വിയര്‍പ്പുനാറ്റം നാറ്റിക്കാതിരിക്കാന്‍..

ശരീര സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ത്വക്കിൻ്റെ  പ്രഭയും മുടിയുടെ നീളവും എല്ലാം നമ്മുടെ മനസ്സിൽ വരും. എന്നാൽ ശരീര ഗന്ധം അതേ പോലെ തന്നെ നമ്മുടെ ആകർഷണത്തിൻ്റെ  ഒരു അളവുകോൽ ആണെന്ന് നമ്മൾ ഓർക്കാറുണ്ടോ ? സൗന്ദര്യ സങ്കല്പത്തിൽ വേണ്ടത്ര പരിഗണന കൊടുക്കാത്ത മേഖലയാണ് ശരീരത്തിന്‍റെ ഗന്ധം എന്നത്. ശരീര ഗന്ധം പലപ്പോഴും നമ്മുടെ ശ്രദ്ധ നേടുന്നത് അത് വിയർപ്പുനാറ്റം എന്ന് പറയുന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ്. 

ഈ അവസ്ഥയിൽ നിന്ന് നമുക്ക് മുക്തി നേടാൻ സാധിക്കുമോ? ആയുർവേദത്തിൽ ഇതിനു പരിഹാരം ഉണ്ടോ ? നമുക്ക് പരിശോധിക്കാം... 

ഉപഭോഗ സംസ്കാരത്തിന്‍റെ ഈ കാലത്തു ധാരാളം സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കൃത്രിമ രാസപദാർത്ഥങ്ങൾ അടങ്ങിയ ക്രീമുകൾ, പെർഫ്യൂമുകൾ, ഡിയോഡറന്റുകൾ എന്നിവയുടെ ഉപയോഗം ഉണ്ടാക്കുന്ന പാർശ്വഫലങ്ങളെ കുറിച്ചു നാം ബോധവാന്മാരാകേണ്ടതാണ്. ആയുർവേദത്തിൻ്റെ  ഏറ്റവും ജനപ്രിയ മുഖം എന്നത് സൗന്ദര്യ സംരക്ഷണക്കൂട്ടുകൾ തന്നെ ആണ്. ആയുർവേദം സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച്  പറയുമ്പോൾ കേവലം സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗക്രമം മാത്രമല്ല, മറിച്ചു ആരോഗ്യകരമായ ചര്യകളും അറിയേണ്ടതുണ്ട്. 

എന്ത് കൊണ്ട് വിയർപ്പു നാറുന്നു?

വിയർക്കുന്നത് ഒരു രോഗമാണോ? ഒരിക്കലും അല്ല. വിയർപ്പു എന്നത് ആരോഗ്യപരമായ ഒരു പ്രക്രിയ ആണ്. ശരീരത്തിൽ വിയർപ്പിൻ്റെ ധർമ്മം  ശരീര താപനിലയെ നിയന്ത്രിക്കുക എന്നതാണ്. സ്വാഭാവികമായി  വിയർപ്പിന് യാതൊരു ഗന്ധവും ഇല്ല. എന്നാൽ വിയർപ്പിന് ദുർഗന്ധം ഉണ്ടാവുന്നതിനുള്ള ഒരു കാരണം ബാക്റ്റീരിയകളാണ്. കൈകളും കാലുകളും അമിതമായി വിയർക്കുക , അമിതമായ നാറ്റം ഉണ്ടാവുക, തലകറക്കം, ഛർദ്ദിക്കാനുള്ള തോന്നൽ, ചൊറിച്ചിൽ എന്നിവ ഒപ്പം കണ്ടാൽ അത് രോഗാവസ്ഥയിലേക്കു മാറുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾക്കപ്പുറം ഒരു വ്യക്തിയുടെ ആത്മവിശ്വാസം ഹനിക്കുന്നതാണ് വിയർപ്പു നാറ്റം. 

ആയുർവേദത്തിൽ വിയർപ്പ് അഥവാ സ്വേദം എന്നത് ശരീരത്തിന്‍റെ ഒരു മലം ആയിട്ടാണ് പറഞ്ഞു വച്ചിരിക്കുന്നത്. ശകൃത്ത് (അമേദ്ധ്യം), മൂത്രം, സ്വേദാദികൾ ആണ് ത്രിമലങ്ങൾ. അധികമായി വർദ്ധിക്കുകയോ യഥാകാലം ബഹിർഗമിക്കാതെ ഇരിക്കുകയോ ചെയ്താൽ ധാതുക്കളെ മലിനീകരിക്കുന്നത് കൊണ്ടാണ് അവയ്ക്കു മലങ്ങൾ എന്ന് പറയുന്നത്. ശരീത്തിൻ്റെ ദഹനപ്രക്രിയകളും ശരീരത്തിൻ്റെ ചൂടും നിയന്ത്രിക്കുന്നതു പിത്തദോഷമാകയാൽ വിയർപ്പിനെ പിത്താനുബന്ധിയായി നമുക്ക് ചിന്തിക്കാവുന്നതാണ്. 

