COVID-19 Lockdown: Ayurveda Tips

Ayurveda Fumigation to prevent communicable diseases

പുകച്ചു പുറത്തുചാടിക്കാം, പകര്‍ച്ചവ്യാധികളെ

COVID-19 ന്‍റെ ചികിത്സാ തലങ്ങളെ ആയുർവേദരീത്യ അവലോകനം ചെയ്യുന്നതിന് മുമ്പ്, ആയുർവേദത്തിൽ ഇത്തരമൊരു, അല്ലെങ്കിൽ സമാനമായ ഒരു മഹമാരിയെപറ്റി പറഞ്ഞിട്ടുണ്ടോ എന്നു നോക്കാം. വൈദ്യന്‍റെ യുക്തിക്കു വിട്ടുകൊടുത്തുകൊണ്ട് എല്ലാത്തിന്‍റെയും സൂചന ആയുർവേദത്തിൽ പലസന്ദർഭങ്ങളിലും കാണാം.  ഉദാഹരണത്തിനായി, ചരകസംഹിത വിമാനസ്ഥാനത്തിൽ ‘ജനപദോദ്ധ്വംസനീയം’ എന്ന അദ്ധ്യായത്തില്‍ ഒരു ജനപദത്തിൽ (നഗരത്തിൽ)  എല്ലാവർക്കും ഒരേ സമയത്തു രോഗം വരാം എന്നും, വായു, ജലം, ദേശം, കാലം എന്നിവയെല്ലാം ദുഷിക്കുന്നു എന്നുമൊക്കെ പറയുന്നു. ഇതിനുള്ള കാരണങ്ങൾ അന്വേഷിക്കുന്ന വേളയിൽ പാപം, രാക്ഷസം എന്നൊക്കെ ഉള്ള വാക്കുകൾ കാണുന്നു. പ്രജ്ഞാപരാധവും, കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത സൂക്ഷ്മാണുക്കളെയും നമുക്ക് ഈ വാക്കുകൾ കൊണ്ട് അർത്ഥമാക്കാം. 

ഇനി സുശ്രുതസംഹിതയിലെ അനുബന്ധം കൂടി ഒന്ന് പരിഗണിക്കാം.

‘ചില തരം ത്വക് രോഗങ്ങള്‍, പനി, ക്ഷയം, മുതലായ അസുഖങ്ങൾ രോഗിയുമായി അടുത്തുപെരുമാറുക, സ്പർശിക്കുക, ശ്വസനമേല്‍ക്കുക, ഒരുമിച്ച് കഴിക്കുക, കിടക്കുക, അവരുടെ വസ്ത്രം, ആഭരണങ്ങൾ, ലേപനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുക എന്നിവയിലൂടെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്ത്തിയിലേക്ക് സംക്രമിക്കാം’ എന്ന് പ്രത്യേകം എടുത്തു പറയുന്നു.

ഇത്തരം അവസരങ്ങളിലൊക്കെ സാമൂഹികമായ അകൽച്ച (social distancing) നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആചാര്യൻ നിഷ്കർഷിച്ചിരുന്നു.

സുശ്രുതസംഹിതയിലെ ‘ദുന്ദുഭിസ്വനീയം’ എന്ന അദ്ധ്യായത്തിൽ ഔഷധങ്ങൾ പുരട്ടിയ പെരുമ്പറ കൊട്ടിക്കൊണ്ട് ശബ്ദം ഉണ്ടാക്കണമെന്ന് പറയുന്നുണ്ട്. മഹാനസവൈദ്യൻ വിഷഹരങ്ങളായ ദ്രവ്യങ്ങൾ ശരീരത്തിൽ ധരിക്കണമെന്നും വിവക്ഷ ഉണ്ട്. വിഷഹരങ്ങളായ ദ്രവ്യങ്ങൾ വൃക്ഷങ്ങളിൽ തളിക്കാനും പറയുന്നുണ്ട്. കാറ്റിലൂടെ ഔഷധങ്ങളുടെ അന്തരീക്ഷ വ്യാപനത്തിനാകാം അപ്രകാരം ചെയ്യാൻ ഉപദേശിച്ചത്. ജനപദം നശിക്കാതിരിക്കാൻ ആദ്യം വേണ്ടത് ആകാശവും വായുവും ശുദ്ധമാവുകയെന്നതാണ്.

