെത്തുന്നില്ല എന്നതാണ് യാഥാർഥ്യം. 

പലതരത്തിലുള്ള വിദ്യാഭ്യാസ പദ്ധതികൾക്കും മാറിവരുന്ന സർക്കാരുകൾ ആസൂത്രണം നൽകുമ്പോൾ നമ്മുടെ തനതായ, ഒരുപക്ഷേ ഏറ്റവും ഉന്നതമായ ഇത്രയും വലിയ ആശയങ്ങൾക്കും ശാസ്ത്രങ്ങൾക്കും പ്രചാരം പോയിട്ട് പ്രാഥമിക അവബോധമെന്ന രീതിയിൽ പോലും യുവ തലമുറയിലേക്ക് എത്തുന്നില്ല എന്നത് തികച്ചും ചർച്ച ചെയ്യേണ്ട വിഷയമാണ്. ഈ വിഷയത്തിന്‍റെ പ്രാധാന്യം എന്തെന്നാൽ, ഇതിലെ ആശയങ്ങൾ എല്ലാംതന്നെ സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനിൽപിലേക്കു കൂടെ വിരൽ ചൂണ്ടുന്നു എന്നത് തന്നെയാണ്. ഒരുപക്ഷെ നമ്മളിൽ നിന്നു നഷ്ടപ്പെട്ടുപോയതും എന്നാൽ നാളേക്ക് ഏറ്റവും അനിവാര്യമായതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഈ രീതിയിലുള്ളത് തന്നെയാണ്.

മറ്റുള്ള 'സയൻസുകൾ' പഠിക്കാനും പഠിപ്പിക്കാനും ഇവിടെയുള്ളവർ അന്യദേശത്തേക്ക് പോകാൻ പാടുപെടുന്നത് ഇന്നത്തെ പ്രവണതയാണ്. 

അതൊക്കെ കാണുമ്പോൾ ഒന്നേ പറയാനുള്ളു. "മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോവുക തന്നെ ചെയ്യും". കൊണ്ടുപോയ ചരിത്രവുമുണ്ടല്ലോ ! കൊണ്ടുപോയത് നമുക്ക് തന്നെ വിറ്റ് അവർ കാശാക്കുകയും ചെയ്യും. അവസാനം എല്ലാർക്കും പറയാം നമ്മുടെ കുരുമുളക് നമ്മുടെ കോഹിനൂർ."

"നമ്മുടെ യോഗ?"


About author

Krishnadas K. K.

Final Year, 2015 Batch, PNNM Ayurveda Medical College, Cheruthuruthy. krishnadasskk14@gmail.com


You may also like


Comments

Post Comments

Scroll to Top