വിയർപ്പ് അമിതമാവാനുള്ള കാരണങ്ങൾ നോക്കാം: 

 • പാരമ്പര്യം 
 • ഭക്ഷണക്രമം 
 • ജീവിത ശൈലി 
 • മാനസിക പിരിമുറുക്കം 
 • ആർത്തവ വിരാമം 
 • അമിത വണ്ണം 
 • ഗർഭാവസ്ഥ 
 • ചില മരുന്നുകളുടെ ഉപയോഗം 

രോഗാവസ്ഥകൾ 

 • തൈറോയ്ഡ് രോഗങ്ങള്‍
 • പ്രമേഹം 
 • പനി/അണുബാധകൾ 
 • ഹൃദ്രോഗം 
 • ക്യാൻസർ പോലെ ഉള്ള അവസ്ഥകള്‍


വിയര്‍പ്പുനാറ്റത്തിനുള്ള പ്രതിവിധി

കാരണങ്ങളെ കണ്ടെത്തിയുള്ള പ്രതിവിധികളിലൂടെ വിയർപ്പു നാറ്റത്തെ ചെറുക്കാവുന്നതാണ്

ഭക്ഷണം

രൂക്ഷ ഗന്ധമുള്ളതും sulphur (ഗന്ധകം) അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉദാ :ഉള്ളി, വെളുത്തുള്ളി, ചുവന്ന മാംസം, മദ്യം മുതലായവ 

ജീവിത ശൈലി

ദിവസവും രണ്ടു നേരം കുളിക്കുക. കുളിക്കുന്ന വെള്ളത്തില്‍ essential oil, കർപ്പൂരം, ചന്ദനം, രാമച്ചം എന്നിവ ചേർക്കുക. വൃത്തിയുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഗുഹ്യഭാഗങ്ങളിലെ രോമം യഥാക്രമം നീക്കം ചെയ്യുക. 

ആയുർവേദ പരിഹാരങ്ങൾ 

 • ധാരാളം വെള്ളം കുടിക്കുക. (രാമച്ചം, നറുനീണ്ടി, മല്ലി ഇവ ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാം )
 • കയ്പ്, ചവർപ്പ്, മധുരം എന്നീ രസങ്ങൾ കൂടുതല്‍ ഉള്ള ആഹാരം ശീലിക്കുക 
 • കർപ്പൂരം, ചന്ദനം, രാമച്ചം എന്നിവ ശരീരത്തിൽ ലേപം ചെയ്യുക. ശരീരത്തിൽ ഇവ കൊണ്ടുള്ള അലങ്കാരങ്ങൾ അണിയുകയും ആവാം.
 • യുക്തമായ ഔഷധങ്ങൾ ചേർന്ന നെയ്യ് സേവിപ്പിക്കുക 
 • വിരേചനം, തക്രധാര എന്നിങ്ങനെ ഉള്ള കർമ്മങ്ങൾ അനുഷ്ഠിക്കുക 
 • ആർത്തവ വിരാമം, അമിത വണ്ണം, മാനസിക പിരിമുറുക്കം എന്നിവക്ക് വൈദ്യ നിർദേശാനുസരണം മരുന്നുകൾ കഴിക്കുക.
 • ഏലാദി പോലെ ഉള്ള എണ്ണകൾ തേച്ചു കുളിക്കുക 
 • എള്ളെണ്ണ, തൈര്, അമിതാഹാരം, മദ്യം, പകലുറക്കം, എരിവ്, പുളി, ഉപ്പ്, അമിതമായ മസാല എന്നിവ അപഥ്യം ആയി കണ്ടുകൊണ്ട്‌  ഒഴിവാക്കുക. 

ഒരു വ്യക്തിയുടെ ഗന്ധം എന്നത് ആ വ്യക്തിയെ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യമാണ്. അതിനാൽ തന്നെ സൗന്ദര്യ സംരക്ഷണത്തിൽ ഗന്ധത്തിനു അർഹമായ പ്രാധാന്യം കൊടുക്കാം. വിയർപ്പു നാറ്റത്തെ ആയുർവേദത്തിലൂടെ പ്രതിരോധിച്ചു ആത്മവിശ്വാസം വീണ്ടെടുക്കാം.


About author

Dr. Tintu Elizabeth Tom

BAMS Chief Physician- Soukhya Ayurveda, Angamaly Ph:7025812101 tintutom.tom@gmail.com


Scroll to Top