ഏഴാം ക്ലാസ്സിലെ സയൻസ്സിലേക്കു വരാം. അമ്ലമഴ, ഓസോൺ പാളിക്കുണ്ടാകുന്ന വിള്ളൽ എന്നൊക്കെ കേട്ടിട്ടില്ലേ. ഫാക്ടറികളിൽ നിന്നും ഉയരുന്ന ദുഷിച്ച വാതകങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിന്നു പിന്നീട് മേഘം മഴപൊഴിക്കുമ്പോൾ ഭൂമിയിൽ എത്തി നാശം വിതക്കുന്നു എന്നൊക്കെ പഠിച്ചിട്ടുണ്ടല്ലോ. അതേ പോലെ ചില വാതകങ്ങൾ ഭൂമിയുടെ കവചമായ ഓസോൺ പാളിക്ക് വിളളൽ ഉണ്ടാക്കുന്നു എന്നും നാം ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്.

ഇതുമായി ചേർത്ത് ചിന്തിക്കുമ്പോൾ!

ഇപ്പോഴും പ്രതിരോധിക്കാൻ കഴിയാത്ത ഈ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ അല്ലെങ്കിൽ ഭാവിയിൽ നാമാവശേഷമാക്കാൻ ഒരുപക്ഷെ ആയുര്‍വേദത്തിലെ ധൂപന (പുകയ്ക്കല്‍) യോഗങ്ങള്‍ക്ക് സാധിച്ചേക്കാം.

ഭൂതഘ്ന സ്വഭാവമുള്ള ഒട്ടനവധി ദ്രവ്യങ്ങൾ നമുക്ക് ലഭ്യമാണല്ലോ. മതാചാരമായിട്ടല്ലാതെ എല്ലാവരും അവരവരുടെ ഗൃഹത്തിലും മുറ്റത്തും ഇങ്ങനെ പുകയ്ക്കുകയാണെങ്കിൽ അത് അന്തരീക്ഷത്തിൽ ശുദ്ധി വരുത്തുന്നതിനോടൊപ്പം ഇനി വരുന്ന വർഷക്കാലത്തിൽ അത് അതിന്‍റെ  ഔഷധ പ്രഭാവവും കാണിക്കുമല്ലോ. ആചാര്യവിരചിത സമയങ്ങളിൽ എല്ലാ ഭവനങ്ങളിലും ഹോമാകുണ്ഡങ്ങൾ / അഗ്നിഹോത്രങ്ങൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ അന്നൊക്കെ ഇവയില്‍നിന്നും ഉയരുന്ന ഓഷധയുക്തമായ ധുമം അന്തരീക്ഷ ശുദ്ധി സ്വയമേവ നടന്നിരുന്നു. ഇന്ന് ഒരു വിറകിന്‍റെ പോലും "നല്ല പുക" അന്തരീക്ഷത്തെ പുൽകാനില്ല. ഉള്ളതോ വീര്‍പ്പുമുട്ടിക്കുന്ന വിഷപ്പുകയും.

ധൂപനത്തിന്‍റെ ഈ ശക്തി ഇന്ന് പ്രായോഗിക തലങ്ങളിൽ എത്തിക്കണമെങ്കിൽ ഈ സമൂഹം മുഴുവൻ ഒരു ചെറിയ രീതിയിലെങ്കിലും വീടിനുള്ളിൽ, കൂടാതെ വീടിനു പുറത്തും ധൂപനം ചെയ്യണം.

ഭോപ്പാലിൽ വിഷവാതകച്ചോർച്ച ഉണ്ടായപ്പോൾ പതിവായി *അഗ്നിഹോത്രം* ചെയ്‌ത ഒരു വീട്ടിലും സമീപവീടുകളിലും ആ വിഷവാതക ബാധ ഏറ്റില്ല എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. വീട്ടിൽ സുലഭമായി കിട്ടാവുന്ന ഭൂതഘ്ന ഗുണത്തോട് കൂടിയ വേപ്പ്,  കടുക്, മഞ്ഞൾ, ഉള്ളിത്തോല്, വെളുത്തുള്ളിത്തൊലി എന്നിവയൊക്കെ പുകപ്പിക്കാവുന്നതേ ഉള്ളു. യഥാർത്ഥത്തിൽ മഴ എന്നത് തന്നെ ഒരു "അർക്കം" ആണല്ലോ.

ആവശ്യം ആണല്ലോ ആവിഷ്കാരത്തിന്‍റെ മാതാവ്. ആയുർവേദ രീതിയിൽ ചിന്തിച്ചപ്പോൾ തോന്നിയ ഒരു സ്വതന്ത്ര ആവിഷ്കാരമാണിത്. അങ്ങനെ ഈ ഗുണങ്ങളോടു കൂടിയ ധൂപത്തെയൊക്കെ പ്രകൃതി ഡിസ്റ്റിലേഷൻ പ്രോസസ് പോലെ മഴയാക്കി, ഹെർബൽ സാനിറ്റയിസർ ആക്കിമാറ്റി ഭൂമിയെ മുഴുവൻ അണു വിമുക്തമാക്കട്ടെ.



About author

Dr. Aadith V.

Chief Physician- Ayurmitram, Kozhikode aadith.v@gmail.com


Scroll to Top